കൃത്യം ഒരു മാസം മുമ്പ് ഈ സമയത്ത് കൊല്ലം സുധിയെന്ന കലാകാരന്റെ മരണ വാര്‍ത്തയറിഞ്ഞ് വിശ്വസിക്കാനാകാതെ നടുങ്ങി ഇരിക്കുകയായിരുന്നു മലയാള സിനിമാ ലോകം. ഇന്ന് ജൂലായ് ആറിന് കൃത്യം 30 ദിവസങ്ങള്‍ പൂര്‍ത്തിയായിരിക്കെ പുറത്തു വന്ന ചിത്രം വലിയ നടുക്കമാണ് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് സമ്മാനിക്കുന്നത്. കൊല്ലം സുധിയുടെ ജീവനെടുത്ത ആ അപകടത്തില്‍ ഒപ്പമുണ്ടായിരുന്നവരായിരുന്നു മഹേഷ് കുഞ്ഞുമോനും ബിനു അടിമാലിയും. മഹേഷിനെ കാണാന്‍ ഇന്നലെ വീട്ടിലെത്തിയ ബിനു അടിമാലി നിറഞ്ഞ ചിരിയോടെ കൂട്ടുകാര്‍ക്കൊപ്പം നിരവധി ചിത്രങ്ങള്‍ എടുത്തിരുന്നു.
ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിനു പിന്നാലെ പേരറിയാത്ത ഏതോ ഒരു കലാകാരന്‍ അവര്‍ക്കൊപ്പം സുധിയേയും കൂടി കൂട്ടിച്ചേര്‍ത്തു. ഒരുപക്ഷെ ആ അപകടത്തില്‍ നിന്നും സുധി ജീവനോടെ തിരിച്ചു വന്നിരുന്നുവെങ്കില്‍ മലയാളികള്‍ക്ക് ഏറ്റവും അധികം സന്തോഷം നല്‍കുന്ന കാഴ്ചയായി മാറിയേനേ ഇത്. ബിനു അടിമാലിയുടെ തോളില്‍ കയ്യിട്ട് മഹേഷിനെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ഈ ചിത്രത്തില്‍ സുധിയുടെ മുഖത്തുള്ള ചിരിയാണ് ഏറ്റവും അധികം വേദന നല്‍കുന്നത്. പല തവണ ഈ ചിത്രം മുന്‍പ് കണ്ടിട്ടുള്ളതാണെങ്കിലും പ്രിയ്യപ്പെട്ടവര്‍ക്കൊപ്പം നിറസന്തോഷത്തോടെ ജീവനോടെ നില്‍ക്കുന്ന സുധിയെ പോലെയാണ് ആ ചിത്രം കാണുന്ന ആര്‍ക്കും ഒരു നിമിഷം തോന്നിപ്പോവുക.
അടുത്ത സെക്കന്റില്‍ മാത്രമെ ഇതൊരു ചിത്രം മാത്രമാണല്ലോ എന്ന തോന്നല്‍ അതു കാണുന്നവര്‍ക്ക് ഉണ്ടാവുക. ജൂണ്‍ 5ന് പുലര്‍ച്ചെ തൃശൂര്‍ കയ്പമംഗലത്ത് വച്ച് ഉണ്ടായ വാഹന അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന മഹേഷ് കുഞ്ഞ് മോന്‍, ബിനു അടിമാലി പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയില്‍ ആയിരുന്ന മഹേഷിന് ഒമ്പത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. തിരിച്ചു വരവിന്റെ പാതയിലാണ് മഹേഷ് ഇപ്പോള്‍. മഹേഷിനെ കാണാനായി വീട്ടില്‍ എത്തിയതായിരുന്നു ബിനുവും കൂട്ടരും.
വേദനകള്‍ക്കിടയിലും പുഞ്ചിരിച്ച് നില്‍ക്കുന്ന മഹേഷിന്റെ ഫോട്ടോയാണ് ബിനു പങ്കുവച്ചിത്. 'മോനെ നീ എത്രയും പെട്ടന്ന് സുഖം ആയിട്ട് വരട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെ ഉണ്ടാകും' എന്നാണ് ചിത്രത്തിനൊപ്പം ബിനു അടിമാലി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ബിനുവും മഹേഷും ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരാന്‍ ആശംസകളുമായി രംഗത്തെത്തിയത്. അതേസമയം, ആശുപത്രിയില്‍ നിന്നും തിരിച്ചെത്തിയ ശേഷം മഹേഷ് കുഞ്ഞുമോന്‍ പ്രതികരിച്ചിരുന്നു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ്, ആരും വിഷമിക്കണ്ട താന്‍ വേഗം തിരിച്ചെത്തും എന്നായിരുന്നു മഹേഷ് പറഞ്ഞത്.
നിരവധി ആരാധകരുള്ള താരമാണ് മഹേഷ് കുഞ്ഞുമോന്‍. പിണറായി വിജയന്റെ ശബ്ദം അനുകരിച്ചുള്ള വീഡിയോയിലൂടെയാണ് മഹേഷ് ശ്രദ്ധേയനാകുന്നത്. 'വിക്രം' സിനിമയുടെ മലയാളം പതിപ്പില്‍ ഏഴ് കഥാപാത്രങ്ങള്‍ക്ക് മഹേഷ് ശബ്ദം നല്‍കിയിരുന്നു.