Latest News

രാജ്യത്തേക്ക് ഇനി 5ജി ചുവട് വയ്ക്കും; 2020തോടെ ഇത് നടപ്പാക്കുമെന്നും ലക്ഷം കോടി ഡോളറിന്റെ വാണിജ്യ അവസരങ്ങള്‍ ഉണ്ടാകുമെന്നും അനുമാനം ;5ജിക്കായി കണ്ടെത്തിയ സ്പെക്ട്രത്തില്‍ നാലു ബാന്‍ഡുകള്‍ ഉടന്‍ പുറത്തു വിടുമെന്നും സൂചന

Malayalilife
രാജ്യത്തേക്ക് ഇനി 5ജി ചുവട് വയ്ക്കും; 2020തോടെ ഇത് നടപ്പാക്കുമെന്നും ലക്ഷം കോടി ഡോളറിന്റെ വാണിജ്യ അവസരങ്ങള്‍ ഉണ്ടാകുമെന്നും അനുമാനം ;5ജിക്കായി കണ്ടെത്തിയ സ്പെക്ട്രത്തില്‍ നാലു ബാന്‍ഡുകള്‍ ഉടന്‍ പുറത്തു വിടുമെന്നും സൂചന

രാജ്യത്ത് 2020തോടെ 5ജി ചുവട് വയ്ക്കും. ഇത് നടപ്പിലാക്കുന്നതിനായി അധിക സ്പെക്ട്രം ലഭ്യമാക്കണമെന്ന് ദൗത്യസംഘത്തിന്റെ ശുപാര്‍ശ. ദൗത്യ സംഘത്തിന്റെ നേതൃത്വത്തിലാണ് 5ജി നടപ്പിലാക്കുന്നത് സംബന്ധിച്ച് രൂപ രേഖ തയാറാക്കുന്നത്. പദ്ധതിയുടെ ആദ്യ വിഹിതം ഈ വര്‍ഷം തന്നെ വകയിരുത്താമെന്നു അറിയാന്‍ സാധിക്കുന്നു.  5ജി സംബന്ധിച്ച പൂര്‍ണ പദ്ധതി റിപ്പോര്‍ട്ടില്‍  ഇത്തരത്തിലുള്ള നിര്‍ദ്ദേശമുണ്ട്.
5ജി നടപ്പാക്കുന്നതിനായി സ്പെക്ട്രം സംബന്ധിച്ച നയം, നിയന്ത്രണ നടപടികള്‍, മറ്റു മാനദണ്ഡങ്ങള്‍ തുടങ്ങിയ മേഖലകള്‍ സംബന്ധിച്ചു വിപുലമായ നിര്‍ദ്ദേശങ്ങളാണ് ദൗത്യസംഘം സമര്‍പ്പിച്ചത്. 5ജി നടപ്പിലാക്കുന്നതിലൂടെ ലക്ഷം കോടി ഡോളറിന്റെ വാണിജ്യ അവസരങ്ങള്‍ ഉണ്ടാകുമെന്നാണ് അനുമാനം. 2020 ഓടെ ഇന്ത്യയില്‍ 5ജി ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. സാധ്യതകളുടെ വലിയ ലോകമാണ് 5ജി തുറക്കുക. ഇത് വലിയതോതില്‍ സാമൂഹികമാറ്റത്തിന് ഉപയോഗപ്പെടുത്താനാകുമെന്ന് ദൗത്യസംഘം അധ്യക്ഷന്‍ പ്രഫ. പോള്‍രാജ് പറഞ്ഞു.

5ജി നടപ്പിലാക്കാനുള്ള വീക്ഷണ രേഖ രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിനൊപ്പം സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ പുരോഗതിക്കും സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തു 5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിനു മുന്നോടിയായി റേഡിയോ തരംഗങ്ങള്‍ (സ്പെക്ട്രം) സംബന്ധിച്ച ശുപാര്‍ശ ടെലികോം മന്ത്രാലയത്തിനു ദൗത്യസംഘം നേരത്തെ സമര്‍പ്പിച്ചിരുന്നു. 600 മെഗാഹെട്സ് മുതല്‍ 37 ജിഗാഹെട്സ് വരെയുള്ള 11 സ്പെക്ട്രം ബാന്‍ഡുകളാണു 5ജി പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്. ദൗത്യസംഘത്തിന്റെ ശുപാര്‍ശ കേന്ദ്ര ടെലികോം മന്ത്രാലയം അംഗീകരിച്ചാല്‍ രാജ്യത്തെ ഏറ്റവും വലിയ സ്പെക്ട്രം വിതരണത്തിനുള്ള സാധ്യതയാണു തെളിയുക. ഏകദേശം 6000 മെഗാഹെട്സ് സ്പെക്ട്രമാണു 5ജി പദ്ധതിക്കായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. 2016 ല്‍ 2354.55 മെഗാഹെട്സ് സ്പെക്ട്രം 5.63 ലക്ഷം കോടി രൂപയ്ക്കാണു വില്‍പന നടത്തിയത്. 5ജി യ്ക്കു വേണ്ടി കണ്ടെത്തിയ സ്പെക്ട്രത്തില്‍ നാലു ബാന്‍ഡുകള്‍ ഉടന്‍തന്നെ പുറത്തുവിടുമെന്നാണു സൂചന. ഇതു കമ്പനികള്‍ പരീക്ഷണ-ഗവേഷണങ്ങള്‍ക്കായിട്ടാകും പ്രയോജനപ്പെടുത്തുക.

മൊബൈല്‍ സര്‍വീസ് എന്നതിനേക്കാള്‍ വിവിധ മേഖലകള്‍ക്കു പ്രയോജനം ലഭിക്കുന്ന വിധത്തില്‍ 5ജി നടപ്പാക്കുകയാണു ലക്ഷ്യം. കൃഷി, ആരോഗ്യം, ഗതാഗതം, ഊര്‍ജം, ഖനനം, ബാങ്കിങ് തുടങ്ങിയ മേഖലകള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ബാങ്കിങ് രംഗത്തു 5ജി പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കായി ഹൈദരാബാദില്‍ ലാബ് ആരംഭിക്കും. റെയില്‍വേ രംഗത്തും ഇതു സംബന്ധിച്ച പരീക്ഷണങ്ങള്‍ വൈകാതെ ആരംഭിക്കും. പുതുതലമുറ മൊബൈല്‍ സാങ്കേതിക വിദ്യയായ 5ജി അതിവേഗത്തിനൊപ്പം കൂടുതല്‍ സ്മാര്‍ട്ടായ ലോകമാണ് സമ്മാനിക്കുക. കൂടുതല്‍ ബാന്‍ഡ്വിഡ്ത്തിനൊപ്പം സ്മാര്‍ട്ട് ഉപകരണങ്ങളുടെ വ്യാപനത്തിനും ഇത് സഹായകമാകും. നാലു വരെയുള്ള(4ജി) മൊബൈല്‍ സാങ്കേതിക തലമുറകള്‍ കൂടുതലും ഹാര്‍ഡ്വെയര്‍ അധിഷ്ഠിതമായിരുന്നെങ്കില്‍ 5ജി സോഫ്റ്റ്വെയര്‍ നിയന്ത്രിതമാണ്.

ഒരു ഉപകരണം മാറ്റാതെ തന്നെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ സോഫ്റ്റ്വെയര്‍ പരിഷ്‌കരണത്തിലൂടെ പുനര്‍നിര്‍ണയിക്കാനാകുന്ന രീതിയാകും ഇതുണ്ടാക്കുക. 100 മെഗാബൈറ്റ് മുതല്‍ ഒരു ജിബി വരെയാണ് 4ജിയില്‍ ഡാറ്റ വേഗമെങ്കില്‍ 5ജിയില്‍ അത് സെക്കന്‍ഡില്‍ ഒന്നു മുതല്‍ 10 ജിഗാബൈറ്റ് വരെയാകും. ഫ്രീക്കന്‍സി അധിഷ്ഠിത ശൃംഖലയായിരുന്നു 4ജി വരെയുള്ള തലമുറകളെങ്കില്‍ സ്പെക്ട്രം അധിഷ്ഠിത സംവിധാനമാണ് 5ജി. സ്പെക്ട്രം താങ്ങാനാകുന്ന വിലയില്‍ ലഭ്യമാവുക, ഫൈബര്‍ ഓപ്റ്റിക് സംവിധാനങ്ങളും ടവറുകളും ഉള്‍പ്പെടെ 5 ജി അധിഷ്ഠിത അടിസ്ഥാന സൗകര്യങ്ങള്‍ വ്യാപിപ്പിക്കാനുള്ള തടസങ്ങള്‍ ഒഴിവാകുക തുടങ്ങിയവയാണ് ഈ രംഗം നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളികളെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

Read more topics: # 5G- New Technology
5G- New Technology

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES