നല്ല ചിരി സൗന്ദര്യത്തിന്റെ അടയാളമാണ്. നല്ല ചിരിക്ക് വേണ്ടത് മനോഹരമായ പല്ലുകളാണ്. ആരോഗ്യമുളള പല്ലുകള്‍ എല്ലാവര്‍ക്കും ഇഷടമാണ്.പല്ലുകളുടെ സംരക്ഷണത്തിന് അത്രമാത്രം പ്രാധാന്യമുണ്ടെന്ന് സാരം. പല്ല് വേദന പോലെ തന്നെ പലരുടെയും പ്രധാന പ്രശ്‌നമാണ് പല്ലുപുളിപ്പ്. ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ പല്ലുപുളിപ്പ് ഉണ്ടാകുന്നു. പലപ്പോഴും ഐസ്‌ക്രീം പോലുള്ള തണുപ്പുള്ള പാനീയങ്ങള്‍ കഴിക്കുമ്പോഴാണ് പല്ലിന് ഇത്തരത്തില്‍ വേദന ഉണ്ടാകുന്നത്. പല്ലിനു സംരക്ഷണം നല്‍കുന്ന ഇനാമല്‍ ഇല്ലാതാകുന്നതാണ് സെന്‍സിറ്റിവിറ്റി ഉണ്ടാക്കുന്നത്. ചവയ്ക്കുമ്പോഴും കടിക്കുമ്പോഴും മറ്റും പല്ലിനെ സംരക്ഷിക്കുന്നത് ഈ ഇനാമലാണ്. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ നിസാരമായി കാണരുത്. സെന്‍സിറ്റിവിറ്റിയെ പ്രതിരോധിക്കാന്‍ ചില വഴികള്‍ നോക്കാം.
വായ വൃത്തിയായി സൂക്ഷിക്കുക..
വായ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വൃത്തിയില്ലാത്ത പല്ലുകളും വായയും കീടാണുക്കളെ വിളിച്ചുവരുത്തും. ഇത് പല്ലിന്റെ വേരുകളെ ബാധിക്കും. അതിനാല്‍ എന്ത് ഭക്ഷണം കഴിച്ചതിന് ശേഷവും വായ നന്നായി കഴുകുക. ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുക
ബ്രഷ് ഉപയോഗിക്കുമ്പോള്‍..
ബ്രഷ് ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. കട്ടിയുള്ള നാരുകളുള്ള ബ്രഷ് ഉപയോഗിക്കുന്നത് പല്ലിന് നല്ലതല്ല. അത്തരം ബ്രഷുകള്‍ കൊണ്ട് ബലം പ്രയോഗിച്ച് പല്ലുതേച്ചാല്‍ അത് പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടുത്തും.
അതിനാല്‍ നൈലോണ്‍ നാരുള്ള ബ്രഷ് ഉപയോഗിക്കുക.
ടൂത്ത് പേസ്റ്റ് തെരഞ്ഞെടുക്കുമ്പോള്‍..
സെന്‍സിറ്റീവായ പല്ലുകള്‍ക്ക് ഡീസെന്‍സിറ്റൈസിങ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതാണ് നല്ലത്. പല്ലിന്റെ പുറംഭാഗത്തും വേരുകളിലും കടന്ന് ചെന്ന് ഇത് സെന്‍സിറ്റിവിറ്റിയെ പ്രതിരോധിക്കുന്നു.
ഭക്ഷണത്തിന്റെ കാര്യം..
ചില ഭക്ഷണങ്ങള്‍ സെന്‍സിറ്റീവായ പല്ലുകളെ നശിപ്പിക്കും. തണുത്തതും അസിഡിക് ഭക്ഷണങ്ങളും പാനീയങ്ങളും നിയന്ത്രിക്കുക. ഐസ്‌ക്രീം ഒട്ടും കഴിക്കരുത്. നാരങ്ങ, ഓറഞ്ച്, മുന്തിരി എന്നിവയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കുകയും പല്ലുകള്‍ കേട് വരാന്‍ വഴിയൊരുക്കുകയും ചെയ്യും. അച്ചാറില്‍ ചേര്‍ക്കുന്ന വിനാഗിരി പല്ലുകളിലെ ഇനാമല്‍ നശിപ്പിക്കുന്നു. പഞ്ചസാര, ആസിഡ് എന്നിവയുടെ മിശ്രിതമാണ് സോഡ . ഇവ പല്ലുകള്‍ക്ക് നല്ലതല്ല എന്ന് മാത്രമല്ല ദന്തക്ഷയം ഉണ്ടാക്കുകയും ചെയ്യും. ഇത്തരം ഭക്ഷണങ്ങള്‍ അധികം കഴിക്കരുത്.
കൃത്യമായ പല്ല് പരിശോധന..
കൃത്യമായ പല്ല് പരിശോധന നടത്തുക. സെന്‍സിറ്റിവിറ്റിയുടെ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ചികിത്സ നടത്തുക.