മലയാളിയുടെ ജനിതകം

Malayalilife
topbanner
മലയാളിയുടെ ജനിതകം

'പഞ്ചാബിലെ ബ്രാഹ്മണനും മദ്രാസ്സിലെ ബ്രാഹ്മണനും തമ്മില്‍ എന്തു സാമ്യമാണുള്ളത്? ബംഗാളിലെ അവര്‍ണ്ണനും മദ്രാസിലെ അവര്‍ണ്ണനുമിടയില്‍ വംശപരമായ എന്തു സാധര്‍മ്യമാണുള്ളത്? പഞ്ചാബിലെ ബ്രാഹ്മണനും പഞ്ചാബിലെ ചാമറിനും തമ്മില്‍ വംശപരമായ എന്തു വ്യത്യാസമാണുള്ളത്? മദ്രാസ്സിലെ ബ്രാഹ്മണനും മദ്രാസ്സിലെ പറയനും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്? പഞ്ചാബിലെ ബ്രാഹ്മണനും പഞ്ചാബിലെ ചാമറും വംശപരമായി ഒരേ കുടുംബക്കാരാണ്. ജാതിവ്യവസ്ഥ വംശീയമായ തരംതിരിക്കലല്ല. ഒരേ വംശത്തില്‍പ്പെട്ട ജനങ്ങള്‍ക്കിടയിലെ സാമൂഹിക വിഭജനമാണ് ജാതിവ്യവസ്ഥ'.

ഡോ. അംബേദ്കര്‍.

ചരിത്രത്തെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു. ജനിതകശാസ്ത്രം എന്ന ഭൂതം.

കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി ലോകമെങ്ങും ചരിത്രഗവേഷണങ്ങളെ അടിമുടി പൊളിച്ചെഴുതുകയാണ് ജനിതകവിജ്ഞാനം. മനുഷ്യോല്‍പ്പത്തി, ആര്യാധിനിവേശം, വംശീയകുടിയേറ്റങ്ങള്‍, മതം, ജാതി തുടങ്ങിയ അടിസ്ഥാനവസ്തുതകളെയും ഘടകങ്ങളെയും നരവംശശാസ്ത്രം, ഭാഷാശാസ്ത്രം എന്നിവയുടെ കൂടി പിന്‍ബലത്തില്‍ ജനിതകശാസ്ത്രം തിരുത്തിയെഴുതിക്കഴിഞ്ഞു. ആഫ്രിക്കയില്‍ നിന്നു ലോകമെങ്ങും ഹോമോസാപ്പിയന്‍സ് എന്ന മനുഷ്യവംശം വ്യാപിച്ചതിനെക്കുറിച്ചുള്ള പഠനങ്ങളാണ് ഈ രംഗത്തെ ക്ലാസിക്കുകള്‍. സമീപകാലം വരെയുള്ള മനുഷ്യചരിത്രത്തിലെ ഏതു ഘട്ടവും മാനവും പുതുതായി വിശകലനം ചെയ്യാനും ജനിതകവിജ്ഞാനത്തിനു കഴിയുന്നു. ഇന്ത്യാചരിത്രത്തെക്കുറിച്ച്‌ ടോണിജോസഫ് എഴുതിയ പുസ്തകവും പഠനങ്ങളും ഇക്കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ സൃഷ്ടിച്ച സംവാദങ്ങള്‍ ഓര്‍ക്കുക. കേരളത്തെക്കുറിച്ച്‌ എതിരന്‍ കതിരവന്റെ ചില ലേഖനങ്ങളാണ് ഈ വിഷയത്തില്‍ പുറത്തുവന്നിട്ടുള്ളത്. ഇപ്പോഴിതാ കെ. സേതുരാമന്റെ 'മലയാളി: ഒരു ജനിതകവായന' എന്ന പുസ്തകം ഇതാദ്യമായി കേരളീയരുടെ ജനിതകചരിത്രം ഒട്ടൊക്കെ സമഗ്രമായിത്തന്നെ ഭാവനചെയ്യുന്നു.

ടോണിക്കും എതിരനും സേതുരാമനും ഒരുപോലെ ബാധകമായ ഏറ്റവും ശ്രദ്ധേയമായ കാര്യം ഇവരാരും പ്രൊഫഷണല്‍/അക്കാദമിക് ചരിത്രകാരരല്ല എന്നതാണ്. 'ടോണിയും സേതുരാമനും സാമ്ബത്തികശാസ്ത്രിത്തിലണ് ഉപരിപഠനം നടത്തിയിട്ടുള്ളത്. ടോണി പത്രപ്രവര്‍ത്തകനാണ്. സേതുരാമന്‍ പൊലീസ് ഓഫീസറും. എതിരനാകട്ടെ ജനിതകശാസ്ത്രരംഗത്താണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം തന്നെയാണ്, അക്കാദമിക്/പ്രൊഫഷണല്‍ ചരിത്രകാരരോടും രചനകളോടും ഇവര്‍ കലഹിക്കുന്നതും. 'ജാതി'യാണ് ഒരുപക്ഷെ ഈ മൂന്നുപേരുടെയും ഇന്ത്യന്‍/കേരളീയ ചരിത്രാന്വേഷണത്തില്‍ ഏറ്റവും പ്രശ്‌നഭരിതമായി വ്യാഖ്യാനിക്കപ്പെടുകയും പുനര്‍വായിക്കപ്പെടുകയും ചെയ്യുന്ന വ്യവഹാരം എന്നുകൂടി ഓര്‍ക്കുക. സേതുരാമന്റെ ഗ്രന്ഥത്തിലേക്കു വരാം.

അഞ്ചു സവിശേഷതകളാണ് കേരളത്തെക്കുറിച്ചു നിലവിലുള്ള ചരിത്രരചനാരീതിശാസ്ത്രങ്ങളും നിഗമനങ്ങളും ചോദ്യം ചെയ്യുന്ന ഈ പുസ്തകത്തിനുള്ളത്. ഒന്ന്, സാഹിത്യഗ്രന്ഥങ്ങളും ഭാഷാരേഖകളും ഉല്‍ഖനനങ്ങളും മറ്റും മുന്‍നിര്‍ത്തി വംശീയവും മതാത്മകവും ജാതീയവുമായ സാമൂഹ്യഘടന അപഗ്രഥിച്ചുകൊണ്ടെഴുതപ്പെട്ട കേരളചരിത്രങ്ങള്‍ മുഖ്യമായും ചില കുടിയേറ്റകഥകളെയാണ് പിന്‍പറ്റുന്നത്. എ.ഡി. എട്ടാം നൂറ്റാണ്ടോടെ കേരളത്തിലേക്കുണ്ടായി എന്നു കരുതപ്പെടുന്ന നമ്ബൂതിരിമാരുടെ 'വരവാ'ണ് ഇതിന്റെ ആണിക്കല്ല്. നായന്മാരും ഈഴവരുമുള്‍പ്പെടെയുള്ളവരുടെ 'വരവി'നെക്കുറിച്ചുമുണ്ട് സമാനമായ ചരിത്രങ്ങള്‍. നരവംശശാസ്ത്രം, ഭാഷാശാസ്ത്രം, ജനിതകശാസ്ത്രം എന്നിവയുടെ പിന്‍ബലത്തില്‍ ഈ കുടിയേറ്റചരിത്രവാദത്തെ പൊളിച്ചെഴുതുന്നു, സേതുരാമന്‍.

രണ്ട്, കേരളീയ ജാതി, മത, സാമൂഹ്യഘടനയെ ജനിതകവിജ്ഞാനം മുന്‍നിര്‍ത്തി അടിമുടി പുനര്‍വ്യാഖ്യാനിക്കുന്നതിന്റെ ആദ്യമാതൃകയാകുന്നു, ഈ പുസ്തകം.

മൂന്ന്, കേരളത്തെക്കുറിച്ചുണ്ടായിട്ടുള്ള അക്കാദമിക, മാനവിക, ദേശീയവാദ, വംശീയ, മാര്‍ക്‌സിയന്‍, കീഴാള ചരിത്രവാദങ്ങളെല്ലാം പുനര്‍വായിക്കപ്പെടുന്നു, ഇവിടെ.

നാല്, അംബേദ്കര്‍ ഇന്ത്യാചരിത്രത്തെക്കുറിച്ചു നടത്തിയ നിരീക്ഷണങ്ങള്‍ ഇതാദ്യാമായാണെന്നു തോന്നുന്നു, ഇത്രയും സൂക്ഷ്മവും സയുക്തികവുമായി ജനിതകചരിത്രാന്വേഷണങ്ങളോടു ചേര്‍ത്തുവായിക്കുന്നത്.

അഞ്ച്, ജാതിവ്യവസ്ഥയെയും അടിമത്തത്തെയും ബ്രാഹ്മണാധിപത്യത്തെയും ഭൂവുടമാബന്ധങ്ങളെയും മറ്റും കേന്ദ്രീകരിച്ചു നിലവിലിരുന്ന കേരളീയ സാമൂഹ്യഘടനയുടെ അടിസ്ഥാനയുക്തികള്‍ ചോദ്യം ചെയ്യപ്പെടുകയും ഏകസമൂഹത്തില്‍ നിന്നു രൂപംകൊണ്ട സാംസ്‌കാരികവിജ്ഞാനമായി കേരളസമൂഹത്തെ വ്യാഖ്യാനിക്കുകയും ചെയ്യുന്നതോടെ നാളിതുവരെ രൂപപ്പെടാതിരുന്ന ഒരു ചരിത്രരചനാരീതിശാസ്ത്രം ഈ ഗ്രന്ഥത്തില്‍ ചുരുള്‍നിവരുന്നു.

കേരളോല്പത്തി പോലുള്ള ഐതിഹ്യങ്ങളിലും വില്യം ലോഗന്റെയും മറ്റും രേഖകളിലും ബ്രിട്ടീഷ് ഗസറ്റുകളിലും നിന്ന് മുന്നോട്ടുപോയി ഇളംകുളം കുഞ്ഞന്‍പിള്ളയും പിന്നീട് എം.ജി.എസ്. നാരായണനുമാണ് കേരളചരിത്രരചനക്ക് ആധുനികവും അക്കാദമികവുമായ അടിത്തറ പണിതത്. പുതുശ്ശേരി രാമചന്ദ്രനും രാജന്‍ ഗുരുക്കളും രാഘവവാരിയരും കെ.എന്‍. ഗണേശും കേശവന്‍ വെളുത്താട്ടുമുള്‍പ്പെടെയുള്ളവര്‍ മുഖ്യമായും മാര്‍ക്‌സിയന്‍ കാഴ്ചപ്പാടില്‍ ഈ ചരിത്രനിഗമനങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്തു. പി.കെ. ബാലകൃഷ്ണനെയും സനല്‍മോഹനെയും പോലുള്ളവര്‍ സവിശേഷവും മൗലികവുമായ ചില ചരിത്രാന്വേഷണങ്ങളും നടത്തി. പട്ടണം ഉല്‍ഖനനങ്ങളുടെ ഫലമായി സമീപകാലത്തുണ്ടായ ചില നിഗമനങ്ങളാണ് മേല്പറഞ്ഞ ചരിത്രാന്വേഷണങ്ങളെ വഴിതിരിച്ചുവിട്ട മറ്റൊരു ഘട്ടം. സേതുരാമന്‍, കേരളത്തെക്കുറിച്ചെഴുതപ്പെട്ട നൂറുകണക്കിനു ചരിത്രാപഗ്രഥനങ്ങളും അവയില്‍ ചിലതിനാധാരമായ മൗലികരേഖകളും (ഉദാ: പുതുശ്ശേരി രാമചന്ദ്രന്റെ ഗ്രന്ഥത്തില്‍ സൂചിതമാകുന്നവ) പരിശോധിക്കുകയും അവയില്‍ പലതിനോടും വിയോജിക്കുകയും ചെയ്തുകൊണ്ടാണ് ജനിതകവിജ്ഞാനത്തിന്റെ വെളിച്ചത്തില്‍ തന്റെ ചരിത്രാന്വേഷണങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്.

സേതുരാമന്റെ ചരിത്രവിജ്ഞാനത്തിന്റെ ആധികാരികതയും രീതിശാസ്ത്രത്തിന്റെ ഭദ്രതയും വ്യാഖ്യാനത്തിന്റെ സയുക്തികതയും നിഗമനങ്ങളുടെ പ്രസക്തിയും നിരാകരണങ്ങളുടെ സാംഗത്യവുമൊക്കെ അക്കാദമിക/പ്രൊഫഷണല്‍ ചരിത്രപണ്ഡിതരാല്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. സാമൂഹ്യശാസ്ത്രവിദഗ്ദ്ധര്‍ ഈ വിശകലനത്തെ വിമര്‍ശിക്കാനും ഇടയുണ്ട്. പക്ഷെ നിശ്ചയമായും ഇത്രമേല്‍ ആത്മവിശ്വാസത്തോടെ, നിലവിലുള്ള അക്കാദമിക ചരിത്രരചനാപദ്ധതികളെയും അവയുടെ കാതലായ പല നിഗമനങ്ങളെയും ചോദ്യം ചെയ്തും പൊളിച്ചെഴുതിയും മുന്നോട്ടുവയ്ക്കുന്ന ഈ സമീപനം അവഗണിക്കാന്‍ കഴിയില്ല. എന്നുമാത്രമല്ല, തമിഴ് ഭാഷയിലും പ്രാചീന തമിഴ് രേഖകള്‍ വ്യാഖ്യാനിക്കുന്നതിലും തനിക്കുള്ള കഴിവ് ഉപയോഗപ്പെടുത്തി സേതുരാമന്‍ അവതരിപ്പിക്കുന്ന കാഴ്ചപ്പാടുകള്‍ കേരളചരിത്രരചനാസമീപനങ്ങളെ തിരുത്തിയെഴുതുകയും ചെയ്യും.

ജനിതകചരിത്രവിജ്ഞാനത്തില്‍ എഴുതപ്പെട്ട മൗലികഗ്രന്ഥങ്ങള്‍ പിന്‍പറ്റി കേരളീയ സമൂഹത്തെക്കുറിച്ചുള്ള നരവംശശാസ്ത്രപരവും ഭാഷാശാസ്ത്രപരവുമായ അപഗ്രഥനത്തിനായി സേതുരാമന്‍ ഈ പഠനത്തില്‍ സ്വീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രീതിശാസ്ത്രം നോക്കുക. ഒരുലക്ഷത്തോളം മലയാളി യുവതീയുവാക്കളുടെ വിവാഹപരസ്യങ്ങളാധാരമാക്കി അവരുടെ നരവംശ സവിശേഷതകള്‍ വിശകലനം ചെയ്യുന്നു, അദ്ദേഹം. ഇത്ര വിപുലമായ ഡാറ്റ മറ്റേതു ചരിത്രപഠനത്തിലാണ് സാമൂഹ്യവിശകലനത്തിനായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്? 1905-ല്‍ നടന്ന ഒരു നരവംശശാസ്ത്രപഠനത്തിലെ കണ്ടെത്തലുകളുമായി; ഒരു നൂറ്റാണ്ടിനിപ്പുറം താന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ വസ്തുതകള്‍ താരതമ്യം ചെയ്യുക വഴി, സേതുരാമന്‍ എത്തിച്ചേരുന്ന നിഗമനങ്ങളാണ് ഈ ഗ്രന്ഥത്തിലെ ഏറ്റവും മൗലികമായ ചരിത്രാന്വേഷണമണ്ഡലം. ഒപ്പം, പ്രാചീന തമിഴ് ഗ്രന്ഥ, രേഖകളുടെ വ്യാഖ്യാനത്തിലൂടെ തിരുത്തപ്പെടുന്ന ഭാഷാശാസ്ത്ര നിഗമനങ്ങളും.

ജാത്യടിമത്തം മുതല്‍ മലയാളത്തിന്റെ ക്ലാസിക് പദവി വരെ; ബ്രാഹ്മണാധിപത്യം മുതല്‍ തമിഴ് രേഖകളുടെ വ്യാഖ്യാനം വരെ-സേതുരാമന്‍ കേരളത്തിന്റെ ജനിതകചരിത്രമെഴുതുമ്ബോള്‍ പുനര്‍വായിക്കപ്പെടുന്നത് നാളിതുവരെ കേരളത്തെക്കുറിച്ചെഴുതപ്പെട്ട ചരിത്രങ്ങള്‍ ഒന്നടങ്കമാണ്.

മനുഷ്യന്‍, ജാതി, മതം, രാഷ്ട്രീയം എന്നിങ്ങനെ നാലു ഭാഗങ്ങളായാണ് തന്റെ പഠനം സേതുരാമന്‍ ക്രമീകരിക്കുന്നത്.

'മലയാളത്തിന്റെ പഴമ' എന്ന ആമുഖത്തില്‍ കേരളത്തെക്കുറിച്ച്‌ നിലവിലുള്ള ചരിത്രരചനാസമ്ബ്രദായങ്ങളും അവയുടെ പ്രധാന നിഗമനങ്ങളും അവതരിപ്പിച്ചുകൊണ്ട് ജാതീയവും മതപരവും വര്‍ഗപരവുമായ വിഭജനയുക്തികളെ ചോദ്യം ചെയ്യുന്നു, സേതുരാമന്‍. മനുഷ്യോല്പത്തിയെയും വ്യാപനത്തെയും കുറിച്ചുള്ള ജനിതകചരിത്രസിദ്ധാന്തങ്ങള്‍ സംഗ്രഹിച്ച്‌ കേരളത്തിലെ ആവാസചരിത്രം സൂചിപ്പിക്കുന്നു. ജാതിയെ വംശീയമായി വ്യാഖ്യാനിച്ച മുന്‍ചരിത്രങ്ങള്‍ക്കു പകരം തൊഴില്‍പരമായി വ്യാഖ്യാനിക്കുന്ന രീതി സ്വീകരിക്കുന്നു. നമ്ബൂതിരിമാരുള്‍പ്പെടെയുള്ള സകല ജനവിഭാഗങ്ങളും ദ്രാവിഡരാണെന്ന് സ്ഥാപിക്കുന്നു. കേരളത്തില്‍ ഒരുകാലത്തും സ്മൃതികള്‍ നിഷ്‌കര്‍ഷിക്കുന്നതുപോലുള്ള ജാതിവ്യവസ്ഥ നിലനിന്നിട്ടില്ല എന്നു വാദിക്കുന്നു.

'മനുഷ്യന്‍' എന്ന ഒന്നാം ഭാഗത്ത് അഞ്ചധ്യായങ്ങളുണ്ട്. മലയാളിജനിതകം, ശരീരം, ഭൂമി, കുടിയേറ്റം, ആദിചേരന്മാര്‍ എന്നിങ്ങനെ.

ഒന്നാമദ്ധ്യായത്തില്‍, ചരിത്രരചനയില്‍ ജനിതകവിജ്ഞാനം സൃഷ്ടിക്കുന്ന രീതിപദ്ധതികള്‍ വിവരിക്കുകയും കേരളചരിത്രരചനക്ക് ഈ വിജ്ഞാനത്തെ ഉപയോഗപ്പെടുത്താന്‍ തനിക്കു വഴിതുറന്ന പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് തന്റെ ഗ്രന്ഥത്തിന്റെ സങ്കല്പനപരമായ അടിത്തറ കെട്ടിപ്പൊക്കുകയും ചെയ്യുന്നു. ഡേവിഡ് റെയ്ക്, ക്രിസ് സ്ട്രിങര്‍, പോള്‍ മോളേഴ്‌സ്, ടോണി ജോസഫ് തുടങ്ങിയവര്‍ ജനിതകപഠനത്തിലൂടെ നടത്തിയ കണ്ടെത്തലുകള്‍ സേതുരാമന്‍ സംഗ്രഹിക്കുന്നു. എങ്കിലും 2015 സെപ്റ്റംബര്‍ 15-ന്റെ ലക്കം EPWവില്‍ സെബാസ്റ്റ്യന്‍ തോമസ് എഴുതിയ ലേഖനമാണ് തന്റെ ഗ്രന്ഥത്തിന്റെ ഘടനയും സ്വരൂപവും വ്യവസ്ഥപ്പെടുത്താന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത് എന്ന വസ്തുത സേതുരാമന്‍ ഒരു സംഭാഷണത്തില്‍ സൂചിപ്പിക്കുകയുണ്ടായി.

മനുഷ്യന്റെ ഉത്ഭവത്തെക്കുറിച്ച്‌ ജനിതകപഠനങ്ങള്‍ പറയുന്നതെന്താണ്? വായിക്കുക:

'ആധുനികമനുഷ്യന്റെ ഉത്ഭവം ജനിതകമായി കോടാനുകോടി വര്‍ഷം മുമ്ബ് തുടങ്ങിയ പ്രക്രിയയാണ്. മനുഷ്യജീവിയായി രൂപംകൊണ്ടതാകട്ടെ, കഴിഞ്ഞ ആറു ദശലക്ഷം വര്‍ഷംകൊണ്ടാണ്. ലോകത്തു പരിണമിച്ച പല മനുഷ്യജീവികളിലെ അവസാന ഏകരൂപമാണ് ഹോമോസാപ്പിയന്‍സ് എന്നറിയപ്പെടുന്ന ആധുനിക മനുഷ്യന്‍. വിവിധയിനം മനുഷ്യജീവികളുടെ അവശിഷ്ടങ്ങള്‍ ആഫ്രക്കയില്‍നിന്നും ലോകത്ത് പല ഭാഗങ്ങളില്‍നിന്നും കണ്ടുകിട്ടിയിട്ടുണ്ട്. ഏകദേശം 5-6 ദശലക്ഷം വര്‍ഷം പഴക്കമുള്ള സഹേലെന്ത്രപോസ് ചാഡന്‍സീസ് എന്ന ജീവിയാണ് പ്രൈമറ്റ് വര്‍ഗ്ഗത്തില്‍പ്പെട്ട പ്രാചീന മനുഷ്യജീവിയെന്ന് കരുതപ്പെടുന്നു. 4.4 ദശലക്ഷം വര്‍ഷം മുമ്ബ് പരിണമിച്ച ആര്‍ഡിപിത്തിക്കസ്, 3.2 ദശലക്ഷം വര്‍ഷം പഴക്കമുള്ള ആസ്‌ട്രോപിത്തോലക്‌സ് 2.3 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഹോമോ ഹാബിലിസ്, 1.8 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഹോമോ ഇറക്റ്റസ് എന്നിവയാണ് പ്രധാനപ്പെട്ട പൂര്‍വ്വരൂപങ്ങള്‍. സഹേലെന്ത്രപോസ് ചാഡന്‍സീസ് ഇത്യാദി പ്രാചീന മനുഷ്യജീവികള്‍ ആള്‍ക്കുരങ്ങില്‍നിന്ന് വിഭിന്നമായി പരിണമിക്കാന്‍ കാരണം ബൈപെഡലിസം അഥവാ രണ്ടുകാലില്‍ നടക്കാന്‍ തുടങ്ങിയതാണ്. ആള്‍ക്കുരങ്ങുകളും രണ്ടുകാലുകളില്‍ കുറച്ചു ദൂരത്തേക്ക് നിസ്സാരകാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടക്കാറുണ്ട്. എന്നാല്‍ സദാസമയവും രണ്ടുകാലില്‍ നടക്കാന്‍ തുടങ്ങുകയും രണ്ടു കൈകള്‍ സ്വതന്ത്രമാക്കുകയും ചെയ്തത് മനുഷ്യജീവിയുടെ പരിണാമപ്രക്രിയയ്ക്ക് അടിസ്ഥാനമായി. സകല പരിണാമങ്ങളുടെയും പ്രചോദനം കാലാവസ്ഥയും പ്രകൃതിവിഭവങ്ങളുടെ ലഭ്യതയും ആണ്. 6 ദശലക്ഷം വര്‍ഷം മുമ്ബ് ആഫ്രിക്കയിലനുഭവപ്പെട്ട നീണ്ടകാല ക്ഷാമത്തിന്റെ ഫലമായി ട്രോപ്പിക്കല്‍ വനങ്ങള്‍ ചുരുങ്ങുകയും മരത്തില്‍നിന്ന് ഇറങ്ങി കൂടുതല്‍ ദൂരം സഞ്ചരിക്കാനുള്ള സമ്മര്‍ദ്ദം ശക്തമാവുകയും ചെയ്തപ്പോള്‍ രണ്ടുകാലില്‍ നടക്കാന്‍ തുടങ്ങിയ ആള്‍ക്കുരങ്ങാണ് മനുഷ്യജീവിയായി പരിണമിച്ചത്.

രണ്ടുകാലില്‍ സഞ്ചരിക്കാന്‍ തുടങ്ങിയ മനുഷ്യജീവി 2.5 മുതല്‍ 3 ദശലക്ഷം വര്‍ഷം മുമ്ബ് ശിലയിലും ലോഹത്തിലും ഉപകരണങ്ങള്‍ ഉണ്ടാക്കാന്‍ പഠിച്ചു. ഹോമോ ജിനസ് എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്യപ്പെട്ട മനുഷ്യജീവികളില്‍ പ്രധാനപ്പെട്ടവയാണ് ഹോമോ ഹാബിയസും ഹോമോ ഇറക്റ്റസും. ഹോമോ ഇറക്റ്റസ് ആഫ്രിക്ക വിട്ട് 2 ദശലക്ഷം വര്‍ഷം മുമ്ബ് ലോകത്തിന്റെ പലഭാഗത്തേക്കും പലായനം ചെയ്തു. ഹോമോ ഇറക്റ്റസില്‍നിന്നാണ് 5 ലക്ഷം വര്‍ഷം മുമ്ബ് ഹോമോ ഹെഡില്‍ബര്‍ജന്‍സിസ് എന്നറിയപ്പെടുന്ന മനുഷ്യജീവിയായും രണ്ട് ലക്ഷം വര്‍ഷം മുമ്ബ് ഹോമോ സാപ്പിയന്‍സ് എന്ന ആധുനിക മനുഷ്യനായും പരിണമിച്ചത്.

മനുഷ്യപരിണാമത്തിന്റെ പ്രധാന ചുവടുവയ്പായിരുന്നു ഏകദേശം രണ്ട് ദശലക്ഷം വര്‍ഷം മുമ്ബ് മനുഷ്യജീവി ഇതര ജീവികളെപ്പോലെ തീ കണ്ടു പേടിക്കാതെ അതിനെ നിയന്ത്രിക്കാനും ഉപയോഗിക്കാനും പഠിച്ചത്. സസ്യാഹാരക്കാരായിരുന്ന ആള്‍ക്കുരങ്ങിനും മറ്റു കുരങ്ങുവര്‍ഗ്ഗങ്ങള്‍ക്കും മസ്തിഷ്‌കം ചെറുതാണ്. തീയുടെ ഉപയോഗം പോഷകാഹാര മികവുള്ള മാംസം വേവിച്ച്‌ കഴിക്കാന്‍ സഹായകമായി. മാംസാഹാരം കാരണമായി മനുഷ്യജീവിക്ക് ആവശ്യമുള്ള ഊര്‍ജ്ജം വര്‍ദ്ധിച്ചതോതില്‍ ലഭിക്കാന്‍ തുടങ്ങി. മസ്തിഷ്‌കത്തിന്റെ വലുപ്പം കഴിഞ്ഞ 2 ദശലക്ഷം വര്‍ഷംകൊണ്ട് വര്‍ദ്ധിക്കുകയുണ്ടായി. മനുഷ്യരുടെ അവയവങ്ങളില്‍ മൂന്നിലൊന്ന് ഊര്‍ജ്ജം ഉപയോഗിക്കുന്നത് മസ്തിഷ്‌കമാണ്. കൂടാതെ രണ്ടുകാലില്‍ നടക്കാനും ഓടാനും പഠിച്ച മനുഷ്യജീവിക്ക് ഇതര മൃഗങ്ങളെ അപേക്ഷിച്ച്‌ ബലവും വേഗവും കുറവാണെങ്കിലും എറിയുന്ന ആയുധങ്ങളായ കുന്തവും ദൂരത്തില്‍ നിന്നും തൊടുത്തുവിടാന്‍ പറ്റുന്ന അമ്ബും വില്ലും തീപ്പന്തവും തുടക്കകാലത്ത് മേല്‍ക്കൈ നേടാന്‍ സഹായിച്ചു. നിരവധി മനുഷ്യജീവികള്‍ രൂപപ്പെട്ടെങ്കിലും ഇന്ന് ജീവിച്ചിരിക്കുന്നത് ഹോമോസാപ്പിയന്‍സ് മാത്രമാണ്. മനുഷ്യനെക്കാളും ശാരീരികശേഷിയും മസ്തിഷ്‌കത്തിന്റെ വലിപ്പവും ഉണ്ടായിരുന്ന നിയാണ്ടര്‍താല്‍ മനുഷ്യന്‍ പൂര്‍ണ്ണമായും ഇല്ലാതായി. ആധുനിക മനുഷ്യന്റെ നിലനില്‍പ്പിനു കാരണം ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന ഭാഷയുടെ ഉത്ഭവമാണെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ലോകത്ത് ഏഴായിരത്തിലധികം ഭാഷകള്‍ ഉണ്ട്. മനുഷ്യക്കുഞ്ഞ് താന്‍ ജീവിക്കുന്ന പശ്ചാത്തലത്തിലെ ഏതൊരു ഭാഷയും വേഗത്തില്‍ പഠിച്ചെടുക്കുന്നു. ഇതിനു കാരണം ഭാഷ ജനിതകഘടനയായി മനുഷ്യനില്‍ രൂപപ്പെട്ടതാകാമെന്ന് നരവംശശാസ്ത്രജ്ഞരും ഭാഷാപണ്ഡതരും അഭിപ്രായപ്പെടുന്നു. ഭാഷ ആശയവിനിമയം സുലഭമാക്കി; ഒത്തൊരുമയോടുകൂടി കൂട്ടുതീരുമാനങ്ങളെടുക്കാനുള്ള സംസ്‌കാരം വികാസം നേടാന്‍ സഹായകമായി. ഇത് ആധുനിക മനുഷ്യന്റെ വിജയത്തിനു കാരണമായി'.

 

തുടര്‍ന്ന്, കേരളത്തില്‍ നടന്ന ഒരു പഠനത്തിലെ കണ്ടെത്തലുകള്‍ ഇങ്ങനെ സംക്ഷേപിക്കുന്നു, സേതുരാമന്‍:

'രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ ഗവേഷകരുടെ കണ്ടെത്തലിന്റെ സംക്ഷേപം 'Neighbourhood Tree' അഥവാ 'ജനിതക വൃക്ഷ'മാണ്. ഇതിന്റെ പ്രധാന നിഗമനങ്ങള്‍ ഇവയാണ്.

1. കേരളത്തിന്റെ പൊതുസമൂഹം - ബ്രാഹ്മണരും ഗോത്രവര്‍ഗ്ഗക്കാരും ഉള്‍പ്പെടെയുള്ളവര്‍ - മൗലികമായി ദ്രാവിഡ ജനവര്‍ഗമാണ്. ഇവര്‍ കാലക്രമേണ മൂന്ന് പ്രധാന ധാരകളായി വേര്‍പിരിഞ്ഞു.

2. കാട്ടുനായ്ക്കര്‍, പണിയര്‍, അടിയര്‍ എന്നീ ഗോത്രവര്‍ഗ്ഗക്കാര്‍ ഒരു ജനിതക ഉപശാഖയില്‍പ്പെട്ടവരാണ്. കുറുമരും മലപണ്ടാരവും രണ്ടാമത്തെ ഉപശാഖയാണ്.

3. പുലയര്‍ പൊതുമസൂഹത്തിന്റെയും ഗോത്രവിഭാഗത്തിന്റെയും മധ്യത്തിലാണ്. ഗോത്രവിഭാഗങ്ങളുടെയും ജാതിസമൂഹങ്ങളുടെയും മൂല ജനവര്‍ഗ്ഗമായിരിക്കണം പുലയരും കാണിക്കാരും. അടുത്ത കാലംവരെ ഗോത്രവര്‍ഗ്ഗക്കാരായി ജീവിച്ചവര്‍ കാടുവെട്ടിത്തെളിച്ച്‌ കാര്‍ഷിക ഭൂമി വ്യാപിച്ചതോടുകൂടി കര്‍ഷകരായി മാറുകയും ഭൂമി സ്വകാര്യഉടമസ്ഥതയായപ്പോള്‍ പരമ്ബാരഗത ഭൂമി നഷ്ടപ്പെട്ടവരുമാകണം.

4. മഹാഭൂരിപക്ഷം വരുന്ന ഇതര സമൂഹങ്ങള്‍ മൂന്നാമത്തെ വലിയ ദ്രാവിഡ വിഭാഗമാണ്. കേരളത്തിലെ പ്രബല സമൂഹങ്ങളായ ഈഴവര്‍, നായര്‍, നമ്ബൂതിരി, മലബാര്‍ മുസ്ലിം, സുറിയാനി ക്രിസ്ത്യാനികള്‍, ഗോത്രവര്‍ഗ്ഗക്കാരായ കുറിച്യര്‍ എന്നിവരുള്‍പ്പെടുന്ന 90% ത്തില്‍ കൂടുതല്‍ ജനങ്ങളും ഏക സമൂഹമായിരുന്നെന്ന് പഠനം സൂചിപ്പിക്കുന്നു. ഈ പൊതുസമൂഹത്തിന്റെ മധ്യത്തിലുള്ളത് ഈഴവരെന്നു വിളിക്കപ്പെടുന്ന ഉപസമൂഹമാണ് ഈഴവരില്‍നിന്നാണ് ഇതര ജാതിമത സമൂഹങ്ങള്‍ ഉടലെടുത്തത് എന്നു വേണം കരുതാന്‍.

5. നിലവിലുള്ള ചരിത്ര ആഖ്യാനത്തിനു വിരുദ്ധമായി നമ്ബൂതിരിമാര്‍ക്കും വടക്കേ ഇന്ത്യക്കാര്‍ക്കും വിദൂര ജനിതക ബന്ധമാണ് കാണുന്നത്. വടക്കേ ഇന്ത്യന്‍ ആര്യസമൂഹത്തിന് ഇതര ഇന്തോ-ആര്യന്‍ ഭാഷാസമൂഹങ്ങളുമായിട്ടാണ് കൂടുതല്‍ ബന്ധം. ഇറാനികളും പാക്കിസ്ഥാനികളുമായാണ് വടക്കേ ഇന്ത്യക്കാരുടെ ജനിതകബന്ധം. എന്നാല്‍ നമ്ബൂതിരിമാര്‍ക്ക് ഇതര കേരള സമൂഹങ്ങളുമായിട്ടാണ് അടുത്ത ജനിതകബന്ധം. ഇത് നമ്ബൂതിരിമാര്‍ മുഴുവനും സംസ്‌കൃതം സംസാരിക്കുന്ന വടക്കേ ഇന്ത്യയില്‍നിന്ന് വന്ന കുടിയേറ്റക്കാരല്ല എന്നു സ്ഥാപിക്കുന്നു. ആര്യബ്രാഹ്മണ പൗരോഹിത്യം സ്വീകരിച്ച തദ്ദേശീയ ദ്രാവിഡ സമൂഹമാണ് നമ്ബൂതിരിമാര്‍.

കേരളത്തിലുള്ള വിവിധ സമൂഹങ്ങള്‍ പ്രധാനമായും ദ്രാവിഡരെന്ന് ജനിതക പഠനങ്ങള്‍ സൂചിപ്പിക്കുമ്ബോള്‍ത്തന്നെ വിവിധ തരത്തിലുള്ള വംശീയകലര്‍പ്പ് ചരിത്രപരമായി ഉണ്ടായിട്ടുണ്ടെന്നും അടിവരയിട്ടു പറയുന്നു. പ്രസിദ്ധ ജനിതക ഗവേഷകന്‍ എതിരന്‍ കതിരവന്‍, സമുദായമഹിമയുടെ അവകാശവാദം കാരണമായി മൗലികമായി മലയാളിസമൂഹം ഒന്നെന്ന ജനിതകസത്യത്തെ നിഷേധിക്കുന്നത് ഉചിതമല്ലെന്ന് അഭിപ്രായപ്പെടുന്നു. കേരളത്തിലെ നായര്‍-ഈഴവ-നമ്ബൂതിരി-ക്രിസ്ത്യാനി-മുസ്ലിം ഡി.എന്‍.എ. തന്തുക്കള്‍ വെളിവാക്കുന്ന വാസ്തവങ്ങള്‍ അദ്ഭുതമല്ലെങ്കിലും ചില അങ്കലാപ്പുകള്‍ക്ക് വഴിവയ്ക്കുകയാണ്. 'ആരു വലിയവന്‍ ആരു ചെറിയവന്‍' എന്നത് വെറും സിനിമാപ്പാട്ടു വിസ്മയമല്ലെന്നും കെട്ടിച്ചമച്ച വിശ്വാസങ്ങളുടെ നേര്‍ക്ക് വലിച്ചെറിഞ്ഞ ചോദ്യമാണെന്നും മനസ്സിലാക്കുന്നത് അരോചകമായിരിക്കും. ഗോത്രവര്‍ഗ്ഗങ്ങളും മറ്റു ജാതിമതസ്ഥരുമായുള്ള ബന്ധം ഈയിടെ നടത്തിയ പഠനങ്ങളില്‍ക്കൂടി വെളിപ്പെടുത്തുന്നത് അതിസാധാരണരാണ് നമ്മളൊക്കെയും എന്നാണ്. കലര്‍പ്പിന്റെ അയ്യരുകളി എന്നുപറഞ്ഞാല്‍ വാച്യാര്‍ത്ഥത്തില്‍ അതു ശരിയാകാനും സാധ്യതയുണ്ട്. ബ്രാഹ്മണരും (നമ്ബൂതിരിമാര്‍) ഈ സംഘക്കളിയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.'.

 

മേല്പറഞ്ഞ നിഗമനങ്ങളില്‍ നിന്നു മുന്നോട്ടുപോയി കേരളത്തിലെ ഒരുലക്ഷത്തോളം മനുഷ്യരുടെ ശരീരഘടന പഠിക്കുന്നു, രണ്ടാമധ്യായത്തില്‍. മുന്‍പു സൂചിപ്പിച്ചതുപോലെ ഈ പുസ്തകത്തില്‍ സേതുരാമന്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്കടിത്തറയാകുന്ന മൗലികമായ നരവംശപഠനമാണിത്. മൂക്കിന്റെ നീളം, മുഖത്തിന്റെ വീതി എന്നിവ മുന്‍നിര്‍ത്തിയുള്ള വംശീയവിശകലനത്തില്‍ നിന്നു തുടങ്ങുന്ന സര്‍വ്വേ, ഉയരം, നിറം എന്നീ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് നിഗമനങ്ങളവതരിപ്പിക്കുന്നത്. ജാതിവ്യവസ്ഥയുടെ അയുക്തികളും ചരിത്രപരവും വംശീയവും ജനിതകപരവുമായി ജാതിയെക്കുറിച്ചുന്നയിക്കപ്പെട്ടിട്ടുള്ള കെട്ടുകഥകളും മറനീക്കുന്ന ജാത്യാധിപത്യ വ്യവഹാരങ്ങളുടെ രാഷ്ട്രീയാപനിര്‍മ്മാണം കൂടിയാകുന്നു സേതുരാമന്റെ പുസ്തകം.

കേരളത്തിലെ ജനജീവിതത്തിന്റെ സാംസ്‌കാരികാടിത്തറകള്‍ ചിലതിന്റെ അപഗ്രഥനമാണ് മൂന്നാമധ്യായം. കൃഷി, സ്ഥിരവാസം, ആയുര്‍നിരക്ക്, സാക്ഷരത, നാണ്യവിളയുടെ വ്യാപനം, ഭൂമിയുടെ തുണ്ടുവല്‍ക്കരണം, ഗതാഗതം, വാണിജ്യം, ആരോഗ്യസംരക്ഷണം, വീടുകള്‍... എന്നിങ്ങനെ.

ആദിമകുടിയേറ്റമെന്ന അധ്യായം കേരളത്തില്‍ മനുഷ്യരെത്തിയതിനെക്കുറിച്ചുള്ള ജനിതകപഠനപരിപ്രേക്ഷ്യം മുന്നോട്ടുവയ്ക്കുന്നു. നമ്ബൂതിരിമാരുടെ വരവ്, നായന്മാരുടെ വ്യാപനം, ഈഴവരെക്കുറിച്ചുള്ള വിശകലനം, പുലയരുടെയും പറയരുടെയും മറ്റും അസ്തിത്വം എന്നിവയിലൂടെ കേരളത്തില്‍ ജാതിവിഭജനവും രൂപീകരണവും നടന്നത് തൊഴില്‍പരമായാണ്, വംശീയമായല്ല എന്ന് സ്ഥാപിക്കുന്നു, ഇവിടെ, ഒരുഭാഗം നോക്കുക:

 

'ഈഴവരുടെ ആവിര്‍ഭാവം ഈഴത്തുനാട്ടില്‍ നിന്നാണെന്നും അത് സിലോണ്‍ ദ്വീപാണെന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. സിലോണില്‍നിന്ന് കേരളക്കരയിലേക്ക് തെങ്ങ് കൊണ്ടുവന്നത് ഈഴവരായിരുന്നുവെന്ന് പറയുന്നു. മലബാര്‍ മാന്വലില്‍ വില്യം ലോഗനാണ് ആദ്യമായി ഈഴവര്‍ ദ്വീപില്‍നിന്നും വന്നതുകൊണ്ട് തിയ്യരെന്നും ഈഴത്തില്‍നിന്നും വന്നതുകൊണ്ട് ഈഴവരെന്നും സമൂഹനാമം കിട്ടിയതായി പരാമര്‍ശിക്കുന്നത്. ലോഗന്‍ പറയുന്നു, 'അവരുടെ ജാതിപ്പേരുകളില്‍ ഒന്ന് (തിയ്യന്‍) സൂചിപ്പിക്കുന്നത് അവര്‍ ദ്വീപില്‍നിന്ന് വന്നവരാണത്രെ. മറ്റൊരു പേര് (ഈഴവന്‍) ഈ ദ്വീപ് സിലോണ്‍ ആണെന്നും സൂചിപ്പിക്കുന്നു. ദീപന്‍ എന്ന സംസ്‌കൃതവാക്കിന്റെ രൂപാന്തരമാണ് തീവന്‍ എന്നും അറിയപ്പെടുന്നത്. തലശ്ശേരി ഫാക്ടറി റിക്കോര്‍ഡുകളില്‍ തിയ്യസമുദായത്തില്‍ പൊതുവേ പരാമര്‍ശിച്ചുകാണുന്നത് 'തിവി' എന്ന പേരിലാണ്. പൗരാണിക സിലോണിന്റെ പേര് സിംഹള എന്നായിരുന്നു എന്ന വസ്തുതവെച്ചു നോക്കുമ്ബോള്‍ സിംഹളര്‍ 'സിഹളര്‍', 'ഇഹജന്‍', 'ഇഴുവന്‍' എന്നിങ്ങനെ രൂപാന്തരപ്പെട്ടതാണെന്നു കാണാം'. ലോഗന്‍ ഈ വ്യാഖ്യാനത്തിന്റെ സ്രോതസ് ചൂണ്ടിക്കാണിക്കുന്നില്ല. വിദേശ സഞ്ചാരികളുടെ വിവരണങ്ങളില്‍ ഈ ഐതിഹ്യം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. എം.ജി.എസ്. നാരായണന്‍ ഉള്‍പ്പെടെയുള്ള ചരിത്രകാരന്മാര്‍ ഈഴവര്‍ ഈഴത്തുനിന്ന് വന്നവരെന്ന പ്രസ്താവനയ്ക്ക് തെളിവു നല്‍കുന്നില്ല.

ഈഴവര്‍ മുഴുവന്‍ ചെത്ത് തൊഴിലാളികളാണെന്നാണ് നിലവിലുള്ള ചരിത്രകാരന്മാരുടെ നിഗമനം. സിലോണില്‍നിന്ന് വന്നവരാണെങ്കില്‍ വസ്തുനിഷ്ഠമായ തെളിവുകളൊന്നും ചൂണ്ടിക്കാണിക്കുന്നില്ല. വടക്കന്‍ പാട്ടുകളില്‍ തിയ്യന്മാര്‍ പരാമര്‍ശിക്കുന്ന ഈഴത്തുനാട്, ശ്രീലങ്കയാണെന്നു കരുതുന്നതിന്റെ കാരണം വ്യക്തമല്ല. ചരിത്രകാലഘട്ടത്തില്‍ ഒട്ടേറെ ചെറുകിട നാടുകള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. നിരവധി എണ്ണം കാലക്രമേണ മണ്‍മറഞ്ഞു പോയിട്ടുണ്ട്. വള്ളുവനാട്, വള്ളുവന്‍സമുദായ നാമത്തില്‍നിന്നും ഉത്ഭവിച്ചതുപോലെ ഈഴത്തുനാട് ഈഴവരില്‍നിന്നും നാമകരണം ചെയ്യപ്പെട്ടതാകാം. എന്നാല്‍ സ്ഥലത്തിന്റെയും നാടിന്റെയും നാമങ്ങള്‍ പൊതുവേ വിശേഷാല്‍ സമൂഹസങ്കേതങ്ങളുടെ ഉത്ഭവമായതുകൊണ്ട് ബഹുജനങ്ങളായ തിയ്യന്മാരുടെ വംശീയ നാമം ആകാന്‍ സാദ്ധ്യതയില്ല. കാര്‍ഷിക നാമത്തില്‍ നിന്നാകും ഇഴത്തുനാടിന്റെ ഉത്ഭവം. അതല്ലാതെ ഈഴത്തുനാട്, സിലോണില്‍ ഈഴം എന്ന് അറിയപ്പെടുന്ന ശുദ്ധ തമിഴ് നാമമുള്ള നാട്, ഈഴവരുടെ പൂര്‍വ്വ ഭൂമിയെന്ന് പറയുന്നത് അതിശയോക്തിയാണ്. കാര്‍ഷികവിഭവങ്ങളുമായി ബന്ധപ്പെട്ട് നാടുകള്‍ ചരിത്രകാലത്ത് വിഭജിക്കുകയുണ്ടായി. ഏറനാട് ഉത്തമ ഉദാഹരണമാണ്. 'ഏറ്' എന്നാല്‍ തമിഴിലും പഴയമലയാളത്തിലും കാള എന്നാണര്‍ത്ഥം. 'കാളകളുടെ നാട്' എന്ന് വ്യാഖ്യാനിക്കാം. അതുപോലെ ഈഴത്തുനാട് 'തെങ്ങുകളുടെ നാട്' എന്ന അര്‍ത്ഥത്തില്‍ മലബാറില്‍ ഉണ്ടായിരുന്ന ഒരു നാടാകാനാണ് സാദ്ധ്യത.

'ഈഴം' എന്ന പദം ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള തമിഴ്‌നാമമാണ്. ഈ വാക്കിന്റെ അര്‍ത്ഥം വിവിധ കാലഘട്ടങ്ങളില്‍ വ്യത്യസ്ത പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും പ്രാചീന ലിഖിതം തമിഴ്‌നാട്ടില്‍ മതുര നഗരത്തിന് അരുകിലുള്ള തിരുപ്പരന്‍കുന്റ്റം എന്ന സ്ഥലത്തുള്ള ജൈനഗുഹയില്‍നിന്നു കിട്ടിയ ക്രി. മു. ഒന്നാം നൂറ്റാണ്ടു കാലഘട്ടത്തിലെ ശിലാലിഖിതങ്ങളാണ്. ക്രി.മു. ഒന്നാം നൂറ്റാണ്ടിലെ തമിഴ് ബ്രാഹ്മി ലിപിയില്‍ രചിക്കപ്പെട്ട ലിഖിതം.

 

'എരുകാടൂര്‍ ഈഴകുടുമ്ബികന്‍ പൊലാലൈയന്‍

ചെയ്ത ആയ്ചയന്‍, നെടുചാ(ത്)തന്‍'.

വിഖ്യാത ചരിത്രപണ്ഡിതന്‍ ഐരാവതം മഹാദേവന്റെ വ്യാഖ്യാനത്തില്‍, 'ഈഴഗൃഹനാഥന്‍, പൊലാലൈയന്‍ (നല്‍കിയ ദാനം) (ലിഖിതം) ചെയ്തവന്‍, ആയ്ചയന്‍ നെടു ചാ(ത്)തന്‍'.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഈഴ കുടുമ്ബികന്‍ എന്ന വാക്കു ഈ ലിഖിതത്തില്‍ സിലോണില്‍നിന്നു വന്ന ഗൃഹനാഥനെയല്ല, മറിച്ച്‌ ഈഴവര്‍ കുലത്തില്‍പ്പെട്ട പൊലാലൈയന്‍ എന്ന മുഖ്യനെയാണ് സൂചിപ്പിക്കുന്നത് എന്നു പറയുന്നു.

ക്രി.പി. 789-ല്‍ രചിക്കപ്പെട്ട ചോഴ ലിഖിതത്തില്‍ ഈഴവര്‍ എന്ന വാക്കു തൊഴില്‍ കൂട്ടം എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.

'തെങ്ങും പനൈയും ഈഴവര്‍ ഏറ പെറാതാരാകവും'.

തെങ്ങും പനയും ഈഴവര്‍ കേറാന്‍ പാടില്ല എന്നു പറയുന്ന ശാസനം, ബ്രാഹ്മണ ചതുര്‍വേദി മംഗളഗ്രാമത്തില്‍പ്പെട്ട ഒന്നാണ്.

'ഈഴം' എന്ന വാക്കിന് കള്ള് എന്ന അര്‍ത്ഥമാണ് 13-ാം നൂറ്റാണ്ട് തമിഴ് ശബ്ദകോശം, ചൂഡാമണി നല്‍കുന്നത്. 'ഈഴ കാശു' (തമിഴ് ലിഖിതം, ക്രി.പി. 412, സ്വര്‍ണ്ണനാണയം), 'ഈഴ കഴഞ്ചു' (ക്രി.പി. 950, സ്വര്‍ണ്ണനാണയം) എന്ന പദങ്ങളില്‍ കാണപ്പെടുന്ന ഈഴം എന്ന പദത്തിന് സ്വര്‍ണം എന്നാണ് അര്‍ത്ഥം. 8-ാം നൂറ്റാണ്ടിലെ തമിഴ് ശബ്ദകോശം, 'ചേന്തന്‍ തിവാകരം', 10-ാം നൂറ്റാണ്ട് 'പിന്‍കലം' എന്ന ശബ്ദകോശവും 'ഈഴം' എന്ന പദത്തിന് സ്വര്‍ണം എന്ന് അര്‍ത്ഥം നല്‍കുന്നു.

 

സംഘസാഹിത്യഗ്രന്ഥങ്ങളില്‍ ആദിചേര രാജാക്കന്മാര്‍ ഉള്‍പ്പെടെ എല്ലാവരും കള്ള് ഉപയോഗിച്ചതായി കാണാം. 10-ാം നൂറ്റാണ്ട് തമിഴ് നിഘണ്ടുവില്‍ ഈഴം എന്നാല്‍ കള്ള് എന്ന അര്‍ത്ഥമേ ഉള്ളൂ. പ്രസിദ്ധമായ പഴഞ്ചൊല്ല് 'ഈഴം കണ്ടവന് ഇല്ലം വേണ്ട' എന്നതിന്റെ വ്യാഖ്യാനം നിലവിലുള്ള ചരിത്രകാരന്മാര്‍ സിലോണ്‍ കാണാന്‍ പോയവര്‍ മടങ്ങി വീട്ടില്‍ വരില്ല എന്നാണര്‍ത്ഥം നല്‍കിയിട്ടുള്ളത്. സിംഹളഭാഷയില്‍ ദ്രാവിഡശബ്ദമായ 'ഴ' എന്ന അക്ഷരം ഇല്ല.

 

കേരളത്തില്‍ ക്രി.പി. 849-ല്‍ രചിക്കപ്പെട്ട തരിസ്സാപ്പള്ളി ചെപ്പേടിലാണ് ആദ്യമായി 'ഈഴവര്‍' എന്ന പദം പ്രയോഗിക്കുന്നത്. 'നാലു കുടി ഈഴവരും ആ കുടികളില്‍പ്പെട്ട ഈഴക്കയ്യരെട്ടുപേരും ഉള്‍പ്പെടെ പന്ത്രണ്ടു പേരും....' എന്ന ലിഖിതവാക്യത്തില്‍ സൂചിപ്പിക്കപ്പെട്ടിട്ടുള്ള ഈഴവരും ഈഴക്കയ്യരും തൊഴിലാളികളാണോ സിലോണ്ട കുടിയേറ്റക്കാരാണോ എന്നു പരിശോധിച്ചാല്‍ തൊഴിലുമായി ബന്ധപ്പെട്ട പണിക്കാരന്‍ എന്നു വ്യക്തമാകും.

ഈഴവര്‍ നാളികേരകൃഷിയുമായി ബന്ധപ്പെട്ട തൊഴില്‍ കൂടാതെ ധാന്യവിള കര്‍ഷകരുമായിരുന്നു. പത്തില്‍ ഒന്ന് ഈഴവര്‍ മാത്രമേ നാളികേര കര്‍ഷകരായിരുന്നുള്ളൂ. ആയുര്‍വേദ വൈദ്യന്മാരും പണ്ഡിതന്മാരും യോദ്ധാക്കളുമായി ഈഴവര്‍ സ്ഥാനം വഹിച്ചിരുന്നു. 12-ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട പെരിയ പുരാണത്തില്‍ ശൈവഭക്തനും യോദ്ധാവുമായ 'ഏനാതിനാദ നായനാര്‍' പുരാണത്തില്‍ ഏനാതിനാദതെ 'ഈഴക്കുലച്ചാന്റാര്‍' (ഈഴകുലചാന്റാര്‍) എന്നു പുകഴ്‌ത്തപ്പെടുന്നു (പെരിയപുരാണം 608-644). ചോഴമണ്ഡലത്തില്‍ എയിനനൂര്‍ നിവാസിയും ഈഴവകുല നായനാരുമായ ഏനാതിനാദര്‍ രാജാക്കളുടെ സേനാധിപതിയായി പ്രവര്‍ത്തിച്ച ശൈവയോദ്ധാവ് എന്നു പെരിയപുരാണം വിവരിക്കുന്നു.

ഇന്ത്യയില്‍ ഏകദേശം രണ്ടായിരത്തില്‍ കൂടുതല്‍ ജാതിനാമങ്ങളുണ്ട്. എല്ലാ ജാതിനാമങ്ങളും തൊഴിലുമായി ബന്ധപ്പെട്ടവയാണ്. വംശത്തിനെ ചൂണ്ടിക്കാണിക്കുന്ന ജാതിനാമങ്ങള്‍ ചരിത്രരേഖകളില്‍ കാണാന്‍ കഴിയില്ല'.

 

ആദിചേരന്മാര്‍ എന്ന അഞ്ചാമധ്യായം എം.ജി.എസിന്റെയും മറ്റും ബ്രാഹ്മണാധിനിവേശ സിദ്ധാന്തങ്ങളെ നിരാകരിക്കുകയും ഇളംകുളത്തിന്റെ വാദങ്ങളെ ഖണ്ഡിക്കുകയും ചെയ്യുന്നു. പട്ടണം ഉല്‍ഖനനത്തിന്റെ തെളിവുകള്‍ മുന്‍നിര്‍ത്തി, നരവംശശാസ്ത്രപരവും ഭാഷാശാസ്ത്രപരവുമായി കേരളചരിത്രത്തെ പുനര്‍വായിക്കുന്നു, സേതുരാമന്‍.

 

'സമൂഹം' എന്ന രണ്ടാം ഭാഗത്ത് എട്ടധ്യായങ്ങളിലായി 'ജാതി'വ്യവഹാരത്തെ കേന്ദ്രീകരിച്ച്‌ കേരള/ദ്രാവിഡ സമൂഹങ്ങളുടെ ജാതിഘടനയുടെ രൂപീകരണചരിത്രം ചര്‍ച്ചചെയ്യുന്നു, സേതുരാമന്‍. ഒന്നാം ഭാഗത്ത് കണ്ടെത്തിയ തെളിവുകളുടെയും കെട്ടിപ്പൊക്കിയ നിഗമനങ്ങളുടെയും വെളിച്ചത്തിലാണ് ഈ അപഗ്രഥനം നടത്തുന്നത്.

സമൂഹഘടന എന്ന അധ്യായത്തില്‍ വര്‍ണവ്യവസ്ഥയില്‍നിന്ന് ജാതിഘടനയിലേക്കു സംഭവിച്ച പരിണാമത്തിന്റെ കഥ പറയുന്ന സേതുരാമന്‍, രാജന്‍ ഗുരുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ചരിത്രനിഗമനങ്ങള്‍ നിരാകരിച്ചുകൊണ്ട് സംഘകാലകൃതികളില്‍ ചാതുര്‍വര്‍ണ്യ സാമൂഹ്യഘടന സൂചിതമാകുന്നില്ല എന്നു ചൂണ്ടിക്കാണിക്കുന്നു. തിരുക്കുറളും ചിലപ്പതികാരവും ജാതിവ്യത്യാസമില്ലാത്ത സമൂഹത്തെ അവതരിപ്പിക്കുന്നു. എട്ടാം നൂറ്റാണ്ടിനുശേഷമാണ് ജാതിവ്യവസ്ഥ നിലവില്‍ വരുന്നത്.

ആര്യദ്രാവിഡസമ്ബര്‍ക്കം എന്ന അധ്യായത്തില്‍ ബ്രാഹ്മണാധിപത്യത്തിന്റെ ചരിത്രമാണുള്ളത്. ഭാഷ, മതം, തദ്ദേശീയ ബ്രാഹ്മണ്യം എന്നിവയുടെ വിശകലനം ഈ ഭാഗത്തുണ്ട്. ഒരു നിരീക്ഷണം ശ്രദ്ധിക്കുക.

'കേരളത്തില്‍ ആര്യബ്രാഹ്മണര്‍ കുടിയേറിയെന്ന് കരുതപ്പെടുന്ന ക്രിസ്തുവര്‍ഷാരംഭത്തിലെ നൂറ്റ Read more topics: # malayalikaludae,# janithikam

malayalikaludae janithikam

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES