ലോകത്തില്‍ തന്നെ ഏറ്റവും മൂല്യമേറിയ വാഹനനിര്‍മ്മാതാക്കളില്‍ ഒന്നാണ് ടെസ്ല. ഇന്ത്യയിലും ടെസ്ലയുടെ വാഹനത്തിന് ആരാധകര്‍ ഏറെയാണ്. എന്നാല്‍ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചെങ്കിലും അത് നീണ്ടു പോകുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വാഹനപ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവിട്ടിരിക്കുന്നത്.
ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള പ്രവര്‍ത്തനം അടുത്ത വര്‍ഷത്തോടെ ആരംഭിക്കുമെന്നാണ് വ്യക്തമാകുന്നത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് നിതിന്‍ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വര്‍ഷാരംഭത്തോടെ ടെസ്ല ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് നിതിന്‍ ഗഡ്കരി പറയുന്നു.
ആദ്യ ഘട്ടത്തില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ വിപണിയില്‍ എത്തിച്ചായിരിക്കും കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുക. ലാഭകരമാണെന്ന് കണ്ടാല്‍ നിര്‍മ്മാണ ശാല ആരംഭിക്കുന്നതിനെ പറ്റി ആലോചിക്കുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കുന്നു. കൂടാതെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ ഒന്നാം നമ്പര്‍ വാഹനനിര്‍മ്മാണ കേന്ദ്രമായി മാറുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, മറ്റ് വിദേശ വിപണികളെ പോലെ ഡീലര്‍മാരെ നിയമിക്കുന്നതിന് പകരം കാറുകള്‍ നേരിട്ടായിരിക്കും ടെസ്ല വില്‍ക്കുക. നാല് വര്‍ഷം മുമ്പ് തന്നെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ടെസ്ല താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ രാജ്യത്തെ വൈദ്യുത വാഹന ബാറ്ററി ചാര്‍ജിംഗ് മേഖലയിലെ അടിസ്ഥന സൗകര്യത്തിന്റെ അപര്യാപ്തതയെ തുടര്‍ന്ന് പ്രവേശനം നീണ്ടു പോകുകയായിരുന്നു.