മഴവില്‍ മനോരമയിലെ നായികനായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് ഡെയ്ന്‍ ഡേവിസ്. സ്വാഭാവിക നര്‍മ്മത്തിലൂടെയാണ് ഡെയ്ന്‍ പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ നിറസാന്നിധ്യമായത്. അവതാരകനായി എത്തിയ ഡെയിന്‍ ഇപ്പോള്‍ കാമുകി, പ്രേതം 2 എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലും എത്തി. അതേസമയം വാലന്റൈന്‍സ് ഡേയുടെ പശ്ചാത്തലത്തില്‍ തന്റെ പ്രണയങ്ങളെകുറിച്ച് ഡിഡി തുറന്ന് പറഞ്ഞത് വൈറലാകുകയാണ്.
വാലന്റൈന്‍സ് ദിന സ്പെഷല്‍ ചാറ്റ് ഷോയിലാണ് ഡിഡി തന്റെ പ്രണയവിശേഷങ്ങള്‍ പങ്കുവച്ചത്. നായിക നായകന്‍ പരിപാടിയിലൂടെ ശ്രദ്ധേയരായ ആന്‍ സലിം, മീനാക്ഷി, ആമിന എന്നിവര്‍ക്കൊപ്പം വാലന്റൈന്‍സ് വിശേഷങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു ഡിഡി. പണ്ട് തന്നെ ശ്രദ്ധിക്കാത്ത മട്ടില്‍ കടന്നുപോയവരൊക്കെ ഇപ്പോള്‍ ശ്രദ്ധിച്ചു തുടങ്ങിയെന്നാണ് ഡിഡി പറയുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇഷ്ടം തോന്നിയ പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നെങ്കിലും ആരോടും ആ ഇഷ്ടം തുറന്നു പറഞ്ഞിട്ടില്ലെന്നാണ് താരം പറയുന്നത്. എന്നാല്‍ പ്രണയം വെളിപ്പെടുത്താതെ ഗുഡ് മോര്‍ണിങ്, ഗുഡ് ആഫ്റ്റര്‍നൂണ്‍ മെസേജുകള്‍ ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് അയച്ചിരുന്നു. അതിനൊക്കെ പ്രശസ്തനായ ശേഷമാണ് മറുപടി കിട്ടിയത്. സിനിമകളൊക്കെ കാണുന്നുണ്ടെന്നും നന്നായി വരട്ടെയെന്നുമൊക്കെ അവര്‍ പറയുമ്പോള്‍ സന്തോഷം തോന്നും. ഉള്ളിലൊരു മധുര പ്രതികാരത്തിന്റെ ഫീലും തോന്നാറുണ്ടെന്ന് ഡിഡി പറയുന്നു.
പ്രേമലേഖനം കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് പ്രേമലേഖനം എന്നു പറയാന്‍ പറ്റില്ലെന്നാലും ഒരു എഴുത്ത് കിട്ടിയിട്ടുണ്ടെന്നായിരുന്നു ഡെയിന്റെ മറുപടി. ഒരാശുപത്രിയില്‍ ഐസിയുവിന്റെ മുമ്പില്‍ ടെന്‍ഷനടിച്ച് നില്‍ക്കവേ എന്നെ കണ്ട് തിരിച്ചറിഞ്ഞ ഒരു പെണ്‍കുട്ടി എനിക്ക് വേണ്ടി രണ്ടു വരികള്‍ പേപ്പറിലെഴുതി തന്നിട്ട് പോയി. എന്റെ പരിപാടികള്‍ കാണാറുണ്ടെന്നും നന്നാവുന്നുണ്ടെന്നും പറഞ്ഞു. കത്ത് എന്ന രീതിയില്‍ ഇതു മാത്രമേ കിട്ടിയിട്ടുള്ളൂ എന്നും ഡെയ്ന്‍ പറയുന്നു.