കേരളത്തില്‍ നിന്നും ബോളിവുഡ് ലോകത്ത് എത്തി ഹിന്ദിക്കാരുടെ മനം കവര്‍ന്നിരിക്കുകയാണ് ഒരു കൊച്ചു മിടുക്കന്‍. അവിര്‍ഭവ് എന്ന ഏഴു വയസ്സുകാരനാണ് സോണി ടിയിലെ സൂപ്പര്‍ സ്റ്റാര്‍ സിങറിലൂടെ ബോളിവുഡ് ഗായകരേയും താരങ്ങളേയും വരെ അമ്പരപ്പിച്ചത്. ഒടുവില്‍ ഒടുവില്‍ സൂപ്പര്‍ സ്റ്റാര്‍ സിങര്‍ 3 യുടെ വിജയി ആയാണ് ഇ കൊച്ചു മിടുക്കന്‍ ഷോയില്‍ നിന്നും മടങ്ങുന്നത്. തന്നേക്കായും പ്രായത്തില്‍ ഒരുപാട് മുതിര്‍ന്നവരെ തോല്‍പ്പിച്ചാണ് അവിര്‍ഭവ് ഈ സീസണിന്റെ വിജയി ആയത്.
അവിര്‍ഭവിനൊപ്പം അഥര്‍വ് ബക്ഷി എന്ന മിടുക്കനും ഒന്നാം സ്ഥാനം പങ്കിട്ടു.
മലയാളം റിയാലിറ്റി ഷോയില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും മലയാളത്തില്‍ കിട്ടാത്ത സ്വീകാര്യതയാണ് ഹിന്ദി റിയാലിറ്റി ഷോയില്‍ ഈ കൊച്ചു മിടുക്കന് ലഭിച്ചത്. ഇന്ത്യയുടെ പല ഭാഗത്തു നിന്നുള്ള കുട്ടികള്‍ മാറ്റുരയ്ക്കുന്ന ഷോയാണ് സൂപ്പര്‍ സ്റ്റാര്‍ സിങര്‍. ഏറ്റവും മികച്ച ഗായകരാണ് ഈ റിയാലിറ്റി ഷോയിലേക്ക് സെലക്ട് ആവുന്നത് പോലും. ഈ മികച്ച കുട്ടി ഗായകരില്‍ നിന്നാണ് ഏറ്റവും ചെറിയ കുട്ടിയായ അവിര്‍ഭവ് ഒന്നാം സ്ഥാനത്ത് എത്തുന്നത്. റിയാലിറ്റി ഷോയുടെ ആദ്യ ദിവസം ഒരു കസേരയുമായി വന്ന് അതില്‍ കയറി നിന്നായിരുന്നു അവിര്‍ഭവ് പാട്ടു പാടിയത്. അന്നു തന്നെ പ്രേക്ഷകരുടെ മനം കവരാന്‍ ഈ കൊച്ചു മിടുക്കനായി.
മലയാളികളേക്കാളും കൂടുതല്‍ ആരാധകരെയും ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ പരിപാടിയിലൂടെ അവിര്‍ഭവിന് കഴിഞ്ഞു. ബോളിവുഡ് ഗായികയായ നേഹാ കാക്കര്‍ ആണ് ഈ റിയാലിറ്റി ഷോയിലെ മുഖ്യ അതിഥി. അവിര്‍ഭവിന്റെ ഓരോ പാട്ടിനും നേഹാ കാക്കര്‍ മനസ്സ് നിറഞ്ഞ് അഭിനന്ദിക്കുന്നതും അത്ഭുതം കൊള്ളുന്നതും കസേരയില്‍ കയറി നിന്ന് കയ്യടിക്കുന്നതുമെല്ലാം ആരാധകരെ കോരിത്തരിപ്പിച്ചിരുന്നു.
ഉദിത്ത് നാരായണ്‍ അടക്കമുള്ള ബോളിവുഡ് ഗായകരും അവിര്‍ഭവിനെ പ്രശംസിച്ചു. ഉദിത് നാരായണന്റെ മുന്നില്‍ അവിര്‍ഭവ് അദ്ദേഹത്തിന്റെ പാട്ടുപാടിയപ്പോള്‍ ഉദിത്ത് പാടിയതിനേക്കാള്‍ മനോഹരമായി പാടി എന്നാണ് ഉദിത് നാരായണന്റെ ഭാര്യ ഈ കൊച്ചു കുഞ്ഞിനെ പ്രശംസിച്ചു കൊണ്ട് പറഞ്ഞത്.
മാത്രമല്ല വിദ്യാ ബാലന്‍, ജാന്‍വി കപൂര്‍, പൂജാ ഭദ്ര തുടങ്ങി ബോളിവുഡ് താരങ്ങളും അവിര്‍ഭവിന്റെ പാട്ട് കേട്ട് അമ്പരന്നു. സെമി ഫിനാലെയില്‍ ശങ്കര്‍ മഹാദേവന്‍ ശ്വാസമടക്കി പിടിച്ചു പായി 'കോയി ജോ മിലാ തോ മുഝേ' എന്ന ഗാനം പാടിയും കയ്യടി നേടി. അവിര്‍ഭവ് ഈ ഗാനം പാടിയപ്പോള്‍ ശ്വാസമടക്കിയാണ് കാണികളും ഇരുന്നത്.
ഷാരൂഖ് ഖാന്‍ ചിത്രം റബ് നെ ബനാദീ ജോഡീയിലെ 'ഹോലെ..ഹോലെ' എന്ന പാട്ട് പാടിയപ്പോള്‍ ഗായകന്‍ സുഖ്വിന്ദര്‍ സിങ് അവനെ വിളിച്ചത് 'ഗായകരിലെ ഷാരൂഖ് ഖാന്‍' എന്നായിരുന്നു. എസ്.പി.ബാലസുബ്രഹ്മണ്യത്തിനുള്ള ആദരസൂചകമായി ആജാ മേരി ജാന്‍, മേരേ രംഗ് മേ, ആജാ ഷാമ് ഹോനായി എന്നീ പാട്ടുകളാണ് ഫൈനലില്‍ പാടിയത്. 10 ലക്ഷം രൂപയാണ് സമ്മാനത്തുക...വോട്ടിങിന്റെ അടിസ്ഥാനത്തിലാണ് അവിര്‍ഭവിന്റെ വിജയം.
രാമക്കല്‍മേട്ടുകാരന്‍ കെ.എസ്.സജിമോന്റെയും കുമളി സ്വദേശിനി സന്ധ്യയുടെയും ഇളയമകന്‍ ആണ് ഏഴുവയസ്സുകാരനായ അവിര്‍ഭവ്.
ചെറുപ്പത്തിലെ സംഗീതം അഭ്യസിച്ചു തുടങ്ങിയ അവിര്‍ഭവ്, ഗായികയായ ചേച്ചി അനിര്‍വിന്യ 2018-ല്‍ സെക്കന്‍ഡ് റണ്ണറപ്പായ തെലുങ്ക് റിയാലിറ്റി ഷോയിലൂടെയാണ് മിനി സ്‌ക്രീനില്‍ എത്തിയത്.ആ ഒന്നരവയസ്സില്‍ ബെസ്റ്റ് എന്റര്‍ടെയ്‌നര്‍ എന്ന അവാര്‍ഡും നേടി. പിന്നീട് മലയാളം ചാനലില്‍ മത്സരിച്ചു. അതിനു ശേഷമാണ് സൂപ്പര്‍ സ്റ്റാര്‍ സിങ്ങറിലേക്ക് പോകുന്നത്.
അങ്കമാലിയിലാണ് സ്ഥിരതാമസം. അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. അച്ഛന്‍ കപ്പിത്താന്‍പറമ്പില്‍ കെ.എസ്.സജിമോന്‍ കെ-ഫോണിലെ ജീവനക്കാരനാണ്.
കോഴിക്കോട് കാവുംവട്ടം ആനന്ദാണ് അവിര്‍ഭവിന്റെ ഗുരു. സഹോദരി അനിര്‍വിന്യക്കൊപ്പം അവിര്‍ഭവ് സംഗീത പരിശീലനം നടത്തുന്ന വീഡിയോകളും വൈറല്‍ ആയിട്ടുണ്ട്. പാല്‍ത്തൂ ജാന്‍വര്‍, മലയാളീ ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളിലെ പാട്ടുകളിലെ ചെറിയ ഭാഗം പാടിയിട്ടുണ്ട്. ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്.