മണിമലയാര്‍ തെക്ക്-മദ്ധ്യകേരളത്തിലെ 92 കിലോമീറ്റര്‍ നീളമുള്ള ഒരു നദിയാണ്. കേരളത്തിലെ ഇടുക്കി ജില്ലയില്‍ പശ്ചിമഘട്ടത്തില്‍ സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 2500 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന മുത്തവറ മലനിരകളില്‍നിന്നാണ് ഈ നദിയുടെ ഉത്ഭവം. ആരംഭസ്ഥാനത്ത് പുല്ലുകയാര്‍ എന്നറിയപ്പെടുന്ന ഈ നദി എരുമേലിയ്ക്കു സമീപമുള്ള കൊരട്ടിയിലെത്തുമ്പോള്‍ കൊരട്ടിയാര്‍ എന്നും അറിയപ്പെടുന്നു. 90 കി.മീ. നീളമുള്ള ഈ നദി കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ ഒഴുകി ആലപ്പുഴ ജില്ലയിലെ ചിത്തിരപ്പള്ളിയില്‍ വെച്ച് വേമ്പനാട് കായലില്‍ ചേരുന്നു.
ഏന്തയാര്‍, കൂട്ടിക്കല്‍, മുണ്ടക്കയം, കൊരട്ടി, എരുമേലി, ചെറുവള്ളി, മണിമല, കോട്ടാങ്ങല്‍, കുളത്തൂര്‍മൂഴി, വായ്പ്പൂര്‍, മല്ലപ്പള്ളി, തുരുത്തിക്കാട്, വെണ്ണിക്കുളം, കല്ലൂപ്പാറ കവിയൂര്‍, തിരുവല്ല, നീരേറ്റുപുറംധ1പ,ചക്കുളത്ത് കാവ്, മുട്ടാര്‍, തലവടി, പുളിങ്കുന്ന്, മങ്കൊമ്പ് എന്നീ പട്ടണങ്ങള്‍ മണിമലയാറിന്റെ തീരത്താണു സ്ഥിതി ചെയ്യുന്നത്. പമ്പയുടെ കൈവഴിയായ കോലറയാര്‍ മണിമലയാറിന്റെ കൈവഴിയില്‍ നിരണത്ത് വെച്ച് ചേരുന്നു. പമ്പയുടെ ഒരു പ്രധാനകൈവഴി കടപ്ര കീച്ചേരി വാല്‍ക്കടവില്‍ വെച്ച് മണിമലയാറില്‍ ചേരുന്നു. മണിമലയാറിനു തീരത്തെ കവിയൂരില്‍ പുരാതന ശിലാക്ഷേത്രങ്ങള്‍ ഇപ്പോഴും കാണാന്‍ കഴിയുന്നു. തിരുവല്ലയാണ് നദീതീരത്തെ ഏറ്റവും വലിയ പട്ടണം.