Latest News

കുടിയേറ്റ കുടുംബങ്ങളില്‍ ചില വീടുകളില്‍ ഇന്നും തുടരുന്ന ചില രീതികളാണ് 'ജോജി'യുടെ കഥ; ആ റിയാലിറ്റിയിലേക്ക് ഒരു കുതിരേം ഒരു തോക്കും 5-6 ഗുളികേം കേറ്റിവെക്കല്‍ മാത്രമാണ് പോത്തന്‍-പുഷ്‌ക്കരന്‍ ടീം ചെയ്തത്: ജോസ് ജോസഫ് കൊച്ചുപറമ്പിലിന്റെ വ്യത്യസ്ത കുറിപ്പ്

Malayalilife
കുടിയേറ്റ കുടുംബങ്ങളില്‍ ചില വീടുകളില്‍ ഇന്നും തുടരുന്ന ചില രീതികളാണ് 'ജോജി'യുടെ കഥ; ആ റിയാലിറ്റിയിലേക്ക് ഒരു കുതിരേം ഒരു തോക്കും 5-6 ഗുളികേം കേറ്റിവെക്കല്‍ മാത്രമാണ് പോത്തന്‍-പുഷ്‌ക്കരന്‍ ടീം ചെയ്തത്: ജോസ് ജോസഫ് കൊച്ചുപറമ്പിലിന്റെ  വ്യത്യസ്ത കുറിപ്പ്

ജോ ജിയുടെ കാര്യക്കാര്‍ അറിഞ്ഞോ അറിയാതെയോ വരുത്തിയ ഒരു പിഴവാണ് ആ പടത്തിന് മാക്‌ബെത്തും ഇരകളും ഒക്കെയായിച്ചേര്‍ത്തുള്ള വായന. മാക്‌ബെത്തും ഇരകളും അടിമുടി ഫിക്ഷനാണ്. അധികാരക്കൊതി എന്ന ആശയത്തിനു ചുറ്റുമായി മാക്‌ബെത്തും, പാശ്ചാത്യ സദാചാരാശയമായ '7 മോര്‍ട്ടല്‍ സിന്‍സ്' എന്നതിനോട് ചേര്‍ത്ത് ഇരകളും നിലനില്‍ക്കുന്നു. ആ ഫിക്ഷനു ബാക്ക്-ഡ്രോപ്പായി കഥാകാരന്മാര്‍ യഥാക്രമം വരച്ച്‌ ചേര്‍ക്കുന്ന ( കഥാരചനയുടെ കാലത്തിന് യോജിക്കുന്ന) രാജകുടുംബം, കുടിയേറ്റ മേഖലയിലെ സവര്‍ണ്ണ ക്രിസ്ത്യന്‍ കുടുംബം എന്നതൊക്കെ അതുകൊണ്ട് തന്നെ ആ കഥകളുടെ നിലനില്‍പ്പിനെയോ ഗതിയേയോ നേരിട്ട് നിര്‍ണ്ണയിക്കുന്നില്ല.

പക്ഷേ ജോജി യില്‍ അങ്ങനെയല്ല. . കുടുംബം ഭരിക്കുന്ന അപ്പനെ കണ്ടുകൊണ്ട് മാക്‌ബെത്തിനോടോ, റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ അലഞ്ഞുതിരിയുന്ന ഇളയ മകനെ കണ്ട് ഇരകളോടോ സാമ്യം പറയാന്‍ കഴിയില്ല. കാരണം, ഈ ഘടന നേരേ തിരിച്ചാണ്. കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും സാമൂഹിക സാമ്ബത്തിക പശ്ചാത്തലവും - ഇതൊന്നും ഫിക്ഷനല്ല. ഈ കഥ തെളിയുന്ന നാട്ടിലെ പല കുടുംബങ്ങളിലും ഇന്നും നാട്ടുനടപ്പായ ചില ജീവിതരീതികളിലേയ്ക്ക്, സിനിമാറ്റിക്കായ അല്‍പ്പം ക്രൈം ചേര്‍ത്ത് വെക്കലാണ് പുഷ്‌ക്കരന്‍-പോത്തന്‍ ടീം ചെയ്തത്. ഫിക്ഷന് ചേരുന്ന പശ്ചാത്തലമല്ല, മറിച്ച്‌ പശ്ചാത്തലത്തിന് ചേരുന്ന ഫിക്ഷന്‍.

മദ്ധ്യതിരുവിതാംകൂര്‍ എന്ന് ഇന്നും ചാനല്‍ ചര്‍ച്ചാത്തൊഴിലാളികള്‍ വിളിക്കുന്ന പ്രദേശത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ഒന്നോ രണ്ടോ തലമുറ മുമ്ബ് കുടിയേറി ഭൂപ്രഭുക്കളായ കുടുംബങ്ങളില്‍ ചിലരുടെയെങ്കിലും വീടുകളില്‍ ഇന്നും തുടരുന്ന ചില രീതികളാണ് ജോജിയുടെ കഥ.

1. പനച്ചേല്‍ കുട്ടപ്പന്‍ ആള് വില്ലനാണെന്നാണ് പൊതുവേ പടം കണ്ട എല്ലാവരുടെയും വായന. പക്ഷേ പുള്ളിക്ക് ഒരിക്കലും അത് സ്വയം തോന്നിയിരിക്കാന്‍ സാധ്യതയില്ല എന്ന് എനിക്കുറപ്പാണ്. സ്വന്തം നാട്ടില്‍ എന്തെങ്കിലും നിവൃത്തിയുണ്ടായിരുന്ന ആരും ഹൈ-റേഞ്ചിലേയ്‌ക്കോ മലബാറിലേയ്‌ക്കോ കുടിയേറിയതായി കേട്ടിട്ടില്ല. രണ്ടാം ലോകമഹായുദ്ധകാലത്തൊക്കെ പട്ടിണി കലശലായപ്പോഴാണ് കുടിയേറ്റങ്ങളില്‍ ഭൂരിഭാഗവും നടന്നത്. 'ഉടുതുണിക്ക് മറുതുണിയില്ല' എന്നൊക്കെ ആലങ്കാരികമായി പറയാറുള്ള അവസ്ഥ. അങ്ങനെ ഒരു സാഹചര്യത്തില്‍ നിന്നും നല്ലപോലെ കഷ്ടപ്പെട്ടവരാണ് പിന്നീട് കരയിലെ കുഞ്ഞച്ചന്മാരായത്. പുതിയകാലത്ത് ചുറ്റുപാടൊക്കെ നന്നായാലും, മുണ്ട് മുറുക്കിയുടുത്തിരുന്ന കാലത്ത് അവര്‍ സ്വയം ശീലിച്ച ചില രീതികള്‍ അവര്‍ക്കൊരിക്കലും മാറ്റാന്‍ കഴിയില്ല.

സര്‍ക്കാര്‍ വനം കൈയേറി വേലി കെട്ടിയ അരയേക്കറില്‍ നിന്നാവാം മിക്ക പനച്ചേല്‍ കുട്ടപ്പന്മാരുടെയും തുടക്കം. അവിടുന്നും ഉറുമ്ബ് കൂട്ടിവെക്കുന്നത് പോലെ സമ്ബാദിച്ച്‌ സമ്ബാദിച്ച്‌ ആ ഭൂവിസ്താരം കൂട്ടിക്കൂട്ടിക്കൊണ്ടുവരുന്നത് അവരുടെ ജീവിതസാക്ഷാത്ക്കാരവും. 'പനച്ചേല്‍ കുട്ടപ്പന്‍ ചേട്ടന്റേതാ' എന്ന് നാട്ടുകാര് തന്റെ സ്വത്തിനെ ചൂണ്ടി പറയുമ്ബോ കിട്ടുന്ന നിര്‍വ്വൃതി. പക്ഷേ അതീന്ന് ഒരു വീതമെടുത്ത് വിറ്റ് പാലായില്‍ ഫ്‌ളാറ്റ് മേടിച്ചാല്‍ ആര് കാണാനാ? ഇനീപ്പോ കണ്ടാലും, അത് 'പനച്ചേല്‍ ജയ്‌സന്റേത്' എന്നല്ലേ പറയൂ?

2. കാശിന്റെ കണക്കാണ് അവരില്‍ പലര്‍ക്കും ജീവിതം. മനോരമ പത്രമെടുത്ത് മറിച്ചാല്‍ വാണിജ്യപേജിലെ റബറിന്റെയും മുളകിന്റെയും ഏലത്തിന്റെയും വില, അതും ഓരോ ഗ്രേഡിന്റെയും വില, മാത്രം നോക്കുന്നവര്‍. മുമ്ബില്‍ കാണുന്ന എന്തിനും, സ്വന്തം മക്കള്‍ക്ക് പോലും, അങ്ങനെ ഒരു വില മനസ്സിലെങ്കിലും ഇടാതെ അവര്‍ക്ക് കഴിയില്ല. എന്ത് കാര്യത്തിലും അപ്പന്റെ മനസ്സറിഞ്ഞ് ചെയ്യുന്ന ജോമോന് നല്ല വിലയുണ്ടാവും.

കുടുംബവും ബിസിനസും നോക്കിനടത്തുന്നവനാണെങ്കിലും, മക്കളില്ലാത്തവനും (ഉത്പാദനക്ഷമതയുടെ കുറവ്) ഭാര്യയുടെ വാക്ക് കേള്‍ക്കുന്നവനുമായ ജയ്‌സണ് വില കുറച്ചൂടെ കുറവായിരിക്കും. ഓള്‍റെഡി അപ്പന്റെ ചെലവില്‍ ജീവിക്കുന്ന ജോജിയോട് മതിപ്പ് തീരെയില്ല ( 'ഒട്ടുപാലിനൊണ്ടായവന്‍' എന്നത് മലയാളസിനിമ അടുത്തകാലത്ത് കണ്ട ഏറ്റവും ഭാവനാസമ്ബന്നമായ ഒരു തെറിയാണെങ്കിലും, അത് വെറും ഒരു തെറി മാത്രമല്ല, അതൊരു പ്രൈസ് ടാഗ് കൂടിയാണ്) എങ്കിലും, അയാളെ കാല് തല്ലിയൊടിച്ച്‌ കിടത്തീട്ട് ചെലവിന് കൊടുത്താല്‍ കുറച്ചൂടെ ചെലവ് കുറയും എന്നത് വെറുമൊരു ഭീഷണിയല്ല, ഒരു കാല്‍ക്കുലേഷന്‍ കലര്‍ന്ന ഭീഷണിയാണ്.

3. പനച്ചേല്‍ കുട്ടപ്പന് ആകെ കുറച്ച്‌ സീനുകളേ പടത്തിലുള്ളൂ - പക്ഷേ ഒരു സീനില്‍ പോലും അയാള്‍ സ്വന്തം മക്കളോട് അല്‍പ്പം സ്‌നേഹത്തോടെ പെരുമാറുന്നതോ വിശേഷം ചോദിക്കുന്നതോ കാണാനില്ല. സാമ്ബത്തികമായ വിഷയങ്ങളും പിന്നെ സ്വന്തം ആവശ്യങ്ങളുമല്ലാതെ മക്കളുടെ ജീവിതമോ അവരുടെ ആവശ്യങ്ങളോ പുള്ളിയുടെ മുമ്ബിലില്ല. 'മാമ്ബൂ കണ്ടും മക്കളെക്കണ്ടും മോഹിക്കരുത്', 'മക്കളെ മോണ കാണിക്കരുത്' എന്നൊക്കെയുള്ള ചില ബോറന്‍ പഴഞ്ചൊല്ലുകളുടെ അകമ്ബടിയോടെ, മക്കള്‍ എന്നാല്‍ അടിച്ചമര്‍ത്തിഭരിക്കേണ്ട ഒരു സെറ്റ് കൂലിപ്പട്ടാളമോ കുടിയാന്മാരോ ആണ് എന്നൊരു ബോധം ഇന്നും മനസ്സില്‍ കിടക്കുന്ന ഒരു തലമുറ ഞാനീപ്പറഞ്ഞ ജ്യോഗ്രഫിയില്‍ അവിടിവിടെയായി ഉണ്ട് എന്ന് വ്യക്തിപരമായ അനുഭവങ്ങളുണ്ട്. അപ്പന്റെ മുറിയില്‍ നല്ല നല്ല കുപ്പികളിരിപ്പുണ്ട് - പക്ഷേ മക്കള്‍ക്ക് അതൊക്കെ ഏതാന്ന് പോലും അറിയില്ല. അവര് കൈയിലെ പിച്ചകാശിന് കുറഞ്ഞ ബ്രാണ്ടുകള്‍ അടിക്കുന്നു. എന്നാല്‍ വകേലൊരു അളിയനായ ഡോ.ഫെലിക്‌സിന് അകത്തിരിക്കണ ബ്രാന്‍ഡുകളൊക്കെ അറിയാം.

ഇതേ വേര്‍തിരിവ് ഗിരീഷ് എന്ന പണിക്കാരന്‍പയ്യനോടും കാണാം. അയാള്‍ 'കുട്ടപ്പന്‍ ചേട്ടായി'യോട് ഇടപെടുന്നത് ഒരു മുതലാളിയോട് എന്നതിനപ്പുറം അടുപ്പത്തോടും സ്വാതന്ത്ര്യത്തോടുമാണ്. പനച്ചേല്‍ കുട്ടപ്പന്‍ 'മക്കളേ' എന്ന് ഒരേ ഒരു തവണ വിളിക്കുന്നത് പോലും അവരെയാണ്.

4. ലാസ്റ്റ്, ബട്ട് നോട്ട് ദ ലീസ്റ്റ് - ബിന്‍സി.

പനച്ചേല്‍ കുട്ടപ്പന്‍ എന്ന മാടമ്ബി ബൂര്‍ഷ്വായുടെ അധികാരത്തിന്‍ കീഴില്‍ നിന്നും ബിന്‍സിക്ക് മോചനമില്ലാത്തത് അവള്‍ക്ക് വിദ്യാഭ്യാസമില്ലാത്തതുകൊണ്ടാണ്, അവളുടെ സ്വന്തം വീട്ടില്‍ കാശില്ലാത്തതുകൊണ്ടാണ് എന്നൊക്കെ വായനകള്‍ കണ്ടിരുന്നു. പക്ഷേ കഥ നടക്കുന്ന മേഖലയിലെ സമാനമായ കുടുംബങ്ങളിലെ പെണ്‍മക്കള്‍ പൊതുവേ നല്ല വിദ്യാഭ്യാസമുള്ളവരാണ്. ഇമ്മാതിരി കുടുബങ്ങളില്‍ ചെന്ന് കയറി അവിടെ നിന്ന് മുരടിക്കുന്ന പലരും പേരു് കേട്ട സ്ഥാപനങ്ങളില്‍ പഠിച്ചവരും ആയിരിക്കാം . 'നിനക്കൊക്കെ ഈ സ്ലാബില്‍ ഇരുന്ന് കഴിക്കാനേ യോഗമുള്ളൂ' എന്ന ഡയലോഗില്‍, സ്വന്തം വീട്ടില്‍ ഊണുമേശയിലിരുന്ന് കഴിച്ച്‌ ശീലിച്ചയാളാണ് ബിന്‍സി എന്ന സൂചനയുണ്ട്.

പക്ഷേ ബിന്‍സിയുടെ വര്‍ത്തമാന ജീവിതം നോക്കിയാലോ - മൂന്നും നാലും ദിവസം കൂടുമ്ബോ ഗ്യാസ് കുറ്റി മാറ്റിമാറ്റി വെക്കുന്നുണ്ട്. അപ്പോ എന്തോരം പാചകം ആ വീട്ടില്‍ ഉണ്ടാവണം! (കിഴക്കന്‍ മേഖലയുടെ മറ്റൊരു പ്രത്യേകതയാണത് - പറമ്ബില്‍ സ്ഥിരം പണിക്ക് നില്‍ക്കുന്നവര്‍ക്കും വീട്ടുകാര്‍ക്കുമൊക്കെ ഒരേ ഭക്ഷണമാണ്. അടുക്കളയില്‍ അടുപ്പൊഴിയില്ല.) തൊട്ടടുത്തെങ്ങും വര്‍ത്തമാനം പറയാന്‍ ഒരയലോക്കം പോലും കാണാനില്ല. വീട്ടിലെ ഏക സ്ത്രീജനമാണ്, കുടുംബം നടത്തുന്നയാളാണ് - ആ സ്‌നേഹത്തില്‍ ഒരക്ഷരം ആരു പറഞ്ഞ് കേട്ടതുമില്ല. മക്കളില്ല എന്നതും ഈ ഇകാഴ്‌ച്ച്‌ചയ്ക്ക് കാരണമാകാം.

ഈ ജോഗ്രഫിയിലെ പുരുഷന്മാര്‍ക്ക് കല്യാണം കഴിക്കാന്‍ സ്ത്രീകളെ കിട്ടുന്നില്ല എന്നൊരു വലിയ സാമൂഹിക വിഷയം കുറേക്കാലമായി ചര്‍ച്ചയിലുണ്ട്. അതിന് കാരണം ലൗ ജിഹാദ് എന്നൊക്കെ മുട്ടാപ്പോക്ക് പറയുമെങ്കിലും, പ്രധാന കാരണം സത്യത്തില്‍ ഇതാണ് - വിദ്യാഭ്യാസമുള്ള, ലോകം കണ്ട പെണ്ണുങ്ങള്‍ക്ക് ഇപ്പോ ഇതുപോലെ കൂട്ടിലടച്ച ഭാര്യമാരായി ജീവിക്കാന്‍ താത്പര്യമില്ല. കുടുംബസ്വത്ത് അല്‍പ്പം കുറഞ്ഞാലും, വിദ്യാഭ്യാസവും അര്‍ബന്‍ മേഖകലകളില്‍ ജോലിയുമുള്ള ജീവിതപങ്കാളികളെ അവര്‍ താത്പര്യപ്പെടുന്നു. വലിയ വീടും പറമ്ബീന്ന് ആദായവും മുറ്റം നിറയെ പണിക്കാരുമൊക്കെയുള്ള ചെക്കന്മാര്‍ക്ക് പഴയ മാര്‍ക്കറ്റില്ല.

എണ്ണിപ്പെറുക്കിയാല്‍ ഇനീം ഒരുപാടുണ്ട്.
ഇതെല്ലാം ജെനുവിനാണ്, നാട്ടുനടപ്പാണ്.

ആ റിയാലിറ്റിയിലേക്ക് ഒരു കുതിരേം ഒരു തോക്കും 5-6 ഗുളികേം കേറ്റിവെക്കല്‍ മാത്രമാണ് പോത്തന്‍-പുഷ്‌ക്കരന്‍ ടീം ചെയ്തത് എന്നാണ് എന്റെ ഒരു.....

jose joseph kochuparambil note about movie joji

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക