Latest News

ഷിഫ്റ്റ് ഡിലീറ്റ്- ചെറുകഥ

Shyna Rajesh
topbanner
ഷിഫ്റ്റ് ഡിലീറ്റ്- ചെറുകഥ

 

 

 

കാറിലെ എ.സിക്ക് അവളുടെ മനസിന്റെ ചൂടിനെ ഒട്ടും കുറയ്ക്കാനാവുന്നില്ല. കടന്നു പോകുന്ന വാഹനങ്ങളോ വഴിയോരക്കാഴ്ചകളോ ഒന്നും അറിയുന്നില്ല .യാന്ത്രികമായ ചെറു ചലനങ്ങൾ മാത്രം സ്ട്രീയറിങ്ങിലേൽപ്പിച്ചു കൊണ്ട് വണ്ടിയോടിച്ചു…

പത്തു വർഷത്തെ പത്രപ്രവർത്തന ജീവിതത്തിനിടയിൽ ഇങ്ങനെ ഒരു കണ്ണീർ അവൾ കണ്ടിട്ടില്ല.. അപ്രതീക്ഷിത വിജയത്തിന്റെ അത്ഭുത കണ്ണീരും, പരാജയപ്പെടുമ്പോൾ മുറിവേറ്റ മനസ്സിൽ കിനിയുന്ന പക്വതയില്ലായ്മയുടെ കണ്ണീരും. അച്ഛനമ്മമാരുടെ ആനന്ദ കണ്ണീരുമൊക്കെയാണ് സ്കൂൾ യുവജനോത്സവ വേദിയിൽ സാധാരണ കാണാറുള്ളത്. പക്ഷേ ഈ കണ്ണീർ മനസ്സിൽ ഒരു വേദനയായങ്ങനെ കിടക്കുന്നു. പടമാക്കിയ കാമറാമാൻ മാർട്ടിൻ കാഴ്ച്ചക്കാരന്റെ കണ്ണിൽ ഒരു വേദനയാക്കി നിർത്താൻ പാകത്തിൽ ഒപ്പിയെടുത്തിട്ടുണ്ട് ആ കൗമാരക്കണ്ണീർ.

ജാതീയതയുടെ മുള്ളുവേലിക്കുള്ളിൽ സംസ്കാരത്തിന്റെ ചിത്ര ശലഭങ്ങൾ പറന്നു നടക്കുന്നുണ്ട് എന്ന് വാദിക്കുന്ന ഒരു ജനതയുടെ ഞരമ്പുകളിലേക്ക് നവോത്ഥാന മൂല്യങ്ങൾ കുത്തിവെക്കാൻ അവൾക്കെന്തു ചെയ്യാനാവും? മതേതരത്വവും വോട്ടു പെട്ടിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നിരിക്കെ പെൺ ജൽപ്പനങ്ങൾ ആര് കേൾക്കാൻ ?ആലോചനകൾക്കിടയിൽ വീടെത്തിയതറഞ്ഞില്ല.

കാട് പിടിച്ച വൃക്ഷസ്നേഹം രാവിലെ വൃത്തിയാക്കിയ മുറ്റത്തെ വീണ്ടും ചവറു കൂനയാക്കിയിരിക്കുന്നു. ഗ്രിൽസ് തുറന്ന് അകത്തു കയറുമ്പോൾ സാധാരണ ഉണ്ടാവാറുള്ളതു പോലെ രാത്രി ഭക്ഷണത്തെക്കുറിച്ചുള്ള ചിന്തകൾ കടന്നു വന്നില്ല . ടേബിളിൽ ഗ്ലാസും പത്രങ്ങളും നിരന്നു കിടക്കുന്നു. വായിച്ചു കമിഴ്ത്തിവച്ച പ്രഗ്യ ഭാംഗിന്റെ NOT SO IIM എന്ന പുസ്തകം അതേപടി കിടക്കുന്നു. അടുത്ത കാലത്തു അവൾ വായിച്ചതിൽ വച്ചേറ്റവും നല്ല പുസ്തകം. 'സ്റ്റാർ പെർഫോർമർ ഓഫ് ദി ഇയർ' എന്ന അമ്പിളിമാമനെ ഉന്നം വച്ച് കോർപ്പറേറ്റ് ലോകത്തു ഹരിശ്രീ കുറിക്കുന്ന ഏതൊരു തുടക്കക്കാരനും വായിച്ചിരിക്കേണ്ട ഒന്നാണത്. ''ഷൂ നക്കൽ ''എന്ന മത്സര ഇനം കലാപരമായി അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഒരു ഏകദേശ രൂപം കിട്ടും.

പത്തു മിനിറ്റിനകം ജാനകിയമ്മ വരും വീടിനെയൊന്നു മിനുക്കിയെടുക്കാൻ. ചായ എന്നിട്ടാവാം എന്ന് കരുതി ഓഫീസ് വേഷം മാറ്റി വന്നു. ഒരാവേശത്തിൽ ലാപ്ടോപ്പ് പുറത്തെടുത്തു. ഉള്ളിൽ നിറഞ്ഞ ആത്മസംഘർഷങ്ങളെ അക്ഷരങ്ങളിൽ നിറച്ചു വാക്കുകളാക്കി മാറ്റുകയെ വഴിയുള്ളു, ഫേസ്ബുക്കിൽ പോസ്റ്റാം ..

ഫ്രണ്ട് ലിസ്റ്റിലെ മൂവ്വായിരം പേർ കാണുമല്ലോ. കമന്റ് ബോക്സിൽ നുരയുന്ന പൊങ്കാല പത പേടിയാണ്. ഭരണിപ്പാട്ട് കേട്ട് പരിചയമില്ല. എന്നാലും സാരമില്ല, മനസ്സിലെ കട്ടക്കലിപ്പ് മുഴുവൻ ആവാഹിച്ച അക്ഷരങ്ങളെ വാക്കുകളാക്കി ടൈപ്പ് ചെയ്തു തുടങ്ങി..

""കിതാബ് " എന്ന നാടകം യുവജനോത്സവ വേദിയിൽ നിന്നും പിൻവലിക്കപ്പെട്ടപ്പോൾ ആ കൗമാരക്കാരിയുടെ കണ്ണിൽ പൊടിഞ്ഞ കണ്ണീരാണ് ഈ ഒരെഴുത്തിനു പ്രചോദനം. നാടകത്തിനാസ്പദമായ കഥയെഴുതിയ ഹിന്ദുവോ, സംവിധാനം ചെയ്ത മുസ്ലിമോ അല്ല ആ കണ്ണീരിനുത്തരവാദി 'അഭ്യസ്തവിദ്യർ ' എന്നഹങ്കരിക്കുന്ന കേരളീയ സമൂഹം മുഴുവൻ ബാധ്യസ്ഥരാണ് ഉത്തരം പറയാൻ.


ഒരുമയുടെ കാര്യത്തിൽ പെരുമ ഏറെയുള്ള കേരളത്തിലെ സമകാലിക സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് ഒരു സത്യത്തിനു നേരെയാണ് - വ്യക്തി എന്നത് സമൂഹത്തിന്റെ ഭാഗമാണ് എന്ന് പാടിപ്പഠിച്ച വസ്തുത കാലഹരണപ്പെട്ടു പോയിരിക്കുന്നു . ഇന്ന് വ്യക്തി എന്നത് ഒരു സമുദായത്തിന്റെ മാത്രം ഭാഗമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ആ നാടകം സമകാലിക സംഭവങ്ങളുമായി ചേർത്ത് വച്ച് കുട്ടികൾക്കഭിനയിക്കാൻ പാകത്തിൽ ഉണ്ടാക്കിയെടുത്ത ഒന്നാണ്. ലിംഗ സമത്വം എന്ന ആശയത്തെ മറ്റൊരു രീതിയിൽ അവതരിപ്പിച്ചു എന്ന് മാത്രം, കഥാപാത്രങ്ങളുടെ വേഷ വിതാനവും സംസാര രീതിയും കാലത്തിന് ചേരാത്ത രീതിയിലാണ് എന്ന് തോന്നിയിരുന്നു. പക്ഷേ ഒരു സമുദായത്തെ അവഹേളിക്കാനുള്ള വെടിമരുന്നൊന്നും ആ നാടകത്തിലില്ല. അല്ലെങ്കിലും തട്ടമിട്ട തലയ്ക്കുള്ളിൽ പുരോഗമനത്തിന്റെ വെയിൽ തട്ടിയിട്ടില്ല എന്ന് സ്ഥാപിക്കാനൊന്നും ഇന്ന് ഒരു നാടകത്തിനാവില്ല.ഈ വസ്തുത മനസ്സിലാക്കാൻ നാസയിൽ ഗവേഷണം ചെയ്യുന്ന പെൺ കുട്ടികളുടെ എണ്ണമൊന്നും എടുക്കണ്ട. Dr. ഷിംന അസ്സീസിനെ പോലുള്ള തട്ടക്കാരികളുടെ എഴുത്തുകൾ മാത്രം വായിച്ചാൽ മതിയാകും.

ബിരുദധാരികൾക്കു പഞ്ഞമില്ലാത്ത കേരളത്തിൽ ചേരിതിരിഞ്ഞുള്ള വിശ്വാസ സംരക്ഷണം അവസാനിക്കുന്നിടത്തു മാത്രമേ അടഞ്ഞ കിതാബുകൾ തുറക്കപ്പെടുകയുള്ളു. അതിന് കവല പ്രസംഗങ്ങൾ കേൾക്കണം എന്ന് നിർബന്ധമില്ല പകരം നമ്മുടെ ഉള്ളിലെ ഭക്തി, വിശ്വാസം തുടങ്ങിയ മൃദുല വികാരങ്ങളെ കൂട്ടുപിടിച്ചു മുതലെടുപ്പുനടത്താൻ ആരെയും അനുവദിക്കില്ല എന്ന് സ്വയം തീരുമാനിക്കുകയാണ് വേണ്ടത്. കേരളത്തിലെ ഹിന്ദു ഉണരണം, മുസ്ലിം പുരോഗമിക്കണം, ക്രിസ്ത്യാനി മാറണം എന്നെല്ലാം വാദിക്കുന്നതിനു പകരം സ്വയം മാറേണ്ടത് എവിടെയാണ് എന്ന് കണ്ടു പിടിക്കേണ്ടത് നമ്മളോരോരുത്തരും ആണ് !!"
-ജഹനാര ഹരിദാസ്-

ശീർഷകവും കൊടുത്തു . ''കിതാബുകൾ അടയുമ്പോൾ '' പോസ്റ്റ് ചെയ്യുന്നതിന് മുൻപ് വീണ്ടും ഒന്ന് വായിച്ചു , പോസ്റ്റ് ബട്ടണുപകരം കൺട്രോൾ A ,കൺട്രോൾ X ബട്ടണുകളാണ് മാറിമാറി അമർന്നത് .കുടുംബ ഫോട്ടോയിൽ നിന്ന് ഭാര്യയുടെ മുഖം എഡിറ്റ് ചെയ്ത് അവിടെയൊരു പറക്കുന്ന പൂമ്പാറ്റ ഫിറ്റ് ചെയ്യുന്ന മൊഞ്ചന്മാർ ഇപ്പോഴും ഫ്രണ്ട ലിസ്റ്റിൽ വിഹരിക്കുന്നുണ്ട്. അടുത്തിരിക്കുന്ന ബന്ധങ്ങളുടെ കണ്ണികൾ അകറ്റി മാറ്റണ്ട എന്ന് കരുതി ആ പോസ്റ്റുപേക്ഷിച്ചു . പിന്നെ എഴുതിയുണ്ടാക്കിയ വെർഡ് ഡോക്യുമെന്റ് കമ്പ്യൂട്ടറിൽ നിന്നും ഷിഫ്റ്റ് ഡിലീറ്റ് ചെയ്തു . എങ്ങാനും പിന്നെ പോസ്റ്റാൻ തോന്നിയാലോ .

''മീശക്കില്ലാത്ത ആവിഷ്കാര സ്വാതന്ത്രം കിതാബിനു വേണോ ?'' എന്ന പോസ്റ്റുകൾ കണ്ടതാണ് , മീശ എന്ന നോവലിനെ സംബന്ധിച്ചും വിവാദങ്ങൾ വന്നതാണല്ലോ? അവൾ വായിച്ചിട്ടില്ല തുടർ ചോദ്യങ്ങൾക്കു മറുപടി പറയേണ്ടി വരില്ലേ? .. അല്ലെങ്കിലും പത്രമോഫീസിന്റെ പേരിനടിയിൽ ഓഫ്‌ലൈനിലിൽ ഉള്ള എഴുത്തിന്റെ സംരക്ഷണ വലയം ഓൺലൈൻ എഴുത്തിന് തരാനാവില്ലല്ലോ. ഓൺലൈനിൽ എഴുതുന്നതെല്ലാം വ്യക്തിപരമല്ലേ.

ഓൺലൈനിലെ മിക്കവാറും എഴുത്തുകൾക്കെല്ലാം പലപല നിറങ്ങളാണ്. ചുവപ്പ് , കാവി , പച്ച എന്നിങ്ങനെ . അതിനിടയിൽ ഇങ്ങനെയൊരു നിറമില്ലാത്ത എഴുത്തിനു എന്ത് പ്രസക്തി . കൊടിയുടെ നിറം മാത്രമേ മാറ്റമുള്ളു മനുഷ്യന്റെ മനസ് സഞ്ചരിക്കുന്നത് ഒരു പോലെയാണ്. കൊടിയുടെ അടിസ്ഥാനത്തിലാണ് പരസ്പരമുള്ള പുറം തട്ടലുകളും പുറം ചൊറിയലുകളും നടക്കുന്നത് തന്നെ .
ഫേസ്ബുക്ക് എഴുത്ത് തലയുടെ ജോലിയും മനസിന്റെ ഭാരവും കൂട്ടുന്ന ഒന്നാണ്.

ഗുണനിലവാരമുള്ള എഴുത്തുകൾ സ്ട്രാറ്റജിക്കലി മാർക്കറ്റ് ചെയ്‌താൽ ഫോളോവേർസിൻറെ കാര്യത്തിൽ ലക്ഷ പ്രഭു ആവാം. കമെന്റ് ബോക്സിലെ സോപ്പുപതയിൽ ഇഷ്ടം, സ്നേഹം തുടങ്ങിയ വാക്കുകളെ ശ്വാസം മുട്ടിച്ചു കൊല്ലണം ചിലപ്പോൾ. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്ന് പറഞ്ഞപോലെ 'ഷെയർ' കളുടെ കൊടുക്കൽ വാങ്ങലുകളിലൂടെ യാതൊരു സാമൂഹ്യ പ്രതിബദ്ധതയും ഇല്ലാത്ത പോസ്റ്റുകളെ സ്വന്തം ഫേസ്ബുക്ക് വാളിൽ തൂക്കിയിടണം.

ഇതിനെല്ലാം പുറമേ യുക്തിക്കു നിരക്കാത്ത പല വിരോധാഭാസങ്ങളും നടക്കും ഫേസ്ബുക്കിൽ. ആഴ്ചയിൽ മൂന്നു തവണ തൊഴിലില്ലായ്മ വേതനത്തിന്റെ സ്ഥിതി അറിയാൻ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ തിണ്ണ നിരങ്ങുന്നവനാണ് ''മുഖ്യ മന്ത്രിക്ക് നേതൃഗുണമില്ല , പ്രധാനമന്ത്രിക്ക് രാഷ്ട്ര തന്ത്രമറിയില്ല'' എന്നെല്ലാമുള്ള പോസ്റ്റുകൾ എഴുതിയിടുന്നത് . ഇന്നലത്തെ മഴയിൽ പൊടിച്ച തവരക്ക് അറിയില്ലല്ലോ ആൽ മരമെങ്ങനെയാ ഭൂമീല് വേര് ആഴ്ത്തിയത് എന്ന് .

തീർന്നില്ല പൂരം. ഓൺലൈനിൽ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പ് അഡ്മിൻസ് ഇടുന്ന എല്ലാ പോസ്റ്റിനും പാദ പൂജയും , ക്ഷീരധാരയും നടത്തണം. ഏതെങ്കിലുമെല്ലാം പോസ്റ്റിനു കെട്ടിപ്പിടിച്ചു ഞെക്കിയൊരു ഉമ്മകൊടുത്തു ഒരു ചുവന്ന ഹൃദയ ചിഹ്നം നമ്മളും ചാർത്തിക്കൊടുക്കേണ്ടി വരും..പിടിച്ചു നിൽക്കണ്ടേ?

ഇടക്കെപ്പോഴോ ആലോചിച്ചതാണ് അച്ചടി മാധ്യമം തരാത്ത പ്രശസ്തി എളുപ്പത്തിൽ നേടിയെടുക്കാനുള്ള കുറുക്കു വഴിയല്ലേ ഈ ഓൺലൈൻ എഴുത്ത് അപ്പോൾ എഴുത്തറിയുന്ന ഒരു പകരക്കാരനെ വാടകക്കെടുത്താലോ എന്ന്. പേന കൊണ്ട് പടവെട്ടിയ അച്ഛൻ സെക്കന്റ് നെയിമിന്റെ കൂടെ അവൾക്ക് കൈമാറിയ മാങ്ങാത്തൊലി എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഒരു സാധനം കൂടിയുണ്ടായിരുന്നു. വിറ്റു കഞ്ഞി കുടിക്കാൻ പറ്റാത്ത 'ആദർശം'. അതുകൊണ്ടാണ് ആ ശ്രമം ഉപേക്ഷിച്ചത്.

അല്ലെങ്കിലും ഈ തിരിമറിയെല്ലാം ഒരു ദിവസം നാട്ടുകാരറിയുമ്പോൾ എനിക്ക് ആത്മഹത്യ ചെയ്യേണ്ടി വരും. പ്രത്യേകിച്ച് നിറങ്ങളൊന്നും ഇല്ലാത്ത എഴുത്തുകാരിയാവുമ്പോൾ. എല്ലാ കൊടികളുടെ അടിയിലും തിമിർക്കുന്ന ഞാഞ്ഞൂലുകളെ പേടിക്കണ്ടേ? അല്ലെങ്കിൽ ''ജഹാനരയടി'' എന്ന ഒരു വാക്ക് മലയാള നിഘണ്ടുവിന് സമ്മാനിച്ചു ഡിപ്രെഷൻ ഗുളികയുടെ ബലത്തിൽ ഒരു നിഴൽ ജീവിതം തുടരാം .
അങ്ങനെ മനം മടുത്താണ് അവൾ ഫേസ്ബുക്ക് എഴുത്തു നിർത്തിയത് . ആ ആത്മസംയമനമാണ് ഇന്ന് ചങ്ങല പൊട്ടിച്ചു പുറത്തിറങ്ങിയത് അതും കൺട്രോൾ A ,കൺട്രോൾ X. പിന്നെ ഷിഫ്റ്റ് ഡിലീറ്റും..

അടുത്തതെന്താണ് എന്നാലോചിച്ചിരിക്കുമ്പോഴാണ് കാളിംഗ് ബെൽ മുഴങ്ങിയത്. ജാനകിയമ്മയായിരിക്കും.. അതെ അവർതന്നെ. പത്തു വീടുകളിൽ മാറിമാറി ജോലിചെയ്ത് കുടുംബം നടത്തുന്ന, ഫെമിനിസത്തെ പറ്റി ഒന്നുമറിയാത്ത ഒരു സാധാരണ വീട്ടമ്മ .

പ്രകടിപ്പിക്കാനാവാതെ പോയ ആത്മ രോഷം അവരുടെ നേർക്കെടുത്തെറിഞ്ഞു .. “ ജാനകിയമ്മ ശബരിമലക്ക് പോന്നുണ്ടോ ? ഇപ്പൊ പെണ്ണുങ്ങൾക്കും പോകാം’’

''ഇല്ല ഞാൻ പോകുന്നില്ല ..മൂന്ന് ദിവസം ലീവ് എടുത്താൽ ചില വീട്ടുകാര് ഒഴിവാക്കും , പിന്നെ പണി കിട്ടൂല്ലല്ലോ ''

സ്വന്തം വരുമാന മാർഗ്ഗത്തേക്കാൾ വലുതല്ല ജാനകിഅമ്മയ്ക്ക് ലിംഗ സമത്വം. സത്യത്തിൽ എല്ലാ വൈകുന്നേരങ്ങളിലും പുരുഷത്ത്വം സ്പിരിറ്റിൽ കലർന്നാളിക്കത്തുമ്പോൾ അവരോർക്കാറുണ്ട് ലിംഗ സമത്വം വേണം എന്ന്. സ്വന്തം വീട്ടിലിതൊന്നു നടപ്പാക്കിക്കിട്ടാൻ ആരെയാണ് സമീപിക്കേണ്ടത് എന്ന് അവരാരോട് ചോദിക്കും ?

അവളുടെ ഭർത്താവ് രാവിലെ മോളുമായി പുറത്തു പോയതാണ് ''വരാൻ വൈകും , ഒരു സർപ്രൈസ് ഉണ്ട് . വരുമ്പോളത്തെക്ക് മറ്റേ റൂമൊന്നു റെഡി ആക്കി വെക്കണം എന്ന് മാത്രം പറഞ്ഞു ''.
ആ റൂമിൽ മുഴുവൻ മോളുടെ ടോയ്‌സും , ക്രയോൺസും മറ്റുമാണ്. ആ ജോലിയും ജാനകിയമ്മയെ ഏൽപ്പിച്ചു വീണ്ടും കസേരയിൽ വന്നിരുന്നു.

മുട്ടോളമേ ഉള്ളുവെങ്കിലും ആസ്വദിക്കാൻ സുഖമാണ് ‘ഭൂതകാലക്കുളിർ’..ഒരു ചായയുടെ കൂടെ അവളങ്ങനെ ഭൂതകാലക്കുളിരിലേക്ക് കടന്നു.

സ്കൂൾ യുവജനോത്സവത്തിനു പാത്തുമ്മയുടെ ആടിലെ ഒരു ഭാഗം നാടകം കളിച്ചിരുന്നു. ''മാതാശ്രീ '' എന്ന് വിളിക്കുന്ന നായകനെ തല്ലുന്ന ഉമ്മയുടെ റോളാണ് അവൾ ചെയ്തത്. അന്നൊന്നും ആരും ബഹളം വച്ചിരുന്നില്ല. സത്യത്തിൽ പാത്തുമ്മയുടെ ആടിലൂടെ ബഷീർ കാണിച്ചു തന്നത് 'മാതാശ്രീ' എന്ന വാക്കിന്റെ അർഥം കൂടിയറിയാത്ത സ്വന്തം മാതാവടങ്ങുന്ന ഒരു സമൂഹത്തെയാണ്. വിദ്യാഭ്യാസം കുറഞ്ഞ ജനങ്ങൾ ജീവിച്ചിരുന്ന ആ കാലഘട്ടത്തിൽ മനസിന്റെ വലിപ്പം കൂടുതലും മതത്തിന്റെ മതിലിനു ഉയരം കുറവും ആയിരുന്നു. ഇന്ന് പക്ഷെ വിശ്വാസത്തിന് വ്യക്തിയേക്കാൾ പ്രഭാവമുള്ള കാലമല്ലേ ?

ഫോൺ ബെല്ലടിക്കുന്നതു കേട്ട് എഴുന്നേറ്റതാണ്. ഒരു കൂട്ടുകാരിയാണ് അങ്ങേയറ്റത്. പത്തു മിനിറ്റുനേരത്തെ സംസാരത്തിനു ശേഷം എഴുന്നേറ്റു പോയതിനേക്കാൾ മനസ് തകർന്നാണ് അവൾ വീണ്ടും കസേരയിൽ വന്നിരുന്നത് . കൂട്ടുകാരിയുടെ മകൾ പഠിക്കുന്ന സ്കൂളിൽ മുസ്ലിം കുട്ടികൾ തട്ടം ധരിക്കുന്നത് നിർത്തലാക്കിയത്രേ .. ഇനിയിപ്പോ ഓരോ സമുദായത്തിനും സ്വസമുദായ സ്കൂൾ തുടങ്ങുന്നതായിരിക്കും നല്ലത് .

''ഭക്തിയും വിശ്വാസവുമെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ വിഷയങ്ങളാണ്, ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരിൽ സംഘടിക്കാൻ തുടങ്ങിയതുമുതൽ തുടങ്ങിയതാണ് കേരളത്തിലെ ഈ അഭിനവ വിശ്വാസ സംരക്ഷണവും സാംസ്കാരിക ജീർണ്ണതയും.''

എന്ന് പിറുപിറുത്തുകൊണ്ട് അവൾ സ്വന്തം കുട്ടിക്കാലത്തെ കുറി ച്ചു വീണ്ടും ഓർത്തുപോയി.. അന്ന് മുണ്ടൂരുള്ള കുട്ടികളെല്ലാം പോയിരുന്നത് രാമവിലാസം സ്കൂളിൽ ആയിരുന്നു . ജാതി , മതം , വാർഷിക വരുമാനം ഇതൊന്നും മനസുകളെ തമ്മിൽ അകറ്റി നിർത്താൻ മാത്രം ശക്തമായിരുന്നില്ല. സ്കൂളിൽ നിന്ന് ടൂർ പോയ സമയം തട്ടം ഊരിയ പെൺകുട്ടികളും തൊപ്പിയഴിച്ച ആൺ കുട്ടികളും പളനി മുരുകന്റെ അമ്പലത്തിൽ പോയി പ്രസാദം വാങ്ങിയിട്ടുണ്ട്. കുറച്ചു കുട്ടികളെ മാത്രം താഴെ നിർത്തി പോകണ്ട എന്ന് കരുതി ടീച്ചേർസ് എല്ലാരും ചേർന്നെടുത്ത തീരുമാനമായിരുന്നു അത്. അതിന്റെ പേരിൽ പള്ളിക്കമ്മിറ്റിക്കാർ സ്കൂളിൽ വന്നിട്ടും ഇല്ലായിരുന്നു..

മതത്തിനു പുറമെ ജാതിയും വലിയ വിഷയങ്ങളായിരുന്നില്ല അന്ന്. അങ്ങനെ ആയിരുന്നു എങ്കിൽ മേനോനായ ഹരിദാസിനും സീത എന്ന ഈഴവ സ്ത്രീക്കും ജഹനാര എന്ന മുസ്ലിം പേരുള്ള മകളുണ്ടാവുമായിരുന്നില്ല. അവളുടെ അച്ഛനും അമ്മയും ഒന്നിച്ചു പഠിച്ചവരാണ്, വാട്‍സ് ആപ്പിലെ ഇമോജികളുടെ സഹായമില്ലാതെ ജീവിതത്തിൽ പ്രണയം ആഘോഷിച്ചു പരസ്പരം ലക്ഷ്യമായി ജീവിച്ചവർ.

പഠനകാലത്തു വായിച്ച പുസ്തകങ്ങളിലൊന്നിലെ ഇഷ്ട കഥാപാത്രത്തിന്റെ പേരാണ് അച്ഛൻ മകൾക്കു വേണ്ടി തിരഞ്ഞെടുത്തത്. രാജകുമാരി എന്ന പേരിന്റെ അർത്ഥത്തിലും കേൾക്കാനുള്ള ഇമ്പത്തിലും മയങ്ങിപ്പോയതുകാരണം അമ്മയും ഒരു ഹിന്ദു പേരിനു വേണ്ടി കണ്ണീർപ്പുഴയിൽ കടലാസുതോണി ഇറക്കിയില്ല .

പത്താം ക്ലാസ്സിൽ മതക്കോളത്തിൽ ''ഹ്യൂമൻ'' എന്നെഴുതിയതിത്തിന്റെ വിശദീകരണം ചോദിച്ചു ഒരുതവണ അവളുടെ അച്ഛനെ സ്കൂളിൽ വിളിപ്പിച്ചിരുന്നു. ''രണ്ടു പേരും ഹിന്ദു ആയതു കൊണ്ട് കുട്ടിയുടെ മതം ഹിന്ദു തന്നെ , ജാതി ഈഴവ വച്ചാൽ പിന്നീട് ഉപരിപഠനത്തിന് ഉപകരിക്കും '' എന്ന് ടീച്ചേർസ് അവളുടെ അച്ഛനെ മനസിലാക്കിക്കാൻ ശ്രമിച്ചതാണ്. ഒടുവിൽ അനുഭവ ജ്ഞാനിയായ പത്ര പ്രവർത്തകന്റെ നീണ്ട പ്രഭാഷണം കേട്ടു മടുത്ത അധ്യാപകർ അവളുടെ അച്ഛന്റെ പ്രത്യേക അപേക്ഷ ശിരസാവഹിച്ചു.

മുതിർന്നപ്പോൾ അവളും പറഞ്ഞതാണ് ഇന്ത്യയിൽ ജീവിക്കാൻ ജാതിയും മതവും എല്ലാം വേണം എന്നെ ഏതെങ്കിലും ഒരു മതത്തിലും ജാതിയിലും ചേർക്കൂ എന്ന്.

''ഒരു സ്ത്രീയുടെയും പുരുഷന്റെയും നിശ്വാസങ്ങൾക്ക് ഒരു കനലിനെ ജ്വാലയാക്കി മാറ്റാൻ ശേഷിയുണ്ട് എന്ന സത്യമാണ് നിന്റെ ജന്മ രഹസ്യം . ആ സത്യത്തിന് അരുതുകളുടെ അതിർവരമ്പുകൾ ഭേദിക്കാനുള്ള ശക്തിയുണ്ടായിരുന്നു. നിന്റെ മതം- മനുഷ്യമതം, ജാതി-പെൺജാതി. നീ ജീവിക്കേണ്ടത് മനുഷ്യന് വേണ്ടിയാണ് ''.

ഹരിദാസ മേനോന്റെ വാക്കുകളുടെ അന്തരാർത്ഥങ്ങൾ ഉൾക്കൊള്ളാനുള്ള പക്വത അന്ന് അവൾക്കുണ്ടായിരുന്നില്ല, പക്ഷേ ഇന്ന് അവളഭിമാനിക്കുന്നു, ഒരു മനുഷ്യ സ്ത്രീയായി ജീവിക്കാൻ സാധിക്കുന്നു എന്നതിനാൽ.

വഴിക്കണ്ണുമായി ഭർത്താവിനെയും മകളെയും നോക്കി ഇരിക്കുന്നതിനിടയിൽ അവളച്ഛമ്മയെ ഓർത്തു . അവൾക്കേറ്റവും പ്രിയപ്പെട്ട, അവളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്‌തിയെ. അച്ഛമ്മ അവൾക്കിന്നൊരു വേദനയാണ്.. മാനസികമായി അച്ഛമ്മ ഒരുപാട് അകന്നു പോയിരിക്കുന്നു അവളിൽ നിന്നും.

ശബരിമല സ്ത്രീ പ്രവേശന വിധി വന്ന സമയത്തു ഒരു കൗതുകത്തിനു അച്ഛമ്മയെ വിളിച്ചിരുന്നു അഭിപ്രായമറിയാൻ . ആഴ്ചയിൽ നാല് ദിവസം ഒരിക്കലെടുക്കുന്ന അച്ഛമ്മ ഈ വിഷയത്തിൽ അഭിപ്രായം പറയാൻ എന്ത് കൊണ്ടും യോഗ്യയാണ് എന്നറിയാമായിരുന്നു. ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള അച്ഛമ്മയുടെ മറുപടികേട്ട് അവൾ തകർന്നു പോയതാണ് .

''നിന്റച്ഛൻ ഹരിദാസൻ എന്റെ പള്ള നൊന്തു പൊറത്തുവന്ന നല്ല ഒന്നാംതരം മേനോനാണ്, നിന്നെപ്പോലെ സങ്കര ജാതിയല്ല. എന്റെ വാക്ക് കേക്കാണ്ടെ പോത്തെറച്ചി തിന്നുന്ന പെണ്ണിന്റെ കൈ പിടിച്ചില്ലേ അവൻ? ഞാനെന്നിട്ടും നിന്റമ്മേനെ 'മോളേ ..' ന്ന് വിളിക്കുന്നില്ലേ. അങ്ങനെ ഇഷ്ടപ്പെടാത്തതെന്തെല്ലാം നടക്കും കുട്ട്യേ ഈ ലോകത്ത്‌ ? എന്റെ പഴ മനസിന് ഇതൊന്നും അത്ര ബോധിക്കുന്നില്ല കുട്ടീ .."

ഒന്ന് ദേഷ്യം പിടിപ്പിക്കാൻ തന്നെ അവൾ പിന്നെയും ചോദിച്ചു:

''എന്നാ പൊയ്ക്കൂടേ മല കേറാൻ വരുന്ന പെണ്ണുങ്ങളെ വഴി തടയാൻ ?''
അതിന് ആത്മ സംയമനത്തോടെ ഒരെഴുത്തുകാരന്റെ അമ്മയുടെ പക്വതയോടെ മറുപടി കൊടുത്തു.

'' ഈ തൊണ്ണൂറാം വയസിൽ എന്നെക്കൊണ്ട് കൂട്ടിയാ കൂടുവോ അതിനെല്ലാം ..? ഈ വിധി പറഞ്ഞ ജഡ്‌ജികൾ മണ്ണ് തിന്നുന്നോരൊന്നും അല്ലല്ലോ ? തലേൽ നിറച്ചും ബുദ്ധിയല്ലേ അവർക്കെല്ലാം? ആണിനും പെണ്ണിനും തുല്യ നീതി വേണം ന്നെന്നയാ എന്റെയും ഇഷ്ടം അതല്ലേ കോടതി അങ്ങനെ പറഞ്ഞത്, കോടതിക്കങ്ങനെയല്ലേ പറയാൻ പറ്റൂ ..വിധി പറഞ്ഞൂന്ന് വെച്ചിട്ട് നാളത്തന്നെ പെണ്ണുങ്ങളെല്ലാരും മലക്ക് പോണം ന്നൊന്നും ആരും പറഞ്ഞിട്ടില്ലല്ലോ ?പോണൊരു പോട്ടെ കുട്ട്യേ..? അവനോന്റെ മക്കളെ നേരെയാക്കാൻ പറ്റാത്ത ഞാൻ എങ്ങന്യാ നാട്ടിലെ പെൺകുട്ട്യോളോട് മലക്ക് പോണ്ടാന്നു പറയുവ? ശിഷ്ട രക്ഷ ദുഷ്ട നിഗ്രഹം രണ്ടും ഭഗവാൻ ചെയ്യും ന്നല്ലേ .? പിന്നെ ഞാനെന്തിനാ സമരത്തിന് പോണത് ? ഉപ്പു തിന്നോരു വെള്ളം കുടിക്കട്ടെ .ഇല്ല ..എല്ലാരും പറയുമ്പോലെ ഭഗവാനും മോഡേൺ ആയീന്ന്ണ്ടെങ്കിൽ നമ്മളെന്തിനാ വിഷമിക്കുന്നെ? പെൺ കുട്ട്യോള് പ്ലെയിൻ പറത്തണ കാലല്ലേ ? മോളിലേക്ക് പോണേനു മുൻപ് ഇതെല്ലം കാണാനും കേൾക്കാനും തന്നെയാവും എന്റെ വിധി ''

കേട്ടപ്പോൾ അവളഭിമാനിച്ചു ..അച്ഛമ്മയുടെ ഔചിത്യ ബോധത്തെയും തൊണ്ണൂറിലും മറവിരോഗം ബാധിക്കാത്ത തലച്ചോറിനെയും മനസ് തുറന്നഭിനന്ദിച്ചു. ഭക്തിയും യുക്തിയും വിരുദ്ധ ധ്രുവങ്ങളിൽ നീങ്ങുന്ന രണ്ടു നേർ രേഖകളാണ് എന്നിരിക്കെത്തന്നെ ചിലയിടങ്ങളിൽ ആളുകൾ യുക്തിയെ ഭക്തിയുമായി ചേർത്തുവായിക്കേണ്ടിയിരിക്കുന്നു.അവൾക്ക് പേരിടുന്ന സമയത്തു അച്ഛമ്മ ചോദിച്ചിരുന്നുത്രേ ''ഹിന്ദൂലും ക്രിസ്ത്യാനീലും ഇല്ലാത്തോണ്ടാണോ മുസ്ലീമിലേക്ക് പോയത് ?'' എന്ന്.

സത്യത്തിൽ ഈ പേരിലെ വൈവിധ്യം ഒരു സീനിയർ സബ് എഡിറ്ററിനു നേടികൊടുക്കുന്നതിനേക്കാളും പ്രശസ്തി അവൾക്ക് നേടി കൊടുക്കുന്നുണ്ട് . അന്യന്റെ സ്വകാര്യതയിലേക്ക് ഒളികാമറയുമായി നടക്കുന്ന ഏതൊരു മലയാളിയും ധൃതിപ്പെട്ടുള്ള പരിചയപ്പെടലെന്ന ഔപചാരികതയ്ക്കു ശേഷം അവളോട് ചോദിക്കുന്ന ചോദ്യമാണ് ''ഹസ്ബൻഡ് ഹിന്ദുവായിരിക്കും അല്ലെ ?'' എന്ന്. ഒരു വിപ്ലവ പ്രണയ കഥ കേൾക്കാൻ കൂർപ്പിച്ചു പിടിച്ച കാതുകളെ നിരാശരാക്കിക്കൊണ്ടു ''അല്ല ..ഹരിദാസ് അച്ചനാണ് , അച്ഛന് ഇഷ്ടപ്പെട്ട പേരായിരുന്നു '' എന്ന് മാത്രം പറഞ്ഞവസാനിപ്പിക്കുമ്പോൾ ഓരോ തവണയും അവളോർക്കും ഷഹബാസിനെ.

മകൾ മുസ്ലിം ചെക്കനെ കല്യാണം കഴിക്കും എന്ന മുൻധാരണയിലായിരുന്നില്ല ഹിന്ദു ആചാര പ്രകാരം അവളുടെ പേരിടൽ ചടങ്ങു നടത്തിയത്. പക്ഷേ നടക്കേണ്ടത് നടക്കേണ്ട പോലെ നടക്കും എന്ന് പറയുന്നതുപോലെ ജീവിതം മാറുകയായിരുന്നു . നിശ്വാസങ്ങളും ജ്വാലയും കനലുമൊക്കെ ചേർത്ത അച്ഛന്റെ സ്വന്തം ഡയലോഗ് അച്ഛന് നേരെ പ്രയോഗിച്ച മകൾ അച്ഛന് പണി കൊടുത്തു . മകനെ മലയാള സാഹിത്യം പഠിപ്പിച്ചത് കൊണ്ടാണ് അവനു ഒരു ഹിന്ദു ചായ്‌വ് വന്നത് എന്നാണ് ഷഹബാസിന്റെ ഉപ്പ ഇപ്പോഴും വിശ്വസിക്കുന്നത്. അതിൽ പിന്നെയാണ് അച്ഛമ്മ അവളിൽ നിന്നകന്നു പോയതും..

പേരിലെ വൈവിധ്യവും അച്ഛന്റെ പേരെന്ന ജന്മാവകാശവും അങ്ങനെ തന്നെ നിൽക്കട്ടെ എന്ന് കരുതിയാണ് ജഹനാര ഷഹബാസ് എന്ന തനി മുസ്ലിം പേരിലേക്ക് ഒതുങ്ങാതിരുന്നത്, അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു? മലയാള സാഹിത്യത്തിൽ പ്രബന്ധങ്ങളെഴുതിയ ഷഹബാസിന് ഏറ്റവും ഇഷ്ടപ്പെട്ട പേരാണ് പാർവതി.

ജടാധാരിയായ കൈലാസ നാഥനെ ആഴത്തിൽ പ്രണയിച്ചു അർത്ഥ ശരീരം അവകാശമായി വാങ്ങിയെടുത്തശേഷം ശിവന്റെ ശക്തിയായി മാറിയ പാർവ്വതിയല്ലേ യഥാർത്ഥ ഫെമിനിസ്റ്റ് എന്നാണ് ചോദിക്കാറ്.. അതുകൊണ്ടു തന്നെയാണ് പിന്നീടൊന്നാലോചിക്കാതെ മകൾക്ക് പാർവതി എന്ന പേര് തീരുമാനിച്ചതും. പക്ഷേ, ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും സ്വജാതി മേൽ ജാതി എന്ന് മഹിമ പാടിനടക്കുന്ന ഈ കാലഘട്ടത്തിൽ അവളുടെ ജേർണലിസം ഡിഗ്രിക്കും അവന്റെ ഡോക്ടറേറ്റിനും സംസ്കാര സമ്പന്നർ എന്ന പൊൻതൂവൽ സമ്മാനിക്കാനാവില്ല. കാരണം സംസ്കാരം ജാതി മതങ്ങളുടെ നൂലാമാലകളിൽ കുടുങ്ങിക്കിടക്കുകയാണ് .

നിർത്താതെയുള്ള കാളിംഗ് ബെല്ലാണ് അവളെ ആലോചനകളിൽ നിന്നുണർത്തിയത്. പൂമുഖത്തു കണ്ടകാഴ്ച ഷഹബാസ് മോഹിപ്പിച്ചതിനേക്കാളും വലിയ സർപ്രൈസ് ആയിരുന്നു അവൾക്ക്. ഒന്നുകൂടി കണ്ണുകൾ വിടർത്തി നോക്കി

വടികുത്തിനിൽക്കുന്നു തൊണ്ണൂറു കഴിഞ്ഞ വാർദ്ധക്യം !! ജരബാധിച്ച കൺതടങ്ങളിൽ പരിഭവത്തിന്റെ മിന്നലാട്ടങ്ങൾ നിഴലിച്ചിട്ടില്ല. നാലാം വേദക്കാരന്റെ കുഞ്ഞിനെപ്പെറ്റ കൊച്ചുമകളോട് അച്ഛമ്മക്ക് വാത്സല്യം ബാക്കിയുണ്ട്. ഒരുക്കിവച്ച മുറിയിലേക്ക് വന്ന പുതിയ അതിഥി. കൈ പിടിച്ചുകൊണ്ടു കൂടെയുണ്ട് മകൾക്ക് കൽ പ്രതിമകളൊന്നിന്റെ പേര് വിളിച്ച ബുദ്ധിയില്ലാത്ത ചെക്കൻ. രണ്ടു പേരും സംസ്കാര ശൂന്യർ!! സംസ്കാര സമ്പന്നരുടെ കൊടുക്കൽ വാങ്ങലുകളിൽ നിന്നും, മനസിലെ സ്‌ക്രീനിൽ നിന്നും ഷിഫ്റ്റ് ഡിലീറ്റ് ചെയ്യപ്പെടേണ്ടുന്ന രണ്ടു പാഴ് ജന്മങ്ങൾ.

Read more topics: # shift delete ,# short story
shift delete malayalam short story

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES