കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് പാലക്കാട്. കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതി പാലക്കാടിനുണ്ട്. കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട് പശ്ചിമഘട്ടമലനിരകളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ്. വേനൽക്കാലം ഒഴികെ സഞ്ചാരികൾക്ക് എപ്പോൾ വേണമെങ്കിലും പാലക്കാടൻ സൗന്ദര്യം ആസ്വദിക്കുവാനായി അവിടേക്ക് പോകാവുന്നതാണ്. പാലക്കാട് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
മലമ്പുഴ : പാലക്കാട് ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ. മലമ്പുഴയിലെ പ്രധാന ആകര്‍ഷണങ്ങള്‍ 1955-ല്‍ നിര്‍മ്മിച്ച മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്‌നേക്ക് പാര്‍ക്ക്, റോക്ക് ഗാര്‍ഡന്‍, മത്സ്യ ഉദ്യാനം (അക്വേറിയം), എന്നിവയാണ്. മലമ്പുഴ ഡാം നൂല്‍ പാലത്തിന് സമീപം കാനായി കുഞ്ഞിരാമന്‍ തീര്‍ത്ത യക്ഷി എന്ന വലിയ സിമന്റ് ശില്പം സ്ഥിതി ചെയ്യുന്നു. കേരളത്തിലെ ഏറ്റവും വലിയ ജലസേചന ശൃംഖലയാണ് മലമ്പുഴ ഡാമിനോട് സംബന്ധിച്ചുള്ള കനാല്‍ സംവിധാനം. കേരളത്തിലെ ആദ്യത്തെ അമ്യൂസ്മെന്റ് പേര്‍ക്കായി ഫാന്റസി പാര്‍ക്ക് മലമ്പുഴ ഡാമില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയാണ്.
കവ : പാലക്കാട് ജില്ലയിലെ മലമ്പുഴക്ക് സമീപത്തുള്ള സുന്ദരമായ ഒരു സ്ഥലമാണ് കവ. സോഷ്യല്‍ മീഡിയകളിലെ ട്രാവല്‍ ഗ്രൂപ്പുകളിലൂടെയാണ് ഈ സ്ഥലം പ്രശസ്തമായത്. നിരവധി സിനിമകള്‍ക്ക് ലൊക്കേഷനായിട്ടുള്ള ഇവിടെ നിന്നുള്ള അസ്തമയ സൂര്യന്റെ കാഴ്ച അതിമനോഹരമാണ്. മഴക്കാലത്താണ് കവ കാണുവാന്‍ ഏറ്റവും സുന്ദരിയായി മാറുന്നത്. മലമ്പുഴ സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് കവ.
സൈലന്റ് വാലി : പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സൈലന്റ്വാലി ദേശീയോദ്യാനം. സാധാരണ വനങ്ങളില്‍ ചീവീടുകള്‍ സൃഷ്ടിക്കുന്ന ശബ്ദ അന്തരീക്ഷം ഇവിടെ ഇല്ലാത്തതു കൊണ്ടാണ് ഇവിടം സൈലന്റ്വാലി(നിശ്ശബ്ദതാഴ്വര) എന്നറിയപ്പെടുന്നത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമായതിനാല്‍ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെപ്പോലെ ഇവിടെ സന്ദര്‍ശനം നടത്താന്‍ കഴിയില്ല. വനംവകുപ്പിന്റെ മുന്‍കൂട്ടിയുള്ള അനുമതിയോടെ മാത്രമെ സൈലന്റ് വാലിയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ ഇക്കോ ടൂറിസ്റ്റ് പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. വനംവകുപ്പ് തന്നെ സഞ്ചാരികള്‍ക്ക് താമസ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. സൈലന്റ് വാലിയില്‍ പോകുവാനായി ആഗ്രഹിക്കുന്നവര്‍ 04924 253225 എന്ന നമ്പറില്‍ ബന്ധപ്പെടാം.
കരുവാര വെള്ളച്ചാട്ടം : സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ബഫര്‍സോണിലാണ് കരുവാര വെള്ളച്ചാട്ടം നിലകൊള്ളുന്നത്. മുക്കാളിയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നിന്ന് കരുവാര ആദിവാസി കോളനിയിലേക്കുള്ള റോഡിലൂടെ 3.5 കിലോമീറ്റര്‍ നടന്ന് കാടിനുള്ളിലേക്ക് കയറി, വീണ്ടും 1.5 കിലോമീറ്ററോളം കാട്ടിലൂടെ നടന്നാല്‍ കരുവാര വെള്ളച്ചാട്ടത്തിലെത്താം. ആദ്യത്തെ 3.5 കിലോമീറ്റര്‍ ദൂരം ആദിവാസികളുടേതായ ഓട്ടോ റിക്ഷകളും ജീപ്പുകളുമല്ലാതെ പൊതുജനങ്ങളുടേതായ വാഹനങ്ങളൊന്നും ഫോറസ്റ്റ് അധികൃതര്‍ കടത്തി വിടാറില്ല. ഏകദേശം 70 അടിയോളം ഉയരത്തില്‍ നിന്നാണ് കരുവാര വെള്ളച്ചാട്ടത്തിന്റെ പതനം. പിന്നീട് ആ വെള്ളം ഭവാനിപ്പുഴയിലേക്ക് ചേര്‍ന്ന് കരുവാര കോളനിയും കടന്ന് കിഴക്കോട്ടൊഴുകുന്നു.