വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങളാകുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് സൈനിക ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം. സെന്യത്തിന്റെ മിലിട്ടറി ഓപറേഷന്‍സ് ഡയറക്ടറേറ്റാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. വിരമിച്ച സൈനികരുടെ ഗ്രൂപ്പുകളില്‍ പോലും അംഗങ്ങളാകരുതെന്നാണ് നിര്‍ദേശം.
ജൂണ്‍ 24ന് പുറപ്പെടുവിച്ച പുതിയ നയപ്രകാരം സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ അംഗങ്ങളായുള്ള ഗ്രൂപ്പുകളില്‍ മാത്രമേ സൈനിക ഓഫീസര്‍മാര്‍ അംഗങ്ങളാകാന്‍ പാടുള്ളു. മറ്റ് ഗ്രൂപ്പുകളില്‍നിന്ന് സൈനിക ഓഫീസര്‍മാര്‍ പുറത്തുവരണം. സൈനികര്‍ മാത്രമുള്ള ഗ്രൂപ്പാണെങ്കിലും സുരക്ഷാവീഴ്ചയുണ്ടാകുന്നുണ്ടോ എന്ന കാര്യം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം. സൈനികരുടെ പോസ്റ്റിംഗ് സംബന്ധിച്ച വിവരങ്ങള്‍ കുടുംബാംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തരുതെന്നും നിര്‍ദേശമുണ്ട്.
ഓഫീസര്‍മാര്‍ മാത്രം അംഗങ്ങളായ ഗ്രൂപ്പുകളില്‍ പൊതുവായ കാര്യങ്ങള്‍ മാത്രമെ പങ്കുവെക്കാവൂ. ലൊക്കേഷന്‍ മുതലായ അന്വേഷണങ്ങള്‍ക്ക് മിലിട്ടറി ടെലഫോണ്‍ സര്‍വീസ് ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെ വിദേശചാര സംഘടനകള്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് തടയാനാണ് നടപടി.