1970കളുടെ തുടക്കത്തില്‍ പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യ ചെറുകഥാസാഹിത്യചരിത്രം നാലു പെണ്‍കഥാകൃത്തുക്കളെ മാത്രമേ ചര്‍ച്ചചെയ്യുന്നുള്ളു. സരസ്വതിയമ്മ, ലളിതാംബിക, മാധവിക്കുട്ടി, രാജലക്ഷ്മി. 1970കളുടെ രണ്ടാം പകുതിയില്‍ എഴുതിത്ത്ത്തുടങ്ങിയെങ്കിലും 80കളിലാണ് പുതിയൊരുനിര കഥാകൃത്തുക്കള്‍ ശ്രദ്ധ നേടുന്നത്. സാറാജോസഫ്, ഗ്രേസി, ചന്ദ്രമതി തുടങ്ങിയവര്‍. 80കളില്‍ ഗീതാഹിരണ്യനും അഷിതയും ഉവരോടു കൂടിച്ചേരുന്നു. മേല്പറഞ്ഞ ഒന്‍പതു കഥാകൃത്തുക്കളേയുള്ളു, ഒരു നൂറ്റാണ്ടു പിന്നിട്ടപ്പോഴും 1990 വരെ മലയാളചെറുകഥയില്‍ എന്നു ചുരുക്കം. പിന്നീടും അത്ര വ്യത്യസ്തമല്ല കാര്യങ്ങള്‍. ആ നൂറ്റാണ്ടില്‍ പിന്നീടു വന്നത് രണ്ടുപേര്‍ മാത്രം. 90കളില്‍ എഴുത്തുതുടങ്ങിയ സിതാര, രേഖ എന്നിവര്‍. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കഥയെഴുത്താരംഭിച്ച ഇന്ദുമേനോന്‍, കെ.ആര്‍.മീര എന്നിവര്‍ കൂടി ചേര്‍ന്നാല്‍ ആകെ മൊത്തം പതിമൂന്നു പേരാണ് 130 വര്‍ഷം നീണ്ട മലയാളചെറുകഥയിലെ പെണ്‍സാന്നിധ്യം! (നിശ്ചയമായും ഓരോ കാലത്തും, ഭാവുകത്വത്തില്‍ കാര്യമായ ചലനമുണ്ടാക്കാതെ, ഏതാണ്ട് ഇത്രയും തന്നെ കഥാകൃത്തുക്കളുടെ മറ്റൊരു സംഘവും മലയാളത്തില്‍ ധാരാളമായി എഴുതുകയും വായിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്നതു മറക്കുന്നില്ല. നാലഞ്ചു പരിമിതികള്‍ ഇവര്‍ക്കുണ്ട്. മാധവിക്കുട്ടിയെ വിട്ടുപോരാന്‍ കഴിയായ്ക, ആണെഴുത്തിന്റെ രീതിഭേദങ്ങള്‍ മറികടക്കായ്ക, സ്ത്രീപക്ഷ രാഷ്ട്രീയം എന്തെന്നറിയായ്ക, ഭാഷയിലും ആഖ്യാനത്തിലും പുതുമകൊണ്ടുവരായ്ക, സ്ത്രീക്കപ്പുറത്തേക്കുള്ള ലോകത്തില്‍ ചിന്ത സഞ്ചരിക്കായ്ക എന്നിങ്ങനെ. വത്സല, മാനസി, പ്രിയ തുടങ്ങിയ ചിലരെങ്കിലും ഈ പരിമിതികള്‍ സാമാന്യമായെങ്കിലും മറികടന്നിട്ടുണ്ട് എന്നു വേണമെങ്കില്‍ പറയാം. മലയാളത്തിലെ പെണ്ണെഴുത്തുകാരെക്കുറിച്ചുള്ള ഒരു പഠനം നൂറ്റന്‍പതോളം പെണ്‍കഥാകൃത്തുക്കളെ പട്ടികപ്പെടുത്തുന്നുണ്ട്!)
ചുരുക്കം ചിലരെങ്കിലും 90കളില്‍ മാധവിക്കുട്ടിയെ മറികടന്നതെങ്ങനെയാണ്? മുഖ്യമായും ഭാഷയിലും രാഷ്ട്രീയത്തിലുമാണ് അതു സംഭവിച്ചത്. പെണ്ണെഴുത്തിന്റെ സാധ്യകള്‍ അക്കാദമിക, മാധ്യമ, സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളില്‍ നേടിയ പ്രാതിനിധ്യം; നോവലിലെന്നപോലെ കഥയിലും നേടിയ എഴുത്തിലെ മേല്‍ക്കൈ (ഓര്‍ക്കുക, 1998ല്‍ ആലാഹയുടെ പെണ്മക്കള്‍ പുറത്തുവരും മുന്‍പ് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട സ്ത്രീനോവലുകള്‍ എത്രയുണ്ട്? ലളിതാംബിക, രാജലക്ഷ്മി എന്നിവരുടെ ഓരോ രചനകള്‍, വത്സല, സാറാതോമസ് എന്നിവരുടെ ചില രചനകള്‍, വിരലിലെണ്ണാവുന്ന ചില ജനപ്രിയനോവലുകള്‍ എന്നിവ മാത്രം. മലയാളത്തിലെ ഏറ്റവും മികച്ച കഥാകൃത്തായിട്ടും, 'ഇന്ത്യന്‍ എഴുത്തുകാ'രുടെ നിരയിലേക്ക് കഴിഞ്ഞ നൂറ്റാണ്ടില്‍ കടന്നുചെന്ന ഏക പ്രതിഭയായിട്ടും നോവലില്‍ മാധവിക്കുട്ടിക്കു മൗലികമായ സംഭാവനയൊന്നുമില്ല); വിവര്‍ത്തനത്തിലൂടെ കൈവന്ന ദേശീയ ശ്രദ്ധയും പദവിയും; ഇന്ത്യന്‍ സാഹിത്യപൊതുമണ്ഡലത്തില്‍ തന്നെ മാധവിക്കുട്ടിക്കുശേഷം സാറാജോസഫിനും മീരക്കും കൈവന്ന പ്രകടമായ ദൃശ്യത; ആഖ്യാനത്തിന്റെ സൂക്ഷ്മതലങ്ങളില്‍ പോലും പ്രകടമായ സ്ത്രൈണജാഗ്രതകള്‍; കഥ രാഷ്ട്രീയമായി മാറിയ അവസ്ഥ (ഇടതുപക്ഷ, മതേതര, സ്ത്രീപക്ഷ, പാരിസ്ഥിതിക, കീഴാള, ജാതിവിമര്‍ശന, ദേശരാഷ്ട്ര വിമര്‍ശന, മുതലാളിത്ത വിരുദ്ധ രാഷ്ട്രീയങ്ങള്‍ മുഖ്യമായും) എന്നിങ്ങനെ ഈ കഥാകൃത്തുക്കള്‍ പ്രകടിപ്പിച്ച ഭാവുകത്വസ്വഭാവങ്ങള്‍ പലതും മാധവിക്കുട്ടിയില്‍ നിന്നുള്ള മുന്നേറ്റങ്ങളോ ഒരളവോളം അവരെ മറികടന്നവയോ ആയിരുന്നു. എങ്കിലും ഒരുകാര്യം ചൂണ്ടിക്കാട്ടാതെവയ്യ. 1916ല്‍ മലയാളത്തിലെഴുതപ്പെട്ട ആദ്യപെണ്‍കഥ, എം. സരസ്വതിഭായിയുടെ തലച്ചോറില്ലാത്ത സ്ത്രീകള്‍, തൊട്ട് ഇന്നുവരെ നമ്മുടെ സ്ത്രീകഥകള്‍ ഉന്നയിക്കുന്ന മൂന്ന് അടിസ്ഥാന നിലപാടുകളും ഇടര്‍ച്ചകളെന്നതിനെക്കാള്‍ തുടര്‍ച്ചകളാണ്. എല്ലാത്തരം കോയ്മകളോടുമുള്ള കലഹങ്ങളും കലാപങ്ങളും; കാമനകളുടെ കെട്ടഴിച്ചുവിടലാണ് കഥയും ജീവിതവും എന്ന കാഴ്ചപ്പാട്; സ്ത്രീകഥകളുടെ അടിസ്ഥാന രാഷ്ട്രീയം സ്വാതന്ത്ര്യമാണ് എന്ന തിരിച്ചറിവ് - ഇവയാണ് ആ നിലപാടുകള്‍. സരസ്വതിയമ്മയെക്കുറിച്ച് ഏറ്റവും പുതിയ തലമുറയിലെ കഥാകൃത്തായ മിനി പി.സി. ഇക്കഴിഞ്ഞയാഴ്ച സാഹിത്യചക്രവാളത്തിലെഴുതിയ ലേഖനം ആരംഭിക്കുന്നതിങ്ങനെയാണ്: 'സ്വാതന്ത്ര്യത്തിന്റെ മറ്റൊരു വാക്കാണ് സരസ്വതിയമ്മയുടെ കഥകള്‍'.
2010നു ശേഷം, മലയാളകഥയില്‍ കടന്നുവന്നവരില്‍ ശ്രദ്ധേയമായ രചനകള്‍ അവതരിപ്പിച്ച ഏകകഥാകൃത്താണ് യമ. സരസ്വതിഭായിയില്‍ നിന്നോ സരസ്വതിയമ്മയില്‍ നിന്നോ തുടങ്ങുന്ന സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും മലയാളവഴിയുടെ ഇങ്ങേയറ്റം. ഏഴുകഥകള്‍ മാത്രമാണ് യമയുടെ ആദ്യ കഥാസമാഹാരമായ 'ഒരു വായനശാലാവിപ്ലവ'ത്തിലുള്ളത്. മലയാളകഥയുടെ പൊതുധാരയില്‍ നിന്നു തികച്ചും ഭിന്നമായ ദേശ, ഭാഷ, ജീവിതമണ്ഡലങ്ങള്‍. സൂക്ഷ്മവും നിശിതവുമായ സ്ത്രീപക്ഷ രാഷ്ട്രീയ നിലപാടുകള്‍. കീഴാളജീവിതത്തിന്റെ നിരന്തരമായ പ്രശ്നവല്‍ക്കരണങ്ങള്‍. കണിശവും നിരാര്‍ദ്രവുമായ ഭാഷണലീലകള്‍. നര്‍മത്തിന്റെയും പരിഹാസത്തിന്റെയും മുള്‍മുനകള്‍ - കഥയുടെ കലയിലും ആഖ്യാനത്തിലും പുലര്‍ത്തുന്ന മൗലികമായ തിരിച്ചറിവുകള്‍ യമയുടെ ഏഴു രചനകളെയും മലയാള പെണ്‍കഥാചരിത്രത്തില്‍ സ്ഥാനപ്പെടുത്തുന്നു.
സ്വാതന്ത്ര്യം (സാമ്പത്തിക സ്വാതന്ത്ര്യം മുതല്‍ ലൈംഗിക സ്വാതന്ത്ര്യം വരെ), അധികാരവിമര്‍ശനം (ആണ്‍കോയ്മ മുതല്‍ ഭരണകൂടം വരെ), പ്രണയം (കാല്പനിക പ്രേമം മുതല്‍ വിവാഹ ബാഹ്യബന്ധം വരെ), ലൈംഗികത (അഗമ്യഗമനം മുതല്‍ ലൈംഗികത്തൊഴില്‍ വരെ), മാതൃത്വം (വിവാഹേതര മാതൃത്വം മുതല്‍ പിതൃനിഷേധം വരെ), പ്രത്യയശാസ്ത്രം (ജാതി മുതല്‍ ദേശീയത വരെ), അതീതാനുഭൂതികള്‍ (സ്വപ്നം മുതല്‍ ഷിസോഫ്രേനിയ വരെ), ചരിത്രബോധം (ഓര്‍മ മുതല്‍ രാഷ്ട്രം വരെ), ഹിംസ (പ്രത്യക്ഷ ഹിംസ മുതല്‍ പ്രതീകാത്മക ഹിംസ വരെ), ശരീരം (വര്‍ണം മുതല്‍ വിപണി വരെ), അതികഥനം (എഴുത്തിന്റെ അപനിര്‍മ്മിതി മുതല്‍ കഥനത്തിന്റെ പാഠാന്തരതവരെ) - എന്നിങ്ങനെ സ്ത്രീഭാവനയുടെ രാഷ്ട്രീയ-ആഖ്യാനപദ്ധതി സമീപകാല മലയാളകഥയില്‍ സൃഷ്ടിച്ച കാമനാഭരിതമായ കലാപ്രരൂപങ്ങള്‍ മിക്കതും യമയുടെ ഭാവലോകത്ത് സുദൃഢവും സുസൂക്ഷ്മവുമായി കടന്നുവരുന്നു. ഒത്തുതീര്‍പ്പുകളേതുമില്ല യമക്ക് ജീവിതത്തോടും കഥയോടും. വിട്ടുവീഴ്ചകളേതുമില്ല ഭാഷണത്തോടും രാഷ്ട്രീയത്തോടും. കഥ, അടിമുടി ജീവിതവും ജീവിതം ഉടനീളം കഥകളുമായി വേഷം മാറിയെത്തുന്ന മാന്ത്രികവിദ്യയാണ് യമയുടെ രചനാലോകം. 'കഥകള്‍... കഥകള്‍.... അതുമാത്രമാണ് നമ്മള്‍' എന്ന്, 'സതി'യെന്ന കഥയിലെ ആഖ്യാതാവ് നിരീക്ഷിക്കുന്നുണ്ട്. ഈ സമാഹാരത്തിലെ ഏഴു കഥകളും ഏഴുതരത്തില്‍ നിര്‍വഹിക്കുന്നതും ജീവിതത്തെ, മനുഷ്യാസ്തിത്വത്തെ, കഥയായി വിവര്‍ത്തനം ചെയ്യുക എന്ന പ്രക്രിയയാണ്. അതത്ര പുതിയതോ സവിശേഷമോ ആയ കാര്യമൊന്നുമല്ല എന്നു നമുക്കറിയാം. പക്ഷെ ആ പ്രക്രിയയില്‍ പുലര്‍ത്തുന്ന മൗലികതയാണ് പ്രതിഭയുള്ള ഓരോ എഴുത്തുകാരിയെയും പോലെ യമയെയും വ്യത്യസ്തയാക്കുന്നത്.
സ്വന്തം ചുറ്റുപാടുകളില്‍ ഒറ്റപ്പെട്ട ദ്വീപുകള്‍പോലെ നിലകൊള്ളുന്ന സ്ത്രീകളുടെ മനോവ്യാപാരങ്ങളാണ് തന്റെ കഥകള്‍ എന്ന് യമ ആമുഖത്തില്‍ സാക്ഷ്യപ്പെടുത്തുന്നത് വാസ്തവമാണ്. സമൂഹത്തിന്റെ സൂക്ഷ്മതലത്തിലെ അധികാരഘടനയോടുള്ള സ്ത്രീകളുടെ പ്രതിഷേധവും അതിജീവനത്വരയുമാണ് കഥകളുടെ ആഖ്യാനത്തെ മുന്നോട്ടു നയിക്കുന്നതെന്നും മുഖ്യധാരാ സമൂഹത്തില്‍ സെറ്റ് ചെയ്യപ്പെട്ടിട്ടുള്ള സദാചാരഘടനയ്ക്കുള്ളില്‍ കാമനകളും സ്വപ്നങ്ങളും റദ്ദുചെയ്യപ്പെട്ട അവസ്ഥയില്‍ ജീവിക്കുന്ന, പ്രത്യേകിച്ച്, അധികാരഘടനയില്‍ താഴേത്തട്ടില്‍ നില്‍ക്കുന്ന സ്ത്രീകളുടെ സ്വയം വീണ്ടെടുക്കലുകളാണ് താന്‍ എഴുതിപ്പോയ കഥകള്‍ എന്നും യമ സൂചിപ്പിക്കുന്നു. എത്ര കൃത്യവും വ്യക്തവുമാണ് തന്റെ കഥകളുടെ കലാരാഷ്ട്രീയത്തെക്കുറിച്ച് ഈ എഴുത്തുകാരിക്കുള്ള ബോധ്യങ്ങള്‍ എന്നറിയാന്‍ ഈ കഥകള്‍ വായിക്കുകതന്നെ വേണം. സ്ത്രീകള്‍ കഥകളാണ് എന്നു സ്ഥാപിക്കുന്നു, ഇവയൊന്നടങ്കം. ഒറ്റയൊറ്റ ജീവിതങ്ങള്‍ ജീവിക്കുന്നവര്‍.
'ചുടലത്തെങ്ങ്' എന്ന ആദ്യ കഥ നോക്കുക. വീട് തടവായി മാറുന്ന ഒരു പെണ്‍കുട്ടിയുടെ ആത്മാഘാതങ്ങളുടെ കഥയാണിത്. അമ്മയുടെ കഴുത്തില്‍ അവശേഷിച്ച ഒരു ചെറുമാലക്കുവേണ്ടി അവരെ ആക്രമിക്കുന്ന മകന്‍. അതിനിടയില്‍ കട്ടില്‍പ്പടിയില്‍ തലയടിച്ചു വീണ് അമ്മ മരിക്കുന്നു. സഹോദരന്‍ നാടുവിട്ടു. ഒറ്റയായ പെണ്‍കുട്ടി നഗരത്തില്‍ ഒരു തുണിക്കടയില്‍ ജോലിക്കുപോയിത്തുടങ്ങി. അമ്മയുടെ മാലവിറ്റ തുകകൊണ്ട് ശവദാഹം നടത്തി. മിച്ചം വന്ന പണം കൊണ്ട് അവള്‍ ഒരു മൂക്കുത്തി വാങ്ങാന്‍ സ്വര്‍ണക്കടയില്‍ കയറുമ്പോള്‍ യാദൃച്ഛികമായി അമ്മയുടെ മാല വാങ്ങിയ ആള്‍ അതു മാറ്റി വേറെ സ്വര്‍ണമെടുക്കാന്‍ കടയിലെത്തുന്നു. അവള്‍ സമര്‍ഥമായി ആ മാല മോഷ്ടിച്ചു. കുറെനാള്‍ കഴിഞ്ഞൊരു ദിവസം വഴിയില്‍വച്ച് സ്വര്‍ണക്കടയിലെ ജോലിക്കാരന്‍ അവളെ പിടികൂടി. അയാളുടെ ജോലി അന്നത്തെ മോഷണത്തെത്തുടര്‍ന്ന് നഷ്ടമായിരുന്നു. അമ്മയുടെ ശവക്കൂനയില്‍ കുഴിച്ചിട്ടിരുന്ന മാല അവള്‍ അയാള്‍ക്കു നല്‍കി.
ദീര്‍ഘമായ ഈ കഥയ്ക്കും നിരവധിയായ അനുഭവങ്ങള്‍ക്കുമിടയില്‍ പെണ്‍കുട്ടി നേരിടുന്ന ഒറ്റപ്പെടലുകളും തിരസ്‌കാരങ്ങളും വേട്ടയാടലുകളും അനാഥത്വവും ആത്മനിന്ദയും ഒളിഞ്ഞുനോട്ടവുമാണ് ചുടലത്തെങ്ങിന്റെ ആഖ്യാനത്തെ ജീവിതത്തില്‍ കെട്ടിയിടുന്നത്. അമ്മയില്‍നിന്ന് അവളിലേക്കു നീളുന്ന നിര്‍ധനത്വത്തിന്റെ കിനാവള്ളി, സ്ത്രീയില്‍ നിന്ന് സ്ത്രീയിലേക്കു നീളുന്ന അസ്വാതന്ത്ര്യത്തിന്റേതു കൂടിയാണ്. ലോകം സ്ത്രീയോടു ചെയ്യുന്ന പാപങ്ങളുടെ പരമ്പരയാണ് ചുടലത്തെങ്ങിന്റെ ഇതിവൃത്തം. മകന്റെ കയ്യാല്‍ കൊല്ലപ്പെടുന്ന അമ്മ. ശവക്കുഴിക്കുള്ളില്‍ പോലും സ്ത്രീ സ്വസ്ഥയല്ല. മരണത്തിനു മുന്‍പും പിന്‍പും അവള്‍ക്കുണ്ടാകുന്ന അനുഭവങ്ങള്‍ക്കു തമ്മില്‍ വ്യത്യാസമൊന്നുമില്ല. 'എല്ലാത്തിനേം ഞാന്‍ കൊല്ലും; എന്തു മൈരിനാണ് ഇങ്ങനെ ജീവിക്കണ്ത്' - എന്നവള്‍ അമ്മയുടെയും സഹോദരന്റെയും മുഖത്തു നോക്കി ചോദിക്കുന്നുണ്ട്. കൊല്ലാനും ചാകാനും കഴിയാത്തതുകൊണ്ടു മാത്രം അവള്‍ ജീവിക്കുന്നു. മരിച്ച അമ്മയുടെ ആത്മാവ് അവള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മരണത്തിലും നിലയ്ക്കാത്ത സ്ത്രീയുടെ ഏങ്ങലുകളുടെ മുഴക്കമാണ് ചുടലത്തെങ്ങിനെ കൊടുങ്കാറ്റിലെന്നപോലെ ഉലയ്ക്കുന്നത്.
'സിനിമാ തീയറ്റര്‍' എന്ന കഥയില്‍, നഗരത്തിലെ റയില്‍വേപുറമ്പോക്കില്‍ താമസിക്കുന്ന സ്വര്‍ണലതയെന്ന ലൈംഗികത്തൊഴിലാളിയായ ദലിത് യുവതിയാണ് കഥാപാത്രം. കുടുംബം ഇവള്‍ക്കും നരകമാണ്. ഉപേക്ഷിച്ചു പോയ ഭര്‍ത്താവ്. വളര്‍ന്നുവരുന്ന രണ്ടു പെണ്‍കുഞ്ഞുങ്ങള്‍. പ്രായവും രോഗവും കൊണ്ട് ചാവാറായ അമ്മ. തകര്‍ന്നടിഞ്ഞ വീട്. പട്ടിണിയും പ്രാക്കും മാത്രം ബാക്കിയായ രാപകലുകള്‍. മക്കളെ പുവര്‍ഹോമിലാക്കി സ്വര്‍ണലത കൂലിപ്പണിക്കും പിന്നെ വേശ്യാവൃത്തിക്കും പോയി.
സിനിമാതീയറ്ററില്‍ ഒരാള്‍ക്ക് കൂട്ടുപോകാന്‍ ബ്രോക്കര്‍ അവളെ വിളിക്കുന്നു. തീയറ്ററിലെത്തിയ ലതക്ക് തന്റെ കസ്റ്റമര്‍ ആരാണെന്നു മനസ്സിലായില്ല. ഇടത്തും വലത്തും ഓരോ പുരുഷന്മാര്‍ അവളെ കാത്തിരുന്നു. സിനിമ തുടങ്ങും മുന്‍പുള്ള ദേശീയഗാനം പാടാന്‍ എഴുന്നേറ്റു നില്‍ക്കാത്തതിന്റെ പേരില്‍ ഇടതുവശത്തിരുന്നയാളെ ചിലര്‍ ഭീഷണിപ്പെടുത്തുന്നു. സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അയാളെ തല്ലും എന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു അവര്‍. ഇതിനിടെ വലതുവശത്തിരുന്നയാളാണ് തന്റെ കസ്റ്റമര്‍ എന്ന ധാരണയില്‍ ലത അയാള്‍ക്കുവേണ്ടത് ചെയ്തുകൊടുക്കുന്നു. സിനിമ തീരുംമുന്‍പ് തന്നെ അയാളിറങ്ങിപ്പോയി. ഇടതുവശത്തിരുന്നയാളും ഇതിനിടയില്‍ അപ്രത്യക്ഷനായിരുന്നു. പക്ഷെ അയാളാണ് ബ്രോക്കറില്‍നിന്ന് അവള്‍ക്കു കിട്ടാനുള്ള പണത്തിന്റെ തെളിവായി ടിക്കറ്റ് സീറ്റില്‍ കാത്തുവച്ചിരുന്നത്.
അത്ഭുതകരമാംവിധം യഥാതഥവും ജീവിതബദ്ധവുമാണ് സിനിമാതീയറ്റര്‍. മനുഷ്യരുടെ വിധി ഏതെല്ലാം ഗൂഢമാര്‍ഗങ്ങളിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അവരുടെ നിയോഗം എങ്ങനെയെല്ലാം മാറിപ്പോകാം എന്നു ഈ കഥ നമ്മെ സ്തബ്ധരാക്കുംവിധം പറഞ്ഞുവയ്ക്കുന്നു. കഥാന്ത്യമാകട്ടെ, അസാധാരണമായ ഒരു ജീവിതഖണ്ഡമായി ചോരയിറ്റുനില്‍ക്കുകയും ചെയ്യുന്നു. വായിക്കുക:
'അവള്‍ ബാഗില്‍നിന്ന് രണ്ടു ടിക്കറ്റിന്റെയും ബാക്കി അയാള്‍ക്ക് നീട്ടി. അയാള്‍ മറുപടിയെന്നോണം പോക്കറ്റില്‍നിന്ന് അയാളുടെ കമ്മീഷമ് കഴിച്ചുള്ള നാന്നൂറ് രൂപ അവള്‍ക്കു കൊടുത്തു. കടയില്‍ നിന്ന് അവള്‍ ദോശയും മുട്ടക്കറിയും പാര്‍സല്‍ വാങ്ങുന്നതിനിടെ സിനിമാഹാളില്‍ നിന്ന് കിട്ടിയ പ്ലാസ്റ്റിക് സാധനം ബാഗില്‍ നിന്നെടുത്ത് അയാള്‍ക്ക് നേരേ നീട്ടി.
ഇതെന്തരെന്ന് അറിഞ്ഞൂട. അയാള് പോയേന്ശേഷം സീറ്റിന്ന് കിട്ടിയേണ്. മറ്റു സംഭവങ്ങള്‍ ഒന്നുംതന്നെ പറയാന്‍ അവള്‍ ഉദ്ദേശിച്ചിരുന്നില്ല. കാരണം അവിടെ നടന്നതെന്തെന്ന് വാസ്തവത്തില്‍ അവള്‍ക്കു മനസ്സിലായിരുന്നില്ല. അയാള്‍ ആ വസ്തു വാങ്ങി നോക്കിയിട്ട് പറഞ്ഞു.
ആ...... വരുവാണെങ്കി ഞാന്‍ കൊടുക്കാം. അതിനു ചെവി കേക്കൂല്ല. പൊട്ടനാ. വര്‍ത്തമാനോം പറയൂല്ല. അതിന്റെ ചെവീല് തിരുകി വക്കണ സാധനോണ്.
ആരുക്കറിയാം. ഇത്തിരിപ്പോരം വല്ലോം കേക്കുവായിരിക്കും? മുഴുവന്‍ കേട്ടിട്ട് എന്തരു ചെയ്യാന്‍?
അതു ശരിതന്നെ എന്നവള്‍ക്ക് തോന്നി. മുഴുവന്‍ കേട്ടിട്ട് എന്തു വിശേഷം? അയാള്‍ ആരാ എന്താ എന്ന് കൂടുതല്‍ കേള്‍ക്കാന്‍ നില്ക്കാതെ പാര്‍സലും വാങ്ങി അവള്‍ വീട്ടിലേക്കു നടന്നു.
തമ്പാനൂരിലെ റൗണ്ടില്‍ കിടന്നുറങ്ങുന്ന തെരുവുജീവിതങ്ങളെ കവച്ചു കടന്ന് വീട്ടിലേക്കോടുമ്പോള്‍ രാത്രിയില്‍ കണ്ണും തുറിച്ചിരുന്നു വിശന്നു തെറിവിളിച്ചുകൊണ്ടിരിക്കുന്ന അമ്മയുടെ മുഖമായിരുന്നു അവളുടെ മനസ്സ് നിറയെ. പാവം എന്നവള്‍ മനസ്സില്‍പ്പറഞ്ഞു. വൈദ്യുതവിളക്കുകളുടെ കീഴിലൂടെ നടന്ന് റെയില്‍വേ മേല്പാലത്തില്‍ കയറിനിന്ന് താഴെ രാത്രിവണ്ടിക്കു കാത്തുനില്ക്കുന്ന മനുഷ്യരില്‍ അയാളുണ്ടോ എന്നവള്‍ പരതിനോക്കി. അവള്‍ക്കു താങ്ങാന്‍ കഴിയുന്നതിനപ്പുറം ദയ അയാള്‍ അവളോട് കാണിച്ചിരിക്കുന്നു എന്നവള്‍ തിരിച്ചറിഞ്ഞു. റെയില്‍വേ വിളക്കുകളുടെ വെട്ടം ലക്ഷ്യമാക്കി പറന്നു പൊങ്ങിയ ഈയാംപാറ്റകള്‍ വിളക്കുചില്ലുകളില്‍ ചെന്നിടിച്ച് നാല് പാടും ചിതറിത്തെറിച്ചു. ഭൂമിയിലേക്ക് മഴയായിപ്പെയ്ത ഈയാംപ്പാറ്റകളുടെ നിശ്ശബ്ദമരണങ്ങള്‍ക്കു കാവല്‍ നിന്നപ്പോള്‍ അവള്‍ ശബ്ദരഹിതമായ ഒരു മനുഷ്യജീവന്റെ സംഗീതം എന്തായിരിക്കും എന്നാലോചിച്ചു നോക്കി. രാത്രിവണ്ടി ഉറക്കം തൂങ്ങിയ കുറെ മനുഷ്യരെയും കൊണ്ട് സ്റ്റേഷന്‍ വിട്ടു തുടങ്ങിയപ്പോള്‍ പ്ലാറ്റ്ഫോമിലെ വിളക്കുകള്‍ അണഞ്ഞ് ഈയാംപാറ്റകളെ കാണാതെയായി. ചൂടാറിത്തുടങ്ങിയ ഭക്ഷണപ്പൊതി നെഞ്ചിന്റെ ചൂടിലമര്‍ത്തിപ്പിടിച്ച് അവള്‍ വീട്ടിലേക്ക് നടക്കുമ്പോഴും പുതിയ വെളിച്ചങ്ങള്‍ തേടിയലഞ്ഞ ഈയാംപാറ്റകള്‍ ഇരുട്ടില്‍ തകര്‍ന്നുവീഴുന്നുണ്ടായിരുന്നു'.
അമ്മയുടെ വിശപ്പും കുഞ്ഞുങ്ങളുടെ ആഗ്രഹവുമല്ലാതെ സ്വര്‍ണലതക്ക് ജീവിതാഭിലാഷങ്ങളൊന്നുമില്ല പൂര്‍ത്തീകരിക്കാന്‍. അതിനവള്‍ സ്വന്തം ശരീരം വിറ്റു പണിയെടുക്കുന്നു. അതിനിടയിലും ഉളുപ്പേതുമില്ലാതെ അവളെ വഞ്ചിക്കുന്ന പുരുഷന്റെ മുഖം ഒരുവശത്ത്. തന്നെ സ്പര്‍ശിക്കുകപോലും ചെയ്യാതെ തനിക്കുള്ള തുക കരുതിവച്ച പുരുഷന്റെ മുഖം മറ്റൊരു വശത്ത്. സ്വര്‍ണലത മനുഷ്യരെക്കുറിച്ചുള്ള തന്റെ തിരിച്ചറിവുകളില്‍ അമ്പരക്കുകയാണ്.
'ദൈവം' എന്ന കഥ, അലിഗറിയോ ഫാന്റസിയോ ആയി ഭാവനചെയ്യപ്പെട്ട ഒന്നാണ്. സ്റ്റീഫന്‍ ഹോക്കിംഗിനെ ഓര്‍മ്മിപ്പിക്കും വിധം വീല്‍ചെയറില്‍ തളര്‍ന്നിരുന്ന് ദൈവകണങ്ങളെക്കുറിച്ചു സംസാരിക്കുന്ന ഒരു ശാസ്ത്രജ്ഞനും ദൈവവും തമ്മിലുള്ള സംവാദത്തില്‍ തുടങ്ങി, ജീവന്റെ വിസ്മയങ്ങളും പ്രപഞ്ചത്തിന്റെ പ്രഹേളികകളെയും കുറിച്ചുള്ള ആകുലതകളിലൂടെ മുന്നേറി ഒരു സ്ത്രീയുടെ നെടിയ സങ്കടങ്ങളിലേക്കും കൊടിയ ദുരിതങ്ങളിലേക്കും പരിണമിച്ചൊടുങ്ങുന്ന കഥ. ആത്യന്തികമായി മനുഷ്യജീവിതമെന്നത് ജ്ഞാതവും അജ്ഞാതവും തമ്മിലുള്ള സംഘര്‍ഷത്തിന്റെയും ഒരിക്കലും തീരാത്ത സന്ദേഹങ്ങളുടെയും കണക്കുപുസ്തകമാണെന്നു സ്ഥാപിക്കുന്ന രചന.
'യൗവനത്തില്‍ പോളാര്‍ കരടികളുടേതുപോലെയുള്ള പ്രത്യാശ നഷ്ടപ്പെട്ട ഒരു അലച്ചിലിന്റെ ഒടുവില്‍ ഈ ലൈബ്രറി പരിസരത്താണ് അവനും അവളും കണ്ടുമുട്ടിയത്. രാത്രിയിലെ പരമമായ ഒറ്റപ്പെടലിന്റെ ഭ്രാന്തില്‍ പലപ്പോഴും അവര്‍ പുസ്തകങ്ങള്‍ കത്തിച്ച് ചൂട്ടാക്കി ലൈബ്രറിഹാളിലൂടെ നടന്നു. ചിലപ്പോഴൊക്കെ പുസ്തകങ്ങള്‍ വായിച്ച് കരയുകയും ചിരിക്കുകയുമൊക്കെ ചെയ്തു. വഴിയോരങ്ങളില്‍ കുന്നുകൂടിക്കിടക്കുന്ന അസ്ഥികൂടങ്ങളെ അവഗണിച്ച് ഉടമസ്ഥരില്ലാത്ത കടകള്‍ കയറിയിറങ്ങി അവര്‍ നടന്നു. ഒരിക്കലും വിശപ്പ് തോന്നിയില്ലെങ്കിലും കയ്യില്‍ കിട്ടിയതൊക്കെ അവര്‍ തിന്നു. ഭരിക്കാന്‍ രാജ്യമുള്ള എന്നാല്‍ പ്രജകളില്ലാത്ത രാജാവും റാണിയുമാണ് തങ്ങളെന്ന് അവര്‍ തങ്ങളില്‍ പറഞ്ഞു. നാട്ടിലേക്ക് ഇഴഞ്ഞുകയറിയ കാടിന്റെ സ്വസ്ഥതയില്‍ വന്യമൃഗങ്ങള്‍ ചേക്കേറിയപ്പോള്‍ തങ്ങളുടെ സാമ്രാജ്യത്തിന്റെ അതിര്‍ത്തി ചുരുങ്ങുന്നതവരറിഞ്ഞു. ഉറക്കത്തില്‍ മരണത്തെ സ്വപ്നം കണ്ട് അവര്‍ ഇണചേര്‍ന്നു. തങ്ങളുടെ മരണത്തില്‍ ഈ നശിച്ച ലോകവും ഇല്ലാതാകുമെന്ന് അവര്‍ക്കു തോന്നി. പക്ഷേ, എല്ലായ്പോഴും അവര്‍ ഉണര്‍ന്നു. കണ്ണുകള്‍ തുറന്ന അവര്‍ തങ്ങള്‍ക്കു പിറന്ന കുട്ടികള്‍ ആല്‍ബിനോകള്‍ ആണെന്ന് കണ്ടു ഞെട്ടി.
കരയാനും ഭക്ഷണത്തിനും മാത്രമായി കുഞ്ഞുവായകള്‍ തുറന്ന ശ്വേതപിണ്ഡങ്ങള്‍ക്ക് കണ്ണുകളുള്ള ദൈവങ്ങളുടെ കഥകള്‍ പറഞ്ഞുകൊടുത്ത് അവര്‍ വളര്‍ത്തി. പകലുകളില്‍ നിറമുള്ള മനുഷ്യരെത്തേടി അവര്‍ നടന്നു. ദൂരങ്ങള്‍ താണ്ടുമ്പോള്‍ ഏതൊക്കെയോ മാളങ്ങളില്‍ നിന്ന് ആല്‍ബിനോ കുഞ്ഞുങ്ങള്‍ പുറത്തിറങ്ങുന്നതവര്‍ കണ്ടു. കണ്ണില്ലാത്ത വെള്ളക്കുഞ്ഞുങ്ങള്‍ മരിച്ചുകിടന്ന തന്തയുടെയോ തള്ളയുടെയോ ശവം തിന്നിറങ്ങുന്ന കാഴ്ച. ഏതെങ്കിലും മാംസംതീനി ജന്തുവിന്റെ മുന്നിലെത്തുംവരെ മാത്രം നീളുന്ന അവരുടെ യാത്രകള്‍. വഴിയിലെവിടെയെങ്കിലും അലഞ്ഞുനടന്ന ആ കുട്ടികളെക്കൂടി അവര്‍ മക്കള്‍ക്ക് കൂട്ടായി ലൈബ്രറിയില്‍ കൊണ്ടുവന്നു താമസിപ്പിച്ചു. പക്ഷേ, സമയം മുന്നോട്ടുപോകുന്തോറും വിഷാദം ബാധിച്ച അവളുടെ കൂട്ടുകാരന്‍ എല്ലാത്തില്‍നിന്നും ഒഴിഞ്ഞുമാറാന്‍ തുടങങി. അയാള്‍ പുറത്തേക്കിറങ്ങാതെയായി. രാപകല്‍ പുസ്തകം വായന തന്നെ വായന. കഴുകാത്ത ചന്തിയില്‍ മലവും പറ്റിപ്പിടിച്ചു നടന്ന വെള്ളക്കുട്ടികളെ അയാള്‍ വെറുത്തു. തനിക്കാകെയുള്ള ആശ്രയകേന്ദ്രം കടലില്‍ താണുപോകുന്നത് അവള്‍ വെറുതെ നോക്കിനിന്നു. ഓര്‍മകളുടെ ഭാരം താങ്ങാനാവാതെ മനസ്സിന്റെ താളം തെറ്റിയ അയാള്‍ ഒരു രാത്രിയില്‍ എവിടെക്കോ ഓടിപ്പോയി. അവള്‍ ചിന്തിച്ചു 'എങ്ങോട്ടോടാന്‍? എത്ര ദൂരം?' കാട്ടിലകപ്പെട്ട കണ്ണുള്ള ദൈവത്തെ നരികള്‍ കടിച്ചുകീറിക്കൊല്ലുന്ന കഥ അവള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു'.
'ഒരു വായനശാലാവിപ്ലവം', ആദ്യന്തം നര്‍മവും പരിഹാസവും കൂട്ടിയിണക്കുന്ന രസകരമായ ഒരു സറ്റയറാണ്. ഈ സമാഹാരത്തില്‍ മരണത്തിന്റെ ശിവതാണ്ഡവത്തിലോ ഭ്രാന്തിന്റെ ഉച്ചവെയിലിലോ നിസ്വതയുടെ നിത്യനരകത്തിലോ ചെന്നവസാനിക്കാത്ത ഏക രചന.
പണ്ട് പ്രണയിച്ചിരുന്നുവെങ്കിലും ജാതിവ്യത്യാസം മൂലം കല്യാണം കഴിക്കാതെ ഒഴിവാക്കിയതാണ് നായരായ ദാമോദരന്‍ ഈഴവത്തിയായ ലീലാമ്മയെ. അയാള്‍ കല്യാണിയെ കെട്ടി. കൂലിപ്പണിക്കാരന്‍ വേലപ്പന്‍ ലീലാമ്മയെയും. 'കടമകളുടെ കൂമ്പാരത്തിലേക്ക് ജനിച്ചുവീഴുന്ന മനുഷ്യര്‍ കുറ്റബോധം തിന്നു തൂറി ജീവിക്കുന്നു' - യമ നിസ്സങ്കോചം നിര്‍വചിക്കുന്നു. കെട്ട്യോന്‍ ചത്ത് മകളുമായി ജീവിക്കുകയാണ് ലീലാമ്മ. ദാമോദരന്‍ ധനികനും പഞ്ചായത്ത് പ്രസിഡന്റുമാണ്. വായന തലയ്ക്കു പിടിച്ച ലീലാമ്മ, പഞ്ചായത്ത് ലൈബ്രറിയില്‍ നിരന്തരം കയറിയിറങ്ങി. ലൈബ്രറി പൊളിച്ച് ഷോപ്പിങ് കോംപ്ലക്സ് പണിത വിദേശമലയാളി, വായനശാല ആ കെട്ടിടത്തില്‍തന്നെ തുടരും എന്ന വാഗ്ദാനം പാലിച്ചില്ല. പഞ്ചായത്ത് പ്രസിഡന്റ് ദാമോദരനും കാലുമാറി. പിന്നീടാണ് ട്വിസ്റ്റ്. ഒരിക്കല്‍ വയറിളകിവശായ ദാമോദരന്‍ ലീലാമ്മയുടെ പറമ്പില്‍ കയറി വെളിക്കിരുന്ന സമയത്ത് അവള്‍ വീടിനുള്ളില്‍ നഗ്‌നയായി നില്‍ക്കുന്നതു കണ്ട് നടത്തിയ പരക്കം പാച്ചിലില്‍ തന്റെ അടിവസ്ത്രം അവിടെ ഉപേക്ഷിച്ചാണ് സ്ഥലം വിട്ടത്. അതുവച്ച് ലീലാമ്മ വിലപേശിയതോടെ കുടുംബകലഹവും പേരുദോഷവും ഭയന്ന ദാമോദരന്‍ തന്നെ ലൈബ്രറിക്കായി നിരാഹാരസമരമിരുന്നു. ലീലാമ്മയുടെ അടിവസ്ത്രവിപ്ലവം വിജയിച്ചു. വിപ്ലവത്തിന്റെ വരവ് ചിലപ്പോള്‍ തൂറിനാറ്റിച്ച അടിവസ്ത്രത്തിലൂടെപ്പോലുമാകാം എന്ന എല്ലുപൊള്ളുന്ന വിമര്‍ശനത്തിന്റെയും പരിഹാസത്തിന്റെയും ക്രൂരപാഠമാണ് ഈ കഥ.
അസാധാരണമായ നിരവധി പ്രയോഗങ്ങളുണ്ട് 'വായനശാലാവിപ്ലവ'ത്തില്‍. 'രാഷ്ട്രമെന്നത് ഒറ്റക്കൊറ്റക്കു നില്‍ക്കുമ്പോള്‍ മൂല്യമില്ലാത്തവര്‍ ചേര്‍ന്നുണ്ടാക്കുന്ന ഗുണ്ടാസംഘങ്ങള്‍ കൈവരിക്കുന്ന ഭയഘടനയുടെ വ്യാകരണമാണ്' എന്ന് ഒരിടത്ത്. 'അറിവല്ല മനുഷ്യരെ ഒന്നിപ്പിക്കുന്നത്. ദുര്‍ബ്ബലരും മൂഢരുമായ മനുഷ്യക്കൂട്ടങ്ങളെ ഒന്നിപ്പിച്ചുനിര്‍ത്തുന്നത് ഭയം എന്ന വികാരമാണ്' എന്ന് വേറൊരിടത്ത്. ഭയത്തിന്റെ പൊയ്ക്കാലില്‍ രൂപം കൊടുക്കുന്ന അധികാരഘടനകള്‍ക്കു നേരെ ലീലാമ്മ നടത്തിയ ഒളിപ്പോരിന്റെ വിജയം ഈ കഥക്കു നിരവധിയായ രാഷ്ട്രീയാര്‍ഥങ്ങള്‍ സൃഷ്ടിച്ചുനല്‍കുന്നു. കഥയവസാനിക്കുന്നതിങ്ങനെയാണ്.
'അതിനടുത്ത നാള്‍തന്നെ കോംപ്ലക്സിലേക്ക് പുസ്തകങ്ങള്‍ എത്തിക്കപ്പെട്ടു. നാട്ടുകാര്‍ മുഴുവന്‍ അത് കാണാനായി അവിടെ തടിച്ചുകൂടിയിരുന്നു. വേനലവധിക്ക് സ്‌കൂള്‍ അടച്ചത് കാരണം കൊച്ചുപിള്ളേര്‍ പുസ്തകം ചുമക്കല്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടു. ഒരു സാമ്രാജ്യം പടുക്കുന്ന ഗൗരവത്തോടെ അവര്‍ ദാമോദരന്റെ ചായ്പില്‍നിന്ന് പുസ്തകങ്ങള്‍ ചുമന്നു. സമരനായകനായ പഞ്ചായത്ത് പ്രസിഡണ്ട് ദാമോദരന്റെ നേതൃത്വത്തില്‍ ആശാരിമാരെവച്ച് പുസ്തകങ്ങള്‍ അടുക്കാന്‍ വേണ്ട തട്ടുകള്‍ ഉണ്ടാക്കിച്ചു. മൂന്നു ദശാബ്ദക്കാലത്തോളമായി ചെട്ടിവിളാകത്തുകാരുടെ ഒരു ഓര്‍മ്മ ചിന്തയായിരുന്നു ചെട്ടിവിളാകം വായനശാലയുടെ വെള്ള പെയിന്റുകൊണ്ട് തടിയില്‍ ബോര്‍ഡ് പുതിയ വായനശാലയുടെ കവാടത്തിനു മുന്നില്‍ ഇടം പിടിച്ചു. ഉത്ഘാടനച്ചടങ്ങില്‍ കടുത്ത അവസരവാദിയും തന്‍കാര്യം നോക്കിയുമായ ദാമോദരന്‍പിള്ള മുന്‍പു പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായി ആ സ്ഥലം വായനശാലാ ട്രസ്റ്റിന്റേത് മാത്രമാണെന്ന് ആണയിട്ടു പ്രസംഗിച്ചപ്പോള്‍ നാട്ടുകാര്‍ കൈ വേദനിക്കുവോളം കൈയടിച്ചു. ഒരു പഞ്ചായത്തംഗത്തിന്റെ പേരക്കുട്ടി ആരോ ഉപദേശിച്ചുവിട്ട ഒരു മയകോവ്സ്‌കി കവിതയുടെ മലയാള പരിഭാഷ അക്ഷരപ്പിശകുകളോടുകൂടി ഛര്‍ദിച്ചു തീര്‍ത്തു. ചടങ്ങില്‍ അതിഥിയായി എത്തിയ നാട്ടുകാരന്‍കൂടിയായ പുതുമുഖ നടന്‍ കുട്ടിയുടെ പ്രകടനപാടവത്തെ പുകഴ്ത്തിക്കൊണ്ട് കുട്ടിയെ പൊക്കിയെടുത്ത് ഫോട്ടോയ്ക്കായി പോസ് ചെയ്തു കൊടുത്തു. എഴുതിയതാരെന്നതും എഴുത്തിനുള്ളില്‍ എന്തെന്നതും പ്രസക്തമല്ലാത്തതുപോലെ കുട്ടിയുടെ കയ്യില്‍നിന്ന് താഴേക്ക് വഴുതി വീണ മയകോവ്സ്‌കിയുടെ വരികള്‍ ഫോട്ടോഗ്രാഫര്‍മാരുടെ ചവിട്ടേറ്റു തുണ്ട് കടലാസ്സുകഷണങ്ങളായി വേര്‍പെട്ടു പോയി.
അടുത്തുള്ള ചന്തയില്‍ സാധനം വിററ് മടങ്ങിവരുന്ന വരവില്‍ ലീലാമ്മ ആ പ്രഹസനപരിപാടി കണ്ടെങ്കിലും ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല. വെറും ഒരു അടിവസ്ത്രത്തില്‍ തൂങ്ങിയാടിയ ആണഭിമാനം തൊടുത്തുവിട്ട സാമൂഹ്യവിപ്ലവത്തെ ഓര്‍ത്ത് അവള്‍ക്കു അവജ്ഞ തോന്നി. ചടങ്ങ് വിവരങ്ങള്‍ പ്രിന്റ് ചെയ്തു വഴിയരുകില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡിലേക്ക് ഉള്ളില്‍നിന്ന് തികട്ടിവന്ന രോഷം അവള്‍ തുപ്പി വച്ചു.
മീന്‍വെള്ളം ഇറ്റുവീണുകൊണ്ടിരുന്ന സഞ്ചി മുന്‍വശത്തെ ഒരു കോണിലേക്ക് കയറ്റിവച്ചിട്ട് ഉത്ഘാടനച്ചടങ്ങിന്റെ അര്‍ത്ഥരാഹിത്യങ്ങളെ അവഗണിച്ചുകൊണ്ട് തുറന്നു കിടന്നിരുന്ന ലൈബ്രറിക്കുള്ളിലേക്ക് അവള്‍ കയറിപ്പോയി. ഇനി ഒരിക്കലും തിരിച്ചിറങ്ങില്ല എന്ന മട്ടില്‍'.
സി. അയ്യപ്പന്റെ ചെറുകഥകളെയും രാജു കെ. വാസുവിന്റെ നോവലിനെയും ഓര്‍മ്മിപ്പിക്കുന്ന ഒന്നാന്തരം ഒരു മാജിക്കല്‍ റിയലിസ്റ്റ് രചനയാണ് 'പോസ്റ്റുമാന്റെ മകള്‍'. പ്രേതഭാഷണത്തിന്റെയും ഭൂതബലിയുടെയും അമ്ലമിശ്രണം. ദലിതനായ ഒരു പോസ്റ്റുമാന്റെയും അയാളുടെ മകളായ ചോതിയുടെയും കഥ. സ്വന്തം കോളനിയില്‍ നിന്നുള്ള ഒരു ചെറുപ്പക്കാരനും തന്റെ മകളെ കെട്ടാന്‍ യോഗ്യനല്ല എന്നു തീരുമാനിച്ചു, പോസ്റ്റുമാന്‍. രാഷ്ട്രത്തിനുള്ളിലെ മറ്റൊരു രാഷ്ട്രംപോലെ കോളനിക്കുള്ളില്‍ മറ്റൊരു കോളനിയായി അയാള്‍ മകളെ വളര്‍ത്തി. അയാളുടെ മരണശേഷം ചോതി രണ്ടു കണ്ണും രണ്ടു നിറത്തിലുള്ള, പാമ്പുപിടുത്തത്തിലൂടെ നാട്ടുകാരെ വിസ്മയിപ്പിക്കുന്ന കണ്ണനെ കാമിക്കുന്നു. അപ്പന്റെ ചാവടിയന്തിരം കഴിയും മുന്‍പേ അവള്‍ അവനെ പ്രാപിച്ചു.
'അവള്‍ ചെളിയില്‍ വിരലുകളാഴ്ത്തി അസഹ്യമായ വേദനയില്‍ പിടഞ്ഞു. വളരെ നേരമായി വിറഞ്ഞുതുള്ളിക്കൊണ്ടിരുന്ന അവളുടെ ഗര്‍ഭപാത്രം ചുരുങ്ങി രക്തം തുപ്പി. തടയില്ലാതെ ഒഴുകിയ രക്തത്തിന്റെ മണം പിടിച്ച് പൊന്തകളില്‍ ചെന്നായ്ക്കള്‍ ഇളകുന്നതവന്‍ കണ്ടു. ഇരുട്ടില്‍ കാഴ്ചയുള്ളവരുടെ വംശം പിറക്കാന്‍ പോകുന്നു എന്നുപറഞ്ഞ് ജാഗ്രതയോടെ അവളെ ചേര്‍ത്തുപിടിച്ചു. വെളിച്ചത്തിന്റെ കണക്കില്‍ ലാഭം കൊയ്യുന്നവര്‍ക്ക് ഇരുട്ടില്‍ ചലിക്കുന്നവരെ അതിജീവിക്കാന്‍ കഴിയില്ല. അനാദിയായ ഇരുട്ടിനെ സം്രഹിക്കാന്‍ കഴിയാത്ത മനസ്സ് വെളിച്ചത്തെ കൂട്ടുപിടിച്ച് എക്കാലവും മുന്നേറാമെന്നു കരുതിയതിലെ അപാകത വെളിപ്പെട്ടു വരും. നിയമങ്ങളുടെയും ശാസ്ത്രങ്ങളുടെയും അസ്ഥിവാരം ഇളകുന്നത് അവളറിഞ്ഞു. ചെളിയില്‍ക്കിടന്നുരുണ്ടുകൊണ്ടിരിക്കുന്നതിനിടെ താറാവുകള്‍ അവര്‍ക്കരികിലായി വന്നുനിന്നു. അകലങ്ങളിലേക്ക് ഇണയെത്തിരഞ്ഞുകൊണ്ടിരിക്കുന്ന കണ്ണുകളുമായി മാട്രിമോണിയല്‍ സൈറ്റില്‍ നിരന്ന ചിത്രങ്ങള്‍ക്കിടയില്‍ അവളുടെ ചിത്രം നോക്കിയിരുന്ന ചെറുപ്പക്കാര്‍ രാത്രികളില്‍ ഇറങ്ങിനടന്നു. വെളിച്ചം മറച്ചുപിടിച്ച ഇരുട്ടിന്റെ അവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിലേക്ക് അവര്‍ നടന്നുകയറി. വെളുപ്പാന്‍കാലത്ത് താറാവുകളെയും തൂക്കിപ്പിടിച്ച് രണ്ടുപേരും അവളുടെ വീട്ടിനുമുന്നിലെ വഴി നടന്നുകയറുമ്പോള്‍ ആരോ വലിച്ചെറിഞ്ഞ ഒരു റീത്ത് കനാലിലൂടെ ഒഴുകിപ്പോകുന്നതവര്‍ കണ്ടു. ദൂരേക്ക് നടന്നകന്നു പോകുന്ന അവളുടെ അപ്പനെയും'.
ജാതിയുടെ വംശത്തിന്റെയും രക്തശുദ്ധിയെക്കുറിച്ചുള്ള മിത്തുകളെ താഴെനിന്ന് അപനിര്‍മ്മിക്കുന്നു, പോസ്റ്റുമാന്റെ മകള്‍. കാമത്തിന്റെയും മരണത്തിന്റെയും ഇരട്ടസര്‍പ്പങ്ങള്‍ പോലെയാണ് ജീവിതത്തില്‍ കാമനകള്‍ പുളഞ്ഞാടുന്നത് എന്നടിവരയിടുന്ന രചന. അപരജന്മത്തിന്റെ സാധ്യതകളാണ് ദലിത്കഥകളില്‍ അതീതസാന്നിധ്യങ്ങളായി നിറയുന്നത്.
ഫൈനാര്‍ട്സ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കു മോഡലായി ജീവിക്കുന്ന സതി എന്ന ട്രാന്‍സ്ജെന്‍ഡറിന്റെ കഥയാണ് മറ്റൊന്ന്. ഒളിഞ്ഞുനോട്ടത്തിന്റെ ചോരകുടിച്ചു ജീവിക്കുന്ന നാട്ടുകാര്‍ക്ക് സതി ഒരു പരിഹാസപാത്രമാണ്. കണ്ണന്‍ എന്ന ചെറുപ്പക്കാരന്‍ സതിയെ പ്രണയിക്കുന്നതോടെ കഥ വഴിമാറുന്നു. ഒരിക്കല്‍ സതിയുടെ വീട്ടിലെത്തിയ കണ്ണനെത്തേടി അയാളുടെ ബന്ധുക്കള്‍ വന്നു. അവര്‍ ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയും കണ്ണനെ ബലമായി പിടിച്ചുകൊണ്ടു പോകുകയും ചെയ്യുന്നു. അവന് ഭ്രാന്തായി. മാനസികരോഗാശുപത്രിയില്‍ നിന്നു പുറത്തുചാടിയ കണ്ണന്‍ ബംഗളൂരുവില്‍ മരിച്ചുകിടന്നു. ഇതറിഞ്ഞ സതി വഴിയോരത്തെ പുളിമരത്തില്‍ തൂങ്ങിച്ചത്തു. ഫൈനാര്‍ട്സ് കോളേജിലെ രണ്ടോ മൂന്നോ വിദ്യാര്‍ത്ഥികള്‍ മാത്രം സതിയെക്കുറിച്ചു നല്ലതു പറഞ്ഞു.
ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരെക്കുറിച്ചെഴുതപ്പെട്ട ഏറ്റവും വേദനാഭരിതമായ മലയാളകഥകളിലൊന്നാണ് സതി. ലിംഗരാഷ്ട്രീയത്തിന്റെ സാമൂഹ്യതിന്മകള്‍ ഫണംപോലെ പത്തിവിടര്‍ത്തിയാടുന്ന ഭാവനിര്‍മ്മിതി. മനുഷ്യര്‍ അടിസ്ഥാനപരമായി സ്നേഹിക്കപ്പെടാന്‍ ദാഹിക്കുന്നുവെന്ന് ആത്മാവില്‍ തൊട്ടു സാക്ഷ്യപ്പെടുത്തുന്ന രചന. ഏകാന്തത ദുരന്തമാണെങ്കില്‍ സ്നേഹമില്ലായ്മ മരണമാണ് എന്ന് ചോരയില്‍ മുക്കി രേഖപ്പെടുത്തുന്ന കഥ. കാമനകളുടെ കഷ്ടകാവ്യം.
മുറിയില്‍ പൂട്ടിയിട്ടിട്ടും വീട്ടില്‍നിന്നു കാണാതായ വൃദ്ധയെത്തേടി മക്കളും മരുമക്കളും കൊച്ചുമക്കളും നടത്തുന്ന അന്വേഷണം വിഫലമാകുന്നതിന്റെ കഥയാണ് 'തുരുത്തുകള്‍ ഉണ്ടാകുന്നത്'. വൃദ്ധയുടെ ജീവിതം ഒരു നെടുങ്കന്‍ മാന്ത്രികകഥയാണ്. കുട്ടന്‍നായര്‍ എന്ന കുപ്രസിദ്ധനായ പെണ്‍പിടിയന്റെ ഭാര്യയായിരുന്നു അവര്‍. പതിന്നാറാം വയസില്‍ സ്വന്തം ജാതിമറന്ന് ഒരു മുക്കുവച്ചെറുക്കനെ പ്രണയിച്ച അവളെ വീട്ടുകാര്‍ മധ്യവയസുകഴിഞ്ഞ കുട്ടന്‍നായര്‍ക്കു കെട്ടിച്ചു കൊടുക്കുകയായിരുന്നു. മുക്കുവച്ചെറുക്കനെ നായര്‍ വെട്ടിമുറിച്ചു കടലിലെറിഞ്ഞു. അവന്റെ കുതികാല്‍ മാത്രം വീട്ടുകാര്‍ക്കു കിട്ടി. അവരതു കുഴിച്ചിട്ടു. ഒരുദിവസം ആ കുഴിമാടത്തിനു മുകളില്‍ മേലാസകലം വെട്ടേറ്റ് കുട്ടന്‍നായര്‍ ചത്തുകിടന്നു. കാലം കടന്നുപോയി. ജീവിതം മുഴുവന്‍ മുക്കുവച്ചെറുക്കന്‍ തന്നെയും കാത്തിരുന്ന കടലിലേക്ക് വൃദ്ധ മടങ്ങിപ്പോയി.
'പത്തൻപത് വയസ്സ് കഴിഞ്ഞു കല്യാണം കഴിച്ച കുട്ടൻനായർ അതിനും മുന്നേ എത്ര സ്ത്രീകൾക്ക് കുട്ടികളുണ്ടാക്കിയിട്ടുണ്ടെന്നോ എത്ര പാവപ്പെട്ട കുടുംബങ്ങളെ കുട്ടിച്ചോറാക്കിയിട്ടുണ്ടെന്നോ ഉള്ള