Latest News

മഞ്ഞലയില്‍ ഔലി 

Malayalilife
മഞ്ഞലയില്‍ ഔലി 

ഞ്ഞില്‍ തെന്നിനടന്നു ജീവിതം ആഘോഷിക്കുന്ന ഇന്ത്യക്കാരുടെ സങ്കേതമാണ് ഔലി. ഉത്തരാഖണ്ഡില്‍ നന്ദാദേവി ദേശീയ സംരക്ഷിത ജൈവ സങ്കേതത്തിന്റെ ഭാഗം. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3500 മീറ്റര്‍ ഉയരത്തിലാണ് ഇന്ത്യയിലെ ഈ മഞ്ഞു കേന്ദ്രം. മഞ്ഞുരുകുന്ന വേനലില്‍ നന്ദാദേവിയിലേക്കുള്ള ട്രക്കിങ്ങിന്റെ ബേസാണ് ഔലി. 12 മാസവും സഞ്ചാരികളെ മാടി വിളിച്ചുകൊണ്ട് ഔലിയും പിന്നില്‍ നന്ദാദേവി പര്‍വത മടക്കുകളും തല ഉയര്‍ത്തി നില്‍ക്കുന്നു.

ഔലിയിലേക്കുള്ള വഴി
ഡല്‍ഹിയില്‍ നിന്ന് 525 കിലോമീറ്റര്‍ അകലയാണീ മഞ്ഞുതീരം. ഹരിദ്വാറില്‍ നിന്നു ബദരിനാഥിലേക്കുള്ള വഴിയില്‍. ഋഷികേശ്, ദേവപ്രയാഗ്, ശ്രീനഗര്‍, രുദ്രപ്രയാഗ്, ഛമോലി വഴി ജോഷിമഠിലെത്താം. ജോഷിമഠില്‍ നിന്നു മഞ്ഞു നിറഞ്ഞ പാതയിലൂടെ 15 കിലോമീറ്റര്‍ പിന്നിട്ടു മുകളിലേക്കു കയറിയാല്‍ ഔലിയായി.

ആകാശയാത്ര
ജോഷിമഠില്‍ നിന്ന് ഔലിയിലേക്കുള്ള യാത്ര റോപ്പ്‌വേയിലൂടെയാണ്. മഞ്ഞിനു മുകളിലൂടെയുള്ള ആകാശയാത്ര അവിസ്മരണീയം. ഔലിയിലെ സ്വീകരണ കവാടത്തില്‍ നിന്നു പര്‍വതത്തിനു മുകളിലേക്കും റോപ്പ് വേ ഉണ്ട്. ഈ ശൈത്യകാലത്തെങ്കില്‍ ഔലിയുടെ മഞ്ഞു സൗന്ദര്യം ഈ യാത്രയില്‍ അനുഭവിച്ചറിയാം. റോപ്പ്‌വേയില്‍ (കേബിള്‍ കാര്‍) 20 മിനിറ്റ് സഞ്ചരിച്ചാല്‍ ഔലിയില്‍ എത്തും. റോപ്പ്‌വേയുടെ സൗകര്യത്തിനായി കൂറ്റന്‍ ടവറുകള്‍ ഔലിയിലേക്കുള്ള വഴിയിലെ ഓരോ കുന്നിന്‍ മുകളിലുമുണ്ട്. റോഡ് മാര്‍ഗം ഒരു മണിക്കൂറെങ്കിലും എടുക്കും 15 കിലോമീറ്റര്‍ പിന്നിടാന്‍.

ചൂടില്ല...
നവംബര്‍ മധ്യത്തോടെ ഇവിടെ കുറഞ്ഞ താപനില പൂജ്യത്തിലെത്തുന്നു. പിന്നീടു മൈനസിലേക്ക്. ഈ സീസണില്‍ ഡിസംബര്‍ 15നു ശേഷം മിക്ക ദിവസങ്ങളിലും പഞ്ഞിപോലെ മഞ്ഞു പെയ്തിറങ്ങി. മൈനസ് എട്ടാണു സീസണിലെ ശരാശരി കുറഞ്ഞ താപനില. അപ്പോള്‍ തന്നെ ഊഹിക്കാമല്ലോ ഈ മല ഒളിപ്പിച്ചിരിക്കുന്ന സാഹസികതയെ. മാര്‍ച്ച് അവസാനം വരെ മഞ്ഞുമൂടിക്കിടക്കുന്നു. വേനല്‍ സൂര്യന്‍ എത്തുന്നതോടെ മഞ്ഞുരുക്കമാണ്. മഞ്ഞുരുകിയാല്‍ ഇവിടെ വിടരുന്നതു പൂക്കളുടെ വസന്തം. എന്നും സന്ദര്‍ശകരെ വശ്യതയോടെ മയക്കുന്ന ഔലി.

സ്‌കീയിങ്
സാഹസികതയാണ് ഈ കായിക വിനോദത്തിന്റെ പ്രത്യേകത. അധികമാര്‍ക്കും കഴിയാത്ത കായിക വിനോദം. പ്രത്യേക പാദുകങ്ങള്‍ ധരിച്ചു മഞ്ഞിലൂടെ തെന്നി നീങ്ങുമ്പോള്‍ ലോകത്തിനു നെറുകയിലാണെന്ന തോന്നല്‍. സ്‌കീയിങ് പഠിക്കാന്‍ കുടുംബ സമേതം എത്തുന്നവരുമുണ്ട്.

സ്നോ ഗണ്‍
മഞ്ഞു തുപ്പുന്ന തോക്കുകളാണ് ഔലിയില്‍ കാത്തിരിക്കുന്ന മറ്റൊരു കൗതുകം. താപനില മൈനസ് മൂന്നു ഡിഗ്രിയില്‍ വെള്ളം മഞ്ഞാക്കി തുപ്പാന്‍ ഈ തോക്കുകളുടെ സംവിധാനത്തിനു കഴിയും. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണു കൃത്രിമ മഞ്ഞു തടാകം നിര്‍മിച്ചിരിക്കുന്നത്. സ്‌കീയിങ് പരിശീലകര്‍ക്ക് ആവശ്യമായ കനത്തില്‍ മഞ്ഞു വീഴ്ത്തുന്നതിനാണിത്. ഏഷ്യയിലെ ഏറ്റവും വലിയ കൃത്രിമ മഞ്ഞു തടാകമാണ് ഔലിയിലേത്. പെയ്തു വീഴുന്ന മഞ്ഞിന് ഉറപ്പില്ല. ഉറപ്പില്ലാത്ത മഞ്ഞിലൂടെ തെന്നി നീങ്ങാന്‍ പ്രയാസം, അപകട സാധ്യതയും കൂടുതല്‍. മഞ്ഞൊതുക്കാന്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്നെത്തിച്ച പ്രത്യേക യന്ത്ര സംവിധാനങ്ങളും ഇവിടെയുണ്ട്. ഉത്തരാഖണ്ഡ് ടൂറിസം വകുപ്പിനു കീഴിലുള്ള ഗഡ്‌വാള്‍ മണ്ഡല്‍ സ്‌കീയിങ്ങില്‍ പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. തദ്ദേശീയരായ ഒട്ടേറെ ചെറുപ്പക്കാരും സന്ദര്‍ശകരെ സ്‌കീയിങ്ങില്‍ സഹായിക്കുന്നു. തുടക്കക്കാര്‍ക്കുള്ള പ്രത്യേക പരിശീലന സൗകര്യങ്ങളുമുണ്ടിവിടെ.

വേനലിലെ ഔലി
ഇത്രയും നേരം പറഞ്ഞു വന്നത് മഞ്ഞു പുതച്ചു നില്‍ക്കുന്ന ഔലിയെ കുറിച്ചാണ്. മഞ്ഞിന്റെ വെള്ളപ്പട്ടു പുതയ്ക്കുമ്പോള്‍ മാത്രല്ല, പൂക്കളുടെ വസന്തം അണിയുമ്പോഴും ഔലി സുന്ദരിയാണ്. ഏപ്രില്‍ തുടങ്ങുന്നതോടെ ഔലി പൂക്കളുടെ താഴ്‌വരയാകുന്നു. ഔലി മാത്രമല്ല, നന്ദാദേവി സംരക്ഷിത ജൈവ സങ്കേതം മുഴുവന്‍.ശൈത്യകാലത്തു സ്‌കീയിങ് പരിശീലിപ്പിക്കുന്നവര്‍ വേനലാകുമ്പോള്‍ കാനന സൗന്ദരം ആസ്വദിക്കുന്നതിനുള്ള സന്നാഹങ്ങളുമായി സന്ദര്‍ശകരെ കാത്തിരിക്കുന്നു. മൂന്നു മുതല്‍ 15 ദിവസം വരെ ദൈര്‍ഘ്യമുള്ള ട്രെക്കിങ് ഇവിടെയുണ്ട്. പര്‍വത മടക്കുകളിലൂടെ സഞ്ചരിച്ച്, പൈന്‍, ദേവതാരു മരക്കാടുകളില്‍ അന്തിയുറങ്ങി, വന്യജീവികളെ അടുത്തുകണ്ട്, പൂക്കളുമായിസല്ലപിച്ചുള്ള ട്രെക്കിങ്. പ്രകൃതിയെ അറിയാനും സാഹസികതയുടെ വേനല്‍ മുഖം ആസ്വദിക്കാനുമുള്ള അവസരം. ശൈത്യമായാലും വേനലായാലും ഈ മലയിറങ്ങുമ്പോള്‍ മനസ്സില്‍ അവശേഷിക്കുക നഷ്ടബോധമായിരിക്കും. ജീവിതത്തിലെ വേറിട്ട നിമിഷങ്ങള്‍ അന്യമാകുന്നതിന്റെ ദുഃഖം.

എങ്ങനെ എത്താം
ഡല്‍ഹിയില്‍ നിന്ന് 525 കിലോമീറ്റര്‍ അകലയാണീ മഞ്ഞുതീരം. ഹരിദ്വാറില്‍ നിന്നു ബദരിനാഥിലേക്കുള്ള വഴിയില്‍. ഋഷികേശ്, ദേവപ്രയാഗ്, ശ്രീനഗര്‍, രുദ്രപ്രയാഗ്, ഛമോലി വഴി ജോഷിമഠിലെത്താം. അവിടെ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ഔലി. ജീപ്പിലോ, ടൂറിസം വക റോപ്പ്‌വേയിലോ മുകളിലെത്താം. മഞ്ഞു വീഴ്ചയുള്ള സമയത്ത് റോഡ് മാര്‍ഗം പോകുന്നത് അപകടകരമാണ്. ഋഷികേശ് വരെ ട്രെയിനില്‍ എത്താം. ഏറ്റവും അടുത്തുള്ള വിമാനത്താവളം ഡെറാഡൂണിലെ ജോളിഗ്രാന്റാണ്.

കടപ്പാട്
 

Read more topics: # travel destination auli
travel destination auli

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES