‘ആരു വാങ്ങു, മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം? . . . ‘
അപ്രമേയ വിലാസലോലയാം
സുപ്രഭാതത്തിൻ സുസ്മിതം
പൂർവ്വദിംഗ്മുഖത്തിങ്കലൊക്കെയും
പൂവിതളൊളി പൂശുമ്പോൾ,
നിദ്രയെന്നോടു യാത്രയുംചൊല്ലി
നിർദ്ദയം വിട്ടുപോകയാൽ
മന്ദചേഷ്ടനായ് നിന്നിരുന്നു, ഞാൻ
മന്ദിരാങ്കണവീഥിയിൽ.
എത്തിയെങ്കാതി,ലപ്പൊഴു,തൊരു
മുഗ്ദ്ധസംഗീതകന്ദളം….
‘ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം? . . . . ‘
പച്ചപ്പുൽക്കൊടിത്തുഞ്ചിൽത്തഞ്ചുന്ന
കൊച്ചുമാണിക്യക്കല്ലുകൾ
ഞാനറിഞ്ഞതില്ലെന്തുകൊണ്ടെ,ന്നെൻ-
മാനസം കവർന്നീലൊട്ടും.
അല്ലെങ്കിൽ ചിത്തമെ,ങ്ങതാ ഗാന-
കല്ലോലത്തിലലിഞ്ഞല്ലോ!
ഗാനമാലികേ, വെൽക, വെൽക, നീ
മാനസോല്ലാസദായികേ!
ഇത്രനാളും നുകർന്നതില്ല ഞാ-
നിത്തരമൊരു പീയൂഷം.
പിന്നെയു,മതാ, തെന്നലിലൂടെ
വന്നിടുന്നുണ്ടെന്നാനന്ദം……
‘ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം? . . . . ‘
ചങ്ങമ്പുഴ കൃഷ്ണപിള്ള