തിരുവനന്തപുരം: ഫോർട്ട് പൊലീസ് സ്‌റ്റേഷനിൽ 13 വർഷങ്ങൾക്ക് മുൻപ് ഉരുട്ടികൊല്ലപ്പെട്ട ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഇപ്പോൾ കഴിയുന്നത് അവരുടെ സഹോദരൻ മോഹനന്റെ വീട്ടിലാണ്. സഹായിക്കാൻ ആരുമില്ലാതിരുന്നിട്ടും ഒന്നര വയസ്സുമുതൽ ഉദയകുമാറിനെ വളർത്തിയത് കൂലിപ്പണിയെടുത്തും കഷ്ട്ടപ്പെട്ടും തന്നെയാണ്. ഇന്ന് സിബിഐ പ്രത്യേക കോടതി പൊലീസുകാരെല്ലാം കുറ്റക്കാരാണെന്ന് വിധിക്കുമ്പോൾ അത് പെറ്റ വയറിന്റെ നോവിനുള്ള വിജയം കൂടിയാണ്. മകനെന്ന് വച്ചാൽ അത്ര ജീവനായിരുന്നു പ്രഭാവതിയമ്മയ്ക്ക് കാരണം ഇണങ്ങാനും പിണങ്ങാനും അവർക്ക് മറ്റാരും തന്നെ ഇല്ലായിരുന്നു.
ഉദയകുമാറിന് ഒന്നര വയസ്സുള്ളപ്പോൾ ആണ് അച്ഛൻ മരിച്ചത്. പിന്നീടങ്ങോട്ട് മകനെ വളർത്തിയത് മുഴുവൻ അവർ ഒറ്റയ്ക്കായിരുന്നു. ചെങ്കോട്ട് കോണം ആശ്രമത്തിന് കീഴിലുള്ള സ്‌കൂളിലെ ആയയായി അവർ ജോലി ചെയ്യുന്ന കാലഘട്ടത്തിലാണ് മകൻ കാക്കിയിട്ട ഗുണ്ടകളുടെ വിളയാട്ടത്തിന് ഇരയായത്. കേസിൽ അന്വേഷണവും കൂറുമാറ്റവും തെളിവെടുപ്പും തെളിവ് നശിപ്പിക്കലുമൊക്കെ തകൃതിയായി നടക്കുമ്പോഴും തന്റെ കുട്ടിയെ ഇല്ലായമ ചെയ്തവരോട് യാതൊരു വിട്ടുവീഴ്‌ച്ചയ്ക്കും അവർ തയ്യാറായില്ല.
നടന്ന കാര്യങ്ങൾ ഒന്നും മറക്കാതിരിക്കാൻ അവർ എല്ലാം ഒരു കടലാസിൽ എഴുതി സൂക്ഷിക്കുന്നുണ്ടായിരുന്നു. സംഭവ ദിവസം ഉദയകുമാറിന്റെ കൈവശമുണ്ടായിരുന്നത് ആ അമ്മയ്ക്ക് ഓണക്കോടി വാങ്ങാനുള്ള പണം മാത്രമായിരുന്നു. അതിനെയാണ് മോഷണ കുറ്റം ആരോപിച്ച് പൊലീസുകാർ തട്ടിയെടുത്തതും പിന്നീട് നിസ്സാരമായ ആ തുക ചോദിച്ചതിന്റെ പേരിൽ ഒരു യുവാവിനെ കൊലപ്പെടുത്തിയതും.
പ്രഭാവതിയമ്മയ്ക്ക് ഇന്നും കണ്ണുകളിലുണ്ട് ആ കാഴ്ച. മകൻ ഉദയകുമാർ വീടിന്റെ പടിയിറങ്ങിപ്പോകുന്നത്. ജീവനോടെയിനി ഈ വീട്ടിലേക്കില്ലെന്നറിയാതെ.2005 സെപ്റ്റംബറിലെ ആ പകൽ ഭീതിയോടെ മാത്രമെ ആ അമ്മയ്ക്ക് ഓർക്കാൻ കഴിയുകയുള്ളു ചേങ്കോട്ടുകോണം മഠത്തിന് കീഴിലുള്ള ജഗതിയിലെ സ്‌കൂളിൽ ആയയായി ജോലി നോക്കുന്ന സമയം. രാവിലെ പതിനൊന്ന് മണിയോടെ അവിടെയെത്തിയ പൊലീസ് സംഘത്തിന്റെ പരുക്കൻ ഭാഷയിലൂടെയാണറിയുന്നത് മോർച്ചറിയിൽ മകൻ ഉദയകുമാർ കിടക്കുകയാണെന്ന്.
ഫോർട്ട് ഉരുട്ടിക്കൊലക്കേസിലെ സിബിഐ. കോടതിയുടെ വിധിവരാനിരിക്കേ, കഴിഞ്ഞ പതിമൂന്ന് വർഷമായി വേട്ടയാടുന്ന ദുഃസ്വപ്നങ്ങളുടെ കഥയാണ് അമ്മയ്ക്ക് പറയാനുള്ളത്. നൊന്ത് പെറ്റ മകന്റെ, മുറിവേറ്റ്, ചേതനയറ്റ ശരീരം മോർച്ചറിയിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന ഈ അമ്മയുടെ ഉള്ളിൽ എന്നുമുണ്ടിത്, ഒരമ്മയ്ക്കും ഈ ഗതി വരുത്തരുതെന്ന നെഞ്ചുരുകിയുള്ള പ്രാർത്ഥന.'മകന്റെ മരണശേഷം സഹായങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി. കിടക്കാനിടമില്ലാതിരുന്ന എനിക്ക് ഒരു വീട് നിർമ്മിച്ചു നൽകി. നന്ദിയുണ്ട്. പക്ഷേ, എന്റെ മോൻ. അവനില്ലാതെ എന്തുണ്ടായിട്ടെന്താ.. ഇനിയെങ്കിലും ഇത്തരം മരണങ്ങൾ ഉണ്ടാകരുത്. ഒരമ്മയ്ക്കും ഈ ദുഃഖം താങ്ങാനാവില്ല..' പ്രഭാവതിയമ്മ പറയുന്നത് ഇങ്ങനെയാണ്