കാമാത്തിപുര എന്ന ചുവന്ന തെരുവിലേക്ക് ഒരു യാത്ര;ജീവിക്കാന്‍ വേണ്ടി പിഴച്ചവളെക്കാള്‍ വലിയ പിഴകളാണ് സുഖത്തിനു വേണ്ടി അവിടെ ചെല്ലുന്നത്

Malayalilife
topbanner
 കാമാത്തിപുര എന്ന ചുവന്ന തെരുവിലേക്ക് ഒരു യാത്ര;ജീവിക്കാന്‍ വേണ്ടി പിഴച്ചവളെക്കാള്‍ വലിയ പിഴകളാണ് സുഖത്തിനു വേണ്ടി അവിടെ ചെല്ലുന്നത്

ഒരു ചുവന്ന സാരിയുടുത്ത്,മുടിയൊക്കെ അഴിച്ചിട്ട് ജനാലയ്ക്കടുത്ത് പുറത്തേക്ക് നോക്കി ഒരു സ്ത്രീ. വാതില്‍ തുറന്ന ശബ്ദം കേട്ട് എനിക്കു നേരേ തിരിഞ്ഞു.മുറുക്കിച്ചുവന്ന ചുണ്ടുകള്‍ വിടര്‍ത്തി ഒന്നു ചിരിച്ചു. അല്ലെങ്കില്‍ ചിരി വരുത്തി. അതാണ് ശരി. കണ്ടിട്ട് ഒരു മലയാളി ലുക്കില്ല. ഇനി മലയാളിയല്ലേ കാമാത്തിപുര.ഒരുപാട് കേട്ടിട്ടുണ്ട് ഈ സ്ഥലത്തെപ്പറ്റി.കേട്ടറിഞ്ഞതില്‍ കൂടുതലും നല്ല കാര്യങ്ങളായിരുന്നില്ല. ഗുണ്ടകളും വേശ്യകളും നിറഞ്ഞ ഒരു ചേരി. പിടിച്ചുപറിയും തമ്മില്‍ത്തല്ലും. പുറത്തുനിന്ന് വരുന്നവര്‍ അവിടെ കാശ് കൊടുത്തിട്ടു തിരികേ പോകുന്നു..അധികാരികള്‍ക്കോ പോലീസുകാര്‍ക്കോ അവിടെ വലിയ റോള്‍ ഇല്ല,ഒരു വിയറ്റ്‌നാംകോളനി സ്‌റ്റൈല്‍.അവിടേക്ക് ഒന്നു പോകണമെന്ന് ആഗ്രഹം തോന്നിയത് എന്നു മുതലാണെന്ന് അറിയില്ല.

പോകാന്‍ തീരുമാനിച്ചത് മുതല്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കേണ്ടി വന്നത് ''എന്തിന് പോകുന്നു, എന്താ ഉദ്യേശം'' ഈ രണ്ടു ചോദ്യങ്ങളാണ്. ''ദുരുദ്യേശം,അല്ലാതെന്ത്...' അല്ലെങ്കിലും എല്ലാവരേയും പറഞ്ഞുമനസിലാക്കാന്‍ കഴിയില്ലെന്ന് നന്നായി അറിയാമായിരുന്നു. കാമാത്തിപുര ഓരോരുത്തരുടേയും മനസില്‍ വരക്കുന്ന ചിത്രം എന്താണെന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ.തനിച്ചുപോകാനായിരുന്നില്ല ഉദ്ദേശം. പക്ഷേ,പോകാമെന്നായപ്പോള്‍ തനിച്ചായി. ഒറ്റക്ക് അവിടേക്കുള്ള യാത്ര പലരും വിലക്കിയതാണ്. കൂട്ടിന് ആരെങ്കിലുമുണ്ടെങ്കില്‍ പേടിക്കേണ്ട,അല്ലെങ്കില്‍ അപകടമാണ്. പിന്നെ,അധികമാരോടും പറഞ്ഞില്ല,വീട്ടില്‍ പോലും പറയാതെ ഒരു ഞായറാഴ്ച എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും മുംബൈയ്ക്ക് വണ്ടി കയറി.

രണ്ടു ദിവസം ട്രെയിനിലെ യാത്ര.. രസമായിരുന്നു. മൂന്നുപേരെ കിട്ടി കമ്പനിക്ക്. രണ്ടുപേര്‍ മുംബൈയില്‍ നഴ്‌സ് ആണ്. ഒരാള്‍ നേവല്‍ ബേസ് ക്യാംപിലും. പെണ്‍കുട്ടികളായതു കൊണ്ടാകാം പൊതിച്ചോറൊക്ക ആയിട്ടാണ് വന്നത്,നല്ല ആലപ്പുഴ സ്‌റ്റൈല്‍ മീന്‍കറിയും വറുത്തതും. അങ്ങനെ ഓരോരോ കഥകളൊക്കെ പറഞ്ഞ് മുംബൈ എത്തി. ട്രെയിന്‍ ഒരു മണിക്കൂര്‍ ലേറ്റ് ആണ്. ആറുമണിയോടെ സി.എസ്.ടി എത്തി.രാത്രി കാമാത്തിപുരയിലേക്ക് തനിച്ചു പോകാനൊരു പേടി. കയ്യില്‍ ബാഗും മൊബൈലും കാശുമൊക്കയുണ്ട്. പിറ്റേ ദിവസം രാവിലെ പോയാല്‍ മതിയെന്നായി. രാത്രി എവിടെയെങ്കിലും കിടക്കണം,ഉറങ്ങണം. അതാണ് ഇനി വിഷയം... ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലിലെ ഭായ് പറഞ്ഞതനുസരിച്ച് ഒരു ഡോര്‍മിട്ടറി കിട്ടി.ഒരു ബെഡ്ഡിന് മുന്നൂറ് രൂപ.

അതിന്റെ മുതലാളി മലപ്പുറത്തുകാരനാണ്. മലയാളി ആയതുകൊണ്ടും ഞാന്‍ ഹിന്ദിയില്‍ അഗ്രഗണ്യനായതുകൊണ്ടും രാത്രി പുറത്തേക്ക് ഇറങ്ങണ്ടെന്ന് പറഞ്ഞു. ''ആയിക്കോട്ടേ... സമ്മതിച്ചു.''സി.എസ്.ടിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ഇല്ല കാമാത്തിപുരയിലേക്ക്. എങ്കിലും ഒരു ഓല വിളിച്ചു. നാല്‍പ്പത് രൂപ. അവിടെയെത്തി ആദ്യം പുറത്തുകൂടി ഒന്നു കറങ്ങി... ബാഗും പഴ്‌സും ഹോട്ടലില്‍ വച്ചിട്ടാണ് വന്നത്.കയ്യിലുള്ളത് എഴുന്നൂറ് രൂപയും ഒരു മൊബൈലുമാണ്.കാശ് കൊണ്ടുപോയാല്‍ കൊണ്ടുപോകട്ടെ,ഒരു ഫോട്ടോ എടുക്കാന്‍ പോലും ഫോണ്‍ പുറത്തെടുക്കുന്നില്ല. നാട്ടില്‍ ചോദിച്ചവരൊക്കെ പറഞ്ഞ് പേടിപ്പിച്ചിരിക്കുവല്ലേ. പിന്നെ വിലയുള്ളത് രണ്ട് കിഡ്‌നിയാണ്,അത് കൊണ്ടുപോകുവോ...? ഹേയ്,ഇല്ല.

അകത്തേക്ക് കടന്നപ്പോള്‍ തന്നെ വേറൊരു അവസ്ഥയായി.എനിക്കെതിരേ വരുന്നവരൊക്കെ എന്നെത്തന്നെ ശ്രദ്ധിക്കുന്നതു പോലെ. ഒരുപാടുപേര്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പോകുന്നുണ്ടല്ലോ, പിന്നെന്തിനാണ് എന്നെ നോക്കുന്നത് പണ്ടാരം. പേടിച്ചിട്ട് ഒരടി മുന്നോട്ട് വയ്ക്കാന്‍ പറ്റുന്നില്ല.കുറച്ച് പ്രായമുള്ള ആളുകള്‍ ഒരു സൈഡിലിരുന്ന് ബീഡി വലിക്കുന്നു.അവരുടെ കുറച്ച് അപ്പുറത്ത് നിന്ന് ഞാനും ഒരു സിഗരറ്റ് കത്തിച്ചു. ഇല്ല,ആരും നോക്കുന്നില്ലല്ലോ...സമാധാനമായി. മുന്നോട്ടു നടന്നു. വഴിയുടെ രണ്ടുവരത്തും തുറന്നിട്ട വാതിലിനുമുന്നില്‍ നിന്ന് പെണ്ണുങ്ങള്‍ കൈകാട്ടി വിളിക്കുന്നു. ചിലര്‍ ഇറങ്ങി വന്ന് ആ മുറികളിലേക്ക് കൈചൂണ്ടുന്നു. ഒന്ന് ചിരിച്ച് നഹി എന്നു പറഞ്ഞാല്‍ അവരുടെ ശബ്ദം മാറും. തെറിയാണ്. പിന്നെ ഇവിടെ വെറുതേ ഒന്നു കാണാന്‍ വന്നതാണെന്നു കൂടി പറഞ്ഞാല്‍ കരണം പുകയും. ഇതൊന്നും ശ്രദ്ധിക്കാതെ ഞാന്‍ മുന്നോട്ട് പോയി.

കുറേപ്പേര്‍ വന്നു കച്ചവടം ഉറപ്പിക്കാന്‍. അതിലൊരാള്‍ക്ക് ഞാന്‍ മലയാളി ആണെന്നു മനസിലായിട്ടാണെന്നു തോന്നുന്നു എന്നോട് മലയാളത്തില്‍ സംസാരിച്ചു.പുള്ളിയെ പരിചയപ്പെട്ടു. പാലക്കാടുകാരനാണ്,ഒരു അറുപത്തഞ്ച് വയസ് പ്രായം തോന്നിക്കും. ''മലയാളിപ്പെണ്ണുണ്ട്,ന്താ...ഏ...' 'മലയാളിയോ...' ഞാന്‍ വിശ്വസിച്ചില്ല... വെറുതേ കാമാത്തിപുര കാണാന്‍ വന്ന ഞാന്‍ കാമാത്തിപ്പുരയിലെ മലയാളിപ്പെണ്ണിനേയും കാണാന്‍ തീരുമാനിച്ചു.അയാളുടെ കമ്മീഷന്‍ വാങ്ങി പോക്കറ്റിലാക്കി, എന്നോട് പിറകേ വരാന്‍ പറഞ്ഞ് ആയാള്‍ മുന്‍പില്‍ നടന്നു...ആ വലിയ കെട്ടിടത്തിനുള്ളിലേക്ക്...

ഒരു ചുവന്ന സാരിയുടുത്ത്,മുടിയൊക്കെ അഴിച്ചിട്ട് ജനാലയ്ക്കടുത്ത് പുറത്തേക്ക് നോക്കി ഒരു സ്ത്രീ. വാതില്‍ തുറന്ന ശബ്ദം കേട്ട് എനിക്കു നേരേ തിരിഞ്ഞു.മുറുക്കിച്ചുവന്ന ചുണ്ടുകള്‍ വിടര്‍ത്തി ഒന്നു ചിരിച്ചു. അല്ലെങ്കില്‍ ചിരി വരുത്തി. അതാണ് ശരി. കണ്ടിട്ട് ഒരു മലയാളി ലുക്കില്ല. ഇനി മലയാളിയല്ലേ???എന്നോട് ഹിന്ദിയില്‍ എന്തൊക്കെയോ പറഞ്ഞു.ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല.വാതില്‍ അടച്ചിട്ട് വന്ന് എന്നെ കട്ടിലില്‍ പിടിച്ചിരുത്തി. അലങ്കോലമായി കിടക്കുന്ന മുറി.കുറേ തെര്‍മോക്കോള്‍ ബോക്‌സുകളും വലിച്ചു വാരിയിട്ടിരിക്കുന്ന പഴയ വസ്ത്രങ്ങളും. ആ മുറി മുഴുവന്‍ ഒരു വൃത്തികെട്ട മണം നിറഞ്ഞു നിന്നു. ചൂടു കാറ്റും.

''ചേച്ചീ,ഞാന്‍ കേരളത്തില്‍ നിന്നാണ്...' 'ആഹാ...മലയാളിയാ...' 'അതെ...' അങ്ങനെ ഞങ്ങള്‍ സംസാരിച്ചുതുടങ്ങി. മലയാളികള്‍ ഒരുപാട് പേര്‍ അവിടെ വന്നിട്ടുണ്ടത്രേ... അടുപ്പം തോന്നാത്തവരുമായി മലയാളത്തില്‍ സംസാരിച്ചിട്ടില്ല എന്നു പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല.ഇതൊക്ക ഇവരുടെ നമ്പറല്ലേ എന്ന മട്ടില്‍ ഞാനും ഇരുന്നു. ഈ കുറച്ചു സമയത്തേക്ക് എന്തിന് മാനസികമായി ബന്ധം ഉണ്ടാകണം??? എന്റെ പേരും വീടും എല്ലാം ചോദിച്ചറിഞ്ഞു... എന്നിട്ട് ഒരു ചോദ്യം-''എന്താ ഇത്ര ചെറുപ്പത്തില്‍ ഇവിടേക്ക്...?'' ഞാന്‍ കാര്യം പറഞ്ഞു.''ഉള്ളില്‍ കയറണമെന്നുണ്ടായിരുന്നില്ല.പുറത്തുവച്ച് ഒരാള്‍ വന്ന് മലയാളി ഉണ്ടെന്നു പറഞ്ഞപ്പോ ഒന്നു കാണണമെന്നു തോന്നി.''

അരമണിക്കൂര്‍ കളഞ്ഞതിന്റെ ദേഷ്യം ആ മുഖത്ത് വ്യക്തമായി കാണാമായിരുന്നു.ആദ്യമൊക്കെ ഒന്നും പറഞ്ഞില്ലെങ്കിലും എന്റെ ഉദ്ദേശശുദ്ധി മനസിലായപ്പോള്‍ പറഞ്ഞുതുടങ്ങി. ഒരിക്കലും എന്റെ പേര് നിന്റെ എഴുത്തുകളില്‍ വരരുതെന്നു പ്രത്യേകം പറഞ്ഞതുകൊണ്ട് പേരു വയ്ക്കുന്നില്ല. കൊല്ലം അടുത്താണ് തറവാട്. മൂന്നു വയസ്സ് വരെ പാലക്കാട് ഒരു അനാഥമന്ദിരത്തിലായിരുന്നു. മൂന്നാമത്തെ വയസ്സില്‍ ഒരു റിട്ടയേര്‍ഡ് ഓഫീസറും ഭാര്യയും ദത്തെടുക്കുന്നു.

പിന്നെ അവരോടൊപ്പമായിരുന്നു,അവരുടെ മകളായി. ''അവരോടൊപ്പമുണ്ടായിരുന്ന പതിനഞ്ച് വര്‍ഷമാണ് ഞാന്‍ ഒരു മനുഷ്യനായി ജീവിച്ചത്.''അതു പറയുമ്പോ ആ കണ്ണുകള്‍ നിറഞ്ഞു.തൊണ്ട ഇടറി.കട്ടിലില്‍ ചാരിയിരുന്ന എന്റെ തോളിലേക്ക് അവര്‍ തല ചായ്ച്ചുവച്ചു.''പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞ സമയത്താണ് ഒരു തമിഴന്‍ ചെക്കനുമായി അടുപ്പത്തിലാകുന്നത്. രണ്ടാമതൊരു ജന്മം നല്കിയ അച്ഛനേയും അമ്മയേയും ഉപേക്ഷിച്ച് കോടമ്പക്കത്തേക്ക് ഒളിച്ചോട്ടം. ഒന്നു രണ്ട് വര്‍ഷം അടിച്ചുപൊളിച്ചു ജീവിച്ചു.ഇതിനിടയില്‍ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്കി.കുഞ്ഞിന് ഒരു വയസുള്ളപ്പോഴാണ് ആ നശിച്ചവന്‍..... ഭര്‍ത്താവിന്റെ വീട്ടിലെ ജോലിക്കാരന്‍...എന്റെ വാക്കുകളെ ആരും അംഗീകരിച്ചില്ല. എല്ലാവരുടെയും മുന്നില്‍ ഞാനായിരുന്നു തെറ്റ്.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് എന്തോ കൃഷി ആവശ്യങ്ങള്‍ക്ക് എന്നു പറഞ്ഞ് ഭോലാപ്പൂരിലേക്ക് കൊണ്ടുവന്നു. ഹോട്ടലില്‍ മുറിയെടുത്തു. ഉറങ്ങിയെഴുന്നേറ്റപ്പോള്‍ എന്റെയടുത്ത് ഭര്‍ത്താവിനു പകരം ഒരു മാര്‍വാടി... പൊടി കലക്കിത്തന്നതാണ്.

വേശ്യയായ ഭാര്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചു. പിന്നെ എങ്ങനെയോ ഇവിടെയെത്തി. ഇപ്പോ മറ്റെവിടെ കിട്ടുന്നതിനേക്കാളും സുരക്ഷിതത്വം എനിക്കിവിടെ കിട്ടുന്നുണ്ട്.''ഒന്നും പറയാനില്ലാത്ത അവസ്ഥയായിരുന്നു എനിക്ക്.. കട്ടിലിനടിലെ ഒരു ഇരുമ്പുപെട്ടിക്കുള്ളില്‍ നിന്നും ഒരു പുസ്തകം വലിച്ചെടുത്തു. മാധവിക്കുട്ടിയുടെ ഒരു പുസ്തകം. മലയാളം വായിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി വിരല്‍ ചൂണ്ടിയത് ഒരു ഷെല്‍ഫിലേക്കായിരുന്നു. അവിടെ നിറയെ പുസ്തകങ്ങള്‍,അതും എല്ലാം മലയാളം.കയ്യിലുണ്ടായിരുന്ന ബുക്കില്‍ നിന്നും ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ എടുത്ത് എന്റെ നേരേ നീട്ടി.. ''മകനാണ്...' കണ്ണെഴുതി പൊട്ടൊക്കെക്കുത്തി അവന്റെ ഒരു പിറന്നാളിനെടുത്ത ഫോട്ടോ...

'ഇപ്പോ ഇവന് നിന്റെ പ്രായമുണ്ടാകും...' അത് എന്റെ ചെവികളില്‍ അങ്ങനെ മുഴങ്ങി.ആ അമ്മ അനുഭവിക്കുന്ന വേദന എന്തുമാത്രമായിരിക്കും... ഫോട്ടോ തിരിച്ചുവയ്ക്കുന്നതിന്റെ കൂടെ അഞ്ഞൂറ് രൂപകൂടി വച്ചു ആ ബുക്കില്‍,അവര്‍ കാണാതെ...'വീട്ടുകാരെ കാണാന്‍ ആഗ്രഹമില്ലേ ചേച്ചിക്ക്...?'' ''വീട്ടുകാരോ, ഇപ്പോ ഇവിടെയുള്ളവരൊക്കെയാണ് എന്റെ ബന്ധുക്കള്‍...' 'ചേച്ചി വിഷമിക്കാതെ,എല്ലാം ശരിയാകും.ഈശ്വരന്‍ എല്ലാം കാണുന്നുണ്ട്..'' ഇതിനുള്ള മറുപടിയാണ് എന്നെ ഞെട്ടിച്ചത്.

നീര്‍മാതളം പൂത്ത കാലത്തില്‍ മാധവിക്കുട്ടി പറഞ്ഞ കാര്യം. ''എന്റെ സ്വകാര്യ ആവശ്യങ്ങള്‍ സാധിച്ചുതരുന്ന ഒരു ദൈവം ഏതെങ്കിലുമൊരു ദേവാലയത്തില്‍ ജീവിക്കുന്നുണ്ട് എന്ന് വിശ്വസിക്കാനുള്ള ഹൃദയനൈര്‍മല്യം എനിക്കൊരിക്കലും ഉണ്ടാകില്ല..''''ഞാന്‍ പൊയ്‌ക്കോട്ടേ...' അതിനു മറുപടിയായി അവരൊന്നും പറഞ്ഞില്ല... എന്റെ കയ്യില്‍ പിടിച്ച് അവര്‍ ചോദിച്ചു. ''ഇനിയും വരണമെന്ന് എങ്ങനെയാ പറയ്യാ ഞാന്‍...' തിരിഞ്ഞുനോക്കാതെ ഞാന്‍ നടന്നു. തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍ ഒരു പക്ഷേ,ഞാനും കരയും... സ്ത്രീയെ ബഹുമാനിക്കണം എന്ന് പറയുന്നതും സ്ത്രീ ആയത് കൊണ്ട് ബഹുമാനിക്കണം എന്ന് പറയുന്നതും തമ്മില്‍ നല്ല അന്തരം ഉണ്ട്... ഇവരൊക്കെയാണ് ബഹുമാനിക്കപ്പെടേണ്ടത്. കാമാത്തിപുരയില്‍ ചെല്ലുന്ന ആര്‍ക്കും ഇവരെ ഒരു അമ്മയായേ കാണാന്‍ കഴിയൂ, ഉറപ്പ്.ജീവിക്കാന്‍ വേണ്ടി പിഴച്ചവളെക്കാള്‍ വലിയ പിഴകളാണ് സുഖത്തിനു വേണ്ടി അവരെ തേടി അവിടെ ചെല്ലുന്നത്. കാമാത്തിപുര മറക്കാന്‍ വയ്യാത്ത അനുഭവമാണ്,എന്നും...!


 

Read more topics: # travelouge,# kamathipura,# life
travelouge,kamathipura, life

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES