ലക്ഷ്മി കീര്‍ത്തന എന്ന പേരിനേക്കാള്‍ പത്തരമാറ്റിലെ നയന എന്ന് പറഞ്ഞാല്‍ ആര്‍ക്കും അറിയാം. ഇഷ്ടമില്ലാത്ത ഒരു ദാമ്പത്യമായിരുന്നുവെങ്കിലും, ഇപ്പോള്‍ കിട്ടിയ ജീവിതത്തെ സ്‌നേഹിക്കുന്ന ആ സ്നേഹം തിരിച്ചറിഞ്ഞ ആദര്‍ശിന്റെയും ജീവിതം കാണിക്കുന്ന പരമ്പര ഇപ്പോള്‍ ഏഷ്യാനെറ്റിലെ മികച്ച സീരിയലുകളില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. നയനയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്തിട്ട് ഒന്നര വര്‍ഷത്തോളമായി. എറണാകുളം നോര്‍ത്ത് പരവൂരിലെ വാവക്കാടുകാരി ഇന്ന് ഒന്നരലക്ഷത്തിലധികം ഫോളോവേഴ്സുള്ള സോഷ്യല്‍ മീഡിയാ താരം കൂടിയാണ്.
അച്ഛന്റേയും അമ്മയുടേയും ഏക മകളായിട്ടാണ് ലക്ഷ്മി കീര്‍ത്തന ജനിച്ചത്. ഒരു സഹോദരനുണ്ട്. കുട്ടിക്കാലം മുതല്‍ക്കെ നൃത്തം അഭ്യസിച്ചിരുന്നു. ഭരതനാട്യവും കുച്ചുപ്പുഡിയും നാടോടിനൃത്തവും മോഹിനിയാട്ടവും എല്ലാം ലക്ഷ്മിയ്ക്ക് വഴങ്ങും. സ്‌കൂള്‍ കലോത്സവ വേദികളിലെ നിറസാന്നിധ്യവും ആയിരുന്നു. അങ്ങനെയിരിക്കെയാണ് പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തമിഴ്നാട്ടില്‍ എക്കോ കാര്‍ഡിയോഗ്രാഫി പഠിക്കാന്‍ ലക്ഷ്മി പോയത്. പഠന ശേഷം അവിടെ തന്നെ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്നോളജിസ്റ്റ് ആയി ജോലിയില്‍ പ്രവേശിച്ചു. അധ്യാപനമായിരുന്നു ലക്ഷ്മിയുടെ ഇഷ്ട മേഖല. എന്നാല്‍ അതിനിടയിലാണ് താന്‍ നെഞ്ചോടു ചേര്‍ത്തിരുന്ന നൃത്തം ഇപ്പോള്‍ പ്രാക്ടീസ് ചെയ്യാനും പഠിക്കാനും സമയം കിട്ടുന്നില്ലല്ലോ എന്ന സങ്കടം ലക്ഷ്മിയെ അലട്ടിയത്.
അങ്ങനെ ജോലി ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് വന്ന ലക്ഷ്മിയെ ഇരുകയ്യും നീട്ടിയാണ് അച്ഛനും അമ്മയും സ്വീകരിച്ചത്. നൃത്ത പഠനം പുനരാരംഭിച്ചു. അങ്ങനെയിരിക്കെയാണ് തൃശൂര്‍ പൂരത്തിന്റെ സമയത്ത് ഒരു ഡാന്‍സ് ഷൂട്ട് ചെയ്യണമെന്ന് ആഗ്രഹിച്ചത്. തന്റെ ആഗ്രഹം അച്ഛനോടും അമ്മയോടും പറഞ്ഞപ്പോള്‍ അവര്‍ കൊണ്ടുപോയി. അവര്‍ തന്നെയാണ് മൊബൈലില്‍ വീഡിയോ പകര്‍ത്തിയതും. തുടര്‍ന്ന് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇട്ടപ്പോള്‍ ലഭിച്ച പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. മണിക്കൂറുകള്‍ക്കകം വൈറലായി മാറുകയായിരുന്നു ലക്ഷ്മിയും ലക്ഷ്മിയുടെ നൃത്തവും. അറിയാത്ത ഒരുപാടു പേര്‍ നല്ല വാക്കുകളുമായെത്തി.
കോവിഡ് കാലത്തായിരുന്നു ലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ച ഈ സംഭവം നടന്നത്. ബിജു ധ്വനിതരംഗിന്റെ കോറിയോഗ്രാഫിയില്‍ പിറന്ന നൃത്തമാണ് ലക്ഷ്മി അവതരിപ്പിച്ചത്. പറവൂര്‍ ശശികുമാര്‍ ആണ് ലക്ഷ്മിയുടെ നൃത്തഗുരു. ഗീതാ പത്മകുമാറിനു കീഴില്‍ കുച്ചുപ്പുഡിയും അഭ്യസിച്ചിരുന്നു. അങ്ങനെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയപ്പോഴാണ് ലക്ഷ്മിയുടെ പേരില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. ലക്ഷ്മിയുമായി അഞ്ചുവര്‍ഷമായി പ്രണയത്തിലാണെന്ന തരത്തിലായിരുന്നു പ്രചരണം. ഇതോടെ മാനസികമായി തളര്‍ന്നു ലക്ഷ്മിയും മാതാപിതാക്കളും. എല്ലാം ഉപേക്ഷിക്കാം. ഇനിയൊന്നും വേണ്ടായെന്നു കരുതി ജീവിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഒപ്പം നിന്നവരുടെ കരുത്തിലും പ്രചോദനത്തിലും തിരിച്ചു വരാന്‍ തീരുമാനിക്കുകയായിരുന്നു.
അങ്ങനെ വീണ്ടും നൃത്തപഠനവും മോഡലിംഗും ഫോട്ടോഷൂട്ടുകളുമൊക്കെയായി മുന്നോട്ടു പോകവേയാണ് പത്തരമാറ്റിലേക്ക് അവസരം ലഭിച്ചതും നായികയായി മാറിയതും. അതിനിടെ സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദവും നേടി. 21 വര്‍ഷമായി നൃത്തം അഭ്യസിക്കുന്ന ലക്ഷ്മിയ്ക്ക് ഇപ്പോള്‍ 25 വയസാണ് പ്രായം.