ഏക്കറു കണക്കിന് നെല്‍പ്പാടം;രാപ്പകലില്ലാതെ മണ്ണില്‍ പണിയെടുക്കും.. പ്രശസ്ത സീരിയല്‍ നടന്‍ കൃഷ്ണപ്രസാദിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

Malayalilife
ഏക്കറു കണക്കിന് നെല്‍പ്പാടം;രാപ്പകലില്ലാതെ മണ്ണില്‍ പണിയെടുക്കും.. പ്രശസ്ത സീരിയല്‍ നടന്‍ കൃഷ്ണപ്രസാദിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

നിരവധി വര്‍ഷങ്ങളായി മലയാള സിനിമാ സീരിയല്‍ രംഗത്ത് സജീവമായി നില്‍ക്കുന്ന നടനാണ് കൃഷ്ണപ്രസാദ്. ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്കു മുന്നിലേക്ക്് എത്തിയിട്ടുള്ളത്. അയലത്തെ അദ്ദേഹം, ഒരു യാത്രാമൊഴി, കമലദളം, വെട്ടം, ബാംഗ്ലൂര്‍ ഡേയ്സ്, പേരറിയാത്തവര്‍ എന്നിങ്ങനെ അദ്ദേഹം അഭിനയിച്ച ചിത്രങ്ങള്‍ നിരവധിയാണ്. അതുകൂടാതെ, സ്ത്രീ, സമയം, സമക്ഷം തുടങ്ങി ഒട്ടനവധി സീരിയലുകളിലും അദ്ദേഹം എണ്ണമറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം വൈറലാകുന്നത് കൃഷിക്കാരനാണെന്നതിന്റെ പേരിലാണ്.

സിനിമയിലും സീരിയലിലും മാത്രമല്ല കൃഷിയിലും തന്റേതായ സ്ഥാനം കണ്ടെത്തി കഴിവ് തെളിയിച്ചിട്ടുള്ള കൃഷ്ണപ്രസാദ് ഇന്ന് കിസാന്‍ കാര്‍ഡ് ഉടമയും കര്‍ഷകശ്രീ അവാര്‍ഡ് ജേതാവുമാണ്. മനസില്ലാ മനസോടെ കാര്‍ഷിക രംഗത്തേയ്ക്ക് ഇറങ്ങിത്തിരിച്ച ഈ കലാകാരന്‍ ഇന്ന് ഈ മേഖലയില്‍ നൂറുമേനി കൊയ്യുകയാണ്. കൃഷിയെ സ്നേഹിക്കുന്നവര്‍ക്കും അതിനോട് താത്പര്യമുള്ളവര്‍ക്കും വേണ്ടി അദ്ദേഹം 'കര്‍ഷകശ്രീ കൃഷ്ണപ്രസാദ്' എന്ന യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്.

പതിമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് അച്ഛന്‍ മരിച്ചപ്പോഴാണ് കൃഷ്ണപ്രസാദ് ആദ്യമായി കൃഷി ചെയ്യുന്നത്. പൊതുവേ യുവാക്കള്‍ കൃഷിയിലേക്ക് വരാന്‍ മടിച്ചിരുന്ന ഒരു കാലമായിരുന്നു അത്. മനസ്സില്ലാ മനസ്സോടെയാണ് അന്ന് കൃഷിയിലേക്ക് ഇറങ്ങിയതെങ്കിലും ആദ്യത്തെ വിളവെടുപ്പിനു ശേഷം കാര്‍ഷിക മേഖലയില്‍ തന്നെ സജീവമാവുകയായിരുന്നു. തുടര്‍ന്ന് പാട്ടത്തിന് കൊടുത്ത ഭൂമിയും ഏറ്റെടുത്ത് കൃഷി വിപുലമാക്കുകയായിരുന്നു കൃഷ്ണപ്രസാദ്. ഇപ്പോള്‍ കൃഷിക്കാരനായ സിനിമാ നടന്‍ എന്ന പേരിലാണ് കൃഷ്ണ പ്രസാദ് അറിയപ്പെടുന്നത്.

കൃഷി ചെയ്യുമ്പോഴുള്ള സുഖദുഃഖങ്ങള്‍ അനുഭവിക്കുക എന്നത് വലിയൊരു കാര്യം തന്നെയാണ്. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുള്ളവര്‍ കര്‍ഷകനായ കൃഷ്ണപ്രസാദിനെയാണ് കൂടുതല്‍ സ്നേഹിക്കുന്നത്. ഇന്ന് കൃഷ്ണപ്രസാദിനെ കാണുമ്പോള്‍ കൃഷിയെപ്പറ്റിയാണ് എല്ലാവരും കൂടുതല്‍ തിരക്കാറുമുള്ളത്. ഞാന്‍ ഒരു നടന്‍ മാത്രമാണെങ്കില്‍ ഒരുപക്ഷേ എനിക്ക് ഇപ്പോള്‍ അവരില്‍ നിന്നും ലഭിക്കുന്ന കരുതല്‍ എത്രത്തോളമുണ്ടാവും എന്നതില്‍ സംശയമുണ്ട്. എന്റെ യൂട്യൂബ് ചാനലിനും അവരെല്ലാം വലിയ സപ്പോര്‍ട്ട് ആണ് തരുന്നത്. കാര്‍ഷികവൃത്തിയെക്കുറിച്ചാണ് ഞാന്‍ ക്ഷണിക്കപ്പെട്ട വേദികളില്‍ ഏറ്റവും കൂടുതല്‍ സംസാരിക്കാറുമുള്ളത് എന്ന് ഏറെ സന്തോഷത്തോടെ കൃഷ്ണ പ്രസാദ് പറയുന്നു.

കൊറോണാക്കാലത്ത് നടന്‍ ഉണ്ണി മുകുന്ദന്റെ പോസ്റ്റിലൂടെ കൃഷ്ണപ്രസാദ് ഏറെ ശ്രദ്ധ നേടിയിരുന്നു. മുറ്റത്ത് കൃഷിപ്പണി ചെയ്ത് ഓടി നടക്കുന്ന അച്ഛനെകുറിച്ച് പറഞ്ഞു തുടങ്ങി ഉണ്ണി മുകുന്ദന്‍ എത്തിയത് കൃഷ്ണപ്രസാദിലേക്ക് ആയിരുന്നു. നടന്റെ കുറിപ്പ് ഇങ്ങനെ:

കുട്ടിക്കാലത്ത് ഏഷ്യാനെറ്റ് ചാനലില്‍ മുടങ്ങാതെ രാത്രി 9 മണിക്ക് അമ്മ ചോറുരുട്ടി തരുന്ന സമയത്ത് ഞങ്ങള്‍ എല്ലാവരും കാണുന്ന 'സമയം' എന്ന ടിവി സീരിയലില്‍ അഭിനയിക്കുന്ന ഒരു നടനെ കുറിച്ച് ഒരു വാര്‍ത്ത വായിക്കാന്‍ ഇടയായി. പുള്ളിയെ ഞാന്‍ വേറെ പല നല്ല മലയാള സിനിമയിലും കണ്ടിട്ടുണ്ട്. പെട്ടെന്ന് ഓര്‍ത്തിരിക്കാനുള്ള കാര്യം വേറെ ഒന്നുമല്ല വളരെ സുമുഖന്‍ ആയിരുന്ന ഈ നടന്റെ പേര് എനിക്ക് അറിയില്ലെങ്കിലും പെട്ടെന്ന് തന്നെ മനസ്സിലാക്കി എടുക്കാന്‍ എനിക്ക് സാധിച്ചു. ഇത്രയും വലിയ ജനപ്രീതി നേടിയ നടന്റെ ഈ ജീവിത ശൈലിയും ഇപ്പോഴത്തെ ഒരു രസത്തെയും കുറിച്ച് വായിച്ചപ്പോള്‍ എനിക്ക് വളരെയധികം സന്തോഷം തോന്നി. ഞാന്‍ ശ്രീ കൃഷ്ണ പ്രസാദ് ചേട്ടനെ കുറിച്ചാണ് പറയുന്നത്. ഇപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും ഒരു കര്‍ഷകന്‍ തന്നെയാണ് കൃഷ്ണ പ്രസാദ് ചേട്ടന്‍. ഫയര്‍മാന്‍ എന്ന ചിത്രത്തില്‍ ഞാന്‍ കൂടെ അഭിനയിച്ച കൃഷ്ണപ്രസാദ് ചേട്ടന്‍ മണ്ണിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു പച്ചയായ മനുഷ്യന്‍ ആണെന്നത് എനിക്ക് അത്ഭുതമായിരുന്നു. കൂടുതല്‍ നോക്കിയപ്പോള്‍ സംസ്ഥാന പുരസ്‌കാരം വരെ ലഭിച്ചിട്ടുണ്ടെന്ന് അറിഞ്ഞു. ഇപ്പോഴും നേരിട്ട് മണ്ണിലേക്ക് ഇറങ്ങി വെയിലത്ത് കൂടെയുള്ള ജോലിക്കാരുടെ കൂടെ കൃഷിചെയ്യുന്ന മലയാള സിനിമയുടെ ഏക നടന്‍. ഒരു സിനിമ നടന് ഇങ്ങനെ ഒക്കെ ചെയ്യാന്‍ പറ്റുമോ എന്നൊരു ചോദ്യത്തിന് ഉത്തരം കിട്ടി

ഈ കൊറോണ കാലത്ത് നമ്മള്‍ ഏവരും ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് ഇതൊക്കെയാണ്. എല്ലാ വീടുകളിലും ചെറിയ രീതിയില്‍ പറ്റുന്ന പോലെ കൃഷി ചെയ്യുന്നവര്‍ ഉണ്ടാകണം. നമ്മുടെ മണ്ണിനോട് ഇഷ്ടം തോന്നിപ്പിക്കുന്ന ഒരു അന്തരീക്ഷം നമ്മള്‍ നമ്മുടെ പുതുതലമുറക്ക് ഉണ്ടാക്കി കൊടുക്കണം. എന്നാല്‍ ഫ്ലാറ്റിലും അല്ലെങ്കില്‍ കൃഷി ചെയ്യാന്‍ സ്ഥലം ഇല്ലാത്തവര്‍ എന്തു ചെയ്യും എന്നൊരു ചോദ്യം ഉണ്ടാകാം. പറ്റുന്നത് പോലെ ചെയ്യുക എന്നാണ് എനിക്ക് പറയാന്‍ ഉള്ളത്.

krishna prasad the farmer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES