കുമ്പളങ്ങി നൈറ്റ്സ് എന്ന ഒറ്റച്ചിത്രത്തിലൂടെ ഏവരുടെയും ശ്രദ്ധ ആകർഷിച്ച നടിയാണ് അന്ന ബെൻ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന് യാത്രകളോട് അടങ്ങാത്ത അഭിനിവേശമാണ് ഉള്ളത്. അഡ്വഞ്ചറസ് ട്രിപ്പുകൾ ഏറെ ഇഷ്‌ടപ്പെടുന്ന താരം ഇപ്പോൾ ഒറ്റയ്ക്ക് അങ്ങനെ ഇതുവരെ യാത്രകളൊന്നും നടത്തിയിട്ടില്ലെങ്കിലും പെൺയാത്രകൾ ചെയ്തിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അന്ന ബെൻ ഇക്കാര്യങ്ങൾ തുറന്ന് പറയുന്നത്.
അഹമ്മദാബാദിൽ പ്രോജക്ടിന്റെ ഭാഗമായി പോയതാണ് ഒരിക്കലും മറക്കാനാകാത്ത യാത്രാനുഭവം. ഞാനും ഒരു സുഹൃത്തും കൂടി. എന്നാൽ ചില കാരണങ്ങളാൽ പ്രൊജക്ടിന്റെ വർക്ക് നടന്നില്ല. അപ്പോൾ പുറത്തൊക്കെ ഒന്ന് കറങ്ങിയടിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾ രണ്ട് പെൺകുട്ടികൾ. അപ്പോൾ സേഫായ സ്ഥലങ്ങൾ നോക്കുന്നതിനായി ഗൂഗിളിലൊക്കെ സെർച്ച് ചെയ്തു. അങ്ങനെ ഓൾഡ് സിറ്റി സൈറ്റ് സീയിങ്ങിനു പോകാമെന്ന് തീരുമാനിച്ചു. ഗൂഗിളിൽനിന്ന് അതിന്റെ വിവരങ്ങളും ഒരു ഗൈഡിന്റെ നമ്പറുമൊക്കെ സംഘടിപ്പിച്ചു. ഒരു പ്രായമായ ചേട്ടനായിരുന്നു ഗൈഡ്. അദ്ദേഹം എല്ലായിടത്തും ഞങ്ങളെ കൊണ്ടുപോയി. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നാണത്. ഓരോ കാര്യവും വളരെ വ്യക്തമായി വിശദീകരിച്ചുതന്നു. ഞങ്ങൾ ഒറ്റയ്ക്ക് ആണെന്ന തോന്നൽ ഒട്ടുമുണ്ടായില്ല എന്നുവേണം പറയാൻ. എനിക്ക് ഈ ചരിത്രപരമായ സ്ഥലങ്ങളൊക്കെ കാണുന്നത് വലിയ താൽപര്യമുള്ള കാര്യമാണ്. അന്ന് കിട്ടിയ ആ അവസരം എനിക്ക് സമ്മാനിച്ചത് കുറേയേറെ നല്ല ഓർമകളാണ്.
രാത്രിയിൽപ്പോലും ഒരു പേടിയുമില്ലാതെ സ്വതന്ത്രരായി നടക്കാൻ ഞങ്ങൾക്ക് അന്ന് സാധിച്ചു.ഓൾഡ് സിറ്റിക്കകത്ത് ഒരു ബസാറുണ്ട്. പകൽ പച്ചക്കറി മാർക്കറ്റാണെങ്കിൽ രാത്രി അവിടം ഫുഡ് ബസാറാണ്. പാതിരാത്രി ഒരുമണിയ്ക്കും രണ്ട് മണിക്കുമെല്ലാം സ്ത്രീകളും കുട്ടികളുമൊക്കെ പാട്ടും കളികളുമൊക്കെയായി ഫ്രീയായിട്ടിരിക്കുന്ന ഒരു ബസാർ. ആ രാത്രി യാത്ര മറക്കാനാവില്ല. ഞങ്ങൾ ഒറ്റയ്ക്ക് ഒരു പരിചയമില്ലാത്ത സ്ഥലത്താണെന്ന തോന്നൽ പോലും ഉണ്ടായില്ല. ഹാപ്പിയായി എൻജോയ് ചെയ്താണ് ഞങ്ങൾ ആ രാത്രിയിൽ അവിടെ നടന്നത്.
പറ്റുമെങ്കിൽ ഒരിക്കലെങ്കിലും എല്ലാവരും ഹിമാലയം ഒന്നുകാണണമെന്നാണ് എന്റെ അഭിപ്രായം. അങ്ങോട്ടുള്ള യാത്ര നമുക്ക് ജീവിതത്തിൽ നേടാനാകുന്ന അനുഭവങ്ങളുടെ ഒരു സമ്പത്താണ്. 7 പേരടങ്ങുന്ന ഒരു ഗ്രൂപ്പിനൊപ്പമാണ് ഞാൻ ഹിമാചലിൽ പോയത്. അതിൽ ഞങ്ങൾ മൂന്ന് പെൺകുട്ടികളാണ് ഉണ്ടായിരുന്നത്. വല്ലാത്തൊരു അനുഭവമാണ് ആ യാത്ര സമ്മാനിച്ചത്. പുറത്തൊക്കെ ഒരുപാട് സ്ഥലങ്ങളിൽ കുടുംബത്തോടൊപ്പം പോയിട്ടുണ്ടെങ്കിലും ഈ യാത്ര എന്നെ സംബന്ധിച്ച് സ്പെഷൽ ആണ്. ഹിമാചലിൽ പോയിട്ടുള്ളവരൊക്കെ പറയുന്നത് അതൊരു ലൈഫ് ചെയ്ഞ്ചിങ് എക്സ്പീരിയൻസാണ് എന്നാണ്, ആദ്യമൊക്കെ അത് കേൾക്കുമ്പോൾ ഞാൻ കരുതിയിട്ടുണ്ട് ചുമ്മാ പറയുന്നതാണെന്ന്. എന്നാൽ അവിടെ ചെന്നതോടുകൂടി അത് തിരുത്തേണ്ടിവന്നു. നമ്മുടെ ജീവിതകാഴ്ചപ്പാടുകൾ മാറ്റിക്കുറിക്കുന്നൊരു ട്രിപ്പായിരിക്കും ഹിമാചലിലേയ്ക്കുള്ളത്.
ഡൽഹിയിൽനിന്നു റോഡ് ട്രിപ്പായിരുന്നു. ബേസ്ക്യാംപിൽ നിന്നു പിന്നെ ട്രെക്കിങ്ങായിരുന്നു. 20 കിലോമീറ്ററോളം ട്രെക്ക് ചെയ്താണ് ക്യാംപ് ഏരിയയിൽ എത്തിയത്. മൂന്നുദിവസമെടുത്തു മുകളിലെത്താൻ. ദിവസവും രാത്രി ക്യാംപ് ചെയ്താണ് പോകുന്നത്. അങ്ങനെ മൂന്ന് ദിവസം താഴോട്ടിറങ്ങാനും എടുത്തു. രാത്രിയിലെ ക്യാംപിങ് എന്നുപറയുന്നത് പറഞ്ഞറിയിക്കാനാവാത്ത ഫീലാണ്. തണുത്തുറഞ്ഞ അന്തരീക്ഷത്തിൽ ആകാശത്തിന് കീഴെ നക്ഷത്രങ്ങളെ കണ്ടുകൊണ്ടൊരു രാത്രി. പിന്നേറ്റ് രാവിലെ നമ്മൾ തന്നെ വിറകൊക്കെ പെറുക്കികൊണ്ടുവന്ന് തീകൂട്ടി ഭക്ഷണമൊക്കെ പാകം ചെയ്തു കഴിക്കണം. അതൊക്കെ ശരിക്കും എൻജോയ് ചെയ്യാൻ സാധിച്ചു. വേറെയും ട്രെക്കേഴ്സ് അന്ന് ഉണ്ടായിരുന്നുവെങ്കിലും ഞങ്ങൾ മാത്രമായിരുന്നു സ്ത്രീകൾ. ഞങ്ങളുടെ സഹായത്തിനായി രണ്ട് പഹാഡികളും ഉണ്ടായിരുന്നു. അവരാണ് നമ്മുക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സഹായമൊക്കെ ചെയ്തുതന്നതും മറ്റ് മാർഗ്ഗനിർദ്ദേശങ്ങളുമൊക്കെ തന്നത്.
ഞാൻ പോയ സമയത്ത് രാത്രി തണുപ്പ് മൈനസ് രണ്ടൊക്കെയായിരുന്നു. ഫ്രണ്ട്സുമൊത്താകുമ്പോൾ നമ്മൾ ആ തണുപ്പൊക്കെ മറക്കും. ശരിക്കും ബുദ്ധിമുട്ടുള്ളൊരു ട്രെക്കിംഗ് ആണത്. എന്നാൽ അതിനോട് താൽപര്യം ഉണ്ടെങ്കിൽ ഈസിയായി ചെയ്യാം. ഞങ്ങൾ പോയത് ഒരു ഓഫ് ട്രാക്ക് ട്രെക്കിങ് ആയിരുന്നു. കസോളിൽ നിന്നു കുറേ ഉള്ളിലേക്കു കയറി അധികം ടൂറിസ്റ്റുകളൊന്നും പോകാത്ത ഒരു വഴിയായിരുന്നു അത്. അങ്ങനെയൊരു പ്ലാൻ ഞങ്ങൾ സ്വയമെടുത്തതാണ്. ആരുമധികം പോകാത്ത വഴികളിലൂടെ പോകുമ്പോൾ നമുക്ക് മാത്രം വീണുകിട്ടുന്ന കാഴ്ചകളുണ്ടാകും.
ഒത്തിരി യാത്രകൾ നടത്തണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. നമ്മുടെ ലോകത്തിന്റെ വലുപ്പം വച്ച് നോക്കുമ്പോൾ ഞാൻ ഒട്ടും യാത്ര ചെയ്തിട്ടില്ല. അതുകൊണ്ട് കുറേ ട്രിപ്പ് പോകണമെന്നുതന്നെയാണ് ആഗ്രഹം. ഈ വർഷം ഫ്രണ്ട്സുമൊത്ത് യാത്രകളും ട്രെക്കിങ്ങുമൊക്കെ പ്ലാൻ ചെയ്തതായിരുന്നു. പക്ഷേ എല്ലാത്തിനും ലോക് വീണതിനാൽ അതൊക്കെ അടുത്ത വർഷം നടത്തണം. പിന്നെ അമ്മയ്ക്കൊപ്പം കുറച്ച് ട്രാവൽ ചെയ്യണമെന്നുണ്ട്. അപ്പയേക്കാളും അമ്മയാണ് യാത്രകൾ കൂടുതൽ ഇഷ്ടപ്പെടുന്നയാൾ. അതുകൊണ്ട് സമയം കിട്ടുന്നതിനനുസരിച്ച് എന്റെ യാത്രാപുസ്തകത്തിൽ കൂടുതൽ കാഴ്ചകളും അനുഭവങ്ങളും കൂട്ടിച്ചേർക്കാൻ ഞാൻ ശ്രമിക്കും.