ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ്ബോസ് 50 ദിവസം പിന്നിട്ടപ്പോള്‍ മത്സരത്തില്‍ നിന്നും എലിമിനേറ്റ് ആയിപ്പോയ ഹിമ ശങ്കര്‍ വീണ്ടും ബിഗ് ബോസിലേക്ക് എത്തി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ഹിമ മത്സരത്തില്‍ തിരിച്ചെത്തിയത്. പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ബിഗ് ബോസ് ഹിമയെ വീണ്ടും കളിയിലേക്ക് എത്തിച്ചത്. അതേസമയം ഇന്നലെ നടന്ന എലിമിനേഷന്‍ റൗണ്ടില്‍ ആരും പുറത്തായില്ല എന്ന പ്രത്യേകതയുമുണ്ടായി.
എലിമിനേഷനില്‍ യാത്രയാക്കുമ്പോള്‍ പിന്നീട് കാണാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും പറഞ്ഞാണ് മോഹന്‍ലാല്‍ ഹിമയെ വീണ്ടും ബിഗ്‌ബോസിലേക്ക് സ്വാഗതം ചെയ്തത്. അതേസമയം തനിക്ക് സംഭവിച്ച വീഴ്ചകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തവണ താന്‍ എത്തിയിട്ടുള്ളതെന്നും പുതിയ ചിറകുമായെത്തിയ കഴുകനാകും ബിഗ്‌ബോസില്‍ താനെന്നും ഹിമ പ്രതികരിച്ചു.
നേരത്തെ എലിമിനേഷനില്‍ പുറത്തായ ഹിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ബിഗ്‌ബോസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ബിഗ്് ബോസില്‍ തന്റെ നെഗറ്റീവ് വശം മാത്രമേ കാണിച്ചിട്ടുള്ളൂവെന്ന് ഹിമ പോസ്റ്റില്‍ തുറന്നടിച്ചിരുന്നു. വഴക്കും വാഗ്വാദവും മാത്രമല്ല മറ്റ് പല കാര്യങ്ങളും പരിപാടിയില്‍ നടന്നിരുന്നുവെങ്കിലും അതേക്കുറിച്ചൊന്നും പ്രേക്ഷകര്‍ കണ്ടിട്ടില്ലെന്നും പിന്നെങ്ങനെ തനിക്ക് പിന്തുണ കൂടുമെന്നും തന്നോടുള്ള സമീപനത്തില്‍ മാറ്റം വരുമെന്നും ഹിമ പോസ്റ്റില്‍ ചോദിച്ചിരുന്നു. പുറത്തായവരില്‍ നിന്നും എന്തുകൊണ്ട് ഹിമയത്തെന്നെ തിരഞ്ഞെടുത്തുവെന്ന ചോദ്യങ്ങളും പ്രേക്ഷകര്‍ ബിഗ്‌ബോസില്‍ ഉന്നയിച്ചിരുന്നു. ജനങ്ങളുടെ നിര്‍ദേശ പ്രകാരമാണ് ഹിമയെ വീണ്ടും പരിപാടിയിലേക്ക് തിരികെയെത്തിച്ചതെന്നാണ് ഇതിന് മോഹന്‍ലാല്‍ നല്‍കിയ വിശദീകരണം.
ബിഗ് ബോസില്‍ നിന്നും പുറത്തായ ഹിമ കുടജാദ്രിയിലേക്ക് നടത്തിയ യാത്രയെ പറ്റിയും മോഹന്‍ലാല്‍ ചോദിച്ചിരുന്നു, ഫ്രഷ് എനര്‍ജി മുഴുവനും തിരികെ ലഭിച്ചൊരു യാത്ര കൂടിയായിരുന്നു ഇതെന്ന് ഹിമ വ്യക്തമാക്കി. പുറത്ത് പോയ ശേഷമുള്ള കാര്യങ്ങളൊന്നും പറയരുതെന്ന നിബന്ധനയ്ക്കും പ്രേക്ഷകരുടെ പിന്തുണയെക്കുറിച്ചുമൊക്കെ വിശദീകരിച്ചതിനും പിന്നാലെയാണ് ഹിമയെ മോഹന്‍ലാല്‍ ബിഗ് ഹൗസിലേക്ക് യാത്രയാക്കിയത്.