എന്തൊക്കെ പറഞ്ഞാലും ശ്രീ. അനില്‍ നമ്പ്യാരെന്ന മാധ്യമപ്രവര്‍ത്തകന്‍ തന്നെയാണ് നിലവില്‍ ദ ട്രൂ ഹീറോ. തനിക്ക് നേരെ സംശയത്തിന്റെ വാള്‍ നീണ്ടുവന്നപ്പോള്‍ അത് മുന്‍നിറുത്തി കാര്യങ്ങള്‍ വിശദമാക്കി പോസ്റ്റിലൂടെ പൊതുസമൂഹത്തോട് വ്യക്തമായി സംവദിച്ച ജനാധിപത്യബോധ്യത്തിനു ആദ്യ കൈയടി. പിന്നീട് താനെന്ന മാധ്യമപ്രവര്‍ത്തകന്‍ തൊഴിലെടുക്കുന്ന തൊഴിലിടത്തിനു കുറ്റപ്പെടുത്തലിന്റെയും സംശയത്തിന്റെയും ആനുകൂല്യം നല്കാതെ സ്വമേധയാ മാറി നില്ക്കുവാന്‍ തീരുമാനിച്ച ധാര്‍മ്മിക ബോധത്തിനു നിറഞ്ഞ അഭിനന്ദനങ്ങള്‍. ഈ കാര്യങ്ങളില്‍ അനില്‍ നമ്പ്യാരോട് തികഞ്ഞ ആദരവ് തോന്നുന്നുണ്ട്.
രാജ്യദ്രോഹക്കുറ്റത്തിലുള്‍പ്പെട്ട സ്വപ്നയുമായി ഒരൊറ്റ ഫോള്‍കോള്‍ ബന്ധം മാത്രമുള്ള ( ഫോണ്‍ കോള്‍ ചെയ്യുന്ന സമയം സ്വപ്ന കുറ്റവാളിയാണെന്ന് ആരോപിക്കപ്പെട്ടിട്ടില്ല.) നമ്പ്യാരെ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ അയാള്‍ നെഞ്ചു വിരിച്ച് പൊതുസമൂഹത്തിനു മുന്നിലൂടെ, മാധ്യമങ്ങള്‍ക്കു മുന്നിലൂടെ ഹാജരായി. അനില്‍ നമ്പ്യാര്‍ ഒരു ജനപ്രതിനിധി അല്ല, ജനങ്ങള്‍ ഏല്‍പ്പിച്ചു നല്‍കിയ സര്‍ക്കാര്‍ ഉത്തരവാദിത്വം വഹിക്കുന്ന ആളല്ല.. വെറും ഒരു ജേര്‍ണലിസ്റ്റ് മാത്രം. എന്നിട്ടും അയാള്‍ ജനാധിപത്യമര്യാദയെന്ന് കാണിച്ചു തന്നു.
എന്നാല്‍ മറുവശത്തോ? സ്വപ്നയെന്ന രാജ്യദ്രോഹക്കേസിലെ കുറ്റവാളിയുമായി അടുത്തിടപഴകിയ, നിരന്തരം കോള്‍ ചെയ്ത ജലീല്‍ എന്ന മന്ത്രിപുംഗവനും , ജനങ്ങളോട് കടമകള്‍ നിര്‍വഹിക്കേണ്ട, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്നവരുമായ ഉന്നതര്‍ ഇത്രയും വലിയ ആരോപണങ്ങളും അഴിമതികളും തെളിവ് സഹിതം പുറത്ത് വന്നിട്ടും ജനങ്ങളോടുള്ള ഉത്തരവാദിത്വം മറന്ന് കസേരയില്‍ മുറുകെ പിടിച്ചിരിക്കുന്നു. മന്ത്രിപുത്രന്മാര്‍ക്കും പാര്‍ട്ടിയിലെ ഉന്നതരുടെ മക്കള്‍ക്കും അന്താരാഷ്ട്രസ്വര്‍ണ്ണക്കടത്തിലും മയക്കുമരുന്ന് കേസിലുമൊക്കെ പങ്കുണ്ടെന്ന സംശയത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേയ്ക്ക് ചോദ്യം ചെയ്യാന്‍ വിളിക്കപ്പെട്ടിട്ടും കമാന്നൊരക്ഷരം ഉരിയാടാതിരിക്കുന്നു സംസ്ഥാനഭരണകൂടം. മാധ്യമങ്ങള്‍ക്ക് പിടി കൊടുക്കാതെ ഒളിച്ച് സ്വകാര്യവാഹനത്തില്‍ പോയ, പൊതുസമൂഹത്തോട് അതേ കുറിച്ച് ഒരക്ഷരം മിണ്ടാത്ത ജലീലിനെന്ത് ജനാധിപത്യമര്യാദ?കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിയെ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സി വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തില്‍ എത്തി രാവിലെ മുതല്‍ ഉച്ചവരെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി യാതൊരു ഉളുപ്പുമില്ലാതെ അധികാരത്തില്‍ തുടരാന്‍ ശ്രമിക്കുമ്പോള്‍ അതിനു ധാര്‍മ്മികപിന്തുണ മുഖ്യമന്ത്രി നല്കുന്നത്.
അവരെയൊക്കെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ നമ്പ്യാരുടെ തട്ട് ഒരു പടി മേലേ തന്നെയാണ്. ഒരു പക്ഷേ അനില്‍ നമ്പ്യാരും കുറ്റക്കാരനാണെന്ന് നാളെ തെളിഞ്ഞേക്കാം. നിരപരാധിത്വം തെളിയും വരെയും അങ്ങനെ തന്നെയാണെന്ന് ഞാനും വിശ്വസിച്ചേക്കാം. പക്ഷെ അത് പത്ത് വട്ടം പറഞ്ഞു ആത്മരോഷം ഉരുക്കഴിച്ചാല്‍ പോലും ജലീലിനോളമോ ക്രിമിനലുകളായ മക്കളുള്ള പാര്‍ട്ടിസെക്രട്ടറിയോളമോ ഇതിനെല്ലാം പിന്തുണ നല്കുന്ന മുഖ്യനോളമോ ജനാധിപത്യമര്യാദയും ധാര്‍മ്മികതയും കുറഞ്ഞയാളല്ല നമ്പ്യാരെന്ന് നൂറിരട്ടി ശക്തമായി പറയുക തന്നെ ചെയ്യും. അധികാരത്തില്‍ തുടരാന്‍ യാതൊരവകാശവുമില്ലാത്ത മന്ത്രി ജലീല്‍ അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുമ്പോള്‍ ഒരു ചോദ്യം ചെയ്യലിന്റെ പേരില്‍ ജനം ടിവിയിലെ പദവി സ്വമേധയാ ഉപേക്ഷിച്ച അനില്‍ നമ്പ്യാര്‍ക്ക് ഉള്ളതും ജലീലിനില്ലാത്തതും ഒന്നാണ്-നട്ടെല്ല്! അതുകൊണ്ടൊക്കെ തന്നെ പൊതുസമൂഹത്തിനു മുന്നില്‍ അനില്‍ നമ്പ്യാര്‍ക്ക് തല ഉയര്‍ത്തിനില്ക്കുമ്പോള്‍ ജലീലിനു തലതാഴ്ത്തി ഇരിക്കാനേ അവകാശമുള്ളൂ!