Latest News

കെ എസ് ആർ ടി സിയെ മൂന്ന് സോണാക്കാൻ തച്ചങ്കരി സമ്മതിച്ചത് സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങി

Malayalilife
കെ എസ് ആർ ടി സിയെ മൂന്ന് സോണാക്കാൻ തച്ചങ്കരി സമ്മതിച്ചത് സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങി

തിരുവനന്തപുരം: ആശ്രിത നിയമനക്കാരും യുണിയൻ നേതാക്കളുമാണ് കെ എസ് ആർ ടി സിയുടെ ശാപം. ആശ്രിത നിയമനത്തിൽ കെ എസ് ആർ ടി സിയിൽ കയറിക്കൂടിയവരെ കൊണ്ടാണ് പ്രധാന ശല്യം. ഇവർ പണിയെടുക്കാതെ ഭരണത്തിന്റെ തണലിൽ കെ എസ് ആർ ടി സിയെ കട്ടു മുടുക്കുന്നു. ഇതിന് മാറ്റം ഉണ്ടാക്കാൻ സിഎംഡിയായെത്തിയ തച്ചങ്കരിയുടെ ശ്രമങ്ങൾ തുടരുകയാണ്. അതിനിടെയാണ് കെ.എസ്.ആർ.ടി.സി.യെ മൂന്നു മേഖലകളായി വിഭജിക്കുന്നത്. ഈ മൂന്ന് സോണുകളുടേയും തലപ്പത്ത് മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരെ നിയമിച്ചു. ഇവരെ സഹായിക്കാൻ പ്രൊഫഷണലുകളേയും. മന്ത്രി എകെ ശശീന്ദ്രന്റെ നിർദ്ദേശ പ്രകാരമാണ് ഇത്. മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർമാർ മൂന്ന് സോണിലേക്ക് പോകുമ്പോഴും പണിയില്ലാതെ പിന്നേയും എക്‌സിക്യൂട്ടീവ് ഡയറക്ടർമാർ ചീഫ് ഓഫീസിലുണ്ട്. ഇവർക്ക് കാര്യമായ ഒരു പണിയുമില്ല. യൂണിയനുകളെ പ്രകോപിപ്പിച്ച് തച്ചങ്കരിക്കെതിരെ തിരിക്കാനുള്ള നടപടികൾ ഇവർ തുടരുകയുമാണ്.

ബുധനാഴ്ച നടക്കും. തിരുവനന്തപുരം മേഖലയാണ് ആദ്യം നിലവിൽ വരുക. തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനവും എറണാകുളം, കോഴിക്കോട് മേഖലകളുടെ പ്രഖ്യാപനവും മന്ത്രി എ.കെ.ശശീന്ദ്രൻ ഇന്ന് നിർവഹിക്കും. കെ എസ് ആർ ടി സിയെ മേഖലകളാക്കുന്നതിനോട് തച്ചങ്കരിക്ക് താൽപ്പര്യമില്ലായിരുന്നു. അങ്ങനെ മേഖലകാളക്കുമ്പോൾ പ്രൊഫഷണലുകളെ നിയമിക്കാനും ആഗ്രഹിച്ചു. പക്ഷേ മന്ത്രി ഓഫീസിലെ സമ്മർദ്ദം മൂലം ഇതൊന്നും നടന്നില്ല. എങ്കിലും തന്റെ നിരീക്ഷണത്തിലൂടെ സോൺ പരിഷ്‌കരണം വിജയകരമാക്കാനാകും തച്ചങ്കരി ശ്രമിക്കുക. അതിനിടെ ചീഫ് ഓഫീസിലെ ജീവനക്കാരെ മേഖലാ ഓഫീസുകളിലേക്കു പുനർവിന്യസിക്കുന്നതിന്റെ നടപടിക്രമങ്ങളും ആരംഭിച്ചു. ആദ്യഘട്ടത്തിൽ മാറ്റിയത് സംഘടനാനേതാക്കളെയാണ്. അതായത് പണിയില്ലാതിരിക്കുന്നവരെ. ഇവർക്ക് വിവിധ സോണുകളിൽ പോയി പണിയെടുക്കേണ്ട അവസ്ഥയാണ് തച്ചങ്കരിയുണ്ടാക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് ദക്ഷിണമേഖലയുടെ കീഴിൽ വരുക. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകൾ മധ്യമേഖലകളിലും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ ഉത്തരമേഖലയിലുമായിരിക്കും. എക്സിക്യുട്ടീവ് ഡയറക്ടർമാരായ ജി.അനിൽകുമാർ, എം ടി.സുകുമാരൻ, സി.വി.രാജേന്ദ്രൻ എന്നിവരെ ദക്ഷിണ, മധ്യ, ഉത്തര മേഖലയുടെ ചുമതലകളിൽ നിയമിച്ചു. ജീവനക്കാരുടെ മേഖലാതല സ്ഥലംമാറ്റം, അച്ചടക്കനടപടി, ഡിപ്പോകളുടെ പ്രവർത്തനമികവ്, പരിശോധന ഉൾപ്പെടെയുള്ള ചുമതലകൾ ഇവർ നിർവഹിക്കണം. മന്ത്രിയുടെ പ്രത്യേക താൽപ്പര്യമാണ് ഇവരുടെ നിയമനത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. കെഎസ്ആർടിസിയെ മൂന്ന് മേഖലകളായി തിരിക്കണമെന്നു സ്ഥാപനത്തിന്റെ പുനഃസംഘടനയെക്കുറിച്ചു പഠിച്ച പ്രഫ. സുശീൽഖന്ന ശുപാർശ ചെയ്തിരുന്നു. മൂന്നു മേഖലകളാകുന്നതോടെ ഉദ്യോഗസ്ഥ തലത്തിലും മാറ്റങ്ങളുണ്ടാകും. ഇതിന്റെ പട്ടികയും പുറത്തിറങ്ങി. സോണൽ ഓഫിസർമാർക്കായിരിക്കും സോണുകളുടെ ചുമതല. ജില്ലാ ആസ്ഥാനവും ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസർ തസ്തികയും ഇനി ഉണ്ടാകില്ല. ഓരോ മാസവും കൈവരിക്കേണ്ട ലക്ഷ്യത്തെ സംബന്ധിച്ച് സോണൽ ഓഫിസർ ഓരോ യൂണിറ്റിനും നിർദ്ദേശം നൽകണം. ജീവനക്കാരെ സ്ഥലംമാറ്റുന്നതിനുള്ള അധികാരം ഓരോ സോണിന്റെയും ചുമതലക്കാരനുണ്ടാകും.

ചീഫ് ഓഫീസിൽ ഇരിക്കുന്ന പണിയില്ലാത്തവർക്ക് പരമാവധി ജോലി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സോൺ വിഭജനം. ബസുകളുടെ പരമാവധി ഉപയോഗം ഉറപ്പുവരുത്തുകയാണ് പ്രധാന ലക്ഷ്യം. ഏഴ് ക്ലർക്ക് വീതം 21 പേർക്കാണ് ചീഫ് ഓഫിസിൽനിന്ന് മാറ്റമുണ്ടാവുക. ട്രാൻസ്‌പോർട്ട് ആസ്ഥാനത്തെ മൂന്ന് സൂപ്രണ്ടുമാരെയും മേഖലകളിലേക്ക് മാറ്റും. ഓരോ അക്കൗണ്ട് ഓഫിസർമാരെയും നൽകുന്നുണ്ട്. പ്രതിമാസം 50,000 രൂപക്കുവരെ പർച്ചെയ്‌സ് നടത്താനുള്ള അധികാരം മേഖലകൾക്കുണ്ടാകും. ഓരോ സോണും വരുമാനം ഉണ്ടാക്കുന്നതിൽ മത്സരിക്കണം. റൂട്ടുകളുടെ പുനക്രമീകരണവും മറ്റും വേഗത്തിലാക്കി കെ എസ് ആർ ടി സിയെ ലാഭത്തിലേക്ക് കൊണ്ടു പോകാനാണ് ശ്രമം. എന്നാൽ നിലവിലെ ഉദ്യോഗസ്ഥരെ തന്നെ നിമയിച്ചാൽ ഇതെല്ലാം നടക്കുമോ എന്ന സംശയം തച്ചങ്കരിക്കുണ്ട്. എന്നാൽ സർക്കാർ നിലപാട് മനസ്സിലാക്കി നിയമനങ്ങൾ ഉൾപ്പെടെ തച്ചങ്കരി ചെയ്യുകയായിരുന്നു.

അതിനിടെ കെ.എസ്.ആർ.ടി.സി. മാനേജ്മെന്റ് നടപടികളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതി ഓഗസ്റ്റ് ഏഴിന് 24 മണിക്കൂർ സൂചനാപണിമുടക്ക് നടത്തും. വാടകവണ്ടി ഉപേക്ഷിക്കുക, ശമ്പളപരിഷ്‌കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആറിന് അർദ്ധരാത്രി മുതൽ ഏഴിന് രാത്രി 12 വരെയാണ് സമരം. അന്നേദിവസം ദേശീയ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര മോട്ടോർവാഹന നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗതാഗതമേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ട്രേഡ് യൂണിയനുകളും തൊഴിലുടമാസംഘടനകളും ദേശീയ പണിമുടക്കു പ്രഖ്യാപിച്ച ദിവസംതന്നെയാണ് കെ.എസ്.ആർ.ടി.സി. പണിമുടക്കും നടക്കുന്നത്. ഇതു കൊണ്ട് തന്നെ മറ്റ് പ്രശ്‌നങ്ങളൊന്നും കെ എസ് ആർ ടി സിക്കുണ്ടാകില്ല. പൊതു പണിമുടക്ക് ദിവസമായതു കൊണ്ട് തന്നെ ബസുകൾ നിരത്തിലിറക്കുന്നത് പ്രശ്‌നങ്ങൾക്ക് കാരണമാകും. ഈ സാഹചര്യത്തിൽ അന്ന് തന്നെ പണിമുടക്ക് നടത്താനുള്ള തീരുമാനം കൊണ്ട് ഒന്നും കെ എസ് ആർ ടി സിക്ക് സംഭവിക്കില്ല. കെ എസ് ആർ ടി സിയിലെ ഭൂരിപക്ഷം ജീവനക്കാരും തച്ചങ്കരി പക്ഷത്താണ്. അതു കൊണ്ട് തന്നെ സാധാരണ ദിവസങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചാൽ കാര്യങ്ങൾ ഉദ്ദേശിച്ച പോലെ നടക്കില്ലെന്ന് യൂണിയനുകാർ തിരിച്ചറിയുന്നുണ്ട്. ഇതുകൊണ്ടാണ് തന്ത്രപരമായ തീരുമാനം എടുത്തത്.

ചീഫ് ഓഫീസിലെ ഉന്നത തസ്തികയിലുള്ള പലരും ആശ്രിത നിയമത്തിലൂടെ ജോലിക്ക് കയറിയവരാണ്. കണ്ടക്ടറായി കയറിയെ യൂണിയൻ നേതാക്കളും പണിയെടുക്കാതെ കഴിയുകയാണ്. തച്ചങ്കരി വന്നതോടെ ഇതിന് മാറ്റം വന്നു. എല്ലാവരും പണിയെടുക്കണം. ഇവരാണ് തച്ചങ്കരിയുടെ പരിഷാകാരങ്ങളെ അട്ടമറിക്കാൻ ശ്രമിക്കുന്നത്. ചിൽ ബസുകളിലൂടേയും മറ്റും കളക്ഷൻ ഉയർത്തി കെ എസ് ആർ ടി സിയെ ലാഭത്തിലാക്കാനാണ് തച്ചങ്കരിയുടെ ശ്രമം. ശീതീകരിച്ച ബസിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കി കെഎസ്ആർടിസി ചിൽ ബസിന്റെ പരീക്ഷണ ഓട്ടത്തിനു തുടക്കമായിരുന്നു. എറണാകുളം-തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴി പകൽ ഒരോ മണിക്കൂർ ഇടവിട്ടാണു സർവീസ്. കെയുആർടിസി എസി ലോ ഫ്‌ളോർ ബസുകളുപയോഗിച്ചാണ് സർവീസ് നടത്തുന്നത്. രാവിലെ ആറിനും രാത്രി പത്തിനും ഇടയിൽ ഒരോ മണിക്കൂർ ഇടവിട്ടും രാത്രി 10ന് ശേഷം 12, രണ്ട്, അഞ്ച് എന്നീ സമയങ്ങളിലുമാണ് സർവീസ്. എസി ലോ ഫ്‌ളോർ ബസിന്റെ നിരക്കാണു ചിൽ ബസിനും.

ചേർത്തല-79, ആലപ്പുഴ-122, ഹരിപ്പാട്-174, കായംകുളം-197, കരുനാഗപ്പള്ളി-220, കൊല്ലം-258, ആറ്റിങ്ങൽ-319, തിരുവനന്തപുരം-357 എന്നിങ്ങനെയാണു എറണാകുളത്തു നിന്നുള്ള നിരക്കുകൾ. ചിൽ ബസിന്റെ കോട്ടയം വഴിയുള്ള എറണാകുളം- തിരുവനന്തപുരം സർവീസും മൂന്നാർ, തൊടുപുഴ, കുമളി, ഗുരുവായൂർ, കോഴിക്കോട്, പാലക്കാട് സർവീസുകളും ഓഗസ്റ്റ് ഒന്നിനു പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനത്തോടൊപ്പം നിലവിൽ വരും. പരീക്ഷണ ഓട്ടത്തിനു മികച്ച പ്രതികരണമാണു ലഭിച്ചത്. കെഎസ്ആർടിസി സിഎംഡി ടോമിൻ തച്ചങ്കരിയുടെ നിർദ്ദേശ പ്രകാരം കൃത്യമായ ഇടവേളകളിൽ ബസുകളുറപ്പാക്കാനുള്ള നടപടിയുടെ ഭാഗമാണു ചിൽ ബസ് പദ്ധതി. കണക്ടിങ് കേരള എന്ന ആശയത്തിൽ വിവിധ റൂട്ടുകളിലായി തിരുവനന്തപുരം മുതൽ കാസർകോട് വരെ എല്ലാ മണിക്കൂറിലും ബസുകൾ ലഭിക്കുമെന്നതാണു പ്രധാന നേട്ടം.

എറണാകുളത്തു നിന്നു തിരുവനന്തപുരം വരെ ട്രെയിനിൽ എസിയിൽ യാത്ര ചെയ്യണമെങ്കിൽ ജനശതാബ്ദിയിൽ 425 രൂപയും സാധാരണ എക്സ്‌പ്രസ് ട്രെയിനുകളിൽ 495 രൂപയുമാണു (തേഡ് എസി) നിരക്ക്. ചിൽ ബസിൽ നിരക്കു കുറവാണെന്നതു യാത്രക്കാരെ ആകർഷിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആർടിസി. എറണാകുളത്തു നിന്നുള്ള എല്ലാ തിരുവനന്തപുരം ബസുകളും നിറഞ്ഞാണു പോകുന്നത്. ആവശ്യത്തിനു ട്രെയിനുകളില്ലെന്നതും കെഎസ്ആർടിസിക്കു മേൽക്കൈ നൽകുന്നു. കൃത്യസമയത്തു ബസ് ഉറപ്പാക്കാൻ കഴിഞ്ഞാൽ പദ്ധതി വിജയമാകുമെന്ന സൂചനയാണു പരീക്ഷണ ഓട്ടം നൽകുന്നത്. ഇത്തരം പദ്ധതികളുമായി തച്ചങ്കരി മുന്നോട്ട് പോകുമ്പോഴാണ് അതിനെയെല്ലാം അട്ടിമറിക്കാൻ യൂണിയനുകൾ സമര പ്രഖ്യാപനവുമായി എത്തുന്നത്.

 
ksrtc and thachankary

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES