ബിഗ്ബോസ് ഷോയുടെ മുഖ്യ ആകര്‍ഷണം അവതാരകനായി മോഹന്‍ലാല്‍ എത്തുന്നു എന്നതായിരുന്നു. ബിഗ് ബോസ് വീട്ടിലെത്തിയ പല മത്സരാര്‍ഥികളും തങ്ങളുടെ ഇമേജ് മാറ്റിയാണ് ബിഗ്ബോസ് വീട്ടില്‍നിന്നും യാത്രയായത്. ഏറ്റവും കൂടുതല്‍ നെഗറ്റീവ് ഇമേജുമായി എത്തിയ സാബുമോനാണ് ബിഗ്ബോസ് വിജയിയുമായത്. അതേസമയം ഷോയുടെ അവതാരകനായ മോഹന്‍ലാലും തനിക്ക് നഷ്ടമായ ഇമേജ് ബിഗ്ബോസ് വേദിയില്‍ തിരികേ നേടിയെടുത്തതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
2015ലെ ഏഷ്യന്‍ ഗെയിംസ് വേദിയില്‍ ലോഞ്ച് ചെയ്ത ലാലിസം എന്ന ലാലേട്ടന്റെ മ്യുസിക്ക് ബാന്റ് അദ്ദേഹത്തിന് ചീത്തപേരാണ് നേടികൊടുത്തിരുന്നത്. ലിപ് സിങ്കിങ്ങിലൂടെ പാട്ടു പാടിയെന്ന ഒറ്റ കാരണത്താല്‍ അദ്ദേഹത്തിന്റെ മുഴുവന്‍ ഇമേജും നഷ്ടപ്പെട്ടിരുന്നു. അന്ന് ഷോയ്ക്കായി വാങ്ങിയ പണം തിരികെ കൊടുത്താണ് അദ്ദേഹം ചീത്തപേരില്‍ നിന്നും രക്ഷപ്പെട്ടത്. തുടര്‍ന്ന് ഒരു ഓസ്ട്രേലിയന്‍ ഷോയിലും അദ്ദേഹം ലിപ് സിങ്കിങ്ങ് നടത്തി പാടിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ ചാര്‍ത്തിക്കിട്ടിയ നെഗറ്റീവ് ഇമേജിനെ ഒക്കെ പൊളിച്ചടുക്കിയാണ് ലാലേട്ടന്‍ ഇന്നലെത്തെ ബിഗ്ബോസ് വേദിയില്‍ കൈയടി നേടിയത്. ഒന്നിനു പിറകേ ഒന്നായി ഒട്ടേറെ പാട്ടുകളാണ് അദ്ദേഹം ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ പാടിയത്.
ബിഗ്ബോസിന്റെ ഒഫീഷ്യല്‍ സോംഗ് സ്റ്റിഫന്‍ ദേവസ്വിക്ക് ഒപ്പം പാടിയാണ് അദ്ദേഹം തുടക്കമിട്ടത്. തുടര്‍ന്ന് ഒട്ടെറെ പഴയ പാട്ടുകള്‍ മനോഹരമായി അദ്ദേഹം പാടിയത് കാഴ്ചക്കാര്‍ ഇരു കൈ നീട്ടി സ്വീകരിച്ചു. നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന പല പാട്ടുകള്‍ അദ്ദേഹം ആലപിക്കുകയുണ്ടായി. പ്രേക്ഷകര്‍ക്കൊപ്പം മത്സരാര്‍ഥികളും ലാലിന്റെ പാട്ടുകള്‍ ഏറ്റെടുക്കുന്ന കാഴ്ചയ്ക്ക് കൂടിയാണ് ഇന്നലെ ബിഗ്ബോസ് സാക്ഷ്യം വഹിച്ചത്.