സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ താജ്മഹലില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ആര്‍ക്കിയോളജിക്കല്‍ വകുപ്പ്. ഇനി മുതല്‍ ഒരു ടിക്കറ്റ് എടത്താല്‍ മൂന്ന് മണിക്കൂര്‍ മാത്രമാണ് താജ്മഹലിനകത്ത് ചെലവഴിക്കാന്‍ സാധിക്കുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ ടിക്കറ്റിന്റെ കാലാവധി മൂന്നു മണിക്കൂറായിരിക്കും. മൂന്ന് മണിക്കൂറില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനായി അധിക തുക നല്‍കേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ഈ ആഴ്ച ആര്‍ക്കിയോളജി വകുപ്പ് പുറപ്പെടുവിക്കും. എല്ലാ സന്ദര്‍ശകര്‍ക്കും ഇത് ബാധകമായിരിക്കും.
ഓരോ ടിക്കറ്റിലും സമയം രേഖപ്പെടുത്തും. മൂന്ന് മണിക്കൂര്‍ കഴിയുന്നതോടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പുറത്തിറങ്ങണം. സന്ദര്‍ശകരുടെ ടിക്കറ്റുകള്‍ പരിശോധിക്കുന്നതിന് പ്രത്യേകം ജീവനക്കാരെയും നിയമിക്കും.താജ്മഹലില്‍ എത്തിച്ചേരുന്ന സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ആര്‍ക്കിയോളജി വകുപ്പ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്. ദിനംപ്രതി 50,000 ആളുകളാണ് താജ്മഹല്‍ സന്ദര്‍ശിക്കുന്നതിനായി എത്തിച്ചേരുന്നത്. പലപ്പോഴും സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ട്. മിക്ക സന്ദര്‍ശകരും മണിക്കൂറുകളോളം ഇവിടെ ചെലവഴിക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു.