റാസ്പുട്ടില്‍ കൊല്ലപ്പെട്ടത് ഒരുഡിസംബര്‍ 30 ന്; ബോണി എം ഗാനത്തില്‍ റാസ്പുട്ടിനായി വേഷമിട്ട ബോബി ഫാരല്‍ മരണമടഞ്ഞതും അതേ ദിവസം; വിഖ്യാന ഗാനത്തെ നവീനും ജാനകിയും വീണ്ടും വൈറലാക്കിയപ്പോള്‍ രാംദാസ് എഴുതുന്നു ദുരൂഹത നിറഞ്ഞ ആ കഥ

Malayalilife
topbanner
റാസ്പുട്ടില്‍ കൊല്ലപ്പെട്ടത് ഒരുഡിസംബര്‍ 30 ന്; ബോണി എം ഗാനത്തില്‍ റാസ്പുട്ടിനായി വേഷമിട്ട ബോബി ഫാരല്‍ മരണമടഞ്ഞതും അതേ ദിവസം; വിഖ്യാന ഗാനത്തെ നവീനും ജാനകിയും വീണ്ടും വൈറലാക്കിയപ്പോള്‍ രാംദാസ് എഴുതുന്നു ദുരൂഹത നിറഞ്ഞ ആ കഥ

റാ സ്പുട്ടിന്റെ ജീവിതവും മരണവും മരണാനന്തരവും എല്ലാം എന്നും കൗതുകമുണര്‍ത്തുന്നവയാണ്. ബോണി എം എന്ന വിഖ്യാത സംഗീത ബാന്റിന്റെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിലൊന്നായ റാ റാ റാസ്പുട്ടിനിലൂടെയാണ് ആ ദുരൂഹ വ്യക്തിത്വത്തെക്കുറിച്ച്‌ ലോകം കൂടുതല്‍ അറിഞ്ഞത്.

ആ ഗാനത്തില്‍ റാസ്പുട്ടിനായി വേഷമിട്ട ബോബി ഫാരല്‍ 2010 ല്‍ മരണമടഞ്ഞത് യഥാര്‍ത്ഥ റാസ്പുട്ടിന്‍ കൊല്ലപ്പെട്ട സെന്റ് പീറ്റേഴ്‌സ് നഗരത്തില്‍ റാസ്പുട്ടിന്‍ 1916 ല്‍ കൊല്ലപ്പെട്ട അതേ ദിവസത്തിലായിരുന്നു. ഡിസംബര്‍ 30 ന്.

സാര്‍ ചക്രവര്‍ത്തിയുടെ പത്‌നിയുടെ അടുത്ത് വലിയ സ്വാധീനശക്തിയുണ്ടായിരുന്ന സ്വയം പ്രഖ്യാപിത പുണ്യപുരുഷനായിരുന്ന റാസ്പുട്ടിന്‍ ഭരണകാര്യങ്ങളിലേക്കും ആ സ്വാധീനം എത്തിച്ചപ്പോള്‍ യൂസുപോവ് രാജകുമാരനും സുഹൃത്തുക്കളും റാസ്പുട്ടിനെ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയും 1916 ഡിസംബര്‍ 30 ന് രാത്രി സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ കൊട്ടാരത്തില്‍ ഒരു വിരുന്നിന് ക്ഷണിച്ച്‌ കടുത്ത വിഷം കലര്‍ത്തിയ ഭക്ഷണം കഴിപ്പിക്കുകയായിരുന്നു. എന്നാല്‍ അതിശക്തമായ വിഷം ഉള്ളില്‍ ചെന്നിട്ടും യാതൊരു കുഴപ്പവും റാസ്പുട്ടിന് സംഭവിച്ചില്ല. തുടര്‍ന്ന് വിഷം കലര്‍ത്തിയ വൈന്‍ കുടിച്ചിട്ടും റാസ്പുട്ടിന്‍ യാതൊരു ഭാവഭേദവും പ്രകടിപ്പിച്ചില്ല.

ഒടുവില്‍ യൂസുപ്പോവ് റാസ്പുട്ടിന്റെ നെഞ്ചില്‍ വെടിവച്ച്‌ കൊട്ടാരത്തില്‍ നിന്നും പുറത്തേക്ക് പോയി. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം പുലര്‍ച്ചെ റാസ്പുട്ടിന്റെ മൃതദേഹം മാറ്റാനായി തിരികെയെത്തിയ യൂസുപോവ് വെടിയേറ്റു നിശ്ചലനായി കിടന്നിരുന്ന റാസ്പുട്ടിനരികിലെത്തിയതും റാസ്പുട്ടിന്‍ പൊടുന്നനെ എഴുന്നേല്‍ക്കുകയും യൂസുപ്പോവിനെ ആക്രമിക്കുകയുമായിരുന്നു. ഒടുവില്‍ യൂസുപോവിന്റെ സുഹൃത്തുക്കളും അംഗരക്ഷകരും പാഞ്ഞെത്തുകയും റാസ്പുട്ടിനുമേല്‍ വെടിയുണ്ടകള്‍ വര്‍ഷിക്കുകയും ചെയ്തു. മരണം ഉറപ്പു വരുത്തിയശേഷം റാസ്പുട്ടിന്റെ ജഡം തുണിയില്‍ പൊതിഞ്ഞ് മഞ്ഞുമൂടി കിടക്കുന്ന നേവാ നദിയിലേക്ക് വലിച്ചെറിഞ്ഞു. രണ്ടു ദിവസത്തിനു ശേഷം കണ്ടെത്തിയ റാസ്പുട്ടിന്റെ ജഡം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ ശ്വാസകോശത്തില്‍ ജലാംശം കണ്ടെത്തിയെന്നും പറയപ്പെടുന്നുണ്ട്.

എന്തായാലും അത്രയേറെ ദുരൂഹത നിറഞ്ഞ ആ കഥാപാത്രത്തെ ഒരുപാട് വേദികളില്‍ കെട്ടിയാടിയ ബോബി ഫാരല്‍ 2010 ഡിസംബര്‍ 30 ന് വൈകുന്നേരം റാസ്പുട്ടിന്‍ കൊല്ലപ്പെട്ട സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ റാസ്പുട്ടിനെ അവതരിപ്പിച്ച ശേഷം വേദിയില്‍ നിന്നിറങ്ങിയപ്പോള്‍ ചെറിയ ശ്വാസതടസം പോലെ തോന്നുന്നതായി തന്റെ മാനേജരെ അറിയിച്ചിരുന്നു. എങ്കിലും കാര്യമായ ശാരീരിക അസ്വസ്ഥതകള്‍ ഒന്നും തന്നെ ഫാരലിന് തോന്നിയിരുന്നില്ല. എന്നാല്‍ അടുത്ത ദിവസം രാവിലെ റൂമിലേക്ക് ചെന്ന ഹോട്ടല്‍ ജീവനക്കാരുടെ വിളിക്ക് പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് മുറി ബലമായി തുറന്ന് നോക്കിയപ്പോള്‍ ഫാരല്‍ ജീവനറ്റു കിടക്കുകയായിരുന്നു. ഒരുപക്ഷേ റാസ്പുട്ടിന്‍ ജീവന്‍ വെടിഞ്ഞ അതെ സമയത്ത് തന്നെയായിരുന്നിരിക്കണം ഫാരലും അവസാന ശ്വാസമെടുത്തതും.

ഇതെല്ലാം യാദൃശ്ചികം എന്ന് കരുതാമെങ്കിലും റഷ്യയിലെ സ്ത്രീകളെല്ലാം തന്നെ കാമിച്ചിരുന്നു എന്ന് വിശ്വസിച്ചിരുന്ന റാസ്പുട്ടിന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളിലും നിറഞ്ഞു നിന്നിരുന്ന ദുരൂഹതകളുടെ ഒരു ഭാഗം തന്നെയായി ബോബി ഫാരലിന്റെ മരണവും കരുതുന്നവരും ഉണ്ട്.

Read more topics: # ramdas ,# note about rasputt death
ramdas note about rasputt death

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES