ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത സ്ത്രീധനം എന്ന സീരിയല്‍ കണ്ടവരാരും മറക്കാനിടയില്ല. ദുഷ്ടയും ആര്‍ത്തിക്കാരിയുമായ അമ്മായിയമ്മ മരുമകളെ കഷ്ടപെടുത്തുന്നതായിരുന്നു സീരിയലിന്റെ കഥ. ഇതില്‍ ദിവ്യ എന്ന കേന്ദ്ര കഥാപാത്രമായി എത്തിയത് ദിവ്യ വിശ്വനാഥ് എന്ന നടിയാണ്. ഇപ്പോള്‍ താന്‍ അമ്മയായ സന്തോഷം പങ്കുവച്ച് എത്തിയിരിക്കയാണ് ദിവ്യ. ദിവ്യ പത്മിനി എന്നും താരം അറിയപ്പെടുന്നുണ്ട്. സീരിയലില്‍ മാത്രമല്ല സിനിമയിലും തിളങ്ങിയിട്ടുള്ള നടിയാണ് ദിവ്യ. തമിഴിലും മലയാളത്തിലുമായി ഏകദേശം പത്തോളം സിനിമകളില്‍ താരം തിളങ്ങിയിട്ടുണ്ട്.ഇരുപതോളം ഹിറ്റ് സീരിയലുകളിലും താരം അഭിനയിച്ചു. അമ്മത്തൊട്ടില്‍, സ്ത്രീ മനസ്സ്, സ്ത്രീധനം, മാമാട്ടിക്കുട്ടിയമ്മ തുടങ്ങിയവയാണ് ദിവ്യ വിശ്വനാഥിനെ ഏറെ പ്രസിദ്ധയാക്കിയത്.
മലയാളസിനിമയെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ട് ദിവ്യ വിശ്വനാഥ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ താരം തുറന്നുപറഞ്ഞിരുന്നില്ല. ആ പ്രോജക്ടില്‍ നിന്നു തന്നെ മാറിനിന്നു. എല്ലാ രംഗത്തും മോശക്കാരുണ്ടാവാമെന്നതുപോലെ സീരിയല്‍ രംഗത്തുമുണ്ട് എന്നായിരുന്നു അന്ന് താരം പ്രതികരിച്ചത്.
ഇടുക്കി കട്ടപ്പനക്കാരിയായ ദിവ്യ, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് സംവിധായകന് രതീഷിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ശേഷം മുംബൈയില്‍ സ്ഥിരതാമസമാക്കിയ ദിവ്യ ഇടയ്ക്ക് വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ടായിരുന്നു. വിവാഹം കഴിഞ്ഞിട്ടും അഭിനയരംഗത്ത് സജീവമായിരുന്ന താരം, കുറച്ചു നാളായി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇടക്ക് സോഷ്യല്‍ മീഡിയയിലൂടെ രതീഷും താനും അച്ഛനും അമ്മയും ആകാന്‍ പോകുന്നതായുള്ള സൂചന താരം നല്‍കിയിരുന്നു.വിവാഹം കഴിഞ്ഞു വര്‍ഷങ്ങള്‍ക്ക് ശേഷമാണു ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയത്. പല്ലില്ലാത്ത ചിരിയും, കുഞ്ഞി കരച്ചിലും, കുഞ്ഞി തൊഴിയും, ഒക്കെയായി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനു നന്ദി. 'അവള് വരദക്ഷിണ' എന്നാണ് രതീഷ് എഫ് ബിയില്‍ കുറിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഇരുവര്‍ക്കും ആശംസ നല്കി രംഗത്ത് വരുന്നത്.