“അഭി നീ ഇതെന്തു വിചാരിച്ചാ മംഗളകര്മങ്ങള്ക്കു അമ്മു പങ്കെടുത്തുകൂടന്നറിയില്ലേ നിനക്ക് ” “അമ്മുനേം കൂടെ കൊണ്ടുപോകും അമ്മായിക്ക് പറ്റുമെങ്കിൽ വന്നാൽ മതി ” മോനെ അഭി നല്ല ദിവസായിട്ട് ആരേം മുഷിപ്പിക്കല്ലേട – അമ്മയുടെ കണ്ണുകൾ നിറഞ്ഞിട്ടൂണ്ടായിരുന്നു പെട്ടെന്ന് അകത്തേക്ക് കയറിയപ്പോൾ വാതിലിനു പിറകിൽ അമ്മു ഉണ്ടായിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുകുന്നായിരുന്നു. അവളുടെ കയ്യും പിടിച്ചു കാറിൽ എന്റെ കൂടെ ഇരുത്തി . പിന്നെ ആരും ഒന്നും പറഞ്ഞില്ല. അമ്മു, എന്റെ അനിയത്തി, ഞങ്ങളുടെയെല്ലാം ഓമന ആയിരുന്നു. അച്ഛന്റെയും അമ്മയുടെയും കുറുമ്പി, എന്റെ കാന്താരി. അവളുടെ ഓരോ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കാൻ ഞാനും അച്ഛനും മത്സരമായിരുന്നു. ഞങ്ങൾക്ക് സാധിച്ചു കൊടുക്കാൻ പറ്റാത്തതൊന്നും അവൾ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. ഒന്നൊഴികെ, അവളുടെ പ്രണയം, കോളേജിൽ പഠിക്കുമ്പോ അവളുടെ സീനിയർ പയ്യനുമായുള്ള ഇഷ്ട്ടം. ജാതിയായാലും, സാമ്പത്തികമായാലും ഞങ്ങൾക്ക് അംഗീകരിക്കാൻ പറ്റാത്ത ബന്ധം. അതിന്റെ പേരിൽ ഞാൻ ആദ്യമായി അവളെ തല്ലി.
അച്ഛനും അമ്മയും അവളോട് പിണങ്ങി. അവസാനം സഹിക്കാൻ പറ്റാതെയാകണം അവളാ ഇഷ്ടം ഉപേക്ഷിക്കാൻ തയ്യാറായി. അവളുടെ മനസ്സിനിയും മാറുന്നതിനു മുൻപേ ഞങ്ങൾ അവൾക്കു വേണ്ടി യോഗ്യനായ ഒരാളെ കണ്ടുപിടിച്ചു. ജാതി, ശമ്പളം, തറവാട്ടുമഹിമ എല്ലാം ഞങ്ങളാഗ്രഹിച്ചതു പോലെ തന്നെ. ഡിഗ്രി പോലും കഴിയും മുൻപേ കല്യാണവും നടത്തി. പക്ഷെ അയാളുടെ മദ്യപാനം ഞങ്ങളാരും അറിഞ്ഞുമില്ല. അവളൊട്ട് പറഞ്ഞതുമില്ല. എന്നാലും അവള് സന്തോഷവതിയാരുന്നു. ആ സന്തോഷത്തിലേക്കു കൂടുതൽ മധുരം പകർന്നുകൊണ്ട് അവൾക്കു വിശേഷമായി. ആ സന്തോഷം പങ്കുവയ്ക്കാൻ അവളും, അളിയനും കൂടി ഞങ്ങളുടെ അടുത്തേക്ക് വരുന്ന വഴിയ്ക്കു ഒരു ആക്‌സിഡറെന്റിൽ, സ്പോട്ടിൽ തന്നെ അളിയൻ പോയി,.ഗുരുതരമായ പരിക്കുകളോടെ അമ്മുവിനെ തിരിച്ചു കിട്ടിയെങ്കിലും കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു. പിന്നെയാണ് അറിഞ്ഞത്, മദ്യപിച്ചു വണ്ടിയോടിച്ചതാണ് അപകടകാരണമെന്ന്. ഇപ്പോ രണ്ടു വർഷമായി, അവളൊന്നു മിണ്ടാറില്ല, വീട്ടീന്ന് പുറത്തേക്കിറങ്ങാറുമില്ല.പിന്നീടങ്ങോട്ട് നിറമുള്ള ഡ്രെസ്സൊ, ഇഷ്ടമുള്ള ഭക്ഷണമോ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. വിരുന്നു വരുന്നവരുടെ സഹതാപം പറച്ചിലുകൾക്കിടയിൽ കണ്ണ് നിറയാതിരിക്കാൻ അവൾ പാട് പെടുന്നത് കണ്ടിട്ടുണ്ട്. ജാതകദോഷം പറയുന്നവരുടെ ഇടയിൽ നിസ്സംഗതയോടെ ഇരിക്കാറുണ്ട്.
കുറ്റബോധം കൊണ്ട് ഞങ്ങൾക്ക് പലപ്പോഴും അവളെ ഒന്ന് സമാധാനിപ്പിക്കാൻ പോലും കഴിഞ്ഞില്ല. കുടുംബത്തിലെ എല്ലാ മംഗളകാര്യങ്ങളിൽ നിന്നും എല്ലാരും അവളെ മാറ്റി നിർത്തും. മംഗളകര്മങ്ങളിൽ വിധവ പങ്കെടുക്കാൻ പാടില്ലെന്ന്. ഇതിപ്പോ എന്റെ കല്യാണമാണ്. നിശ്ചയത്തിനോ, ഡ്രസ്സ് എടുക്കലിനോ ഒന്നും അവൾ പങ്കെടുത്തില്ല. അവളില്ലെങ്കിൽ ഈ കല്യാണം നടക്കില്ല എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞപ്പോഴാണ് അവൾ മൗനമായെങ്കിലും വരാന്നു സമ്മതിച്ചത്. കൂടെ നിർത്തി പെങ്ങള് ചെയ്യേണ്ട ഓരോ കാര്യങ്ങളും ചെയ്യിക്കുമ്പോൾ, അച്ഛൻ മാറി നിന്നു കണ്ണ് തുടക്കുന്നുണ്ടായിരുന്നു . കുടുംബക്കാർക്ക് മുന്നിൽ കുത്തിനോവിക്കാൻ ഇട്ടുകൊടുക്കാതെ കൂടെ ചേർത്തു നിർത്തുമ്പോൾ അമ്മയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. ഇനിയുമുണ്ട് ഒരാഗ്രഹം, പണ്ട് കോളേജിൽ വച്ചു അവളെ സ്നേഹിച്ച പയ്യന് ഇപ്പോഴും അവളെ ഇഷ്ടമാണെന്നു പറഞ്ഞപ്പോ തൊട്ടു തുടങ്ങിയ ആഗ്രഹം. അവൾക്കു തിരിച്ചു കൊടുക്കണം ഒരിക്കൽ അവളാഗ്രഹിച്ച ജീവിതം. അതിനും മുൻപേ തിരിച്ചു കൊണ്ട് വരണം അവളെ എന്റെ പഴയ അമ്മുവായി. ജീവിക്കാൻ പഠിപ്പിക്കണം കൂടെ ആരില്ലാണ്ടായാലും.