ഭാരത് ബ്രോഡ്ബാന്‍ഡ് നിഗം ലിമിറ്റഡിനെ (ബിബിഎന്‍എല്‍) നഷ്ടത്തിലായ സര്‍ക്കാര്‍ ടെലികോം ഓപ്പറേറ്ററായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡുമായി (ബിഎസ്എന്‍എല്‍) ലയിപ്പിക്കാന്‍ ധാരണ. ഇതുമായി ബന്ധപ്പെട്ട നപടികള്‍ പുരോഗമിക്കുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഓള്‍ ഇന്ത്യ ഗ്രാജുവേറ്റ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് ടെലികോം ഓഫീസര്‍ അസോസിയേഷന്‍ (എഐജിഇടിഒഎ) സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പികെ പുര്‍വാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബിബിഎന്‍എല്ലിന്റെ കടന്നുവരവ് ബിഎസ്എന്‍എല്ലിന് പുതുജീവന്‍ നല്‍കുമെന്നാണു വിലയിരുത്തല്‍. ലയനത്തോടെ നിലവില്‍ ബിബിഎന്‍എല്‍ രാജ്യത്ത് ഏറ്റെടുത്തിരിക്കുന്ന എല്ലാ ജോലികളും കരാറുകളും ബിഎസ്എന്‍എല്ലില്‍ എത്തും. ലയനവുമായി ബന്ധപ്പെട്ട് കേന്ദ്ര ടെലികോം മന്ത്രിയുമായി ഒരു മണിക്കൂറിലധികം സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഎസ്എന്‍എല്ലിന് നിലവില്‍ രജ്യത്ത് 6.8 ലക്ഷം കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ (ഒഎഫ്‌സി) ശൃംഖലയുണ്ട്. നിര്‍ദ്ദിഷ്ട ലയനത്തോടെ, യൂണിവേഴ്സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ട് (യുഎസ്ഒഎഫ്) ഉപയോഗിച്ച് രാജ്യത്തെ 1.85 ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള 5.67 ലക്ഷം കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ബിഎസ്എന്‍എല്ലിന് ലഭിക്കും.
രാജ്യത്തുടനീളമുള്ള 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ യുഎസ്ഒഎഫ് ഉപയോഗിച്ച് ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിക്കുന്നതിനും എല്ലാ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും വിവേചനരഹിതമായ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നതിനുമായി 2012 ഫെബ്രുവരിയില്‍ രൂപീകരിച്ച സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആണ് ബിബിഎന്‍എല്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ ടെലികോം സേവനങ്ങളുടെ വില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തിന് എട്ടു ശതമാനം ലൈസന്‍സ് ഫീസ് നല്‍കേണ്ടതുണ്ട്. ഇതില്‍ യുഎസ്ഒഎഫിനുള്ള അഞ്ചു ശതമാനം ലെവിയും ഉള്‍പ്പെടുന്നു. എന്നാല്‍ ഒഎഫ്‌സി സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ ബിബിഎന്‍എല്ലില്‍ നിന്നു റൈറ്റ് ഓഫ് വേ ചാര്‍ജ് ഈടാക്കുന്നില്ല. ഇത് ടെലികോം ഓപ്പറേറ്റര്‍മാര്‍ അടയ്‌ക്കേണ്ട ഫീസിനെ അപേക്ഷിച്ച് ഗണ്യമായ തുക ലാഭിക്കാന്‍ സഹായിക്കും. അതായത് ബിഎസ്എന്‍എല്ലിന് ലയനം ഏറെ ഗുണം ചെയ്യും.
ഭാരത്‌നെറ്റ് പ്രോജക്റ്റുകളിലെ ബിഎസ്എന്‍എല്ലിന്റെ മോശം പ്രകടനവും, വന്‍ കുടിശികയും കാരണം നിര്‍ദിഷ്ട ലയനത്തിനു ബിബിഎന്‍എല്ലിലെ ഒരുപറ്റം ജീവനക്കാര്‍ക്കു താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ സര്‍ക്കാരോ, വകുപ്പ് ഉദ്യോഗസ്ഥരോ തയ്യാറായിട്ടില്ല. സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരും യുഎസ്ഒഎഫിലേക്ക് സംഭാവന നല്‍കുന്നുണ്ടെന്നും, ബി.ബി.എന്‍.എല്‍. ആസ്തികള്‍ ബിഎസ്എന്‍എല്ലിനു മാത്രമായി കൈമാറുന്നത് എസ്പിവി ആശയത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുമെന്നും ലയനത്തെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തികാട്ടുന്നു. ഇക്കഴിഞ്ഞ ബജറ്റില്‍ ബിഎസ്എന്‍എല്ലിന് ഏകദേശം 45,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നേരത്തെ ഇത് 24,000 കോടിയായിരുന്നു. നേരത്തെ സ്‌പെക്ട്രത്തിന് മാത്രമായിരുന്നു വകയിരുത്തിയിരുന്നത്. ഇപ്പോള്‍ സ്‌പെക്ട്രം, കാപെക്‌സ് തുടങ്ങിയ മേഖലകളില്‍ നീക്കിയിരിപ്പുകളുണ്ട്. കമ്പനി 4ജി ടെസ്റ്റിങ്ങിന്റെ അവസാന ഘട്ടത്തിലാണെന്നും മേയ്, ജൂണ്‍ മാസത്തോടെ വിതരണം ആരംഭിക്കാനാകുമെന്നും പുര്‍വാര്‍ വ്യക്തമാക്കി.