Latest News

സ്ത്രീ ഏറ്റവും ആഹ്ലാദിക്കേണ്ട ആര്‍ത്തവനാളില്‍ അമ്മയെപ്പോലെ ഒളിച്ചിരിക്കേണ്ടി വന്ന സകല പെണ്ണുങ്ങളോടും മാപ്പ്; ഞാന്‍ തിരിച്ചറിയുന്നു ആ പഴന്തുണികള്‍ നിറഞ്ഞാടേണ്ടത് തിരുമുറ്റത്താണ്; ക്വാറന്റൈന്‍ അഥവാ എന്റെ ആര്‍ത്തവകാലം ....ഞാന്‍ പോസിറ്റീവാണ് ! വിവേക് മുഴക്കുന്ന് എഴുതുമ്പോൾ

Malayalilife
സ്ത്രീ ഏറ്റവും ആഹ്ലാദിക്കേണ്ട ആര്‍ത്തവനാളില്‍ അമ്മയെപ്പോലെ ഒളിച്ചിരിക്കേണ്ടി വന്ന സകല പെണ്ണുങ്ങളോടും മാപ്പ്; ഞാന്‍ തിരിച്ചറിയുന്നു ആ പഴന്തുണികള്‍ നിറഞ്ഞാടേണ്ടത് തിരുമുറ്റത്താണ്;  ക്വാറന്റൈന്‍ അഥവാ എന്റെ ആര്‍ത്തവകാലം ....ഞാന്‍ പോസിറ്റീവാണ് ! വിവേക് മുഴക്കുന്ന് എഴുതുമ്പോൾ

ക്വാറന്റൈന്‍

അഥവാ
എന്റെ ആര്‍ത്തവകാലം ....
ഞാന്‍ പോസിറ്റീവാണ് !-

കിഴക്കേമഠത്തിലെ പടിഞ്ഞിറ്റയുടെ ജനലിലൂടെയാണ് ഞാന്‍ ആദ്യമായി പഴന്തുണികളുടെ ചന്തമറിയുന്നത്. തറവാടിന്റെ പിറകിലെ വിറകുപുരയുടെ ഞാലിയില്‍ അവയങ്ങനെ ഇളകിയാടും. എപ്പോഴുമില്ല, അമ്മ അവിടെ കൂടാന്‍ പോകുന്ന ദിവസങ്ങളില്‍ മാത്രം !

ആ നാളുകളില്‍ അമ്മയ്ക്ക് സമ്ബര്‍ക്ക വിലക്കാണ്. പുകയേറ്റ് വികാരമറ്റ വോയല്‍ സാരിക്കുള്ളില്‍ അമ്മ ഒളിച്ചിരിക്കും. ഇടയ്ക്ക് ആരെങ്കിലും ഒട്ടിയ സ്റ്റീല്‍ പ്ലേറ്റില്‍ ഭക്ഷണം വച്ചുകൊടുക്കും. കഴിച്ചാലും ഇല്ലെങ്കിലും അമ്മ പാത്രം കഴുകി കമഴ്‌ത്തും. ചോട്ടു മുയലിന് കാരറ്റിനടുത്തേക്ക് പലവട്ടം വഴികാട്ടിയ നാലാം ക്ലാസുകാരന്‍ അമ്മയ്ക്ക് തന്നിലേക്കെത്താന്‍ വഴി പറഞ്ഞുകൊടുക്കാനാകാതെ കരയും. അച്ഛനെ പറ്റിക്കിടക്കുമ്ബോള്‍ ഉള്ളില്‍ തീയാളും. പൊള്ളിയ ചോദ്യങ്ങളും .

- അമ്മയ്ക്ക് രോഗമാണോ ?
- അമ്മയെ തൊട്ടാല്‍ രോഗം പകരുമോ ?
- അമ്മയ്ക്ക് രുചി നഷ്ടപ്പെട്ടിരിക്കുമോ ?
- ഒരു മുറ്റത്തിന്റെ മാത്രം അകലത്തില്‍ കഴിയുന്ന മക്കളെ കാണാനാകാതെ അമ്മ കരയുന്നുണ്ടാകുമോ ?
- വലിയ സ്‌നേഹമുള്ള അച്ഛന്‍പോലും തിരിഞ്ഞുനോക്കാത്തതില്‍ അമ്മ തകര്‍ന്നിരിക്കുമോ ?
- ആരും അമ്മയെ എന്തുകൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകാത്തത് ?

പ്രിയപ്പെട്ട അമ്മേ, എനിക്ക് കോവിഡായിരുന്നു. ഇതാ നെഗറ്റീവായതേയുള്ളൂ. ഞാന്‍ ഇവിടെ കൊച്ചിയിലെ വീട്ടില്‍ എന്റെ മുറിയില്‍ ഒറ്റയ്ക്കായിരുന്നു കുറച്ചുനാള്‍. എങ്കിലും യാതൊരു കുറവും ഉണ്ടായിരുന്നില്ല. രുചി നഷ്ടപ്പെടാതിരുന്നതിനാല്‍ നാലും അഞ്ചും നേരം സമൃദ്ധമായി ഭക്ഷണം കഴിച്ചു. സിനിമ കണ്ടു; പുസ്തകം വായിച്ചു. എന്നിട്ടും ഓരോ നിമിഷവും ഞാനമ്മയെ കുറിച്ചോര്‍ക്കുകയായിരുന്നു. കള്ളന്റെ കരുതലോടെ വാതിലിന്റെ വിജാഗിരിയുടെ വിടവിലൂടെ എന്റെ മോനെ, എന്റെ ശ്വേതയെ ഇടയ്ക്കിടെ നോക്കും. അപ്പോള്‍ പൊട്ടിക്കരയാന്‍ തോന്നും. ഒന്ന് പുറത്തിറങ്ങി അവരെ കെട്ടിപ്പിടിക്കാന്‍ കൊതിക്കും. പക്ഷേ, ജാഗ്രതയോര്‍ത്ത് വാതിലടയ്ക്കും; വീണ്ടും കട്ടിലിലേക്ക് വീഴും. കത്തിച്ചു കളയാനായി ഉപയോഗശൂന്യമായ സാനിറ്ററി നാപ്കിന്‍സ് എടുത്തുവയ്ക്കുന്ന അതേ സൂക്ഷ്മതയോടെ ഞാന്‍ എന്റെ വസ്ത്രങ്ങളെടുത്തുവച്ചു; ക്ഷീണം വിശ്രമിക്കാന്‍ പോകുമ്ബോള്‍ ഞാനവ കഴുകും.

ഒളിച്ചിരുന്ന നാലഞ്ചുദിവസങ്ങളില്‍ അമ്മ ജീവിച്ച ജീവിതത്തിന്റെ ലക്ഷത്തിലൊരംശം പോലും ഈ പതിനേഴുദിവസങ്ങളില്‍ ഞാന്‍ അനുഭവിച്ചിട്ടില്ല. എങ്കിലും ഒറ്റപ്പെടുന്നതിന്റെ വേദനയോര്‍ത്ത് കരയാന്‍ കഴിഞ്ഞു. എന്നെ ഒറ്റപ്പെടുത്തിയത് വ്യാധിയാണ്. അമ്മയെ ഒറ്റിയതും ഒറ്റപ്പെടുത്തിയതും പേരില്ലാത്ത മഹാവ്യാധിയും !

സ്ത്രീ ഏറ്റവും ആഹ്ലാദിക്കേണ്ട ആര്‍ത്തവനാളില്‍ അമ്മയെപ്പോലെ ഒളിച്ചിരിക്കേണ്ടി വന്ന സകല പെണ്ണുങ്ങളോടും മാപ്പ്. ഞാന്‍ തിരിച്ചറിയുന്നു ആ പഴന്തുണികള്‍ നിറഞ്ഞാടേണ്ടത് തിരുമുറ്റത്താണ്, നിന്നെയും എന്നെയും പെറ്റ ഈ വീടിന്റെ പൂമുഖത്ത്.
-
ഉമ്മ അമ്മേ.
വിവേക് മുഴക്കുന്ന്

(ലേഖകന്‍ ഫേസ്‌ബുക്കില്‍ കുറിച്ചതാണ് ഇത്)

vivek muzhukunna note about covid positive

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES