Latest News

ഹിമാലയം പോവാന്‍ വരട്ടെ... ആദ്യം ഇ മലയൊന്ന് കേറിനോക്ക്'വെള്ളിയങ്കിരിവ മല'

bibin joseph
ഹിമാലയം പോവാന്‍ വരട്ടെ... ആദ്യം ഇ മലയൊന്ന് കേറിനോക്ക്'വെള്ളിയങ്കിരിവ മല'

കോയമ്പത്തൂര്‍ ഇഷയോഗയുടെ അടുത്തുള്ള #വെള്ളിയങ്കിരി മലയെ പറ്റിയാണ്... ആദ്യമേ ഒരു കാര്യം പറയട്ടെ.. ഇതൊരു വിനോദസഞ്ചാര കേന്ദ്രമല്ലാ.. പൂര്‍ണമായും തീര്‍ത്ഥാടനകേദ്രമാണ് .ഇവിടെ വരുന്ന തീര്‍ത്ഥാടകര്‍ക്ക് ഇതൊരു പുണ്യസ്ഥലമാണ് .7 മല കാടിനുളളില്‍ കേറിചെന്നാല്‍ ഒരു ശിവക്ഷേത്രം.. അതാണ് വെള്ളിയാങ്കിരി.അവിടുത്തെ സൂര്യോദയം വളരെ ഫേമസ് ആണ്.. പൊതുവായി രാത്രിയാണ് ഇവിടേക്ക് വരുന്നവര്‍ മലകേറുന്നത്.അങ്ങനെ കേറിയാല്‍ സൂര്യോദയം കണ്ട് മടങ്ങാം ... 
...
കാടിനുള്ളിലേക്ക് ഒരു ട്രെക്കിങ്ങും, കാടിനുള്ളിലെ താമസവും ഒക്കെ മോഹിക്കുന്നവര്‍ ധാരാളം ഉണ്ട്... എന്നാല്‍ ഇതെല്ലാം ഒരു പണച്ചിലവും ഇല്ലാതെ നടന്നാലോ ... 
ഇതൊക്കെ മോഹിച്ചാണ് ഞാനും എന്റെ ഒരു സുഹൃത്തും ടെന്റും ക്യാമറയും ഒക്കെയായി അങ്ങോട്ട് വെച്ചുപിടിച്ചത് .ഇഷയോഗയും ആദിയോഗിയും ഒക്കെ കണ്ടതിന് ശേഷം രാവിലെ പത്തുമണിയോടെയാണ് ഞങ്ങള്‍ പൂണ്ടി അമ്പലത്തില്‍ എത്തിയത് .. പൂണ്ടി അമ്പലത്തില്‍നിന്നുമാണ് മല കേറിത്തുടങ്ങുന്നത് .. ഇങ്ങോട്ടേക്ക് കോയമ്പത്തൂരില്‍നിന്നും നേരിട്ട് ബസ് ലഭ്യമാണ് ആകെ കൈയില്‍ രണ്ടുകുപ്പി വെള്ളമുണ്ട്..7 മലകേറാന്‍ 6 - 7 മണിക്കൂര്‍ വേണ്ടിവരുമെന്ന് കേട്ടിട്ടുണ്ട് .. 
കഴിക്കാന്‍ എന്തെങ്കിലും വേണമെങ്കില്‍ ഇവിടെനിന്നും വാങ്ങാം ... ഒരു പഴത്തിന് 10 രൂപ വെച്ച് 100 രൂപക്ക് രണ്ടാള്‍ക്കുംകൂടെ പഴം വാങ്ങി... ഉച്ചയോടെ മല കേറി കുറച്ചുദൂരം നടന്ന് രാത്രിയില്‍ എവിടെയെങ്കിലും ടെന്റ് അടിച്ചു കിടന്ന് ബാക്കി വെളുപ്പിനെ കേറി സൂര്യോദയം കണ്ട് മടങ്ങാം എന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍.. 

പൂണ്ടി അമ്പലത്തിലേക്ക് ഷൂ, ചെരുപ്പ് ഇട്ടൊന്നും പ്രവേശിക്കാന്‍ പാടില്ല .ഞങ്ങള്‍ ഷൂ ഊരി കൈയില്‍ പിടിച്ചുനടന്നു .. കാട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പ് forestകാരുടെ ചെക്കിങ് ഉണ്ട്..ബീഡി, സിഗരറ്റ്, കഞ്ചാവ്, തീപ്പെട്ടി എന്നിങ്ങനെയുള്ള ഒരു സാധനവും അകത്തേക്ക് കടത്തിവിടില്ലാ.. എന്തെങ്കിലും കൈലുണ്ടേല്‍ ഇവിടുന്ന് പിടിക്കും .. ബാഗ് പരിശോധനയും ദേഹപരിശോധനയും ഇവിടെ സാധാരണയാണ് .. ഞങ്ങടെ കൈയില്‍ അ വക സാധനങ്ങള്‍ ഒന്നും ഇല്ലാത്തോണ്ട് എന്തുവേണേലും പരിശോധിച്ചോയെന്ന മട്ടില്‍ നിന്ന ഞങ്ങളുടെ ബാഗില്‌നിന്നും രണ്ട് ക്യാമറയും ടെന്റും എടുത്തുപുറത്തിട്ടു.എന്നിട്ട് രോക്ഷത്തോടെ ഞങ്ങടെ മുഖത്തോട്ട് നോക്കി അ പോലീസുകാരന്‍ അലറി 'ഇതൊന്നും ഇവിടെ പറ്റില്ല'

ക്യാമറയും ടെന്റും ഇല്ലെങ്കില്‍ പിന്നെ ഞങ്ങള്‍ മല കേറിയിട്ടെന്തിനാ സാറേ...കാട്ടില്‍ ആനയുണ്ട്, പുലിയുണ്ട്, കരടിയുണ്ട് .. അതുകൊണ്ട് കാട്ടില്‍ അങ്ങനെ ടെന്റ് ഒന്നും അടിച്ച് കിടക്കാന്‍ പറ്റില്ലെന്നായി അവര്‍... അപ്പൊ ക്യാമറയോ സാര്‍.. ക്യാമറ ഇവിടെ അനുവദിക്കത്തില്ല.. ഫോണ്‍ മാത്രം കൊണ്ടുപോവാം.. നിങ്ങള്‍ക്കു വേണമെങ്കില്‍ ക്ലോക്ക് റൂം ലഭ്യമാണ് അവിടെ ഇതെല്ലാം വെച്ചിട്ട് വേണേല്‍ മല കേറിക്കോ എന്നായി.വലിയ ബാഗും തൂക്കി ഷൂവും ഇട്ടവന്ന ഞങ്ങളെ കണ്ടാല്‍ അറിയാം സ്ഥലം കാണാന്‍ വന്നതാണെന്ന് .. ധാരാളം സന്യാസിമാര്‍ അവിടെയുണ്ട് .വെറും കാലില്‍ മല കേറിയാല്‍ മാത്രമേ പുണ്യം ലഭിക്കയുള്ളു എന്നൊരു സ്വാമി എന്നോട് പറഞ്ഞു.. എന്തോ ഞങ്ങളെ പോലെ ഇങ്ങനെ വരുന്നവരോട് എന്തോ താല്പര്യം കുറവുള്ളതുപോലെ തോന്നി.

ടെന്റില്ലെങ്കില്‍ വേണ്ട ക്യാമറ മാത്രം കൊണ്ടുപോയ്ക്കോട്ടെ എന്നായി ഞങ്ങള്‍.ഒരു കണക്കിനും അനുവദിക്കത്തില്ല.. ക്യാമറ കേറ്റിയാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പിടിച്ചാല്‍ ഫൈന്‍ അടക്കേണ്ടി വരുമെന്നായി.ഞങ്ങള്‍ വീണ്ടും കെഞ്ചി കേട്ടു .. അയാള്‍ ഫോണ്‍ എടുത്തു ഉയര്‍ന്ന ഏതോ ഉദ്യോഗസ്ഥനെ വിളിച്ച് കാര്യം അവതരിപ്പിച്ചു .അതിലും ഫലം കണ്ടില്ല .. ക്യാമറയും ടെന്റും ക്ലോക്ക് റൂമില്‍ വെക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു .. പക്ഷേ ക്ലോക്ക് റൂം അത്ര സുഖകരമായി തോന്നിയില്ല .. അതുകൊണ്ട് ടെന്റ് അവിടെ വെച്ച് ക്യാമറ കേറ്റാന്‍ ഞങ്ങള്‍ തീരുമാനിച്ചു..

വെരുന്നിടത്ത് വെച്ച് കാണാം എന്നമട്ടില്‍ അ forest ഉദ്യോഗസ്ഥന്റെ മുന്നിലേക്ക് പോയി.. സാറെ ഞങ്ങള്‍ ക്യാമറ കേറ്റുവാ.. ഫൈന്‍ എങ്കില്‍ ഫൈന്‍...
ഞങ്ങള്‍ പിന്മാറില്ലെന്ന് കണ്ടപ്പോള്‍ പുള്ളിക്കാരന്‍ സമ്മതം മൂളി .. ക്യാമറ കേറ്റികൊ പക്ഷെ പുറത്തെടുക്കരുതെന്ന് ഒരു താക്കീതും .. ( പിന്നെ എന്തിനാണ് സാര്‍ ക്യാമറ .. ഒരു ദിലീപ് സിനിമ ഓര്‍മവന്നു ).ഞങ്ങടെ കൈയില്‍ ചെറിയൊരു പാക്കറ്റ് mixture ഉണ്ടായിരുന്നു .. അത് പാക്കറ്റ് പൊട്ടിച്ച് പേപ്പറില്‍ പൊതിഞ്ഞു തന്നു ..
പ്ലാസ്റ്റിക് കാടിനുള്ളിലേക്ക് കയറ്റാതിരിക്കാനാവണം ഇത് .. അതില്‍ സന്തോഷം തോന്നി .. അപ്പൊ വെള്ളം കൊണ്ടുപോവുന്ന പ്ലാസ്റ്റിക് കുപ്പിയോ .. അതിനെ പറ്റി ആരും ഒന്നും പറഞ് കേട്ടില്ല .. 

അങ്ങനെ ഞങ്ങള്‍ ഉച്ചക്ക് ഒരുമണിയോടെ ആദ്യത്തെ മല കേറാന്‍ ആരംഭിച്ചു .. കല്ലുകൊണ്ടുണ്ടാക്കിയ പടികളാണ് മൊത്തം .. ആദ്യത്തെ മല നല്ല ഉയരത്തിലേക്ക് കേറണം.നട്ടുച്ച വെയിലത്തു ഇ മലകേറുന്നത് നല്ലതല്ലെന്ന് തലേദിവസം കേറി ഇറങ്ങുന്നവര്‍ ഓര്‍മപ്പെടുത്തി.എന്നാല്‍ മെല്ലെ പറ്റുന്ന അത്രേം കേറി ബാക്കി പിറ്റേന്ന് കേറാനായിരുന്നു ഞങ്ങളുടെ പ്ലാന്‍ .നല്ല വെയിലും ചൂടും ഉണ്ടായിരുന്നതുകൊണ്ട് കൈയിലുണ്ടായിരുന്ന വെള്ളം നല്ലപോലെ ചിലവായി .. രണ്ടാമത്തെയും ആറാമത്തെയും മലയിലെത്തിയാല്‍ കാട്ടുചോലയുണ്ടെന്ന് തിരിച്ചിറങ്ങുന്നവര്‍ പറഞ്ഞിരുന്നു .. പോരാത്തതിന് ഒന്നാമത്തെ മല കേറിചെന്നാല്‍ പിന്നെ അങ്ങോട്ട് ധാരാളം താല്കാലികമായി നിര്‍മിച്ച കടകളും ഉണ്ട് .. അവിടെയെല്ലാം കുടിക്കാനും കഴിക്കാനും സാധനങ്ങള്‍ കിട്ടും .. പക്ഷെ ഇരട്ടി വില വരും...
..
ഒന്നാമത്തെ മലയുടെ മുകളില്‍ എത്തിയാല്‍ ഒരു ഗണപതി അമ്പലമുണ്ട് .അതിനോട് ചേര്‍ന്ന് രണ്ട് കടയുണ്ട് .. എല്ലാ വക പാനീയങ്ങളും, കഴിക്കാന്‍ ഉള്ള സാധനങ്ങളും അവിടെ ലഭിക്കും എല്ലാം പ്ലാസ്റ്റിക് പാക്കറ്റില്‍ തന്നെ .. പിന്നെ എന്തിനാണ് താഴെനിന്ന് ഞങ്ങള്‍ കൊണ്ടുവന്ന സാധനം മാത്രം പേപ്പറില്‍ പൊതിഞ്ഞു തന്നതെന്ന് മനസിലാകുന്നില്ല .എല്ലാത്തിനും ഇരട്ടിവിലയാണ്.. ഞങ്ങള്‍ ഓരോ സംഭാരം കുടിച്ചു .. ഒരു പേപ്പര്‍ ഗ്ലാസ് സംഭാരത്തിന് 20 രൂപയാണ് വില..
15 രൂപയുടെ glucose പാക്കറ്റിന് 40 രൂപ പറഞ്ഞെങ്കിലും അല്പനേരത്തെ വിലപേശലിനൊടുവില്‍ 30 ന് ഉറപ്പിച്ചു ( മലയാളികളോടാ കളി ??) അവര്‍ കഷ്ടപ്പെട്ട് മലകേറ്റി കൊണ്ടുവരുന്നതാ.. അതുകൊണ്ടുതന്നെ കഴിക്കാനും കുടിക്കാനും ഉള്ളത് നമ്മള്‍ തന്നെ കരുതുന്നത് നന്നാവും..


ഇനി ഒരു മലകൂടെ കേറിയാല്‍ കാട്ടുചോലയുണ്ട് .. അവിടെനിന്നും നമ്മുക്കു കുപ്പിയില്‍ വെള്ളമെടുക്കാം..ആദ്യത്തെ 4 മലയും കല്ലുകൊണ്ടുണ്ടാക്കിയ നടപ്പാതയാണ് .. രണ്ടു ഭാഗവും കാടാണ് .കൈലുള്ള വെള്ളം ഏതാണ്ട് തീരുമെന്നായപ്പോ എത്രെയും പെട്ടന്ന് കാട്ടുചോലയുടെ അവിടെ എത്തണം എന്നു കരുതി നടന്ന ഞങ്ങള്‍ 2 മണിക്കൂര്‍കൊണ്ട് രണ്ടാമത്തെ മലയും കടന്ന് കാട്ടുചോലയുടെ അടുത്തെത്തി .പാറയുടെ അടിയില്‍നിന്നും വരുന്ന ചെറിയൊരു ഉറവ, ഒരു മുള കീറി അതിലൂടെ തീര്‍ത്ഥാടകര്‍ക്ക് കുടിക്കാനുംകുപ്പിയില്‍ നിറക്കാനും പാകത്തിന് ഒഴുക്കിവിട്ടിരിക്കുന്നു .. രണ്ട് മല കേറി ഒരു ചെറിയ നിധി കിട്ടിയ സന്തോഷത്തിലായി ഞങ്ങള്‍.. വേണ്ടുവോളം കുടിച്ചു.. കുപ്പിയില്‍ ബാക്കി ഉണ്ടായിരുന്നു അല്പം വെള്ളം കളഞ്ഞ് അതിലെല്ലാം അ അമൃതം നിറച്ചു .. ( ശരിക്കും അമൃതം തന്നെയാട്ടോ .. കുടിച്ചവര്‍ക്ക് അറിയാം )

ഏകദേശം രണ്ടമലയെത്തുമ്പോള്‍ മുതല്‍ താഴേക്കുള്ള വ്യൂ കണ്ടുതുടങ്ങും .. മൂന്നുഭാഗവും മലയാല്‍ ചുറ്റപ്പെട്ട തമിഴ്നാടന്‍ ഗ്രാമപ്രദേശങ്ങള്‍ .. ആദിയോഗി statue ഒരു പൊട്ടുപോലെ ഇവിടെനിന്ന് കാണാം.മുകളിലേക്ക് കേറുംതോറും വനഭംഗിയും കാഴ്ചയും കൂടി വരുന്നത് ആരെയും ഇ മലകയറ്റാന്‍ ഹരം കൊള്ളിക്കും.അഞ്ചാമത്തെ മല കുടെ കേറിചെന്നാല്‍ പിന്നെ വലിയ കയറ്റമില്ല .. കുന്നിന്‍ ചെരുവിലൂടെയുള്ള നടപ്പാതയാണ് .ഏകദേശം 4 മണിക്കൂര്‍ പടികള്‍ കേറിവന്നതിന്റെ ക്ഷീണം അല്‍പനേരം ഇരുന്ന് തീര്‍ത്തു .. ഞങ്ങളിപ്പോള്‍ ആറാമത്തെ മലയിലാണ് . ഒരു ചെറിയ കുന്നുകൂടെ കഴിഞ്ഞ് ആറാമത്തെ മലയിറങ്ങിയാല്‍ കുളിക്കാനുള്ള കാട്ടുചോലയുണ്ടെന്ന് പറഞ്ഞിരുന്നു ..

ഞങ്ങള്‍ വിചാരിച്ചതിലും വേഗത്തില്‍ ആറാമത്തെ മലയെത്തിയതില്‍ അഭിമാനം തോന്നി .. എന്നാപ്പിന്നെ ഇരുട്ടുന്നതിന് മുന്നേ ചോലയില്‍ എത്തി കുളിക്കാമെന്ന് പ്ലാന്‍ ചെയ്ത നടക്കാന്‍ ആരംഭിച്ചു .. ഇവിടെനിന്ന് നോക്കിയാല്‍ ഏഴാമത്തെ മലയുടെ മുകള്‍ഭാഗം കാണാം .ആറാമത്തെ മല നല്ലപോലെ താഴേക്കിറങ്ങാനുണ്ട് .. വഴി അത്ര സുഖകരമല്ലാത്തതുകൊണ്ട് സൂക്ഷിക്കണം .. ആറുമണിയോടെ ഞങ്ങള്‍ ആറാമത്തെ മലയും കഴിഞ്ഞ് കാട്ടുചോലയുടെ അടുത്തെത്തി ..

ചെറിയൊരു കാട്ടുചോല കെട്ടിനിര്‍ത്തി ഒരു കുളം രൂപത്തിലാക്കിയിരിക്കുന്നു ഭക്തര്‍ക്ക് കുളിക്കാന്‍ പാകത്തിന് .. മുട്ടറ്റം വെള്ളം മാത്രം .. ഒരുഭാഗത്തായി വെള്ളത്തിന്റെ അടിയില്‍ ശിവലിംഗവും ഉണ്ട് .. വെയിലത്തു വിയര്‍ത്തു കുളിച്ചെത്തിയ ഞങ്ങള്‍ ഇത് കണ്ടയുടനെ അതിലേക്കിറങ്ങി ഒരു കുളി പാസ്സാക്കി .. നല്ല ഒന്നാന്തരം തണുത്ത വെള്ളം.. ഇത്രെയും മലകേറിവരുന്നവരുടെ ക്ഷീണം ഇവിടെ ഒറ്റകുളികൊണ്ട് തീരും .. 

കുളികഴിഞ്ഞ് ഏഴാമത്തെ മലയുടെ താഴ്വാരത്തേക്ക് കേറിയ ഞങ്ങള്‍ക്ക് പ്രകൃതി ഒരുക്കിവെച്ചത് നല്ല കിടിലനൊരു സൂര്യാസ്തമയമായിരുന്നു .. അവസാനമില്ലാത്ത പടിഞ്ഞാറന്‍ മലനിരകളുടെ ഇടയിലേക്ക് താഴ്‌നിറങ്ങുന്ന സുര്യനെ നോക്കി കുറേനേരം ഇരുന്നു .രാവിലത്തെ സൂര്യോദയം കാണാന്‍ വേണ്ടി വന്ന ഞങ്ങള്‍ക്ക് വിചാരിക്കാതെ കിട്ടിയ അ കാഴ്ച്ച വളരെ വലുതായിരുന്നു .. 

അവിടെ അടുത്തായി രണ്ട് കുടിലുണ്ട് .. വരുന്നവര്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ടിവിടെ .. സൂര്യാസ്തമയം കണ്ടുനില്കുമ്പോളായിരുന്നു ശേഖര്‍ എന്ന പയ്യനെ പരിചയപെടുന്നേ .. അവനാണ് അ കുടിലിന്റെ നടത്തിപ്പുകാരന്‍ .. കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ ഞങ്ങള്‍ ഞങ്ങള്‍ടെ അവസ്ഥ പറഞ്ഞു(ടെന്റ് താഴെ പിടിച്ച കാര്യം ) .. 
അതിനെന്താ അവിടെ കുടിലില്‍ കിടന്നോ പണമൊന്നും വേണ്ട.. ഇപ്പൊ വെല്യ തിരക്കില്ലാത്തതുകൊണ്ട് കുഴപ്പമില്ല .. 
കേട്ടപാതി കേക്കാത്തപാതി ശേഖര്‍ ഞങ്ങളോടുപറഞ്ഞു .. ഏഴാമത്തെ മല കണ്ടാല്‍ ചെറുതാണെന്ന് തോന്നുമെങ്കിലും കേറാന്‍ ഒരു മണിക്കൂര്‍ വേണമെന്നതിനാല്‍ അത് രാവിലെ എണീറ്റ് കേറാമെന്ന് തീരുമാനിച്ച് ഞങ്ങള്‍ ശേഖറിന്റെ കുടിലിലേക്ക് വിട്ടു .. 
..
ഭക്ഷണം ഉണ്ടാക്കാനുള്ള സൗകര്യം എല്ലാം കുടിലിന്റെ അകത്തുണ്ട് .. അടിവാരത്താണ് ശേഖറിന്റെ വീട് .. മുന്നുമാസമായി അവന്‍ ഇ മലമുകളില്‍ താമസിക്കുന്നു. ഇനിയും മൂന്നുമാസം കൂടെകാണും .കുടിലിന് പുറത്തൊരു solar panel വെച്ചിട്ടുണ്ട് .. അതില്‌നിന്നുണ്ടാകുന്ന ചാര്‍ജ് കൊണ്ട് 3 -4 ബള്‍ബ് കത്തിച്ചിട്ടുണ്ട്.. നിലത്താണ് കിടക്കേണ്ടത് .. നിലത്തുവിരിക്കാന്‍ മാറ്റ് തരും. അതിനു നൂറുരൂപയാണ്.. കൂടാതെ തലയണ, പുതപ്പ് എന്നിവ കൂടെവേണെല്‍ 150 എക്‌സ്ട്രാ കൊടുക്കണം .. അവന്റെ വരുമാനം അതില്‌നിന്നുമാണ് .. പോരാത്തതിന് അവിടെ താമസിക്കുന്നവര്‍ക്ക് ഭക്ഷണവും ശേഖര്‍ തന്നെ ഉണ്ടാക്കി തരും.. ഇതിന് വേറെ വരും എന്നുമാത്രം .. 
ഇരുട്ടി തുടങ്ങിയതോടെ നല്ല തണുപ്പും ആരംഭിച്ചു.. പുറത്തു ഏതേലും പാറയില്‍ കിടക്കാനായിരുന്നെല്ലോ ഞങ്ങളുടെ പ്ലാന്‍ .. അങ്ങനെ ആയിരുന്നേല്‍ തണുത്തൊരു പരുവം ആയേനെ .. 

ശേഖറിനോട് കാട്ടിലെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞുകൊണ്ട് ഇരുന്നപ്പോള്‍ കുടിലിന്റെ വാതുക്കല്‍കൂടെ ഒരു മുള്ളന്‍പന്നി പോവുന്നതുകണ്ട ഞാന്‍ ഒരു നിമിഷം ടിപ്പിക്കല്‍ മലയാളിയായി ശേഖറിനോട് പറഞ്ഞു, അതിനെ ഇങ് പിടിച്ചാല്‍ അത്താഴം കുശാലാക്കാമായിരുന്നെന്ന്.. ഇത് കേട്ടയുടനെ ശേഖറിന്റെ മുഖം മാറി..
ഇതൊരു പുണ്യമലയാണ് ... കാട്ടിലെ മൃഗങ്ങളെ ഉപദ്രവിച്ചാല്‍ ദൈവം കോപിച്ച് ഇവിടെ കാറ്റും മഴയും ഉണ്ടാവുമെന്നാണ് അവരുടെ വിശ്വാസം .. അതുപോലെ തന്നെ മല കേറുന്ന തീര്‍ത്ഥാടകരെ വന്യമൃഗങ്ങള്‍ ഉപദ്രവിക്കില്ലായെന്ന വിശ്വാസവും അവര്‍ക്കുണ്ട്..
...
ഏഴരയോടെ ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു .. ഞങ്ങളെ കൂടാതെ ചെന്നൈയില്‍ നിന്നുവന്ന രണ്ടുപേരും അ കുടിലില്‍ ഉണ്ടായിരുന്നു.. രാത്രി ധാരാളം പേര്‍ മല കേറി വന്നിരുന്നു .പ്ലാന്‍ ചെയ്ത പ്രകാരം രാവിലെ 5:30 എണീറ്റ് എല്ലാം കെട്ടിപ്പെറുക്കി അവസാനത്തെ മല ലക്ഷ്യമാക്കി നടന്നു .. ഇരുട്ടായിരുന്നതുകൊണ്ട് മൊബൈല്‍ വെട്ടത്തിലാണ് മലകയറിയത് .. ധാരാളം പേര്‍ മല കേറാനും രാത്രി കേറി തിരിച്ചിറങ്ങുന്നവരും കൂട്ടിന് ഉണ്ടായിരുന്നു. വിചാരിച്ചതിലും തണുപ്പ് ഉണ്ടായിരുന്നു. ഏഴാമത്തെ മല കുത്തനെ ഉള്ള കയറ്റമാണ് .. സൂക്ക്ഷിച്ച് സാവധാനം മാത്രമേ മല കേറാന്‍ സാധികത്തുള്ളൂ .. 
.. 
ഏഴാമത്തെമലയില്‍ ധാരാളം പാറക്കല്ലുകള്‍ ഉണ്ട്.. രാത്രി വന്ന പലരും പല പാറയില്‍ കിടന്ന് ഉറങ്ങുന്നതുകാണാം .മുക്കാല്‍ മണിക്കൂര്‍കൊണ്ട് മലയുടെ ഏകദേശം മുകളില്‍ എത്തിയ ഞങ്ങള്‍ സൂര്യോദയം കാണാന്‍ പറ്റിയ ഒരു പാറനോക്കി അതില്‍ കേറി കിഴക്കോട്ട് നോക്കിയിരുന്നു .. ആറര മുതല്‍ 20 മിനിറ്റ് നീണ്ടുനില്‍ക്കുന്ന സൂര്യോദയം എങ്ങനെയെന്ന് പറഞ്ഞറിയിക്കാന്‍ പറ്റില്ല .. വെറും ഇയൊരു 20 മിനിറ്റിനുവേണ്ടി ഇ കണ്ട മല ഒക്കെ കേറിവന്നത് വെറുതെയായില്ല .. കണ്ടതെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു വീഡിയോയും റെഡി ആക്കിയിട്ടുണ്ട് ..
..
7 മണിയോടെ മല തിരിച്ചിറങ്ങാന്‍ ആരംഭിച്ചു. കേറുന്നപോലെതന്നെ ഏഴാമത്തെ മലയിറങ്ങാനും ബുദ്ധിമുട്ടാണ് .. ഏഴാമത്തെ മലയിറങ്ങി തലേന്ന് കിടന്ന കുടിലില്‍ കേറി ശേഖറിനോട് യാത്ര പറഞ്ഞു. തിരിച്ചു വരുമ്പോള്‍ ആറാമത്തെ മല കേറാന്‍ നല്ലപോലെ ശ്രദ്ധിക്കണം .. ആറാമത്തെ മല കേറിക്കഴിഞ്ഞാല്‍ പിന്നെ എളുപ്പമായി .. അങ്ങോട്ട് കേറിയതെല്ലാം ഇറങ്ങിയാല്‍ മതി .. ഞങ്ങള്‍ സ്ഥലം കണ്ടും ഫോട്ടോ എടുത്തും മെല്ലെ മല ഇറങ്ങി.
..
11 മണിയോടെ ഞങ്ങള്‍ താഴെ പൂണ്ടി അമ്പലത്തിലെത്തി. മലയിറങ്ങി വരുന്നവര്‍ക്ക് ഇവിടെ അന്നദാനമുണ്ട്. ക്ലോക്ക് റൂമില്‍ ചെന്ന് ടെന്റും വാങ്ങി, കുറെ നാളായി ഉള്ളില്‍ കൊണ്ടുനടന്ന സ്വപനം തീര്‍പ്പാക്കിയ സന്തോഷത്തില്‍ ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചു.ഞങ്ങള്‍ക്ക് മൊത്തം 7 മലകേറാന്‍ ആറുമണിക്കൂര്‍ വേണ്ടിവന്നു .. തിരിച്ചിറങ്ങിയത് 4 മണിക്കൂര്‍ കൊണ്ടാണ് .ട്രെക്കിങ്ങ് താല്പര്യമുള്ളവര്‍ക്ക് പറ്റിയ ഒരു സ്ഥലമാണ് വെള്ളിയങ്കിരി . ഇപ്പോള്‍ പറ്റിയ സമയമാണ് . മഴ തുടങ്ങി കഴിഞ്ഞാല്‍ പിന്നെ ഇങ്ങോട്ട് പ്രവേശനം ഉണ്ടാവില്ല . പകല്‍ കേറിചെന്നാല്‍ നല്ലൊരു സൂര്യാസ്തമയം കൂടെ കാണാം എന്നത് ഉറപ്പ്..

Read more topics: # vellinyengiri mala,# travelogue
vellinyengiri mala travelogue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES