ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനു സമീപമാണ് ഈ കൊച്ചു സ്ഥലം...പാഞ്ചാലിക്കുളവും, അവിടുള്ള ക്ഷേത്രവും, പാണ്ഡവര്‍ ഭക്ഷണം പാകം ചെയ്യാനുപയോഗിച്ച അടുപ്പുകല്ലുകള്‍ എന്ന് വിശ്വസിക്കുന്നവയുമെല്ലാം ഇവിടെ കാണാം.ഐതിഹ്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഒരു സഞ്ചാരിക്ക് ആസ്വദിക്കുവാന്‍ പറ്റിയ നിരവധി കാഴ്ചകളുടെ ഒരു സ്വര്‍ഗം തന്നെയാണ് പാഞ്ചാലിമേട്. മലനിരകളും, സാഹസികമായ ഗുഹാകവാടവും കണ്ണെത്താദൂരത്തു പരന്നു കിടക്കുന്ന താഴ്വാരഭംഗിയും കോടമഞ്ഞും കാറ്റും സൂര്യോദയവും സൂര്യാസ്തമയവുമെല്ലാം പാഞ്ചാലിമേടിനെ അണിയിച്ചൊരുക്കുന്നു.വൈകിട്ട് സമയങ്ങളില്‍ നല്ല കാറ്റും കോടമഞ്ഞും ആസ്വദിക്കാന്‍ പറ്റും.
ഐതിഹ്യം ഉറങ്ങുന്ന പഞ്ചാലിമേട്, അമ്മച്ചി കൊട്ടാരം എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ അമ്മമഹാറാണിയുടെ വേനല്‍കാലകൊട്ടാരം, അതിനടുത്തുള്ള പീലിക്കുന്ന് ഇതെല്ലാം ആസ്വദിച്ചു ഒരു യാത്ര...പാഞ്ചാലിമേടിന്റെ സൗന്ദര്യം ആസ്വദിക്കുവാനും സമയം ചെലവഴിക്കുവാനുമായി നിരവധി പേരാണ് ഓരോ ദിവസവും ഇവിടെ വന്ന് പോകുന്നത്. പുതിയ മണ്ഡപങ്ങളുടെയും നടപ്പാതയുടെയും നിര്‍മാണം പൂര്‍ത്തിയായി.പാഞ്ചാലിമേടിന്റെ ഒരു കുന്നില്‍ ശ്രീഭുവനേശ്വരി ക്ഷേത്രവും മറുകുന്നില്‍ കുരിശുമലയും സ്ഥിതി ചെയ്യുന്നു.
പച്ചപ്പ് നിറഞ്ഞ മുട്ടക്കുന്നുകളും അഗാധമായ മലനിരകളുടെ വിദൂര കാഴ്ച്ചയും തണുത്ത കാറ്റും കോടമഞ്ഞും നിറഞ്ഞ കാഴ്ചകളാണ് പാഞ്ചാലിമേടിനെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് വിത്യസ്തമാക്കുന്നത്. തെളിഞ്ഞ അന്തരീക്ഷത്തില്‍ ആലപ്പുഴ ബീച്ചിന്റെയും ലൈറ്റ് ഹൗസിന്റെയും വിദൂര കാഴ്ച്ചയും ഇവിടെ നിന്നും ദൃശ്യമാണ്. ശബരിമല മകരവിളക്ക് ദര്‍ശിക്കാനും ആയിരങ്ങളാണ് ഇവിടെ എത്തുന്നത്.