ഓണ്‍ലൈന്‍ ഷോപ്പിംഗ് വ്യാപകമായതോടെ ഹോളി ഉത്സവകാലത്ത് നേട്ടമുണ്ടാക്കി ഇ-കൊമേഴ്സ് കമ്പനികള്‍. ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളായ മീഷോ, ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് എന്നിവയുടെ വില്‍പ്പനയാണ് കുതിച്ചുയര്‍ന്നത്. അതിവേഗം വളരുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ, മാര്‍ച്ച് 4-6 വരെയുള്ള മൂന്ന് ദിവസത്തെ ഹോളി സെയില്‍ ഇവന്റില്‍ 14 ദശലക്ഷത്തിലധികം ഓര്‍ഡറുകളാണ് നേടിയത്.
രാജ്യത്തെ ഏറ്റവും വലിയ ഉത്സവ ഷോപ്പിംഗ് സീസണായ ദീപാവലി കാലത്തെ വില്‍പ്പനയേക്കാള്‍ കൂടുതലാണിത്. ''അടുത്തിടെ സമാപിച്ച ഹോളി സെയ്ല്‍ ഇവന്റ് ഞങ്ങള്‍ക്ക് ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു. കേവലം മൂന്ന് ദിവസത്തിനുള്ളില്‍ 14 ദശലക്ഷം ഓര്‍ഡറുകളാണ് നേടിയത്. ഈ ഡിമാന്‍ഡിന്റെ 80 ശതമാനവും ടയര്‍ 2+ നഗരങ്ങളില്‍ നിന്നാണ്'' മീഷോ സിഎക്സ്ഒ ഉത്കൃഷ്ട കുമാര്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഫ്‌ലിപ്പ്കാര്‍ട്ടിന്റെ സോഷ്യല്‍ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷോപ്പ്‌സിയും ആദ്യ ഹോളി സീസണില്‍ നേട്ടമുണ്ടാക്കി. കളറുകളുടെ വില്‍പ്പനയില്‍ അഞ്ചിരട്ടിയോളം വര്‍ധനവാണ് ഈ ദിവസങ്ങളിലുണ്ടായത്. വസ്ത്രങ്ങളുടെ വില്‍പ്പനയില്‍ രണ്ട് മടങ്ങ് കുതിപ്പാണ് രേഖപ്പെടുത്തിയത്. ഹോളി ഡെക്കറേഷന്‍ ഐറ്റംസില്‍ 25 മടങ്ങും, ഹോളി ക്രാക്കേഴ്സില്‍ 21 മടങ്ങും ഓര്‍ഡറുകളാണ് ഷോപ്പ്‌സി നേടിയത്.
ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ഹോളി വില്‍പ്പന ലക്ഷ്യമിട്ട് ഒരു ഹോളി ഷോപ്പിംഗ് സ്റ്റോറും സജ്ജീകരിച്ചിട്ടുണ്ട്. ആമസോണില്‍ നിന്നുള്ള ഏറ്റവും പുതിയ ഉപകരണങ്ങളായ കിന്‍ഡില്‍ (10 ജനറേഷന്‍), അലക്‌സയുള്ള സ്മാര്‍ട്ട് സ്പീക്കര്‍, ഫയര്‍ ടിവി സ്റ്റിക്ക് എന്നിവയും വിലക്കുറവില്‍ ലഭ്യമാണ്. ഇന്ത്യയിലെ കമ്മ്യൂണിറ്റി ഗ്രൂപ്പ് ബയിംഗ് (സിജിബി) മോഡലിന് തുടക്കമിട്ട സോഷ്യല്‍ കൊമേഴ്‌സ് സ്ഥാപനമായ ഡീല്‍ഷെയര്‍, കഴിഞ്ഞവര്‍ഷത്തേക്കാള്‍ 10 മടങ്ങ് വില്‍പ്പനയാണ് ഈ പ്രാവശ്യം ഹോളി വില്‍പ്പനയില്‍ നേടിയത്.