വിയറ്റ്‌നാമിലെ ഹലോങ് ബേയിലെ ഏറ്റവും വലിയ ദ്വീപായ കാറ്റ് ബാ ദ്വീപിന്റെ മധ്യത്തില്‍ സ്ഥിതി ചെയുന്ന നാഷണല്‍ പാര്‍ക്ക് ആണ് കാറ്റ് ബാ നാഷണല്‍ പാര്‍ക്ക്. ഈ നാഷണല്‍ പാര്‍ക്കിലെ വ്യൂ പോയിന്റുകളില്‍ നിന്നുള്ള ചുണ്ണാമ്പു കല്ല് മലകളുടെ കാഴ്ച വളരെ മനോഹരമാണ്. 2004 ല്‍ കാറ്റ് ബാ ദ്വീപസമൂഹത്തെ യുനെസ്‌കോ മാന്‍ ആന്‍ഡ് ബയോസ്ഫിയര്‍ റിസെര്‍വ് ആയി പ്രഖ്യാപിച്ചു. പാര്‍ക്കിന്റെ തുടക്കത്തില്‍ ചെറിയൊരു മ്യൂസിയം ഉണ്ട്. രണ്ടു ദിവസം കഴിഞ്ഞാല്‍ വിയറ്റ്‌നാം പുതുവത്സരമാണ് അതുകൊണ്ടു മുന്നില്‍ തന്നെ ന്യൂ ഇയര്‍ ആശംസകള്‍ എഴുതി വെച്ചിട്ടുണ്ട്. കാറ്റ് ബാ നാഷണല്‍ പാര്‍ക്കില്‍ കാണപ്പെടുന്ന ജീവജാലങ്ങളുടെ സ്‌പെസിമെനുകളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. സ്റ്റ്ഫ് ചെയ്ത മാനുകള്‍, ആമകള്‍, കീരി, പക്ഷികള്‍, പുള്ളിപുലി, കുരങ്ങുകള്‍, കാട്ടാടുകള്‍ ഫോര്‍മാലിനില്‍ ഇട്ടു വെച്ച പാമ്പുകള്‍, വവ്വാലുകള്‍, സലാമാന്‍ഡര്‍, കുരങ്ങുകള്‍, മീനുകള്‍ ,മറ്റു കടല്‍ജീവികള്‍ പവിഴപുറ്റുകള്‍, ഹോര്‍സ്ഷൂ ക്രാബ് ഒക്കെ ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മ്യൂസിയത്തില്‍ നിന്നിറങ്ങി വ്യൂ പോയിന്റിലേക്കുള്ള നടത്തം തുടര്‍ന്നു.
മിക്കഭാഗങ്ങളിലും കുത്തനെയുള്ള കയറ്റമാണ്. ഏകദേശം അര മണിക്കൂറോളം നടന്നു ആദ്യത്തെ വ്യൂ പോയിന്റിലെത്തി. അവിടെ നിന്ന് നോക്കുമ്പോള്‍ കണ്ണെത്താ ദൂരത്തോളം ഒന്നിന് പുറകെ ഒന്നായുള്ള പച്ചപ്പണിഞ്ഞ കാര്‍സ്‌റ് സ്റ്റോണ്‍ മലനിരകള്‍ കാണാം. ഹാലോങ് ബേയിലെ മറ്റെല്ലാ ദ്വീപുകളെയും പോലെ ഇവയെല്ലാം കടല്ജീവികളുടെ അസ്ഥികളും പവിഴപുറ്റുകളും എല്ലാ ചേര്‍ന്നുണ്ടായ ചുണ്ണാമ്പു കല്ല് മലകളാണ്. ഇവിടെയുള്ളൊരു വാച്ച് ടവറിന്റെ മുകളില്‍ നിന്ന് ഈ പാര്‍ക്കിന്റെ 360 ഡിഗ്രി വ്യൂ കിട്ടും. ഇവിടെ നിന്നുള്ള കാഴ്ച വളരെ മനോഹരമാണ്, കുറച്ചു വെയിലും കൂടി ഉണ്ടായിരുന്നെങ്കില്‍ ഒന്നും കൂടി നന്നായേനെ. മൂടിക്കെട്ടിയ കാലാവസ്ഥയാണ് തണുപ്പുകാലം മുഴുവന്‍. ഹലോങ് ബേയില്‍ വരാന്‍ പറ്റിയ ഏറ്റവും നല്ല സീസണ്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ്, പീക്ക് സീസണായതു കൊണ്ട് തന്നെ ആ സമയത്തു നല്ല തിരക്കായിരിക്കും. ചുണ്ണാമ്പുകല്ല് മലകള്‍ക്കു പുറമെ ദൂരെയായി ട്രെക്കിങ്ങ് തുടങ്ങിയ സ്ഥലത്തുള്ള കുറച്ചു കെട്ടിടങ്ങളും ഇവിടെ നിന്നും കാണാം. വാച്ച് ടവറില്‍ നിന്നുള്ള കാഴ്ചകള്‍ കണ്ടതിനു ശേഷം അടുത്ത വ്യൂ പോയിന്റിലേക്കുള്ള കയറ്റം തുടങ്ങി.
കുറെ കയറ്റങ്ങളും മനോഹരമായ മുളംകാടുകളും പിന്നിട്ടു അടുത്ത വ്യൂ പോയിന്റിനടുത്തെത്തി. ഇവിടെ നിന്ന് നോക്കുമ്പോള്‍ ദൂരെയായി ആദ്യം പോയ സ്ഥലത്തെ വാച്ച് ടവര്‍ കാണാന്‍ പറ്റും. കാറ്റ് ബായുടെ ജിയോമോര്‍ഫോളജിയെ കുറിച്ചും അതിന്റെ ഭാഗമായ ചുണ്ണാമ്പുകല്ലു മലകളെ കുറിച്ചെല്ലാം വിശദീകരിക്കുന്നൊരു ബോര്‍ഡ് ഇവിടെയുണ്ട്. ആ ബോര്‍ഡിന്റെ മറുവശത്തുള്ള പാറക്കൂട്ടങ്ങളില്‍ നിറയെ ഒരുപാടു പേരുണ്ട്. ഓരോരുത്തരായി ഫോട്ടോയും വിഡിയോയുമെല്ലാമെടുക്കാന്‍ കാത്തുനില്‍ക്കുകയാണ്. ഇവിടെ നിന്നുള്ള കാഴ്ചകള്‍ ആദ്യത്തെ വ്യൂ പോയിന്റില്‍ നിന്നുള്ള കാഴ്ചകളേക്കാള്‍ മനോഹരമാണെങ്കിലും ഏകദേശം ഒരുപോലെയാണ്. അവിടെ കുറച്ചു സമയം ചിലവഴിച്ച് തിരിച്ചു താഴേക്ക്.
സൂര്യാസ്തമയത്തിനു ഇനിയും കുറച്ചു നേരമുള്ളതുകൊണ്ടു കാറ്റ് ബായിലെ സണ്‍ സെറ്റ് പോയിന്റില്‍ ചെന്ന് സണ്‍ സെറ്റ് കാണാന്‍ തീരുമാനിച്ചു. കാറ്റ് ബായില്‍ എവിടെ നോക്കിയാലും മനോഹരമായ കാഴ്ചകളാണ്. അങ്ങനെ കാഴ്ചകള്‍ കണ്ടു കടല്‍ കാറ്റും കൊണ്ട് സണ്‍ സെറ്റ് പോയിന്റിലെത്തി. ഒരു ചെറിയ ക്ലിഫിന്റെ മുകളിലാണ് സണ്‍ സെറ്റ് പോയിന്റ്. നല്ലൊരു സൂര്യാസ്തമയവും പ്രതീക്ഷിച്ചു കാത്തിരുന്ന എന്നെ മേഘങ്ങള്‍ ചതിച്ചു. ഇനി അവിടെ നിന്നിട്ടു കാര്യമില്ലാത്തതിനാല്‍ തിരിച്ചു കാറ്റ് ബാ ടൗണിലേക്ക്. റോഡരികിലും ഡിവൈഡറിലും ഉള്ള വിയറ്റ്‌നാം ന്യൂ ഇയര്‍ ലൈറ്റ് ഡെക്കറേഷന്‍സ് എല്ലാം രാത്രിയായപ്പോള്‍ തെളിഞ്ഞു വന്നു. ഞാന്‍ താമസിക്കുന്ന സ്ഥലത്തിനടുത്തെത്തിയപ്പോള്‍ അവിടെ ഭയങ്കര ബഹളം, റോഡില്‍ കസേരയും മേശയുമെല്ലാമിട്ടു എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിലാണ്.
കടപ്പാട്