Latest News

വിശ്വാസം മണിക്കിലുക്കുന്ന കാട്ടില്‍മേക്കതില്‍; കൊല്ലം പൊന്മന കാട്ടില്‍മേക്കതില്‍ ദേവി ക്ഷേത്രം

Malayalilife
വിശ്വാസം മണിക്കിലുക്കുന്ന കാട്ടില്‍മേക്കതില്‍; കൊല്ലം പൊന്മന കാട്ടില്‍മേക്കതില്‍ ദേവി ക്ഷേത്രം

സുനാമിയുടെ രാക്ഷസ തിരകളെ അതിജീവിച്ച കടല്‍ തിരമാലകളാല്‍ ചുറ്റപ്പെട്ട ഒരു ക്ഷേത്രം. വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും മണികള്‍മുഴങ്ങുന്ന ഈ ദേവീ നട ഇത്രത്തോളം പ്രശ്്സ്തമായിട്ട് ചുരുക്കം വര്‍ഷങ്ങളെ ആകുന്നുളളു. എല്ലാ വെളുപ്പാന്‍ കാലങ്ങളിലും ഭക്തജനങ്ങളാല്‍ നിറയുന്ന ശങ്കരമംഗലം. കടലിനും കായലിനും ഇടയിലെ ഇത്തിരിത്തുരുത്തില്‍ അമ്മയെ കാണാന്‍ ആയിരങ്ങള്‍ ഓടിയെത്തുന്നു. കൊല്ലം ജില്ലയിലെ ചവറയ്ക്കു സമീപം പന്മനയില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് കാട്ടില്‍ മേക്കതില്‍ ഭഗവതിക്ഷേത്രം. മണികെട്ടമ്പലം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ജില്ലാ ആസ്ഥാനത്തു നിന്ന് 18 കിലോമീറ്റര്‍ വടക്കു-പടിഞ്ഞാറു ഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരാശക്തിയായ ശ്രീ ഭദ്രകാളിയാണ് കാട്ടിലമ്മ അഥവാ കാട്ടില്‍ മേക്കതില്‍ അമ്മ എന്നറിയപ്പെടുന്നത്. ദാരികനെ വധിച്ച ഉഗ്രഭാവത്തില്‍ ആണ് പ്രതിഷ്ഠ. കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് കാട്ടില്‍ മേക്കതില്‍ ദേവീക്ഷേത്രം. ക്ഷേത്രത്തിന്റെ ഒരു വശത്ത് അറബിക്കടലും മറുവശത്ത് ടി.എസ്. കനാലും സ്ഥിതിചെയ്യുന്നു.

 ക്ഷേത്രഭരണസമിതി ഏര്‍പ്പെടുത്തിയ പ്രത്യേക ജങ്കാറിലൂടെ ഇവിടെ എത്തിച്ചേരാവുന്നതാണ്. ക്ഷേത്രത്തിനു സമീപമുള്ള ആല്‍മരത്തില്‍, പ്രത്യേകം പൂജിച്ചുനല്‍കുന്ന മണി നാമജപത്തോടെ പ്രദക്ഷിണം ചെയ്തു കെട്ടുന്നത് ഇവിടുത്തെ പ്രസിദ്ധമായ ഒരു ആചാരമാണ്. മനസ്സില്‍ ന്യായമായ എന്താഗ്രഹിച്ചുകൊണ്ട് മണി കെട്ടുന്നുവോ അതു നടക്കുമെന്നാണ് വിശ്വാസം.കൊല്ലം ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് അറബിക്കടലിനും ടി.എസ്. കനാലിനും മധ്യേ കേരവൃക്ഷങ്ങള്‍ ധാരാളമുള്ള ഒരു തുരുത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിശാലമായ മണല്‍പ്പരപ്പിനു നടുവില്‍ ക്ഷേത്രം നില്‍ക്കുന്നത് മനോഹരമായ കാഴ്ച ഒരുക്കുന്നു.പതിനഞ്ചു വര്‍ഷം മുന്‍പ് ഡിസംബറില്‍ താണ്ഡവമാടിയ സുനാമി പക്ഷേ, അവശേഷിപ്പിച്ച അദ്ഭുതമാണ് കാട്ടില്‍മേക്കതില്‍ ഭഗവതി ക്ഷേത്രം. കടലില്‍ നിന്ന് പത്തുമീറ്റര്‍ മാത്രമാണു ക്ഷേത്രത്തിലേക്കുള്ള ദൂരം. എന്നിട്ടും ആരോ തിര ഒഴിച്ചുവിടുന്നതുപോലെ തീരം സുരക്ഷിതമായപ്പോള്‍ വിശ്വാസികള്‍ അദ്ഭുതപ്പെട്ടു. സുനാമിത്തിരകള്‍ ഒഴിച്ചിട്ടുപോയ ഈ ക്ഷേത്ര വും പരിസരവും അങ്ങനെ വാര്‍ത്തകളില്‍ നിറഞ്ഞു. ആ അദ്ഭുതത്തിനുശേഷമാണ് ഇവിടെക്ക് ഭക്തരുടെ ഒഴുക്ക് ഉണ്ടായത്.

അനുഭവിച്ചറിയുന്ന സത്യമാണ് ഈ ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്കിന് കാരണം. ഇവിടുത്തെ  ഐതിഹ്യങ്ങളില്‍ അഞ്ചു കിണറുകളെക്കുറിച്ചു പറയുന്നുണ്ട്. ആ അഞ്ചു കിണറും ഇപ്പോഴും ഇവിടെയുണ്ട്. ശാസ്ത്രത്തിനും അദ്ഭുതമാണ് ഈ കിണറുകള്‍.കടല്‍ക്കരയില്‍ നിന്നു കിലോമീറ്ററുകള്‍ അകലെയാണെങ്കിലും സാധാരണഗതിയില്‍ വെളളത്തില്‍ ഉപ്പുരസം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇവിടുത്തെ അദ്ഭുതം കടലില്‍ നിന്ന് പത്തു മീറ്റര്‍ മാത്രം ദൂരമുള്ള കിണറില്‍ നിന്നു ലഭിക്കുന്നത് ഉപ്പുരസമോ ചെളിയോ ഇല്ലാത്ത തെളിഞ്ഞ ശുദ്ധജലം. അതുപോലെ ഐതിഹ്യപ്പെരുമയില്‍ പലപ്പോഴും വന്നുപോകുന്നുണ്ട് മൂന്ന് കരിമ്പനകള്‍. കാരണവന്മാര്‍ക്ക് ദൈവസാന്നിധ്യം ബോധ്യപ്പെടുത്തിയ ഇടങ്ങള്‍. ആ മൂന്ന് കരിമ്പനകളില്‍ ഒന്ന് ഇപ്പോഴുമുണ്ട് ക്ഷേത്രത്തിനടുത്ത്.

ചമ്പക്കുളത്ത് നിന്നു മുതലപ്പുറത്തേറിയാണ് ദേവി വന്നത് എന്ന് മറ്റൊരു വിശ്വാസമുണ്ട്.''കാട്ടില്‍പടീറ്റ എന്ന പേരില്‍ ഒരു കുടുംബം ഉണ്ടായിരുന്നു. അവരാണ് ചമ്പക്കുളത്തു നിന്ന് ദേവീചൈതന്യം ഇവിടെ എത്തിച്ചതത്രേ. ദേവീ ആദ്യം ഒരു വിളക്കു കണ്ട് തൊഴുതു എന്നും മാലയില്‍ എന്നു പേരുള്ള ത റവാട്ടിലെ കെടാവിളക്കായിരുന്നു അതെന്നുമാണ് വിശ്വാസം. അതെന്തായാലും മാലയില്‍ തറവാട്ടിലെ കെടാവിളക്ക് ഇന്നും അതുപോലെയുണ്ട്.ക്ഷേത്രദര്‍ശനത്തിന് എത്തുന്നവര്‍ ഈ കെടാവിളക്ക് കണ്ട ശേഷമാണ് ശ്രീകോവിലിലേക്കു പോകേണ്ടത്. മാത്രമല്ല, ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഏത് ആഘോഷവും തുടങ്ങുന്നത് ഇവിടത്തെ കെടാവിളക്കിനെ വലം വച്ചതിനുശേഷമാണ്.'' ചമ്പക്കുളത്തു നിന്ന് കൊടിക്കൂറ കൊണ്ടുവന്നാണ് ഇ വിടെ ഇപ്പോഴും ഉത്സവം കൊടിയേറുന്നത്.

ക്ഷേത്രത്തിലെ ഒരു പ്രധാന ആചാരമാണ് 'മണികെട്ടല്‍'. ക്ഷേത്രത്തില്‍ നിന്നു പ്രത്യേകം പൂജിച്ചു തരുന്ന മണി ഇവിടെയുള്ള പേരാലില്‍ കെട്ടി പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹസാഫല്യമുണ്ടാകുമെന്നാണ് വിശ്വാസം. ഒരിക്കല്‍ ക്ഷേത്രത്തില്‍ വൃശ്ചിക മഹോത്സവത്തിന് കൊ ടിയേറ്റുന്നതിനിടെ കൊടിമരത്തില്‍ നിന്ന് ഒരു മണി അടര്‍ന്നു താഴെ വീണു. അതുകണ്ട പൂജാരി മണിയെടുത്ത് തൊട്ടടുത്തു നിന്ന പേരാലില്‍ കെട്ടി. അതിനുശേഷം പൂജാരിയുടെ  ജീവിതത്തില്‍ അഭിവൃദ്ധിയുണ്ടായി. ദേവപ്രശ്നത്തില്‍ പേ രാലില്‍ മണി കെട്ടുന്നത് ദേവിക്ക് ഇഷ്ടപ്പെട്ട വഴിപാടാണ് എന്നു തെളിയുകയും അതിന്റെ അടിസ്ഥാനത്തില്‍ ഭക്തര്‍ മണി കെട്ടിത്തുടങ്ങിയെന്നുമാണ് ഒരു വിശ്വാസം.മരത്തിനു ചുറ്റും ഏഴുതവണ ദേവീനാമ ജപത്തോടെ പ്രദക്ഷിണം ചെയ്തതിനു ശേഷമാണ് മണികെട്ടുക. ഇങ്ങനെ മൂന്നു തവണ വന്ന് മണികെട്ടണമെന്നാണ് വയ്പ്. ആയിരകണക്കിന് ഭക്തര്‍ വ്രത ശുദ്ധി യോടെ ഇവിടെ എത്തി ആഗ്രഹം പൂര്‍ത്തിയാക്കുന്നു

എല്ലാവര്‍ഷവും വൃശ്ചിക മാസത്തില്‍ (നവംബര്‍) ഇവിടെ ഉത്സവം നടക്കാറുണ്ട്. പന്ത്രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന വൃശ്ചികോത്സവത്തില്‍ പങ്കെടുക്കുവാന്‍ തമിഴ്നാട്, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്നുപോലും ധാരാളം ഭക്തര്‍ ഇവിടെയെത്തുന്നു.ധ3പ ഉത്സവസമയത്ത് ഭക്തര്‍ക്കു വസിക്കുവാനായി ആയിരക്കണക്കിനു കുടിലുകളാണ് ക്ഷേത്രപരിസരത്തു നിര്‍മ്മിക്കുന്നത്.

ഉത്സവത്തോടനുബന്ധിച്ച് തോറ്റംപാട്ട്, വിശേഷാല്‍ പൂജകള്‍, അന്നദാനം, തങ്കയങ്കി ഘോഷയാത്ര, വൃശ്ചികപ്പൊങ്കല്‍, തിരുമുടി ആറാട്ട് എന്നിവ നടത്താറുണ്ട്.ആറ്റിങ്ങല്‍ ഭാഗത്തു കുടി വരുന്നവര്‍ ആലപ്പുഴ /എറണാകുളം എന്നി ബസില്‍ കയറി ശങ്കരമംഗലം /ചവറ പോലീസ് സ്റ്റേഷന്‍ സ്റ്റോപ്പില്‍ ഇറങ്ങി യാല്‍ ഓട്ടോയില്‍ പടിഞ്ഞാറു ഭാഗത്തു കൂടി കടന്നുപോകുന്ന കോവില്‍ത്തോട്ടം റോഡു വഴി മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൊട്ടാരത്തിന്‍ കടവില്‍ എത്തിച്ചേരാം. അവിടെ നിന്ന് ജങ്കാര്‍ മാര്‍ഗ്ഗം ക്ഷേത്രത്തില്‍ എത്തിച്ചേരാം.


 

Read more topics: # kaatinmekathil,# devi kshethram
kaatinmekathil devi kshethram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക