ജീവിക്കാനുള്ള അർഹത എല്ലാ ജീവജാലങ്ങൾക്കുമുണ്ടല്ലോ! അത് മാനിച്ചു വേണം അവയെ പ്രയോജനപ്പെടുത്താൻ എന്ന ഉൾച്ചിന്ത". മാധ്യമം വാരികയിൽ വന്ന മിനി പി.സിയുടെ ഏറ്റവും പുതിയ കഥ 'അഹിംസാ സിൽക്കി'ലെ കഥാപാത്രമായ ഫ്രെഡ്ഡിയുടെ ഈ വാചകത്തെ കഥയുടെ താക്കോൽ വാക്യമായി പരിഗണിക്കാം. ഏഴെട്ടു പേജുകളിലായി അൽപ്പം ദൈർഘ്യമേറിയ കഥയുടെ ആഖ്യാനം ഒരിടത്തും മടുപ്പിക്കുന്നില്ല. വളരെ ലാഘവത്വത്തോടെ മിനി കഥ പറയുന്നു. ജോസ്സാർ, തെരേസ്സാമ്മ, അലോഷി, എസ്തർ, പൗലോസ് തുടങ്ങിയ കഥാപാത്രങ്ങളെല്ലാം തന്നെ മിഴിവോടെ നിൽക്കുന്നു. മലയാള കഥാപരിസരത്ത് ചർച്ച ചെയ്‌തു കണ്ടിട്ടില്ലാത്ത പശ്ചാത്തലമാണ് അഹിംസാ സിൽക്കിന്റെ വ്യത്യസ്തത. പട്ടുനൂൽ പുഴുകൃഷിയാണ് കഥയുടെ ഭൗതിക പരിസരം.
കൃഷിയുടെ മടുപ്പിക്കുന്ന വിവരണങ്ങളൊന്നുമില്ലാതെ തന്നെ പട്ടുനൂൽ പുഴുക്കളുടെ ഒരു ലോകം ചുറ്റും സൃഷ്ടിക്കാൻ എഴുത്തുകാരിക്കു കഴിയുന്നുണ്ട്. റബ്ബർ കൃഷിക്കുമേൽ ജോസ്സാറിനെ ആകർഷിച്ച പട്ടുനൂൽ പുഴുക്കൾ പിന്നെ അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമാകുന്നു. തെരേസ്സാമ്മയ്ക്ക് ഈ കൃഷിയോട് അറപ്പും വെറുപ്പുമായിരുന്നു.
പക്ഷെ പട്ടിന്റെ തിളക്കം ജോസ്സാറിനെ ഇതിലേക്ക് ആണ്ടു മുഴുകാൻ പ്രേരിപ്പിച്ചു. അളിയനിൽ നിന്നും കൃഷി പഠിച്ചു തുടങ്ങിയ ജോസ്സാർ മികച്ച കർഷകനായിത്തീരുന്നു. നാട്ടിലെ പ്രമാണിയും സ്നേഹിതനുമായ പൗലോസിനെ അയാൾ കൃഷി പഠിപ്പിക്കുന്നതോടെ കഥയിൽ സംഘർഷാവസ്ഥ രൂപം കൊള്ളുന്നു. ആ സംഘർഷാവസ്ഥയാണ് ജോസ്സാറിന്റെ മകനായ അലോഷിയുടെ ജീവിതം മാറ്റിമറിക്കുന്നത്.
അതിനകം തന്നെ ഇരുപതു വയസ്സായി, കവിത വിലയിരുത്താൻ വന്ന ജഡ്ജസ്സിനെ തല്ലി തന്റെ ആണത്തം തെളിയിച്ച അലോഷി എന്തിനും പോന്നവനായിരുന്നു. തമ്പേറിന്റെയും ഡ്രമ്മിന്റെയും വശങ്ങളിൽ അയാളുടെ കരുത്തുറ്റ കൈകൾ താള പ്രഘോഷങ്ങൾ തീർക്കുന്ന കരോളുകൾ ആ നാടിന്റെ അഭിവാജ്യ ഘടകമായിത്തീരുന്നു.
തെറ്റിദ്ധാരണകൾക്കുമേൽ കെട്ടിയുയർത്തപ്പെട്ട സംശയത്തിന്റെ നിഴലുകൾ നാടിനെ ഇരു ചേരികളായി വിഭജിക്കുകയും പകയുടെയും പ്രതികാരത്തിന്റെയും തിരികൾ ആളിക്കത്തിക്കുകയും ചെയ്തത് വളരെപ്പെട്ടന്നായിരുന്നു. കരോൾക്കാലത്തെ കൊണ്ടും കൊടുത്തുമുള്ള പകയുടെ തീക്കനലുകൾ അലോഷിയെ ഒരിക്കൽ ജീവഹാനിയുടെ വക്കിൽ വരെ എത്തിക്കുന്നു. അതോടുകൂടി പൗലോയുടെ കുടുംബം നാടുവിടുന്നു. ജീവിതത്തിലേക്ക് പതുക്കെ പതുക്കെ തിരിച്ചു വരുന്ന അലോഷിയുടെ മനസ്സിൽ പൗലോയോടുള്ള പ്രതികാരവാഞ്ഛ കൂടുതൽ തീവ്രമാകുന്നു.
പട്ടുനൂൽ പുഴുവിനെ സംരക്ഷിച്ചു വളർത്തി അതിനെക്കൊന്നു നൂലെടുക്കുന്ന സമ്പ്രദായത്തോട് അലോഷിയുടെ ഭാര്യ എസ്‌തറിന് യോജിക്കാനാവുന്നില്ല. തുടർപഠനം എന്ന മോഹത്തിൽ അലോഷിയുടെ ഭാര്യയായി വന്ന അവൾ പൂർണ്ണമായും തോട്ടത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. അതോടെ പുഴുക്കളുമൊത്തുള്ള അവളുടെ ജീവിതം ആരംഭിക്കുന്നു. "അച്ചാച്ചാ ഇനി പുഴുക്കളെ കൊല്ലല്ലേ. അവർ പറപ്പകളായി അങ്ങനെ പറന്ന് പൊയ്ക്കോട്ടെ" എന്ന എസ്‌തറിന്റെ വിലാപങ്ങളെ ഭ്രാന്തായി അലോഷി അവഗണിക്കുന്നു.
എന്നാൽ കഥയുടെ അവസാനത്തിലേക്ക് വരുമ്പോൾ, ആദവനാട് കുന്നിലെ ഉത്സവം കാണാൻ കൂട്ടുകാരുമൊത്ത് പോകുന്ന അലോഷി യാദൃശ്ചികമായി ഫ്രെഡിയുടെ പട്ടുനൂൽ തോട്ടത്തിൽ വെച്ച് പുഴുക്കളെ കൊല്ലാതെ നൂലെടുക്കുന്ന വിദ്യ മനസ്സിലാക്കുന്നു.(പട്ടുനൂൽ പുഴുക്കളെ കൊല്ലാതെ പട്ടുനൂൽ വേർതിരിച്ചെടുക്കുന്ന 'സമാധാന സിൽക്ക്' അഥവാ അഹിംസാ സിൽക്ക് എന്ന രീതി പ്രയോഗത്തിൽ കൊണ്ടു വന്ന കുസുമരാജയ്യയെ (ആന്ധ്രാപ്രദേശ്) ആദരപൂർവം എഴുത്തുകാരി ഓർക്കുന്നുണ്ട്).
അവിടെ വെച്ച്, അപ്പനെപ്പോലെ ആണത്തത്തിന്റെ ആഘോഷങ്ങളിൽ അഭിരമിച്ചു ജീവിക്കുന്ന അലോഷിയുടെ, പകയും ഗുണ്ടായിസവും കള്ളുകുടിയും നിറഞ്ഞ ജീവിതം അഴിഞ്ഞു പോകുന്നു. വഴികാട്ടി നക്ഷത്രത്തെ പിന്തുടരുന്ന മാറിയ അലോഷിയുടെ ചിത്രം കരോൾ നാദങ്ങൾക്കിടയിൽ മിഴിവോടെ തെളിയുന്നു. എല്ലാ ജീവജാലങ്ങൾക്കുമുള്ള ജീവിക്കാനുള്ള അർഹത എന്ന ഫ്രെഡ്ഡിയുടെ വാക്കുകൾ പുതുമയല്ലെങ്കിലും അത് അയാളെ മാറ്റിത്തീർക്കുന്നു എന്നതാണ് പ്രധാനം. പുഴുക്കളെ കൊല്ലുന്നതിനെ തുടക്കം മുതൽ എതിർത്തിരുന്ന, കൊല്ലലിന്റെ ആ തത്ത്വശാസ്ത്രത്തിൽ ഓരോ തവണയും അബോർഷനായി കൊണ്ടിരുന്ന, വയറ്റിൽ നിറയെ പട്ടുനൂൽ പുഴുക്കൾ നിറയുന്നത് സ്വപ്‍നം കണ്ടു ഹിസ്റ്റീരിയ പിടിച്ചവളെപ്പോലെ പെരുമാറുന്ന എസ്‌തറിന്റെ വഴിയാണ് ശരിയെന്ന് കഥ അടിവരയിടുന്നു.
സ്ത്രീയുടെ ജൈവാവസ്ഥകളുമായി പ്രകൃതി/ജീവജാലങ്ങളെ താദാത്മ്യം പ്രാപിപ്പിക്കുന്ന പാരിസ്ഥിതിക സ്ത്രീവാദത്തിന്റെ സംവാദപരിസരങ്ങളിലേക്ക് കഥ സഞ്ചരിക്കുന്നു. അതിലെല്ലാമുപരി മനുഷ്യന്റെ മനുഷ്യത്വത്തെക്കുറിച്ചുള്ള ധാരണകളെ തിരുത്താൻ ഈ കഥ പ്രേരിപ്പിക്കുന്നു. പട്ടുനൂൽ പുഴുവിന്റെ ജീവിക്കാനുള്ള അർഹതയും പൗലോയുടെ ജീവിക്കാനുള്ള അർഹതയും ഒരു ഏകസൂചകത്തിൽ ഒന്നാകുമ്പോൾ കഥ സുന്ദരമായ ഭൂമിയെ സ്വപ്‍നം കണ്ടു തുടങ്ങുന്നു.