ശൂന്യതാ വിലാപം

ബിബിൻ എസ്
topbanner
ശൂന്യതാ വിലാപം

ഇന്ന് നാലടി ഉയരത്തിൽ മഞ്ഞ് വീഴുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഭിത്തിയിൽ തൂക്കിയിട്ടിരുന്ന താപമാലിനിയിൽ ഇപ്പോൾ മയിനസ് പതിനഞ്ച് ! കാലാവസ്ഥാ ഭേദമനുസരിച്ച് അതിലെ രസത്തുള്ളികൾ ഉയർന്നും താണും നിന്നു.
ജീവിതവും മറിച്ചല്ലല്ലോ !
ശൈത്യത്തിന്റെ തീവ്രതയെ ചുമലിൽകയറ്റി ഒരിളം കാറ്റ് ജാലകത്തിന്റെ തിരശീലകൾ ഭേദിച്ചുകൊണ്ട് അകത്തേക്ക് പ്രവേശിച്ചു . കട്ടിലിൽ ഉണർന്നു കിടന്ന സാറയെ ആലിംഗനം ചെയ്തൂ. അതവളെ പുതപ്പിനെ കൂടുതൽ പ്രണയിക്കാൻ ഇടവരുത്തി.
ഒന്നു കൂടിയൊന്നു ചുരുണ്ടു ! കഴിയുന്നില്ല ; ശൈത്യം തന്നെ ഉണർത്തികിടത്തിയതായിരുന്നു ഇപ്പോൾ എണീപ്പിച്ചിട്ടേ അടങ്ങുള്ളൂ .. പിറുപിറുത്തുകൊണ്ട് അവൾ മെല്ലെ തലയുയർത്തി .
‘മയിനസ് പതിനഞ്ച് ,ലോഡ് , ഐസാകുമല്ലൊ. ഒരു ഞെട്ടലോടെ അവൾ തന്റെ കണ്ണുകൾ വിടർത്തി .
കാലത്തിന്റെ കയങ്ങളിൽ അകപ്പെട്ട സാറ ഇന്ന് കിടക്കയിൽ നിന്ന് എണീക്കാൻ ഞരക്കം കൊള്ളുന്നു. അവൾക്ക് എണീക്കണമെന്നുണ്ട് ; പക്ഷെ തണുപ്പ് ! അതിനവളെ ഇഷ്ടപെട്ടപോലെ !
“നശിച്ച ശൈത്യം, ഡിസംബർ !!, ഡിസംബർ ?? പീറ്റർ …പീറ്റർ … ഈസ് ദിസ് മന്ത് ഡിസംബർ ? ” പീറ്ററിന്റെ മുറിയിലേക്ക് നോക്കിക്കൊണ്ട്‌ അവൾ കാതോർത്തു !
ഫലം; ഒന്നും തന്നെ ഇല്ല.
ശരീരം കിടക്കയിലേക്ക് പുറകോട്ട് വിളിക്കുമെങ്കിലും മനസിന് അങ്ങോട്ടേക്ക് പോകാൻ താല്പര്യമില്ലായിരുന്നു.
ഒരു ഞെരുക്കത്തോടെ അവൾ കിടക്കയിൽനിന്നും എണീറ്റു. മേലാകെ ഒന്നുകൂടി ചുക്കിച്ചുളിഞ്ഞു . കണ്ണുകൾക്ക്‌ പ്രകാശത്തെ വരവേൽക്കാനായില്ല. തിരശീലയുടെ പാറിപ്പറക്കലിനനുസരിച്ച് അവ തുറന്നും അടഞ്ഞുംകൊണ്ടിരുന്നു.
അവൾ പതിയെ താഴേക്ക് നോക്കി !
“ഓ ഗോഡ് ഇവിടെയെല്ലാം മഞ്ഞാണല്ലോ ഇതെല്ലാംകൂടി ഇനി ഐസാകുമേ;
പീറ്റർ … പീറ്റർ … ആ സ്നോബോയോടൊന്നു വരാൻ പറയോ …
വീടു മുഴുവൻ ഐസാ ഇതെല്ലാംകൂടി ഐസായി അതിന്മേൽ തെന്നിവീണ് വല്ലതും വരുത്തിവയ്‌ക്കന്നോ… പെട്ടെന്ന് വിളിക്കുന്നേ …”
തിരശീലകൾ വകഞ്ഞുമാറ്റി ജാലകമടച്ചുകൊണ്ട് അവൾ പറഞ്ഞു.
“പീറ്റർ…. എണീക്കുന്നേ…”
ജനാല കിടക്കക്കടുത്തായതുകൊണ്ട് കാലുകൾക്ക് കൂടുതൽ തളരേണ്ടി വന്നില്ല. അവൾ പതിയെ തന്റെ വീൽച്ചെയറിനെ അരികിലേക്ക് വലിച്ചു.
“ആർ യൂ കോൾഡ് ? നിനക്ക് ഫീവർ ഉണ്ടോ ? ഉണ്ടെങ്കിൽ ഞാൻ വരിലെട്ടോ…” അവൾ കിന്നരിച്ചു. വീൽച്ചെയർ പതിയെ
അവളെ തട്ടി.
“ഡിയർ … ഞാൻ ചുമ്മാ പറഞ്ഞതാ …”
അവൾ പതിയെ അതിന്മേലേക്കിരുന്നു. കാലുകൾ പതിയെയെടുത്ത് യഥാസ്ഥാനം വച്ചു.
“പീറ്റർ പ്ലീസ് ഗിവ് മി എ കപ്പ് ഓഫ് ടീ ” അവൾ പീറ്ററിന്റെ മുറിയിലേക്ക് വീണ്ടും നോക്കി.
സാറ വീൽച്ചെയർ ലിവിംഗ് റൂമിലേക്ക് നീക്കി.
അവിടെ അവളെ കാത്തുനിൽക്കുന്നുവെന്നോണം തിരശീലകൾ അനങ്ങാതെ നിന്നു.
വാതിലിൽ സാറയുടെ നിഴൽ പതിച്ചപ്പോൾ അവ ഇളകിത്തുടങ്ങി. ആ വീട്ടിലെ ഏക ജാലകമുള്ള ഒരു മുറിയാണ് അത്. എലികൾക്കും , പല്ലികൾക്കും, ചിലന്തികൾക്കും ജീവിതാവസാനം വരെ കഴിയാനുള്ള ബംഗ്ലാവ് ! സാറ പതിയെ ജാലകത്തിനടുത്തേക്കു നീങ്ങി. ഗ്ലാസിൽ മഞ്ഞുകണങ്ങൾ പറ്റിപിടിച്ചതിനാൽ പുറത്തെ കാഴ്ചകൾ മങ്ങിയിരുന്നു. അവൾ ഗ്ലാസിൽ ആഞ്ഞടിച്ചു.
” ഹണീ ഡോണ്ട് ഹർട്ട് യുവർ സെൽഫ് ”
പീറ്ററിന്റെ ശബ്‍ദം അവൾ ശ്രദ്ധിച്ചു.
“ഐ ക്നോ ഡിയർ” അവളുടെ കവിളുകൾ തുടുത്തു വന്നു.
ശക്തിപ്രഹരമായതിനാൽ മഞ്ഞുകണങ്ങൾ താഴേക്ക് പതിച്ചു. ജാലകത്തിലൂടെ മഞ്ഞുകണങ്ങൾ അരിച്ചിറങ്ങി. സാറയുടെ കണ്ണുകളെ അതു കൂടുതൽ വേദനയേല്പിച്ചു.
അടുക്കളയിൽ അഴുക്കുപുരണ്ട പാത്രങ്ങളെ വേദനിപ്പിക്കുന്ന നിലവിളി. അവൾ കാതുകൾ കൂർപ്പിച്ചു.
“ഹൂ ആർ യൂ ” അവൾ ഗൗരവത്തോടെ അവൾ ചോദിച്ചു.
“യുവർ സെർവൻഡ് മാം… ലാസ്റ്റ് ഡേ അപ്പോയിന്റഡ് .”
“നോ… ഹൂ ആർ യൂ… ഇവിടെ ഞാനും പീറ്ററും മതി… ഗോ ഔട്ട്സയിഡ് ” കണ്ണുകൾ ഉരുണ്ടുകൂടി. ചുണ്ടുകൾ വിറങ്ങലടിച്ചു, ചെറിയൊരു
വേദനപാകി അവ പെട്ടെന്ന് തന്നെ ശമിച്ചു.
ഹാർഡി ബർഗ് നഗരത്തിലെ മധ്യത്താക്കി സ്ഥിതി ചെയ്യുന്ന വീടാണ് സാറയുടേത് . മുപ്പത് വർഷമായി ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട് . അത്രമാത്രമേ അവൾക്ക് ഓർത്തെടുക്കാൻ കഴിഞ്ഞുള്ളൂ. ദൂരെ സാറയും പീറ്ററും പിന്നെ മൂന്നു മക്കളും ചേർന്നു പോയിരുന്ന പാർക്കു കണ്ടു. അതിനപ്പുറത്തായി പടുകൂറ്റൻ മല! അവിടെ നിന്നാൽ സൂര്യാസ്തമയവും ഉദയവും നന്നായി കാണാം. ഈ ജാലകത്തിലൂടെയായിരുന്നു പണ്ട് തന്റെ മൂന്നു മക്കൾ റയനും, റീത്തയും, റീനയും എത്തി വലിഞ്ഞ്, തലകളുയർത്തി, കണ്ണുകൾ വിടർത്തി നോക്കിയിരുന്നത്. ഇന്നിപ്പോൾ സാറയും.
സാറ നഴ്‌സായിരുന്നു. അന്നത്തെ കാലത്തെക്കുറിച്ചാലോചിക്കുമ്പോൾ സാറയുടെ കണ്ണുകൾ ചെറുവേദനയോടെ നിറയും. ഒരു ദിവസംകൊണ്ട് സാറയുടെ ജീവിതത്തെ മാറ്റിവരപ്പിച്ചു. സിറ്റിഹോസ്പിറ്റലിൽ നഴ്‌സായി വർക്കു ചെയ്തിരുന്ന നിമിഷം; ഒരു രോഗിയുടെ
വീൽചെയർ തട്ടി സാറ രണ്ടാം നിലയിൽ നിന്നും ഒന്നാം നിലയിലേക്ക് വീണു.
അന്നുമുതൽ ഈ വീൽചെയർ ഉറ്റ ചങ്ങാതിയായി. ഇടയ്ക്ക് ശ്വാസകോശ രോഗം കൂടിയായപ്പോൾ അത് പ്രാണവായു നൽകാനും തുടങ്ങി ! സാറയുടെ ജീവിതം പീറ്ററിനോടൊപ്പമല്ലായിരുന്നുവെങ്കിൽ പല കൈവഴികളായി ഒഴുകുമായിരുന്നു . പീറ്ററിനെ വിവാഹം കഴിക്കാൻ വീട്ടുകാർ നല്ല എതിർപ്പുകാണിച്ചു.
സാറയറിയാതെ വിവാഹം നിശ്ചയിച്ചതും അന്നു തന്നെ വീടുവിട്ട് പീറ്ററിനോടൊപ്പം പോയതുമെല്ലാം മനസ്സിന്റെ ചില്ലുകൂട്ടിൽ സൂക്ഷിച്ചിട്ടുണ്ട് .
‘വെളുത്ത സായിപ്പായ ഇംഗ്ലീഷുകാരന് ഈ നസ്രാണിപെണ്ണിനെ എത്രനാൾ നോക്കാനാ ഒടുവിൽ വേണ്ടാതാകുമ്പോ അവൻ ഇട്ടേച്ചും പോവും’ സാറയുടെ അമ്മ പറഞ്ഞതാണ്. എന്നിരുന്നാലും സാറയ്ക്ക് പീറ്ററിനെ വിശ്വാസമാണ്. ആ വിശ്വാസം ഇന്നേവരെ തെറ്റിച്ചിട്ടില്ല.
ഒരു നാൾ പീറ്ററിനെയും കൂട്ടി സാറ നാട്ടിലേക്ക് പുറപെട്ടതാ അന്നത്തെ ഓർമകളുടെ കയ്പ് ഇന്നും മനസ്സിൽ തിങ്ങുന്നു.
സാറയുടെയും പീറ്ററിനുമിടയിൽ മറ്റൊരാൾ കടന്നു വരുന്നത് പീറ്ററിനിഷ്ടമല്ല. മക്കളെ മൂന്നു പേരേം പലയിടത്തായി കെട്ടിച്ചയച്ചു.
വീൽച്ചെയറിൽ നിന്നും സാറയെ പീറ്റർ പൊക്കിയെടുക്കുമ്പോൾ സാറ കുലുങ്ങിച്ചിരിക്കും.
“നീ ഇപ്പോഴും ഇരുപതിൽ തന്നെയെന്റെ സുന്ദരി” എന്നുപറഞ്ഞ് സാറയുടെ കവിൾത്തടത്തിൽ മെല്ലെ തട്ടും.
ലിവിംഗ് റൂമിൽ ചെല്ലുമ്പോൾ ഒരുനാൾ തിരശീലകൾ സാറയെ കടത്തികൊണ്ടുപോകുമെന്നും പീറ്റർ പറയാറുണ്ടായിരുന്നു.
പീറ്ററിന്റെ നെഞ്ചോട് ചേർന്നാണ് സാറ തലവയ്ക്കുന്നത്. അപ്പോൾ വളരെയധികം നാണത്തോടൊപ്പം സാറ പറയാറുണ്ടായിരുന്നു “ഈ താളം എനിക്കായാണെന്ന്”.
കേൾക്കേണ്ട സമയം അവളെ പീറ്റർ വാരിപുണരും.
“യുവർ ബ്രേക്ക് ഫാസ്റ്റ് ഈസ് റെഡി മിസിസ് ഹേയ്സ്സ്‌ലി”
അടുക്കളയിൽ നിന്നും അശിരീരിപോലെ അവൾ കേട്ടു. ഓർമകളുടെ കിരുകിരുപ്പിൽ നിന്നും തലയുയർത്തി.
“പീറ്ററിനെ ഒന്നു വിളിക്കാമോ?”
“ഈസ് ദിസ് ലേഡി ഈസ് ക്രേസി ?” സെർവെന്റിന്റെ ശബ്ദം ഉച്ചത്തിലായിപോയി.
“എസ് ഐ ആം ക്രേസി; ഐ ഡോണ്ട് വാണ്ട് യുവർ ഹെൽപ് “. ദേഷ്യത്തോടെ സാറ പറഞ്ഞു.
പതിയെ അവൾ വീൽച്ചെയറുരുട്ടി പീറ്ററിന്റെ റൂമിലേക്ക് ചെന്നു.
കിടക്കയിൽ തട്ടിക്കൊണ്ട് അവൾ പീറ്ററിനെ വിളിച്ചു.
“പക്ഷെ മറുപടിയൊന്നും തന്നെ കിട്ടിയിരുന്നില്ല. സാറ വേഗത്തിൽ വീൽച്ചെയറുരുട്ടി ബാത്ത് റൂമിലേക്ക് പോയി. വേഗത്തിൽ ഉരുട്ടിയതിനാൽ കതകിലിടിച്ച വീൽച്ചെയറിനെ ശപിച്ചുകൊണ്ട് അവൾ കതകുതുറന്നു.
“പീറ്റർ… പീറ്റർ… വെയർ ആർ യൂ?”
അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി. അത് മുമ്പോട്ടുള്ള കാഴ്ചകൾക്ക് മങ്ങലേല്പിച്ചു. പെട്ടെന്ന് സാറ വീൽച്ചെയർ തിരിച്ചു. വേഗത്തിൽ ഉരുട്ടി. കതകിന്റെ വശങ്ങളിൽ കുരുങ്ങിയ പ്രാണവായു വാൽവുകൾ വീൽച്ചെയറിന്റെ നിലം പതിക്കലിലേക്ക് നയിച്ചു. ഒപ്പം സാറയും !
കണ്ണുകൾക്കുളിൽ നിറഞ്ഞുനിന്ന കൊഴുത്ത ദ്രവം തറയിൽ പകർന്നു. കുറച്ച് സാറയുടെ മുടികളും ഏറ്റുവാങ്ങി.
ശരീരമാകെ തളരുന്നതുപോലെ തോന്നി! ഒരു ചെറു മയക്കത്തിലേക്ക് വഴുതിവീണു.

നെറ്റിയിൽ തണുത്തൊരു നുരുനുരുപ്പ് പടരുമ്പോൾ സാറയുടെ കണ്ണുകൾ തുറക്കുവാൻ വെമ്പൽ കാട്ടി. തുറന്ന കണ്ണിലെ ആദ്യ ദൃശ്യം; മകൻ റയന്റെ കലങ്ങിയ കണ്ണുകൾ.
ഓർമകളുടെ കിരുകിരുപ്പിന്മേൽ പ്രതിധ്വനികൾ. വേദനകളുടെയും സങ്കടങ്ങളുടെയും കീറിമുറിക്കൽ. എല്ലാം ‘ജീവിതമെന്ന പിച്ചാത്തി മുനയിൽ!’
“മമ്മ ഇന്നും പപ്പയെ തിരഞ്ഞു; അല്ലേ?”
സാറയുടെ കണ്ണുകൾ മുറിയിലാകെ ഓടി.
“മമ്മ, ഡാഡ് ഈസ് നോ മോർ ! ഇതുപോലൊരു ഡിസംബറിൽ !! അക്സപ്റ് ദിസ് റിയാലിറ്റി.”
സാറയുടെ കണ്ണുകൾ ചെന്നെത്തിപ്പെട്ടത് പീറ്ററിന്റെ ഫോട്ടോയിലായിരുന്നു. താഴെ മെഴുകുതിരി!
അതിന്റെ തിരിനാമം കെട്ടുപോകാറാകുന്നു. സൂര്യൻ ആഴിയിലേക്കെന്നപോലെ അതിന്റെ ശോഭ താണു താണുപോകുന്നു.
‘സാറയുടേതും !’
“മോനേ, നീ പറയാറുള്ള അസിസ്റ്റന്റ് കമ്മ്യുണിറ്റി മതി. ” വേദനയുടെ നടുവിൽ നിസ്വാർത്ഥമായ ഒരു പുഞ്ചിരി മുഖത്തു പടർന്നു. ഫോൺ വിളിക്കലിന്റെ ചടുലതകളിൽ അവൻ മുഴുകി.
“ഞാൻ ഇപ്പോൾ വരം”
പടിയിറങ്ങുന്ന ശബ്ദം സാറ കിടക്കയിൽ നിന്നും ശ്രവിച്ചു. അവ അകന്നകന്നു പോകുകയാണ്. സാറ വീണ്ടും ഭിത്തിയിൽ തൂക്കിയിരുന്ന ഫോട്ടോകളിലേക്കു നോക്കി.
ഒരുപാട് ജീവിതാനുഭവങ്ങൾ അഭിനയിച്ചു തളർന്ന് അവ ചില്ലുകൂട്ടിൽ കയറി!
ഇന്ന് സ്നേഹവും !!
അവൾ താപമാലിനിയിലെ റീഡിംഗ് നോക്കി.
‘പൂജ്യം’. ‘ശൂന്യമാണ് എല്ലാം !!” മുഖം ചൊടിച്ചുകൊണ്ട് അവൾ പറഞ്ഞു. നീറുന്ന മനസിനെ ഒന്നുകൂടി കീറിമുറിക്കപ്പെട്ടു. കണ്ണുകൾ കൂടുതൽ വിതുമ്പി.
“പീറ്റർ … എന്നെ എങ്ങും കൊണ്ടുപോകരുതെന്ന് പറ ഞാൻ ഇവിടെ നിന്നോളം. എനിക്കു നിന്നെ കാണാം. ഈ വീടിന്റെ മുക്കിലും മൂലയിൽ നിന്നെ ഞാൻ കാണുന്നു; അനുഭവിക്കുന്നു”
സാറയുടെ നിലവിളി അവളുടെ സിരകൾ ഏറ്റുവാങ്ങി. രക്തക്കുഴലുകൾ വലിഞ്ഞു മുറുകി കണ്ണുകൾ ഉരുണ്ടു ചുമന്നു. ശ്വാസകോശം കൂടുതൽ ശ്വാസത്തിനായി മുറവിളികൂടി.
ഒരു പിടച്ചിൽ!
മുഖത്ത് ഘടിപ്പിച്ചിരുന്ന മാസ്ക് തെന്നിവീണു. അവയെ തിരികെയെടുത്തു വയ്ക്കാൻ ശ്രമിക്കുംന്തോറും കരങ്ങൾ ഉരുണ്ടു ചുമന്നു, കൊഴുത്ത ദ്രവം ഒഴുകിപ്പടർന്നു. ശരീരം മുഴുവൻ വലിഞ്ഞു കാലുകൾ കൂടുതൽ നിവർന്നു. കരങ്ങൾ കിടക്കയിലെ പുതപ്പിനെ കൂടുതൽ കീറി മുറിപ്പിച്ചു. ദൂരെ ജാലകത്തിനപ്പുറം സാറ പീറ്ററിന്റെ മുഖം കണ്ടു. അത് സാറയുടെ അടുക്കലേക്കു വരുന്നു.
ഒരു മഞ്ഞുകാല നിലാവിന്റെ സുതാര്യതയിൽ ജാലകം ഭേദികാതെ പീറ്റർ ഉള്ളിലേക്ക് കടന്നു. പീറ്റർ സാറയെ ആലിംഗനം ചെയ്തു വാരിപുണർന്ന് പറന്നകലുമ്പോൾ ഹാർഡിബർഗ് നഗരത്തിലേക്ക് ഒരാംബുലൻസ് നിലവിളിയോടെ അടുക്കുന്നുണ്ടായിരുന്നു.

short-story-shooniyatha-vilapam-by bipin s

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES