അയ്യപ്പൻ പിള്ള വീടിന്റെ കോലായിൽ ചാരിയിരുന്നു.
നേരം പുലർന്നുവരുന്നതേയുള്ളൂ. രാത്രിയിലെ ബാക്കിവന്ന ഉറക്കം മുഖത്ത് നേർത്ത പാടപോലെ പടർന്നുകിടക്കുന്നു. കാതിൽ വന്നലയ്ക്കുന്ന കിളികളുടെ കളകളനാദം. മാരുതന്റെ തലോടലേൽക്കുമ്പോൾ കുണുങ്ങുന്ന മരച്ചില്ലകൾ നോക്കിയിരിക്കെ ഒരു ഓളപ്പരപ്പിലെന്നപോലെ ചിന്തകൾ മനസ്സിൽ ആടിയുലയുകയാണ്.
വേലിയേറ്റം.
എന്തൊരു ശോഭയാണ് ആ മുഖത്തിന്?! ആദ്യ കാഴ്ചയിൽ തന്നെ മനസ്സിൽ അതൊരു പ്രതിഷ്ഠപോലെയായി. ആ മുഖം കണ്ടമാത്രയിൽ അവർണ്ണനീയമായ ആനന്ദം മനസ്സിലേക്ക് കുതിച്ചുയർന്നു. ഉയർന്നുയർന്ന് അങ്ങ് സഹ്യനോളം... അതിനുമപ്പുറം ആകാശത്തോളം.
ആ കരങ്ങളിൽ ഒന്ന് സ്പർശിച്ചപ്പോൾ, ആശ്ലേഷത്താൽ ആ നെഞ്ചിലെ ചൂട് പടർന്നപ്പോൾ...ഞാൻ ഞാനല്ലതായിത്തീരുകയായിരുന്നു. അദ്വൈതാശ്രമം നൽകിയത് ഇതുവരെ അനുഭവിക്കാത്ത എന്തോ ഒരു ആനന്ദ നിർവൃതിയാണ്.
'ഗുരോ.. എനിക്കിക്കും അങ്ങയുടെ ഒപ്പം കൂടണം ' ആ മന്ത്രണം കേട്ട് നാരായണ ഗുരു സൂഷ്മതയോടെ നോക്കി. ആ നോട്ടം, മന്ദസ്മിതം , കരലാളനം എല്ലാം അനുഭവിച്ചറിയേണ്ടതാണ്.
പരമേശ്വരപുത്രൻ യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ തിരഞ്ഞെടുത്ത കഥ കേട്ടിട്ടുണ്ട്. ഒന്നുമില്ലാത്തവർ, അർദ്ധപട്ടിണിക്കാരായ മുക്കുവന്മാർ. പുറകെ ചെന്ന് തിരഞ്ഞുപിടിച്ച് ശിഷ്യന്മാരാക്കിയ കഥ. എന്നാൽ ഇവിടെ നേരെ തിരിച്ചാണ് സംഭവിച്ചത്!
'ഗുരോ... എന്നെയും കൂടെകൂട്ടൂ..'
യാചനയായിരുന്നു. നിഗൂഢതകൾ ഒളിപ്പിച്ച മന്ദഹാസം നൽകി ഗുരുവിന്റെ മറുപടി,
'വീട്ടിൽ ചെന്ന് അനുവാദം വാങ്ങിവരൂ..'
ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചില്ല. ഇതുപോലെ മാനസിക സംഘർഷങ്ങളുടെ ഒരു രാവ് ഇന്നുവരെ ഉണ്ടായിട്ടുമില്ല. ചുറ്റും ചിന്തകളുടെ വേലിയേറ്റം മാത്രം. ശരീരമാകുന്ന പായ്ക്കപ്പൽ ചിന്തകളുടെ ചുഴിയിൽ വീണ പ്രതീതി. അയ്യപ്പൻ പിള്ള എല്ലാം ഇട്ടെറിഞ്ഞ് നാരായണഗുരുവിന്റെ അടുത്തേക്ക് ഓടിപ്പോയാൽ? എതിർപ്പുകൾ ഒന്നല്ല, ഒട്ടനവധിയാണ്. വീട്, ബന്ധുമിത്രാദികൾ, സുഹൃത്തുക്കൾ.. പിണങ്ങേണ്ടതും വെറുപ്പ് സമ്പാദിക്കേണ്ടതും ഒന്നിലേറെയിടങ്ങളിൽ നിന്നുമാണ്. അതുനുമാത്രം അയ്യപ്പൻ പിള്ളയ്ക്ക് ആവതുണ്ടോ?
ചുഴിയിൽക്കിടന്ന് മുകളിലേക്ക് നോക്കിയപ്പോൾ അമ്മ!
പാലൂട്ടി വളർത്തി ഈ നിലയിൽ എത്തിച്ച അമ്മയോടുള്ള കടപ്പാട് ഒരു വലിയ ചോദ്യചിഹ്നം വരച്ചിടുന്നു. ഒരായിരം സ്വപ്നങ്ങൾ മകനെപ്രതി കണ്ടുകഴിയുന്ന മാതാവിനോട് എങ്ങനെ പറയും എല്ലാം ഇട്ടെറിഞ്ഞ് പോവുകയാണെന്ന്? വേർപാട് മാത്രമല്ല, പ്രതീക്ഷകളുടെ കരിന്തിരികത്തൽ കൂടിയാണല്ലോ ഇത്രമേൽ വേദന തരുന്നത്.
അയ്യപ്പൻ പിള്ള എണീട്ടു. മുറ്റത്ത് മാവിന്റെ ഇളം ചില്ലകളെ മാരുതൻ ഇക്കിളിയിട്ട് തിരിഞ്ഞുനോക്കിയിട്ട് പറയുന്നു. 'പോകൂ..'
കലുഷിതമനസ്സോടെ അമ്മയുടെ അടുത്തെത്തി അയ്യപ്പൻപിള്ള കരം ഗ്രഹിച്ചു. മകന്റെ മനസ്സിലെ താപം അമ്മയ്ക്ക് ഉൾക്കണ്ണാൽ വെളിവായപോലെ. ആ കൈകളിൽനിന്നും പ്രസരിക്കുന്ന ഇളം ചൂടിൽ അപ്പാടെ നിറഞ്ഞുനിന്നത് സ്വാന്തനം മാത്രമായിരുന്നു.
'എന്താണ് നിനക്ക് പറ്റിയത്? അകെ വിഷമിച്ചപോലെ..?'
'അമ്മേ ...' അത്രയും പറയുമ്പോഴേക്കും വാക്കുകൾ വിറച്ചിരുന്നു. പിന്നെയൊരു ആലിംഗനമായിരുന്നു. ഇനിയൊരിക്കലും ലഭിക്കാനിടയില്ലാത്ത മാതൃത്വത്തിന്റെ പുൽകിയുണർത്തൽ. നാലുകണ്ണുകളിൽ നിന്നും ധാരധാരയായി കണ്ണുനീർ ഒഴുകികൊണ്ടേയിരുന്നു. നാലുകണ്ണുകളിൽ നിന്നും വേദനയുടെ ഉപ്പുരസം ഒലിച്ചിറങ്ങി.
അമ്മ പറഞ്ഞു, 'പോകൂ,... പോയ്വരൂ... ഗുരു നിന്നെ വിളിക്കുന്നു'
അയ്യപ്പൻ പിള്ള ഞെട്ടി. അമ്മയിതെങ്ങനെ അറിഞ്ഞു?!
പടിയിറങ്ങി നടന്നുപോകുന്ന മകനെ ഒരു ബുദ്ധ ഭിക്ഷുവിനെപ്പോലെ കാണാനേ ആ അമ്മയ്ക്ക് സാധിച്ചുള്ളൂ. വെറും കയ്യോടെയെങ്കിലും വിലയേറിയതെന്തൊക്കെയോ നേടാനുള്ള യാത്രയാണിത്. അത് തടയാൻ പാടില്ല. വിഷാദമെങ്കിലും വിരഹം നൽകിയ വേദനയ്ക്ക് മുകളിൽ മന്ദസ്മിതത്തിന്റെ മൂടുപടം അവർ വാശിയോടെ വലിച്ചിട്ടിരുന്നു.
ആ യാത്രയിൽ അയ്യപ്പൻ പിള്ളയുടെ മനസ്സിൽ നിറഞ്ഞുനിന്നത് മുക്കുവരോട് പരമേശ്വരപുത്രൻ പറഞ്ഞ വചനമായിരുന്നു.
'വരൂ.. നിങ്ങളെ ഞാൻ മനുഷ്യരെ പിടിക്കുന്നവരാക്കാം'
മലയാള മാസം ആയിരത്തി തൊണ്ണൂറ്റൊമ്പത്.
രാത്രി.
നാളെ സമ്മേളനം തുടങ്ങുകയാണ്. ചിന്താഭാരം നിറഞ്ഞ മനസ്സോടെ സത്യവ്രതസ്വാമികൾ കിടക്കയിൽ തിരിഞ്ഞും, മറിഞ്ഞും കിടന്നു. അന്ധകാരമായാലും, കണ്ണുകൾ ഇറുക്കിയടച്ചാലും മുന്നിൽ കാണുന്നത് പ്രകാശം മാത്രം. വിശ്വപ്രകാശം. നാളെ, അദ്വൈതാശ്രമം ചരിത്ര വേദിയാവുകയാണ്. രാജ്യത്തെ വലിയ സർവ്വമത സമ്മേളനം. 1893 - ൽ ഷിക്കാഗോയിൽ നടത്തിയ ലോക മതസമ്മേളന വേദി സ്വാമിയുടെ മനസ്സിലേക്ക് ഓടിവന്നു. അവിടെ മുഴങ്ങിയ വാക്കുകൾ 'അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ...' ലോകം എണീറ്റ് നിന്ന് കരഘോഷം മുഴക്കുന്നു. മുഴങ്ങികേട്ടത് സർവ്വമത സഹോദര്യമാണ്. ദേശീയതയ്ക്ക് മുന്നിൽ മനുഷ്യത്വത്തെ അടിയറവയ്ക്കില്ല എന്ന ടാഗോറിന്റെ വാക്കുകൾ അന്ധകാരത്തിലേക്ക് അതിവേഗം ഓടിയെത്തി കിടയ്ക്കകരുകിൽ കിതപ്പടക്കിനിന്നു.
സർവമത സമ്മേളനം നാരായണ ഗുരുവിന്റെ ചിരകാലാഭിലാഷ സാക്ഷാത്കാരമാണ് . ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനാണ്'. വലിയ കമാനങ്ങൾ, സമ്മേളന പന്തലിലും പുറത്തും നിറഞ്ഞുനിന്ന ഗുരുവചനങ്ങൾ അതുമാത്രമായിരുന്നു വിളിച്ചുപറഞ്ഞത്.
പെരിയാറിന്റെ തീരത്ത് നടക്കുന്നത് പലകോണുകളിൽ നിന്നും വന്ന അതിഥികളുടെ സമ്മേളനം കൂടിയാണിത്. ഗുരു നടത്തിപ്പുകൾ എല്ലാം തന്നെ ഏൽപ്പിക്കുമ്പോൾ ആ കണ്ണുകളിൽ കണ്ടത് ആത്മവിശ്വാസം മാത്രമല്ല, ആത്മാർത്ഥതയും കൂടിയാണ്. ആദ്യ ദർശനത്തിൽ തന്ന അതേ സ്നേഹവായ്പ്, ശാന്തത, ധൈര്യം. അത് മാത്രം മതി നെഞ്ചിനുള്ളിലെ അവസാന ശ്വാസംവരെയും ചുമന്നുനടക്കാൻ.
മദിരാശി ഹൈക്കോടതിയിലെ ജഡ്ജ് സർ ടി. സദാശിവ അയ്യർ ആണ് അധ്യക്ഷൻ. ആര്യസമാജത്തിലെ ഋഷിറാം, ബ്രഹ്മോസമാജത്തിലെ സ്വാമി ശിവപ്രസാദ്, മുഹമ്മദ് മതത്തിലെ മുഹമ്മദ് മൗലവി, ക്രിസ്തുമത പ്രതിനിധി കെ.കെ കുരുവിള, ബുദ്ധ മതത്തിൽ നിന്ന് മഞ്ചേരി രാമയ്യർ, സി. കൃഷ്ണൻ എന്നുവേണ്ട വൻനിര സമ്മളന പന്തലിലേക്ക് വരികയാണ്. സർവ്വമത സമ്മേളനത്തിന് തിരശീല ഉയരുകയായി.
സമ്മേളന വേദി.
നിശബ്ദതയുടെ പര്യായമാണ് ഗുരു. പക്ഷേ ആ നിശബ്ദത കടലിന്റെ ശാന്തത പോലെയാണ്.
വേദിയിൽ ഗുരുവിനൊപ്പം ഒട്ടനവധി വിശിഷ്ടാതിഥികൾ. തന്റെ ഊഴം, സത്യവ്രത സാമികൾ എണീറ്റു. ലോകത്തോട് തനിക്ക് പറയാനുള്ളത് പറയാനുള്ള സമയം. ഗുരുവിന്റെ ജീവിത തത്വം സ്വാംശീകരിച്ച സന്ദേശം നൽകാനുള്ള വേദി. സ്വാമി പറഞ്ഞു തുടങ്ങി.
'.... ഹിന്ദുവിന്റെ ജ്ഞാനവും, ബുദ്ധന്റെ കരുണയും, ക്രിസ്തുവിന്റെ സ്‌നേഹവും, മുഹമ്മദിന്റെ സാഹോദര്യവും ചേർന്നെങ്കിൽ അല്ലാതെ ലോക ശാന്തിക്ക് മനുഷ്യമതം പൂർണ്ണമാകില്ല...'
വിവേകാനന്ദനും, ശ്രീ രാമകൃഷ്ണ പരമഹംസനും, ഗാന്ധിയും ഒക്കെ നിറഞ്ഞുനിന്ന വാക്കുകൾ പെരിയാറിന്റെ കുഞ്ഞോളങ്ങളെ തഴുകി. അത് പരന്നൊഴുകി. സാകൂതം സ്വാമിയിലേക്ക് തറച്ചുനിൽക്കുന്ന ഗുരുവിന്റെ ഉൾപ്പെടെ ഒട്ടനവധി കണ്ണുകൾ. സത്യവ്രത സ്വാമികൾ തുടർന്നു.
'അലോപ്പതി കണ്ടുപിടിച്ചത് പാശ്ചാത്യരായ ക്രിസ്ത്യാനികൾ ആയതുകൊണ്ട് ഇന്ത്യയിലെ ഹിന്ദുക്കളോ മുസ്ലീങ്ങളോ രോഗം വരുമ്പോൾ അത് സ്വീകരിക്കാതിരിക്കുന്നുണ്ടോ?'
കേൾവിക്കാരെല്ലാം പരസ്പരം നോക്കി. സ്വാമി ചിരിച്ചുകൊണ്ട് തുടർന്നു.
'....ആയുർവേദ മരുന്ന് വയസ്‌കര മൂസ്സതിന്റെ ആണെന്ന് വച്ച് കൃസ്ത്യാനികളും, മുഹമ്മദീയരും അത് സ്വീകരിക്കാതിരിക്കുന്നുണ്ടോ? ഏകാദശിയിൽ ബുദ്ധ കൃതിയായ അഷ്ടാംഗഹൃദയം വായിക്കരുത് എന്ന് മലയാള ബ്രാഹ്മണർക്ക് വിലക്കുണ്ടെങ്കിലും അന്നേ ദിവസം രോഗം വന്നാൽ അഷ്ടാംഗഹൃദയം നിർദ്ദേശിക്കുന്ന ധാന്വന്തരം ഗുളിക അവർ കഴിക്കുന്നുണ്ടല്ലോ?'
സ്വാമിയുടെ മുഖത്തുദിച്ച പ്രകാശം കേൾവിക്കാരുടെ ഇരുട്ടിനെ കീഴടക്കി പ്രഭചൊരിഞ്ഞു. അത് കേട്ടവരിൽ, അറിഞ്ഞവരിൽ മന്ദഹാസം വിരിഞ്ഞു. സമത്വ സിദ്ധ്വാന്തപ്പൊരുൾ വസന്തത്തിൽ വിരിഞ്ഞ പൂക്കൾപോലെ മധുവും, പ്രഭയും, വാസനയും പകർന്നുനൽകി.
'... ശരീരത്തിന്റെ രോഗങ്ങൾക്ക് മതഭേദം കൂടാതെ ചികിത്സിക്കാമെങ്കിൽ, ആത്മാവിന്റെ അന്വേഷണങ്ങൾക്ക് എന്തിനാണ് ഈ മതഭേദം?'
പെരിയാർ തീരത്ത് ഓളങ്ങൾ നിശ്ചലം നിന്നു. പിന്നെ തിരിഞ്ഞുനോക്കി, വാക്കുകൾ കേട്ടിട്ട് മുന്നോട്ട് പോകാം.
ആർത്തിരമ്പുന്ന കരഘോഷം. പറയുവാൻ ആഗ്രഹിച്ചതൊക്കെ പറഞ്ഞ് തന്റെ പ്രസംഗം സ്വാമികൾ അവസാനിപ്പിച്ചു. എന്നിട്ട് നാരായണ ഗുരുവിനെ നോക്കി. അപ്പോളും ഗുരുവിന്റെ മുഖത്ത് മന്ദസ്മിതം മാത്രം. ഒരുപാട് അർത്ഥങ്ങൾ ഗൂഢമായി ഉള്ളിലൊളിപ്പിച്ച ഉള്ളിലൊളിപ്പിച്ച മുഖപ്രസാദം.
വീണ്ടും ഒരു രാത്രി.
അറിയാനും അറിയിക്കാനും നടത്തിയ സർവ്വമത സമ്മേളനത്തിന്റെ അവസാന അതിഥിയും പോയിക്കഴിഞ്ഞ് സ്വാമി കിടക്കയിൽ നീണ്ട് നിവർന്ന് കിടന്നു. കാറ്റും കോളും അടങ്ങിയ ശാന്തമായ സമുദ്രം പോലെയായിരുന്നു അപ്പോൾ ആ മനസ്സ്. മാമ്പഴക്കരയിലെ തന്റെ വീടിന്റെ കോലായിലിരുന്ന് ചിന്തിച്ചതും ഇന്നത്തെ ചിന്തകളും ഒന്നൊന്നായി ഓർമ്മയിൽ കോർത്തെടുത്ത് ശാന്തമായിക്കിടന്നു.
സ്വാമി ഉറങ്ങി. പെരിയാറും ശാന്തമായിരുന്നു. കിഴക്കും പടിഞ്ഞാറും ആകാശക്കോണുകളിൽ തെളി മാനത്ത് നിലാവ് നെയ്ത കമ്പളം പരന്നുകിടക്കുന്നുണ്ടായിരുന്നു.
രാതിയുടെ ഏതോ യാമത്തിൽ സ്വാമി ഞെട്ടിയുണർന്നു. ഉറക്കത്തിൽ കണ്ട കാഴ്‌ച്ചകൾ കണ്ണും മനസ്സും, ശരീരവും ഭീതിയുടെ ഗർത്തത്തിലേക്ക് എടുത്തെറിഞ്ഞു. കാർമേഘം എങ്ങും ഉരുണ്ടുകൂടുന്നു. കോരിച്ചൊരിയുന്ന മഴ.. മഴമാത്രം. മനുഷ്യനും, മരങ്ങളും, മൃഗങ്ങളും, കാളവണ്ടികളും എല്ലാം എല്ലാം കോരിയെടുത്ത് അലറിപ്പായുന്ന ജലതാണ്ഡവം. ഒഴുകിപ്പോകുന്ന കാളവണ്ടികൾ. പാതിരിമാർ അമ്പലത്തിലും പൂജാരിമാർ പള്ളിയിലും അഭയം തേടുന്നു.
പ്രകൃതിക്ഷോഭത്തിന്റെ സർവമതസമ്മേളനം! ദൈവമേ...!? എന്താണ് താൻ കണ്ടത്? സ്വാമി നെഞ്ചത്ത് കൈവച്ചു. എണീറ്റ് കൂജയിൽ നിന്ന് ഒരുകവിൾ വെള്ളം കുടിച്ചു. വീണ്ടും കിടന്നു. കാറ്റിന്റെ സീൽക്കാരം. ഉയർന്നുയർന്നു വരുന്ന തിരമാലകൾ ലോകം മുഴുവൻ മുക്കിക്കളയുന്നു.
മാസങ്ങൾക്ക് ശേഷം ആ ദുരന്തം സംഭവിച്ചു. മലയാളക്കര വെള്ളത്തിൽ വിറച്ചുനിന്നു. കാടും, പുഴയും എല്ലാം വെള്ളം നിറഞ്ഞു. സമുദ്രനിരപ്പിൽ നിന്നും അയ്യായിരം അടിയൽകൂടുതൽ ഉയരത്തിൽ ബ്രിട്ടീഷുകാർ മൂന്നാറിൽ സ്ഥാപിച്ച മോണോറെയിൽ വരെ ഒഴുകിപ്പോയി. അങ്ങ് കുട്ടനാട്ടിൽ ചേന്നപറയന്റെ നായവരെ* വെള്ളപ്പൊക്കത്തിൽ വീണ് അഴുകികിടന്നു.
ദേശമെല്ലാം മഴ. മനുഷ്യകുലത്തിന്റെ അധഃപതനത്തിൽ മനം നൊന്ത ദൈവം ഒരിക്കൽ നീതിമാനായ നോഹയെയും കുടുംബത്തെയും, എല്ലാ ജീവജാലങ്ങളിലെയും ഓരോ ജോഡി ആണിനേയും പെണ്ണിനേയും ഒഴിച്ച് ഭൂലോകം മുഴുവൻ പേമാരിയാലും, പ്രളയത്താലും ശിക്ഷിച്ചിരുന്നത്രെ. പ്രളയത്തിൽ ഗോഫർ മരം കൊണ്ടുണ്ടാക്കിയ പെട്ടകം ഒഴുകിനടന്നു. നാൽപ്പത് ദിവസത്തെ മഹാമാരി. നൂറ്റമ്പത് ദിവസത്തെ മഹാപ്രളയം. അവസാനം അരാരത്ത് പർവതത്തിൽ പെട്ടകം ഉറച്ചപ്പോൾ നോഹ ഒരു പ്രാവിനെ പുറത്തേക്ക് വിട്ടു. ഒലിവിന്റെ ഇലയുമായി പ്രാവ് തിരിച്ച് വരുന്നു ഒലിവും പ്രാവും സമാധാനവും.
മഹാസമ്മേളനം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം ചെറുപ്പം കോലായിൽനിന്നും പടിയിറങ്ങും മുമ്പ് സത്യവ്രത സ്വാമികൾ ലോകത്തുനിന്നും വിടവാങ്ങി.
എങ്കിലും ഒരു പ്രളയവും തച്ചുടക്കാതെ മലയാളക്കരയിൽ ആ ശബ്ദം മുഴങ്ങി 'ശരീരത്തിന്റെ രോഗങ്ങൾക്ക് മതഭേദം കൂടാതെ ചികിത്സിക്കാമെങ്കിൽ ആത്മാവിന്റെ അന്വേഷണങ്ങൾക്ക് എന്തിനാണ് മതഭേദം?'
ആ ചോദ്യത്തിന്റെ ശബ്ദ തരംഗം പല്ലനയാറ്റിലും, പെരിയാറിന്റെ തീരത്തും, അങ്ങ് ശിവഗിരിയിലും എല്ലാമെല്ലാം ഒഴുകിയൊഴുകി നടന്നു.