സഞ്ചാരികള്‍ക്കിടയില്‍ ഊട്ടിയില്‍ പോകാത്തവര്‍ കുറവായിരിക്കും. സഞ്ചാരികളെ കണ്ട് ഊട്ടിക്കും മടുപ്പു തോന്നിയിട്ടുണ്ടാവണം. അപ്പോഴാണ് സഞ്ചാരികള്‍ അധികം എത്തിയിട്ടില്ലാത്ത ഊട്ടിയുടെ കാലാവസ്ഥയുള്ള മഞ്ഞൂരിനെ പറ്റി കേള്‍ക്കുന്നത്. പാലക്കാടു നിന്ന് അട്ടപ്പാടി വഴി അങ്ങോട്ടൊരു വഴിയുമുണ്ട്. മോട്ടോര്‍സൈക്കിളിലായാല്‍ ഹരം കൂടും. തുറന്ന കാഴ്ചകളിലൂടെയുള്ള യാത്ര. കാഴ്ചകളെയും യാത്രയെയും നിയന്ത്രിക്കുന്നത് നമ്മള്‍തന്നെ. ബസ്സിന്റെയോ കാറിന്റെയോ ജാലകക്കുരുക്കില്ല. ഫ്രെയിമുകള്‍ വിശാലമാണ്. പ്രകൃതിയുടെ കാന്‍വാസ് അതെപടി മുന്നില്‍.
വൈകീട്ട് 3.30 ന് കോഴിക്കോട്ടു നിന്ന് യാത്ര തുടങ്ങി. ഓഡോമീറ്ററില്‍ 10936. രാമനാട്ടുകര കഴിഞ്ഞ് കൊണ്ടോട്ടിയെത്തുമ്പോള്‍ ഇ. അഹമ്മദിനെ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ചു കൊണ്ടു വരുന്നതിന്റെ ആരവം റോഡ് നീളെ. പെട്ടെന്ന് കൊടും മഴയും. പക്ഷേ മഴയിലും ആ ആവേശം തണുക്കുന്നില്ല. യാത്രയോടുള്ള സഞ്ചാരികളുടെ ആവേശവും അങ്ങിനെ തന്നെ..
ക്ലച്ച് പിടിച്ചും ഗിയര്‍ മാറ്റിയും ഗതാഗതാക്കുരുക്കിലൂടെ വണ്ടി മെല്ലെ മെല്ലെയാണ് നീങ്ങുന്നത്. ഒരു ബംപര്‍ ടു ബംപര്‍ ഡ്രൈവിനു നടുവില്‍ മോട്ടോര്‍ സൈക്കിളുകളാണ് പിന്നേയും ആശ്വാസം. മലപ്പുറത്തെത്തിയപ്പോഴാണ് കുരുക്കൊന്ന് അയഞ്ഞത്. അതില്‍ ഞങ്ങളേക്കാളേറെ ആശ്വാസം ബൈക്കിനായിരുന്നു. പുതിയൊരു ഊര്‍ജമെടുത്തു കുതിക്കുകയായിരുന്നു അവന്‍. ഒന്നു ചൂടാക്കാമെന്ന് കരുതിയാണ് റോഡരികിലെ തട്ടുകടയ്ക്ക് മുന്നില്‍ നിര്‍ത്തിയത്. എങ്ങും ചായയില്ല. മരച്ചീനി പുഴുങ്ങിയതും പോത്തിറച്ചിയും കോഴിപാര്‍ട്‌സ് കറിയും. മലപ്പുറത്തിന്റെ സായാഹ്ന ഭക്ഷണം.
പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട് മുക്കാലി കഴിഞ്ഞ് ഗൂളിക്കടവിലെത്തുമ്പോള്‍ രാത്രി ഒമ്പതു മണി. ഹോട്ടല്‍ 'തലശ്ശേരി' മാത്രം തുറന്നിരിപ്പുണ്ട്. രാത്രി ഭക്ഷണം കഴിഞ്ഞ് ബുക്കുചെയ്ത ഗസ്റ്റ് ഹൗസിലേക്കുള്ള വഴി ചോദിച്ചപ്പോള്‍ അഹാഡ്‌സിലെ ഒരു ജീവനക്കാരന്‍ വണ്ടിയുമായി കൂടെ വന്നു. ഒറ്റയ്ക്ക് പോയാല്‍ ചിലപ്പോള്‍ ചുറ്റിപ്പോവും.
കാലത്തെഴുന്നേറ്റ് മഞ്ഞൂരിലേക്ക് യാത്ര തുടരാനായിരുന്നു പ്ലാന്‍. അതിരാവിലെ കാട്ടിലൂടെയുള്ള യാത്ര. സൂക്ഷിക്കണം എന്ന് അഗളിയില്‍ നിന്ന് മുന്നറിയിപ്പു കിട്ടിയിരുന്നു. ആള്‍ പെരുമാറ്റമില്ലാത്ത റോഡാണ്. വളവുകളില്‍ ശ്രദ്ധിക്കണം. മഴ പെയ്തതു കൊണ്ട് ആനയിറങ്ങാന്‍ സാധ്യത കുറവാണ്. എന്നാലും ഒരു കണ്ണു വേണമെപ്പോഴും.
അഗളിയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ കുഴപ്പമില്ലായിരുന്നു. പിന്നീടങ്ങോട്ട് 'കല്ലും മുള്ളും ടയറ്ക്ക് മെത്ത' എന്ന് പാടി വേണം പോവാന്‍. പഞ്ചറായാല്‍ പാട്ട് കരച്ചിലാവും. ബൈക്കില്‍ അതൊരു സാഹസിക യാത്ര തന്നെ. മുള്ളിയില്‍ കേരളാ പോലീസിന്റെ ചെക്ക് പോസ്റ്റുണ്ട്. ഒരു ചായക്കടയും. ചായ മാത്രമല്ല, മുള്ളിയുടെ സൂപ്പര്‍ മാര്‍ക്കറ്റു തന്നെയാണത്. പോലീസ് ചെക്‌പോസ്റ്റില്‍ ഒന്നു പരിചയപ്പെടുത്തിയാണ് മുന്നോട്ടു പോയത്. എന്തിനും ഒരു തെളിവു നല്ലതാണല്ലോ. 'മദ്രാസ് സ്‌റ്റേറ്റ്' ഇവിടെ തുടങ്ങുന്നു. റോഡിനിരുവശവും കല്‍ക്കെട്ടിനു മുകളില്‍ അതു വെണ്ടക്കാ വലിപ്പത്തില്‍ തന്നെ എഴുതി വെച്ചിട്ടുണ്ട്. ഒരു പെണ്‍കുട്ടി തന്റെ വീട്ടുമുറ്റത്തെ ചപ്പുചവറുകള്‍ അടിച്ചുവാരി തമിഴ്‌നാട്ടിലേക്ക് തള്ളുന്നു. അപൂര്‍വ്വം ആള്‍ക്കാര്‍ക്കു മാത്രം കിട്ടുന്ന ഭാഗ്യം!
തുടര്‍ന്നുള്ള 30 മീറ്റര്‍ റോഡിന്റെ കാര്യവും കഷ്ടമാണ്. റോഡിന് കുറുകെ തമിഴ്‌നാട് ചെക്ക് പോസ്റ്റിന്റെ മുളവടി കിടപ്പുണ്ട്. ചെക്ക് പോസ്റ്റില്‍ വീരപ്പന്‍ മീശയുമായി ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനും. കാര്യം പറഞ്ഞപ്പോള്‍ കവാടം തുറക്കപ്പെട്ടു. ഒന്നല്ല രണ്ടു കവാടമുണ്ട് തുറക്കാന്‍. ഒന്ന് കേരളത്തില്‍ നിന്നിങ്ങോട്ട് കടക്കാന്‍ കടന്നുകഴിഞ്ഞാല്‍ പാലത്തിനു കുറുകെ മറ്റൊരെണ്ണം. അത് കോയമ്പത്തൂര്‍ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ കടത്തിവിടാന്‍.
പിന്നീടങ്ങോട്ട് നല്ല റോഡാണ്. വാഹനങ്ങള്‍ വല്ലപ്പോഴുമൊന്ന് വന്നാലായി. ഏകാന്തമായ വനപാത. വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന ചുരം റോഡ്. ഇടയ്‌ക്കൊരു മയില്‍ റോഡ് ക്രോസ് ചെയ്തു. ചിലയിടത്ത് ചിത്രശലഭങ്ങളുടെ കൂട്ടം, കറുപ്പില്‍ നീലപുള്ളികളുള്ള ഉടുപ്പിട്ട് നൃത്തം ചെയ്യുന്നു. വിദേശങ്ങളില്‍ ചിലയിടത്തു ചെയ്യാറുള്ളതു പോലെ 'സൂക്ഷിക്കുക ചിത്രശലഭങ്ങളുണ്ട്' എന്നൊരു ബോര്‍ഡ് സ്ഥാപിക്കാവുന്നതാണ്. റോഡില്‍ നിറയെ ആനപിണ്ടങ്ങളും കാണാം.
വ്യൂ പോയിന്റുകളില്‍ നിന്ന്് നോക്കുമ്പോള്‍ അകലെ മഞ്ഞ് മുടികിടക്കുന്ന മഞ്ഞൂരിനെ കാണാം. മഴ പെയ്തു തുടങ്ങിയാല്‍ വഴിയോരം ഒന്നു കുടി ഭംഗിയുള്ളതാവും. ഓരങ്ങളില്‍ കൊച്ചു വെള്ളച്ചാട്ടങ്ങള്‍ പ്രത്യക്ഷപ്പെടും. വഴിക്ക് ബൈക്കിന്റെ ടയറൊന്ന്് പഞ്ചറായാല്‍ കുടുങ്ങിയതു തന്നെ. മാറ്റണമെങ്കില്‍ മഞ്ഞൂരിലോ അട്ടപ്പാടിയിലോ പോയി ആളെ കൂട്ടി വരണം. ഒന്നും സംഭവിച്ചില്ല. ഞങ്ങളിപ്പോള്‍ മഞ്ഞൂരിലെത്തി. ഓഡോ മീറ്ററില്‍ 11134. പിന്നിട്ടത് 198 കിലോമീറ്റര്‍.
ഏതാനും കടമുറികള്‍ മാത്രമുള്ള ഒരു ഗ്രാമപട്ടണമാണ് മഞ്ഞൂര്‍. ഒരു മുക്കൂട്ടു കവലയാണ് മാര്‍ക്കറ്റും ബസ്റ്റാന്റും എല്ലാം. താമസിക്കാന്‍ ലോഡ്ജുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട്. അത് പക്ഷേ നിങ്ങള്‍ പ്രതീക്ഷിക്കും പോലെ ആവണമെന്നില്ല. പെന്‍സ്റ്റോക്ക് വ്യൂ പോയിന്റിലേക്കാണ് വണ്ടി വിട്ടത്. കവലയില്‍ നിന്ന് 5 കിലോമീറ്റര്‍. റോഡ് വലിയ കുഴപ്പമില്ല. അവിടെയെത്തിയതും പേടിപ്പെടുത്തുന്ന ഒരു ബോര്‍ഡാണ് കണ്ടത്. ആരോ കുത്തിക്കോറി വരച്ചിട്ടതു പോലെ. അതിക്രമിച്ചു കടക്കരുതെന്നാണ് സാരാംശം. ഒരു വശത്ത് കൈവിലങ്ങിന്റേയും മറുവശത്ത് തോക്കിന്റെയും ചിത്രം. അവിടെ പോലീസുകാര്‍ കാവലുണ്ട്.
ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുകയാണ്. പോലീസുകാര്‍ കാവലില്ലാത്ത ഒരു വ്യൂ പോയിന്റും സമീപത്ത് ഉണ്ട്. ബൈക്ക് നിര്‍ത്തി ഞങ്ങള്‍ അങ്ങോട്ടു പോയി. മലനിരയില്‍ നിന്ന് താഴേക്കു കിടക്കുന്ന നാലു കൂറ്റന്‍ പൈപ്പുകള്‍. താഴെ മലയിടുക്കില്‍ ഗദ്ദെഡാം. ഞങ്ങള്‍ പിന്നിട്ടു വന്ന വഴികളുടെ ആകാശകാഴ്ച. ചേതോഹരമാണത്. കാഴ്ച കാണാന്‍ കൂട്ടിനു കുരങ്ങന്‍മാര്‍ വരും. കയ്യിലെന്തെങ്കിലും പ്രതീക്ഷിച്ചാണവയുടെ വരവ്. അവിടെ തമിഴ്‌നാട് വനം വകുപ്പിന്റെ ഡോര്‍മെറ്ററിയുണ്ട് താമസിക്കാന്‍. 60 രുപയാണ് ഒരാള്‍ക്ക്. 20 പേര്‍ക്ക് വരെ താമസിക്കാം.
തിരിച്ചിറങ്ങി മഞ്ഞൂര്‍ കവലയിലെത്തി. കിണ്ണങ്ങരയിലേക്ക് പോകാം. കുളിരിന്റെ സുഖലാളനമറിയാം. അപ്പര്‍ ഭവാനിയാണ് മറ്റൊരു കാഴ്ച, അവലാഞ്ചെയും കുന്ത ഡാമും കാണേണ്ടതാണ്. തൊട്ടടുത്തൊരു അണ്ണാമലൈ കോവിലുണ്ട്. ഞങ്ങള്‍ അങ്ങോട്ടുചെന്നു. പേരു പോലെ തന്നെ ഇവിടെ അന്നമാണ് ദൈവം.
എല്ലാ ചിത്തിര നാളിലും സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ട്. ഞങ്ങള്‍ ചെല്ലുമ്പോള്‍ മുരുകന് പാലഭിഷേകം നടക്കുകയായിരുന്നു. തമിഴ്‌നാടന്‍ വാസ്തു ശില്‍പ്പരീതിയിലുള്ള ചെറിയൊരു കോവില്‍. തൊട്ടടുത്ത് ഒരു ആശ്രമവും. ആശ്രമത്തിലാണ് ഭക്ഷണം നല്‍കുന്നത്. മൗനസ്വാമിയുടേതാണ് ആശ്രമം. ഗുരു കൃഷ്ണാനന്ദജിയാണ് ഈ ആശ്രമം പണിതത്. കീഴ്ക്കുന്ദയില്‍ നിന്ന് 3 കിലോമീറ്റര്‍ മാറിയാണ് അന്നാമലൈ മുരുകക്ഷേത്രവും ശ്രീ ദണ്ഡായുധപാണി ആശ്രമവും. കുന്നിനു മുകളില്‍ നിന്നാല്‍ തെളിഞ്ഞ രാത്രിയില്‍ കോയമ്പത്തൂര്‍ പട്ടണത്തിലെ വിളക്കുകളും കാരമടൈ അങ്ങാടിയിലെ വിളക്കുകളുമെല്ലാം കാണാം.
അമ്പലത്തിന്റെ മുകളില്‍ കല്‍ക്കെട്ടുകളില്‍ മുകളില്‍ നിന്നപ്പോഴാണ് ശിവന്‍ഗുഹ എന്നൊരു ബോര്‍ഡ് കണ്ടത്. താഴേക്ക് കല്‍പ്പടവുകളും. ഇറങ്ങി ചെല്ലുമ്പോള്‍ ശിവ ഭക്തിഗാനങ്ങള്‍ അലയടിക്കുന്നുണ്ടായിരുന്നു. ദൂരെ ഒരു നീരൊഴുക്ക് കാണാം. ഏതാണ്ട് ഒരു കിലോ മീറ്റര്‍ നടന്നപ്പോള്‍ ഗുഹ കണ്ടു. ഗുഹയ്ക്കകത്ത് ശിവപാര്‍വ്വതി ശില. സങ്കീര്‍ത്തനം അവിടെ നിന്നായിരുന്നില്ല. താഴ്‌വരയ്ക്കപ്പുറത്ത് എവിടെ നിന്നോ ഒഴുകി വരികയാണത്.
ഈ ഗുഹയ്ക്കും ഒരു കഥ പറയാനുണ്ടായിരുന്നു. കൃഷ്ണാനന്ദജിയുടെ കഥ. സാധാരണക്കാരനായിരുന്ന കൃഷ്ണന്‍ ആത്മജ്ഞാനത്തിലേക്ക് ഉയര്‍ന്നത് ഈ ഗുഹയില്‍ തപസിരുന്നാണ്. മുരുകക്ഷേത്രവും അതിന്റെ തുടര്‍ച്ചയാണ്. ഭക്ഷണം കഴിക്കാന്‍ സ്വാമിജി നിര്‍ബ്ബന്ധിച്ചു, പച്ചക്കറി ഭക്ഷണത്തോട് താല്‍പര്യമില്ലാത്തതിനാല്‍ സ്‌നേഹപൂര്‍വ്വം ക്ഷണം നിരസിച്ച് മഞ്ഞുരങ്ങാടിയിലെ പത്തനംതിട്ടക്കാരന്റെ ഹോട്ടലില്‍ നിന്ന് ഭക്ഷണവും കഴിച്ച് ചുരമിറങ്ങാന്‍ തുടങ്ങി. പ്രാര്‍ഥന ഒന്നുമാത്രം. ബൈക്കിന്റെ ടയര്‍ പഞ്ചറാവരുതേയെന്ന് മാത്രം.
തിരിച്ചിറക്കം നട്ടുച്ചയ്ക്കാണ് മുകളില്‍ കൊടും വെയിലുണ്ട്. പക്ഷേ ഒന്നുമറിയുന്നില്ല. മഞ്ഞൂരിന്റെ തണുപ്പ് വെയില്‍ ചൂടിന് കവചമിടുന്നു. തിരിച്ചിറക്കത്തിനാണ് ആയാസം കുടുതല്‍. പെട്രോള്‍ ചെലവ് കുറവായിരിക്കുമെങ്കിലും ചുരം കയറിയ ഗിയറില്‍ തന്നെ ഇറങ്ങണം എന്നാണ് ശാസ്ത്രീയമായ ഡ്രൈവിങ്ങ് പറയുന്നത്. ശാസ്ത്രീയമായി തന്നെ വണ്ടി ഓടിച്ചു. ഹെല്‍മെറ്റ് ധരിച്ച് നിയമം പാലിക്കാനും മറന്നില്ല.
വല്ലപ്പോഴും വരുന്ന എതിര്‍ വാഹനങ്ങള്‍ക്ക് നമ്മളെ കാണുമ്പോള്‍ സന്തോഷം. തിരിച്ചും അങ്ങിനെ തന്നെ. നഗരത്തില്‍ വാഹനപെരുപ്പത്തില്‍ നിന്നെങ്ങിനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്ന് വിചാരിക്കുമ്പോള്‍ ഇവിടെ ഏതെങ്കിലും ഒരു വാഹനത്തെ കാണും എന്ന പ്രതീക്ഷയാണ് നയിക്കുന്നത്. തിരിച്ചുവരുമ്പോള്‍ മുളളി ചെക്ക്‌പോസ്റ്റിനടുത്ത് എത്താറായപ്പോഴാണ് കാട്ടില്‍ ഒരു പാത തിരിഞ്ഞുപോകുന്നതു കണ്ടത്. ബോട്ടിങ് നടത്താമെന്നൊരു ബോര്‍ഡും. 12 കിലോമീറ്റര്‍ ഉണ്ട്.
കാടിനു നടുവിലൂടെയാണ് പാത. അവിടെയെത്തിയപ്പോഴേക്കും സമയം കഴിഞ്ഞു പോയിരുന്നു. എന്തായാലും നല്ല സ്ഥലം. ഭവാനി നദിയില്‍ കൊട്ടവഞ്ചിയിലൊരു കറക്കം. അതാണവിടെ ചെയ്യാനുള്ളത്. ഭവാനി നദിയിലൂടെ കാടും കാനനജീവിതവും ആസ്വദിച്ചൊരു യാത്രയ്ക്കും ഇവിടെ സൗകര്യമുണ്ട്. ഒപ്പം ആദിവാസിജീവിതവും അവരുടെ ആചാര സവിശേഷതകളും മനസിലാക്കാം. രാവിലെ 10 മണി മുതല്‍ 12.30 വരെയാണ് ഈ യാത്ര. ഒരു മണിക്കൂര്‍ ട്രക്കിങ്, ഭവാനിപ്പുഴയിലൊരു കുളി എന്നിവയും യാത്രയുടെ ഭാഗമാണ്.
തിരിച്ചെത്തി വീണ്ടും ചെക്‌പോസ്റ്റ് തുറക്കാന്‍ അപേക്ഷയുമായി വനം വകുപ്പ്് ഉദ്യോഗസ്ഥന്റെ അടുത്തുചെന്നു. ഇപ്പോള്‍ വീരപ്പന്‍ മീശയല്ല അവിടെയുള്ളത്. മീശയില്ലാത്ത ഒരു പഞ്ചപാവം. തുറക്കാന്‍ വന്ന സഹായിക്ക് പക്ഷേ ഒരു വൈക്ലബ്യം. കിട്ടാറുള്ള പടി കിട്ടാത്തതുകൊണ്ടായിരിക്കാം. വീണ്ടും കേരളത്തിന്റെ ദുര്‍ഘടമായ പാതയിലൂടെ അഗളിയിലേക്ക്. വഴിക്ക് ചാവടിയൂര്‍ പാലത്തിനു കീഴെ ഭവാനിപുഴയിലൊരു മുങ്ങിക്കുളി. ക്ഷീണം അലിഞ്ഞൊഴുകി പോയി. ശനി, ഞായര്‍ ദിവസങ്ങളിലാണിത്. 300 രൂപയാണ് ചാര്‍ജ്. 15 വയസ്സുവരെയുള്ളവര്‍ക്ക് 200 രൂപയും. 5 വയസ്സുവരെയുള്ളവര്‍ക്ക് സൗജന്യം.