അപൂര്‍വ നേട്ടം കൈവരിച്ച് ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ ഹ്യുണ്ടായ്. തങ്ങളുടെ കമ്പനി ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന പത്ത് ലക്ഷം എസ്യുവികള്‍ രാജ്യത്തും വിദേശത്തുമായി വിറ്റഴിക്കാന്‍ ഹ്യുണ്ടായിക്ക് സാധിച്ചു. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
2015 ല്‍ പുറത്തിറക്കിയ മിഡ്-സൈസ് എസ്യുവി ക്രെറ്റ ആഭ്യന്തര വിപണിയില്‍ 5.9 ലക്ഷം യൂണിറ്റും കയറ്റുമതി വിപണിയില്‍ 2.2 ലക്ഷം യൂണിറ്റും വിറ്റഴിച്ചതോടെ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. കമ്പനി 2019 ല്‍ അവതരിപ്പിച്ച കോംപാക്റ്റ് എസ്യുവി വെന്യു ഇതിനകം ആഭ്യന്തര വിപണിയില്‍ 1.8 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിക്കുകയും ചെയ്തെന്നും കമ്പനി അറിയിച്ചു.
വിപ്ലവകരമായ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍നിരയിലുള്ള കമ്പനി എന്ന നിലയില്‍, ഞങ്ങള്‍ പുതിയ നാഴികക്കല്ലുകള്‍ സ്ഥാപിക്കുകയും സെഗ്മെന്റുകളിലുടനീളം മാനദണ്ഡങ്ങള്‍ പുനര്‍നിര്‍വചിക്കുകയും ചെയ്യുമെന്ന് ഇന്ത്യയിലെ ഡയറക്ടര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു. ഇന്ത്യയില്‍ രണ്ടര പതിറ്റാണ്ടിലേറെയായി മെയ്ക്ക് ഇന്‍ ഇന്ത്യ വാഗ്ദാനം ഞങ്ങള്‍ പാലിക്കുകയാണ്. ഈ നേട്ടം ഞങ്ങളുടെ ഉല്‍പാദന മികവിനെയും ഇന്ത്യയിലെ ഹ്യുണ്ടായ് ബ്രാന്‍ഡിനോടുള്ള നിരുപാധികമായ പ്രശംസയെയും പ്രതീകപ്പെടുത്തുന്നെന്നും അദ്ദേഹം വ്യക്തമാക്കി.