ഗ്രാന്‍ഡ് ഫിനാലെ കഴിഞ്ഞ് തിരിച്ച് കേരളത്തിലേക്ക് എത്തിയ ബിഗ്‌ബോസ് മത്സരാര്‍ത്ഥികള്‍ക്ക് കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ നല്‍കിയത് വന്‍ സ്വീകരണമായിരുന്നു. അടുത്ത ബന്ധുക്കളും ആരാധകരും എയര്‍പോര്‍ട്ടിന്റെ കവാടം കൈയ്യടക്കിയതോടെ ആര്‍പ്പുവിളികളായിരുന്നു പിന്നീട് കണ്ടത്. ബിഗ്‌ബോസ് വിജയി സാബുവിനും ആരാധക വ്യൂഹം ഏറെയുള്ള ഷിയാസിനും വേണ്ടി നിരവധിപേരാണ് സ്വീകരണമൊരുക്കി രംഗത്തെത്തിയിരുന്നത്.
മുംബൈയിലെ ലോണാവാലാ ഫിലിം സിറ്റിയില്‍ നിന്ന് മൂന്ന് മാസങ്ങള്‍ പിന്നിട്ട ശേഷമാണ് ബിഗ്‌ബോസിലെ മത്സരാര്‍ത്ഥികള്‍ തിരിച്ച് കേരളത്തിലേക്ക് എത്തിയത്. വിജയി ആയ സാബുവിനും, മത്സരാര്‍ഥികളായ ഷിയാസ്, ഹിമ, ബഷീര്‍, അനൂപ്, ദീപന്‍, മനോജ് വര്‍മ, ഡേവിഡ് ജോണ്‍ എന്നിവര്‍ക്കും ആരാധകര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരണമൊരുക്കിയത്. കൊച്ചിന്‍ എയര്‍പോട്ടില്‍ തിങ്കളാഴ്ച ഉച്ചയോടെ എത്തിയ താരങ്ങളെ സ്വീകരിക്കാന്‍ ബന്ധുക്കളും ആരാധകരും അടക്കം തടിച്ച് കൂടിയിരുന്നു. സാബു ആര്‍മിയും ഷിയാസ് ഫാന്‍സുമെല്ലാം പ്ലക്കാര്‍ഡും ഫ്‌ളെക്‌സുമൊക്കെയായിട്ടാണ് എയര്‍പോര്‍ട്ടിന്റെ അറൈവല്‍ വളഞ്ഞിരുന്നത്.
ഷിയാസിന്റെ ആരാധകരായിരുന്നു എയര്‍പോര്‍ട്ടില്‍ മിന്നുന്ന സ്വീകരണം ഒരുക്കിയിരുന്നത്. ഷിയാസിന് കിരീടവും പുഷ്പഹാരവും സമ്മാനിച്ച് ഫാന്‍സുകാരും അടുത്ത സുഹൃത്തുക്കളും ആദരിച്ചു. ഷിയാസിനൊപ്പം ഹിമയും മറ്റ് മത്സരാര്‍ത്ഥികളായ ദീപന്‍ മുരളി, അനൂപ് ചന്ദ്രന്‍ എന്നിവരുമെത്തി. പിന്നാലെ എത്തിയ ബിഗ്‌ബോസ് വിജയി സാബുവിനെ എയര്‍പോര്‍ട്ടില്‍ ആരാധകര്‍ ആര്‍പ്പുവിളികളോട് സ്വീകരിച്ചു. ബഷീര്‍ ബഷി, ദീപന്‍ മുരളി, എന്നിവരും സാബുവിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തിയാണ് രംഗത്തെത്തിയിരുന്നത്.