ഒടുവില്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വീഡിയോ വിപ്ലവം അരങ്ങിലെത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് തുല്യമായ രീതിയില്‍ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വീഡിയോ സര്‍വീസ് ഇപ്പോള്‍ ആന്‍ഡ്രോയിഡില്‍ ലഭ്യമാണ്. കമ്പനിയുടെ ആപ്ലിക്കേഷനിലാണ് സ്ട്രീമിങ് ലഭ്യമാവുക. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തവര്‍ക്ക് വെബ് ബ്രൗസറിലും വീഡിയോ കാണാന്‍ സാധിക്കും.
നിലവില്‍ വീഡിയോ സ്ട്രീമിങ് സൗജന്യമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. നിലവില്‍ സ്ട്രീം ചെയ്യുന്ന വീഡിയോകളില്‍ പരസ്യങ്ങളില്ല എന്നതാണ് ആകര്‍ഷകമായ കാര്യം. ടെക്ക് രംഗത്ത് തരംഗം സൃഷ്ടിച്ച ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാര്‍ എന്നീ വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളുടെ സമാനമായ മാതൃകയിലാണ് ഈ വീഡിയോയും പ്രവര്‍ത്തിക്കുന്നത്.
നിങ്ങള്‍ക്കും കാണാം ഫ്‌ളിപ്പ്കാര്‍ട്ട് വീഡിയോ
ഫളിപ്പ് കാര്‍ട്ട് ആപ്ലിക്കേഷന്റെ ഇടത് വശത്തെ സൈഡ് മെനു തുറന്ന് കഴിഞ്ഞാല്‍ നാലാമതായി വീഡിയോ സെക്ഷന്‍ കാണുവാന്‍ സാധിക്കും. ഇതിന് പുറമേ ഐഡിയാസ് എന്ന പുതിയ സെക്ഷനും ഫ്‌ളിപ്കാര്‍ട്ട് ആരംഭിച്ചിട്ടുണ്ട്. ആന്‍ഡ്രോയ്ഡ് 6.17 എന്ന ആപ്ലിക്കേഷന്‍ വെര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്തവര്‍ക്കാണ് ഇപ്പോള്‍ സേവനം ഉപയോഗിക്കുവാന്‍ കഴിയുക.
ഡൈസ് മീഡിയ, ടിവിഎഫ്, വൂട്ട്, അറേ എന്നീ വീഡിയോ നിര്‍മ്മാതാക്കളുടെ വീഡിയോകളും, ചില ബോളിവുഡ് സിനിമകളുമാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. എക്സ്‌ക്ലൂസീവ് വീഡിയോകള്‍ വന്നു തുടങ്ങിയിട്ടില്ല. വീഡിയോ സേവനത്തോട് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നതെങ്കില്‍ സ്വന്തം വീഡിയോകള്‍ നിര്‍മ്മിക്കാന്‍ ആണ് പദ്ധതി.
ഹിന്ദി വീഡിയോകളാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്ന പ്രധാന കണ്ടന്റ്. ചില തമിഴ്, കന്നഡ വീഡിയോകളും ലഭ്യമാകുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉള്ളടക്കം ഫ്‌ളിപ്പ്കാര്‍ട്ട് വീഡിയോയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.