മുന്‍ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് 'ചൈനയാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു' എന്നുപറഞ്ഞത് ബിജെപി നേതൃത്വം എന്തുകൊണ്ട് അംഗീകരിച്ചില്ല? പാക്കിസ്ഥാന്‍ വിരോധവും മുസ്ലിം വിരോധവും പറഞ്ഞുകൊണ്ടിരുന്ന ബിജെപിയും സംഘ പരിവാറുകാരും ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രുവിനെ മറന്നുകളഞ്ഞില്ലേ? വെള്ളാശേരി ജോസഫ് എഴുതുന്നു

Malayalilife
മുന്‍ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് 'ചൈനയാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു' എന്നുപറഞ്ഞത് ബിജെപി നേതൃത്വം എന്തുകൊണ്ട് അംഗീകരിച്ചില്ല? പാക്കിസ്ഥാന്‍ വിരോധവും മുസ്ലിം വിരോധവും പറഞ്ഞുകൊണ്ടിരുന്ന ബിജെപിയും സംഘ പരിവാറുകാരും ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രുവിനെ മറന്നുകളഞ്ഞില്ലേ? വെള്ളാശേരി ജോസഫ് എഴുതുന്നു

ചൈനയാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രുവെന്നുള്ളത് വാജ്‌പേയിയുടെ കാലത്ത് പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് പരസ്യമായി പറഞ്ഞിരുന്നതാണ്. പക്ഷെ ചൈനയുമായി ഏതാണ്ട് 60 ബില്യണ്‍ ഡോളറിന്റ്റെ വ്യാപാര നഷ്ടം ഉണ്ടെങ്കിലും നമ്മുടെ തലതിരിഞ്ഞ ബിജെപി. - ക്കാരും സംഘ പരിവാറുകാരും ആ ശത്രുവിനെ മനസിലാക്കാതിരുന്നത് അവരുടെ അങ്ങേയറ്റം സങ്കുചിതമായ രാഷ്ട്രീയ താല്പര്യം മാത്രമാണ് കാണിക്കുന്നത്. ഉദ്ദേശം 60 ബില്യണ്‍ ഡോളറിന്റ്റെ വ്യാപാര നഷ്ടംഎന്നു പറഞ്ഞാല്‍ എത്ര ഭീമമായ തുകയാണെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേ ഉള്ളൂ. ഇപ്പോഴിതാ അതിര്‍ത്തിയില്‍ ഒരു കേണലടക്കം ഇരുപത് ഇന്ത്യന്‍ പട്ടാളക്കാരെ ചൈനീസ് സൈന്യം വധിക്കുകയും ചെയ്തിരിക്കുന്നു. സങ്കുചിത രാഷ്ട്രീയ നേട്ടത്തിനായി പാക്കിസ്ഥാന്‍ വിരോധവും, മുസ്ലിം വിരോധവും പറഞ്ഞുകൊണ്ടിരിക്കുന്ന ബിജെപി. - യും, സംഘ പരിവാറുകാരും, അര്‍നാബ് ഗോസ്വാമിയെ പോലുള്ള മാധ്യമ പ്രവര്‍ത്തകരും സാമ്ബത്തിക രംഗത്തും, സ്റ്റ്രാറ്റജിക്ക് രംഗത്തും ചൈന ഉയര്‍ത്തുന്ന ഭീഷണി ഒട്ടുമേ കാണുന്നില്ലാ.

സൈനികമായി ചൈനയുടെ യഥാര്‍ത്ഥ ഭീഷണി നിലനില്‍ക്കുമ്ബോള്‍ പാക്കിസ്ഥാന്റ്റെ പിന്നാലെ ബിജെപി. - യും, സംഘ പരിവാറുകാരും, അര്‍നാബ് ഗോസ്വാമിയെ പോലുള്ള മാധ്യമ പ്രവര്‍ത്തകരും പായുന്നത് ഇന്ത്യയിലെ മുസ്ലിം ജനതയെ കരിതേച്ചു കാണിക്കുവാന്‍ വേണ്ടി മാത്രമായിരുന്നു. 'പാക്കിസ്ഥാനില്‍ പോകൂ' - എന്നതായിരുന്നല്ലോ അവരുടെ ഒക്കെ ഇന്ത്യന്‍ മൈനോരിറ്റികളോടുള്ള സ്ഥിരം പറച്ചില്‍! പാക്കിസ്ഥാന് ഇന്ത്യയുമായി താരതമ്യം ചെയ്യുമ്ബോള്‍ വെറും 'ന്യൂയിസന്‍സ് വാല്യൂ' മാത്രമേ ഉള്ളൂ. പാക്കിസ്ഥാന്‍ കടം കേറി മുടിഞ്ഞിരിക്കുന്ന ഒരു രാഷ്ട്രം ആണ്. സാമ്ബത്തികമായി പാക്കിസ്ഥാന്‍ ഇന്ത്യക്ക് ഒരു ഭീഷണിയേ അല്ലാ.

ഉല്‍പാദന രംഗത്ത് നേട്ടം കൈവരിച്ചു വേണം സത്യത്തില്‍ നമ്മുടെ അയാള്‍ രാജ്യമായ ചൈനയെ നേരിടേണ്ടത്. വെറുതെ ഗുജറാത്തി ബനിയകള്‍ക്ക് നമ്മുടെ സമ്ബത് വ്യവസ്ഥ തീറെഴുതുന്നതിനു പകരം നമ്മള്‍ സ്വന്തം നിലക്ക് വ്യവസായിക അടിത്തറ സൃഷ്ടിക്കണം ചൈനയെ നേരിടാന്‍. ഗുജറാത്തി ബനിയകള്‍ മാത്രമാണ് 6 വര്‍ഷത്തെ ബിജെപി. ഭരണം കൊണ്ട് മെച്ചപ്പെട്ടിട്ടുള്ള ഒരേ ഒരു കൂട്ടം. ഉല്‍പാദന മേഖലയില്‍ മികവ് കൈവരിക്കാതെ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണം എന്നുപറഞ്ഞിട്ട് വലിയ കാര്യമൊന്നുമില്ല.

'ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുക' എന്നും പറഞ്ഞുള്ള ക്യാമ്ബയിന്‍ നടത്തുന്ന ദേശ സ്‌നേഹികള്‍ ഷവോമി സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പന തുടങ്ങിയപ്പോള്‍ ഡിമാന്‍ഡ് കൂടി വെബ്‌സൈറ്റ് തന്നെ 'ക്രാഷ്' ചെയ്യുകയായിരുന്നു എന്ന യാഥാര്‍ഥ്യവും കൂടി കാണണം. ഇന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട് ഫോണ്‍ ഷവോമി തന്നെ. പണ്ട് മഹാത്മാ ഗാന്ധി 'വിദേശ വസ്ത്ര ബഹിഷ്‌കരണം' നടത്തിയപ്പോള്‍ പലരും തങ്ങളുടെ കയ്യിലിരുന്ന കോട്ടും സൂട്ടുമൊക്കെ വലിച്ചെറിഞ്ഞു കത്തിക്കാന്‍ തയാറായി. സ്വാതന്ത്ര്യ സമരകാലത്ത് 'വിദേശ വസ്ത്ര ബഹിഷ്‌കരണം' നടത്തിയത് പോലെ ഇന്ന് ദേശ സ്‌നേഹത്തിനായി 'ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുക' എന്നും പറഞ്ഞുള്ള ക്യാമ്ബയിന്‍ വന്നാല്‍ എത്ര പേര് തങ്ങളുടെ കയ്യിലുള്ള ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ വലിച്ചെറിയാന്‍ തയാറാകും എന്ന് ദേശസ്‌നേഹികള്‍ ചിന്തിക്കുന്നത് നന്നായിരിക്കും. സ്വാതന്ത്ര്യ സമരകാലത്തെ ഇന്ത്യയല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ.

ഗുണ മേന്മയും, വിലക്കുറവും ഉള്ള ചൈനീസ് മൊബയിലുകള്‍, ലാപ്‌ടോപ്പ്, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍, ഇലട്രോണിക്ക് ഉപകരണങ്ങള്‍ - ഇവയോക്കെ കൂടാതെ ഇപ്പോള്‍ ചൈനയുടെ മുന്തിയ കാര്‍ നിര്‍മ്മാതാക്കളായ SAIC ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് കടന്നിട്ടുണ്ട്. ജെനെറല്‍ മോട്ടോഴ്‌സില്‍ നിന്ന് തങ്ങളുടെ കാര്‍ നിര്‍മ്മാണം ആരംഭിക്കുവാന്‍ വേണ്ടി ഗുജറാത്തിലെ ഫാക്റ്ററി SAIC 2014- ല്‍ വാങ്ങിച്ചിരുന്നു. വരും വര്‍ഷങ്ങളില്‍ ചൈനീസ് കാറും ചൈനീസ് ടി. വി., ചൈനീസ് മെബൈല്‍ - എന്നിവയൊക്കെ കൂടാതെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തും. 5000 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഈ കാര്‍ നിര്‍മ്മാണത്തില്‍ ഇതിനോടകം തന്നെ ചൈനീസ് കമ്ബനി 2000 കോടിയിലേറെ മുടക്കി കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുടെ രാഷ്ട്രീയം വേറെ - ഉല്‍പ്പാദനവും, വിപണന തന്ത്രങ്ങളും വേറെ - ദേശസ്‌നേഹം പറയുന്ന ഇന്ത്യാക്കാരില്‍ പലരും ഇത് മനസിലാക്കുന്നില്ല.

അമേരിക്കയ്ക്ക് പോലും ചൈനയെ ഇപ്പോള്‍ പേടിയാണ്. ചൈന 'റിസേര്‍ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലൂടെ' കൈവരിച്ച ടെക്‌നൊളജിക്കല്‍ നേട്ടമാണ് സത്യത്തില്‍ അമേരിക്കയെ ചൊടിപ്പിക്കുന്നത്. ഇന്ത്യന്‍ വ്യവസായിക രംഗത്ത് ആധിപത്യം പുലര്‍ത്തുന്ന ഗുജറാത്തി ബനിയകള്‍ 'റിസേര്‍ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റ് ഒരിക്കലും പ്രാത്സാഹിപ്പിച്ചിട്ടില്ലാ; ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നുമില്ലാ. അവര്‍ 'അറ്റകൈക്ക് ഉപ്പുതേക്കാത്ത' വെറും കച്ചവടക്കാരാണ്. നേരെ മറിച്ചാണ് ചൈനയുടെ കാര്യം. ടെക്‌നോളജിയിലും, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ രംഗത്തും ചൈന 'റിസേര്‍ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലൂടെ' വന്‍ നേട്ടങ്ങള്‍ കൈവരിച്ചു കഴിഞ്ഞു.

ഇന്ത്യയിലെ മിക്ക 'കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി' പരിപാടികളും വെറും പ്രഹസനം മാത്രമാണ്- കണക്കുകള്‍ കൊണ്ടുള്ള കളികള്‍! സ്റ്റാറ്റിസ്റ്റിക്‌സ് നിരത്തിയുള്ള കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ റിപ്പോര്‍ട്ടുകള്‍ വായിച്ചാല്‍ ദ്രദംഗപുളകിതനാകാം എന്നേയുള്ളൂ. ആവശ്യക്കാരുടെ അടുത്തേക്ക് ഇന്ത്യയിലെ 'അറ്റകൈക്ക് ഉപ്പുതേക്കാത്ത' കച്ചവടക്കാര്‍ എത്തുന്നതേ ഇല്ലാ. ഈ കൊറോണ കാലത്ത് പൊതുജനാരോഗ്യ രംഗത്ത് നമ്മുടെ കോര്‍പ്പറേറ്റ് സെക്റ്റര്‍ എത്ര ഇന്‍വെസ്റ്റ്‌മെന്റ്റ് നടത്തി എന്ന് നോക്കിയാല്‍ മതി ഇവരുടെയൊക്കെ ജനങ്ങളോടുള്ള പ്രതിബന്ധത അറിയാന്‍. ആകെ 'അപ്പോളോ' മാത്രമാണ് ഇന്ത്യയുടെ കോര്‍പ്പറേറ്റ് സെക്റ്ററില്‍ നല്ല ഇന്‍വെസ്റ്റ്‌മെന്റ്റ് നടത്തിയിട്ടുള്ളത്.

കൊറോണ വ്യാപനത്തിന്റ്റെ ഈ സമയത്ത് ഇന്ത്യയിലെ ക്യാപ്പിറ്റലിസ്റ്റുകള്‍ സമൂഹത്തിന് കൊടുക്കാന്‍ പഠിക്കണം; ഉപഭോക്താക്കളില്‍ നിന്ന് പണം കൊയ്യാന്‍ മാത്രമായിട്ടല്ല ക്യാപ്പിറ്റലിസ്റ്റുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ഇതൊക്കെ ഇവിടെ പറയാമെന്നേയുള്ളൂ. 'കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയെ' കുറിച്ച്‌ ആളുകള്‍ വാതോരാതെ സംസാരിക്കും. പക്ഷെ ഫലത്തില്‍ നമ്മുടെ ക്യാപ്പിറ്റലിസ്റ്റുകള്‍ ആ 'സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി' ഒന്നും കാണിക്കാറില്ല. നമ്മുടെ മുതലാളിമാര്‍ മക്കളുടെ വിവാഹത്തിനൊക്കെയാണ് അവരുടെ പണം കൂടുതലും ചിലവഴിക്കുന്നത്. സിനിമാ നടന്മാരേയും, നടികളേയും, ഡാന്‍സര്‍മാരേയും ഒക്കെ ആയിരകണക്കിന് കിലോമീറ്ററുകള്‍ അകലെ വിമാനങ്ങളില്‍ കൊണ്ടുവന്ന് അവരൊക്കെ പണക്കൊഴുപ്പ് പ്രകടമാക്കുന്നു. അവരുടെ പണമല്ലേ; മറ്റ് മനുഷ്യര്‍ക്കെന്ത് കാര്യം എന്ന് ചിലരൊക്കെ ചോദിക്കും. അമേരിക്കയിലേയും, മറ്റ് പല വികസിത രാജ്യങ്ങളിലെയും കോടീശ്വരന്മാര്‍ 'സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി' ഒക്കെ കാണിച്ചിരിക്കുന്നത് കണ്ടാല്‍ നമ്മുടെ കോടീശ്വരന്മാരുടെ അല്‍പത്വം മനസിലാകും. ബില്‍ ഗേറ്റ്‌സ് ഇന്ത്യയുടെ ആരോഗ്യ രംഗത്തും, വിദ്യാഭ്യാസ രംഗത്തും എത്രയോ തുക മുടക്കിയിരിക്കുന്നു. റോക്ക്‌ഫെല്ലര്‍, ഫോര്‍ഡ്, കാര്‍ണജി - ഇവരൊക്കെ അമേരിക്കന്‍ ഉന്നത വിദ്യാഭ്യാസത്തിന് മുടക്കിയിരിക്കുന്നത് ശത കോടികളാണ്.

സത്യത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യയിലും കോടീശ്വരന്മാരും 'സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി' കുറച്ചൊക്കെ കാണിച്ചിരുന്നു. ബിര്‍ളാ, ബജാജ് - ഇവരൊക്കെ കോണ്‍ഗ്രസിന് കനത്ത സംഭാവനകള്‍ നല്‍കിയ ബിസ്‌നെസ് കുടുംബങ്ങളാണ്. മഹാത്മാ ഗാന്ധി കൊല്ലപ്പെടുന്നത് തന്നെ ബിര്‍ളാ ഹൗസില്‍ വച്ചായിരുന്നു. എന്നാലിപ്പോള്‍ ഇന്ത്യയില്‍ 'പ്രോപ്പര്‍' ആയിട്ടുള്ള ക്യാപ്പിറ്റലിസം എന്ന് പറയുന്ന ഒന്നില്ല. അധാര്‍മികമായ മാര്‍ഗങ്ങളിലൂടെ പണം സമ്ബാദിച്ചു കൂട്ടുന്നവര്‍ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയും കാണിക്കാറില്ല. ജിയോയെ ടെലികമ്മ്യൂണിക്കേഷന്‍സ് രംഗത്ത് ഒന്നാമതാക്കിയ കഥ അറിഞ്ഞാല്‍ തന്നെ ഇന്ത്യയില്‍ ആരോഗ്യകരമായ മത്സരത്തില്‍ അധിഷ്ഠിതമായ പ്രോപ്പര്‍ ക്യാപ്പിറ്റലിസം എന്ന് പറയുന്ന ഒന്നില്ലാ എന്നുള്ളത് മനസിലാക്കാന്‍ പറ്റും. റിലയന്‍സ് ജിയോ മറ്റെല്ലാ ടെലികോം കമ്ബനികളെയും മറികടന്ന് വരിക്കാരുടെ എണ്ണത്തില്‍ ഒന്നാമതായത് 'പ്രിഡേറ്ററി പ്രൈസിങ്' പോലുള്ള പല അധാര്‍മികമായ ബിസ്‌നെസ് ടെക്‌നിക്കുകളും പ്രയോഗിച്ചായിരുന്നു.

പണ്ട് ഐഡിയയും എയര്‍ടെല്ലും ഒക്കെ നടത്തിയിരുന്നതും ശുദ്ധമായ പകല്‍കൊള്ളയായിരുന്നു. ഇന്ത്യയില്‍ പ്രൈവറ്റ് ക്യാപ്പിറ്റല്‍ പൂര്‍ണമായും നിയമ വിധേയമായി ഒരിക്കലും പ്രവര്‍ത്തിച്ച ചരിത്രമില്ലാ. 'എത്തിക്‌സില്ലാത്ത' രാഷ്ട്രീയക്കാര്‍ അവര്‍ക്ക് ഒത്താശ ചെയ്യുന്നൂ. സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോള്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ പാക്കിസ്ഥാന്‍ വിരോധം പോലുള്ള ഒരുതരം 'ഡൈവേര്‍ഷനറി ടാക്റ്റിക്ക്' ഉപയോഗിക്കുന്നു. മതവും, രാജ്യസ്‌നേഹവും ഒക്കെ ഇത്തരത്തിലുള്ള 'ഡൈവേര്‍ഷനറി ടാക്റ്റിക്ക്' ആയിട്ടാണ് ഇന്ത്യയില്‍ പലപ്പോഴും ഉപയോഗിക്കപ്പെടുന്നത്. ഇതെഴുതുന്നയാള്‍ പ്രൈവറ്റ് ക്യാപ്പിറ്റലിന് എതിരല്ല. പക്ഷെ സ്വകാര്യ മൂലധന ശക്തികള്‍ പൂര്‍ണമായും നിയമ വിധേയമായാണ് പ്രവര്‍ത്തിക്കേണ്ടത്. അതാണ് ഇന്ത്യയില്‍ കാണാത്തത്. അമേരിക്കയുടേതോ, മറ്റേതെങ്കിലും വികസിത രാജ്യങ്ങളിലേയോ പ്രൈവറ്റ് ക്യാപ്പിറ്റലുമായി നമ്മുടെ സ്വകാര്യ മൂലധന ശക്തികളെ താരതമ്യപ്പെടുത്തുന്നത് തന്നെ മണ്ടത്തരമാണ്. ശത കോടീശ്വരനായ 'എന്റോണ്‍' മേധാവിയെ പോലും വിലങ്ങുവെച്ച്‌ നടത്തിച്ച ചരിത്രമാണ് അമേരിക്കയിലെ നീതിന്യായ സംവിധാനത്തിന്റ്റേത്. റഷ്യയിലാണെങ്കില്‍ അവിടുത്തെ ഏറ്റവും സമ്ബന്നനായ കൊര്‍ദോവ്‌സ്‌കിയെ പുടിന്‍ ഭരണകൂടം ജയിലില്‍ അടച്ചു. കൊര്‍ദോവ്‌സ്‌കിയെ കുറിച്ച്‌ ഇപ്പോള്‍ കേള്‍ക്കാനേ ഇല്ലാ. ഇന്ത്യയില്‍ ഇതൊക്കെ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കുമോ? നിയമത്തിന്റ്റെ പരിപാവനതയാണ് സമ്ബന്നരുടെ കാര്യത്തിലായാലും, ദരിദ്രരുടെ കാര്യത്തിലായാലും ഒരു ആധുനിക വ്യവസായവല്‍ക്കരിക്കപ്പെട്ട രാജ്യത്ത് പുലരേണ്ടത്. ഇന്ത്യയില്‍ കാണാത്തതും അത് തന്നെ.

ചൈനീസ് ഉല്‍പ്പാദന മികവിന് ഇന്ത്യക്ക് ഒരു മറുപരിഹാരം ഇല്ലാതെ വെറുതെ ചൈനീസ് ഉല്‍പന്നങ്ങളെ തള്ളി പറയുന്നത് യാഥാര്‍ഥ്യ ബോധത്തിന് നിരക്കുന്നതല്ല. ചൈനയുടെ സോഷ്യല്‍ മീഡിയയിലെ വീഡിയോ പരിപാടിയായ 'ടിക്ക്-ടോക്ക്' ഒക്കെ ഇന്ത്യാക്കാരാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. വീഡിയോ പരിപാടിയായ 'ടിക്ക്-ടോക്ക്' ഉപയോഗിക്കുന്ന 500 മില്യണ്‍ ആളുകളില്‍ ഏതാണ്ട് 39 ശതമാനം ഇന്ത്യാക്കാരാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. ചൈനീസ് കമ്ബനികള്‍ ഇപ്പോള്‍ ഡിജിറ്റല്‍ ടെക്‌നോളജിയിലൂടെ ഇന്ത്യയിലെ പല പ്രാദേശിക ഭാഷകളിലും അവരുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 2017 - ല്‍ മാത്രം ചൈനീസ് കമ്ബനികള്‍ 2 ബില്യണ്‍ ഡോളര്‍ ഇന്ത്യയിലെ 'സ്റ്റാര്‍ട്ട്-അപ്പുകള്‍ക്ക്' വേണ്ടി മുടക്കി. അതൊക്കെ ഉപേക്ഷിക്കുവാന്‍ ഇന്ത്യാക്കാര്‍ തയാറാകുമോ? ഇനി ഉപേക്ഷിച്ചു കഴിഞ്ഞാല്‍ മറ്റെന്താണ് പകരം വെക്കാനുള്ളത്? 2018 അവസാനിച്ചപ്പോള്‍ ഇന്ത്യയിലെ 'സ്മാര്‍ട്ട് ഫോണ്‍' വിപണിയിലെ 60 ശതമാനവും ചൈനീസ് കമ്ബനികള്‍ സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനയിലേതു പോലെ ഇലക്രോണിക്‌സ്-ഡിജിറ്റല്‍-ആര്‍ട്ടിഫിഷ്യല്‍ ഇന്റ്റെലിജെന്‍സ് മേഖലയിലെ വളര്‍ച്ച നേടാനാണ് നാം ശ്രമിക്കേണ്ടത്. ചൈന ഇപ്പോള്‍ റിസേര്‍ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലും, ആര്‍ട്ടിഫിഷ്യല്‍ ഇന്റ്റെലിജെന്‍സിലും, ഇന്‍ഫ്രാസ്ട്രക്ച്ചറിലും ഒക്കെ ഇന്ത്യയെ ബഹുദൂരം പിന്നിലാക്കി കഴിഞ്ഞു. ഇന്നത്തെ ചൈനയുടെ GDP ഏതാണ്ട് ഒരു കോടി മില്യണ്‍ US ഡോളറാണ്. ഇന്ത്യയുടെയാകട്ടെ ഏകദേശം 20 ലക്ഷം മില്യണ്‍ US ഡോളറിന്റ്റെ മുകളിലും. ഇന്ത്യയുടെ GDP-യുടെ ഏകദേശം അഞ്ചിരട്ടിയുടെ മുകളിലാണ് ചൈനയുടെ GDP. ഒരു വര്‍ഷത്തെ ചൈനയുടെ പ്രോഡക്‌ട് & സര്‍വീസ് കയറ്റുമതി ശരാശരി 60 ബില്യണ്‍ ഡോളറിലും കൂടുതല്‍ ആണ്.

ഇന്ത്യയുടെ വെറും 11 ബില്യണ്‍ ഡോളറിന്റ്റെ മാത്രം. ചൈനയുടെ ഉല്‍പാദന രംഗത്തെ വളര്‍ച്ച അറിയാന്‍ കേരളത്തിലെയോ, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെയോ ഏതെങ്കിലും ഇലക്രോണിക് കടയിലോ, കുട്ടികള്‍ക്ക് കളിപ്പാട്ടം വില്‍ക്കുന്ന കടയിലോ പോയാല്‍ മതി. ചൈനീസ് വളര്‍ച്ചയുടെ മറ്റൊരു കാര്യം ചൈനയുടെ വളര്‍ച്ച ഉല്‍പാദനം കൊണ്ടുള്ളതാണ് എന്നാണ്. ഇന്ത്യയുടേത് സര്‍വീസസ് - അതായത് കൃഷിയും വ്യവസായവും കൂടാതെ സേവന മേഖലയിലെ കണക്കും കൂടെ കൂട്ടി ആണ്. തൊഴില്‍ അന്വേഷിച്ച്‌ ചൈനാക്കാരന്‍ അലഞ്ഞു നടക്കുന്നത് വരെ അവരുടെ നാട്ടില്‍ ദാരിദ്ര്യം ഇല്ല. ഇന്ത്യയിലെ പോലെ ഹത ഭാഗ്യരായ ചെറുപ്പക്കക്കാര്‍ സംവരണത്തിന് വേണ്ടി മുറവിളി കൂട്ടുന്നതുപോലുള്ള രാഷ്ട്രീയ നാടകമൊന്നും ചൈനയില്‍ ഉല്‍പാദനം തകൃതിയായി നടക്കുമ്ബോള്‍ സംഭവിക്കില്ല. ചൈനയില്‍ ഗ്രാമങ്ങളില്‍ നിന്ന് ആളുകള്‍ നഗരങ്ങളിലേക്കും, ഉല്‍പാദന മേഖലകളിലേക്കും കുടിയേറുന്നത് മെച്ചപ്പെട്ട വേതനം പ്രതീക്ഷിച്ചാണ്; അല്ലാതെ ഇന്ത്യയിലെ പോലെ ദാരിദ്ര്യം കൊണ്ടല്ല.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉല്‍പാദന മേഖലയിലെ ചെലവ് കുറച്ചുകൊണ്ടുള്ള നിര്‍മ്മിതി ഇന്ത്യക്ക് സാധിക്കില്ല. പക്ഷെ ചൈനയില്‍ അതിന് കഴിയുന്നതുകൊണ്ടാണ് ഒട്ടുമിക്ക കമ്ബനികളും ചൈനയിലേക്ക് പോകുന്നത്. ഇന്ത്യയില്‍ നിന്നും ഇരുമ്ബയിര് ചൈനയിലേക്ക് കയറ്റുമതി ചെയ്ത് ചൈനയില്‍ നിന്നും സ്റ്റീല്‍ ഇവിടെ ഇറക്കുമതി ചെയ്യുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണം എന്ന് സോഷ്യല്‍ മീഡിയയിലൂടെ മുറവിളി കൂട്ടുന്നത് വെറുതെയാണ്. ഒരു പക്ഷെ ചെറിയ രീതിയില്‍ ബഹിഷ്‌കരിച്ചേക്കാം; അതിനപ്പുറം സാധിക്കില്ല. ഇന്ത്യന്‍ മധ്യ വര്‍ഗത്തിന് വില കുറവുള്ളതുകൊണ്ട് ചൈനീസ് ഉല്‍പന്നങ്ങള്‍ വലിയ പഥ്യവുമാണ്. ചൈനീസ് ഉല്‍പന്നങ്ങളുടെ ഏറ്റവും ശക്തമായ വിപണികളിലൊന്നാണ് ഇന്ത്യ. എത്ര വലിയ രാജ്യസ്‌നേഹം പറഞ്ഞാലും ഇന്ത്യയിലെ മദ്ധ്യ വര്‍ഗം വില കുറവുള്ള ചൈനീസ് സാധനങ്ങള്‍ തന്നെയായിരിക്കും വാങ്ങുന്നത്. തീവ്ര രാജ്യസ്‌നേഹികള്‍ പോലും ഒരു കാര്‍ വാങ്ങുമ്ബോള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചതാണോ എന്നല്ല നോക്കുന്നത്; മറിച്ചു ഗുണ മേന്മയും, വിലകുറവും നോക്കിയാണ് തിരഞ്ഞെടുക്കുന്നത്.

ചൈനയെ അപേക്ഷിച്ചു നോക്കുമ്ബോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി അടിസ്ഥാന സൗകര്യ വികസനത്തിലാണ്. പ്രാഥമിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യം, ജനങ്ങള്‍ക്കിടയിലുള്ള ഭക്ഷ്യ സുരക്ഷാ - ഇക്കാര്യങ്ങളില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നമുക്ക് വലിയ വീഴ്ച സംഭവിച്ചു. ഭവന നിര്‍മ്മാണം, ടോയ്‌ലെറ്റുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, കോളേജുകള്‍ - ഇവയുടെ നിര്‍മ്മിതിയാണ് ഇന്ത്യയില്‍ വേണ്ടത്. സ്വാതന്ത്ര്യം കിട്ടി 73 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സുരക്ഷിതമായ കുടിവെള്ളം നമുക്ക് ഒരു വലിയ ശതമാനം ജനത്തിനു ലഭ്യമാക്കാന്‍ സാധിക്കുന്നില്ല. റോഡ്, ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രശ്‌നങ്ങളും നമുക്ക് ചൈനയെ അപേക്ഷിച്ച്‌ വലിയ വെല്ലുവിളികളാണ്. ഇത്തരം വികസന പ്രശ്‌നങ്ങളുണ്ടെങ്കിലും ശക്തമായ നീതിന്യായ സംവിധാനം, എന്തിനെയും വിമര്‍ശിക്കുവാനുള്ള മാധ്യമ സ്വാതന്ത്ര്യം, ജനാധിപത്യ വ്യവസ്ഥിതി - ഇതൊക്കെ ഇന്ത്യയുടെ നേട്ടങ്ങളാണ്. ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് ആരെ വേണമെങ്കിലും വിമര്‍ശിക്കാം. ചൈനയില്‍ അത് സ്വപ്നം കാണുവാന്‍ പോലും സാധിക്കില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയ ജവഹര്‍ലാല്‍ നെഹ്‌റു മുതലുള്ള നമ്മുടെ ഭരണാധികാരികള്‍ പ്രോത്സാഹിപ്പിച്ച 'Freedom of Speech'-ന്റ്റെ ഫലമാണ് ഈ വിമര്‍ശന സ്വാതന്ത്ര്യം. ഇതിന്റ്റെ കൂടെ ഉല്‍പാദന മികവും കൂടി നേടിയെടുക്കാനാണ് ഇന്ത്യാക്കാര്‍ ചൈനയോട് മത്സരിക്കണമെങ്കില്‍ ശ്രമിക്കേണ്ടത്.

ചൈനയെ തടയിടണമെങ്കില്‍ ആദ്യമായി ഇരുപത്തൊന്നാം നൂറ്റാണ്ടിന്റ്റെ വസ്തുതകളുമായി ഒട്ടും യോജിക്കാത്ത വിദ്യാഭ്യാസത്തേയും തൊഴിലിനേയും കുറിച്ചുള്ള മൂഢ സങ്കല്‍പങ്ങള്‍ മാറ്റി നമ്മുടെ യുവതീ-യുവാക്കളെ തൊഴില്‍ നിപുണരാക്കണം. ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ്റ് ഷീ ജിങ് പിങ് ഓരോ ഇരുപത്തിനാല് മണിക്കൂറും അനേകായിയിരം പേര്‍ക്ക് തൊഴില്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു നീങ്ങുമ്ബോള്‍ നമ്മള്‍ സര്‍ക്കാരുകള്‍ ജോലി, സംവരണം - എന്നൊക്കെ പറഞ്ഞു വെറുതെ വായിട്ടലച്ചു സമയം കളയുകയാണ്. 'വൊക്കേഷനല്‍ എജുക്കേഷന്‍' എന്നത് ഇന്ത്യയില്‍ സ്‌കൂള്‍ തലത്തില്‍ തന്നെ പ്രോല്‍സാഹിപ്പിക്കേണ്ടിയിരിക്കുന്നു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്ബ്രദായം ആണ് നമുക്ക് വേണ്ടത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്ബ്രദായത്തോടൊപ്പം നമ്മുടെ അസംഘടിത മേഖലയെ പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. 30-40 വര്‍ഷം മുമ്ബ് ചൈന തങ്ങളുടെ അസംഘടിത മേഖലയെ പ്രോത്സാഹിപ്പിച്ചതിന്റ്റെ ഫലമാണ് ഇന്നു കാണുന്ന ചൈനയുടെ ഉല്‍പ്പാദന മികവ്. അതൊന്നും കാണാതെ വെറുതെ ചൈനീസ് വിരോധം പറഞ്ഞിട്ട് കാര്യമൊന്നും ഇല്ലാ.

അമേരിക്ക ഇപ്പോള്‍ ചൈനയെ ഭയപ്പെടാന്‍ കാരണം അവരുടെ ടെക്‌നോളജിയാണ്. 5G-യില്‍ അമേരിക്ക ചൈനക്ക് 'ലീഡ്' വിട്ടുകൊടുക്കാന്‍ ഒട്ടുമേ ഒരുക്കമല്ല. ചൈനക്ക് 5G-യില്‍ 'ലീഡ്' നേടിയാല്‍ ചൈനക്ക് പിന്നെ പിന്തിരിഞ്ഞു നോക്കേണ്ടി വരില്ലെന്ന് അമേരിക്കയ്ക്ക് നന്നായി അറിയാം. കാരണം ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ 4G-യില്‍ ഡൗണ്‍ലോഡിങ്ങില്‍ 1 Gb/s സ്പീഡുള്ളപ്പോള്‍, 5G-യുടെ 'പീക്ക് സ്പീഡ്' 20 Gb/s ആണ്. ഓട്ടോമേഷന്‍, റോബോട്ടിക്ക് ടെക്‌നോളജി, സ്‌പെയ്‌സ് എക്‌സ്‌പ്ലൊറേഷന്‍ - ഇവയിലൊക്കെ ചൈന 'ലീഡ്' നേടിയാല്‍ അമേരിക്കയ്ക്ക് പത്തിമടക്കുകയേ നിര്‍വാഹമുള്ളൂ. അങ്ങനെയൊക്കെ സംഭവിച്ചാല്‍ പിന്നെ അമേരിക്കയ്ക്ക് ഒരു 'സൂപ്പര്‍പവര്‍' പദവി അവകാശപ്പെടാനില്ലാ. ഓട്ടോമേഷനില്‍ ചൈന വ്യക്തമായ ആധിപത്യം നേടിക്കഴിഞ്ഞു. സ്‌പെയ്‌സ് എക്‌സ്‌പ്ലൊറേഷനില്‍ 'ലീഡ്' നേടാനാണെന്നു തോന്നുന്നു, ചൈന ലോകത്തിലെ ഏറ്റവും വലിയ 'റേഡിയോ ടെലിസ്‌കോപ്പ്' സ്ഥാപിച്ചത്. ഇന്‍ഫ്രാസ്ട്രക്ച്ചറിലും ചൈന ഒട്ടും പിന്നിലല്ല. ലോകത്തിലെ ഏറ്റവും നീളം കൂടിയ 'സസ്‌പെന്‍ഷന്‍ ബ്രിഡ്ജും', 50 കിലോമീറ്റര്‍ ഏറെ നീളമുള്ള കടല്‍പ്പാലവും ഒക്കെ ചൈന കുറച്ചു നാള്‍ മുമ്ബ് നിര്‍മ്മിച്ചായിരുന്നല്ലോ. ചൈനയുടെ ഈ ഉത്പാദന മികവും, ഇന്‍ഫ്രാആസ്ട്രക്ച്ചര്‍ രംഗത്തെ മികവും മനസിലാക്കാതെ വെറുതെ ചൈനയെ നേരിടണം എന്ന് പറയുന്നതില്‍ കാര്യമില്ല.

രാജ്യസ്‌നേഹം ഒക്കെ പറയുന്നത് നല്ലതാണ്; പക്ഷെ രാജ്യസ്‌നേഹം പറയുമ്ബോഴും യാഥാര്‍ഥ്യ ബോധം എന്ന് പറയുന്നത് വേണം. യഥാര്‍ഥ ശത്രുവിനെ മനസിലാക്കാതെയാണ് മോദി സര്‍ക്കാര്‍ ഇത്രയും നാള്‍ പാക്കിസ്ഥാന്‍ വിരോധം പറഞ്ഞുകൊണ്ടിരുന്നത്. ഇനിയെങ്കിലും യഥാര്‍ഥ ശത്രുവിനെ മനസിലാക്കണം. വെറുതെ പാക്കിസ്ഥാന്‍ വിരോധം പറഞ്ഞുകൊണ്ടിരുന്നിട്ട് പ്രത്യേകിച്ച്‌ പ്രയോജനം ഒന്നുമില്ല. സ്വന്തം രാജ്യത്തിനകത്ത് തന്നെ ഭിന്നിപ്പ് സൃഷ്ടിക്കാന്‍ മാത്രമേ ഈ അന്തസ്സാരശൂന്യമായ പാക്കിസ്ഥാന്‍ വിരോധം ഉപകരിക്കൂ. 1948-ലും, 1965-ലും പാക്കിസ്ഥാനോട് നാം സൈനികമായി ഏറ്റുമുട്ടിയിട്ടുണ്ട്. ബംഗ്‌ളാദേശ് സ്ഥാപിച്ച 1971-ല്‍ പാക്കിസ്ഥാനെതിരെ സമ്ബൂര്‍ണ വിജയം നേടിയ രാഷ്ട്രമാണ് ഇന്ത്യ. അന്ന് പാക്കിസ്ഥാനെതിരെ ഏറ്റുമുട്ടുമ്ബോള്‍ ദുര്‍ഗായായി ആണ് ശ്രീമതി ഇന്ദിരാഗാന്ധി അറിയപ്പെട്ടിരുന്നത്. 1965-ല്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയാണ് പാക്കിസ്ഥാനെതിരെ യുദ്ധം നയിച്ചത്.

പാക്കിസ്ഥാന്‍ വിരോധം സ്വതന്ത്ര ഇന്ത്യയില്‍ ഉണ്ടായിരുന്നപ്പോഴും നാം ചില വസ്തുതകള്‍ മനസിലാക്കണം. ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന നെഹ്‌റു മതേതരനായിരുന്നു. പക്ഷെ അപ്പോഴും ഇന്ത്യയിലെ ജനങ്ങളുടെ പ്രധാനമന്ത്രിയും ജനലക്ഷങ്ങളുടെ പ്രിയങ്കരനായ നേതാവും ആയിരുന്നു. നേതാവായിരിക്കുമ്ബോള്‍ ജനങ്ങളുടെ അഭിലാഷങ്ങള്‍ പലപ്പോഴും നേതാവ് സ്വീകരിക്കേണ്ടതായി വരും. നെഹ്‌റു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്ബ് 1947 ഓഗസ്റ്റ് 14 - ന് ജവഹര്‍ലാല്‍ നെഹ്‌റുവിനെ സന്യാസിമാര്‍ 'പീതാംബരം' ധരിപ്പിച്ചിട്ടുണ്ട്; നെറ്റിയില്‍ ഭസ്മം പൂശിയിട്ടുണ്ട്; സന്യാസിമാര്‍ നെഹ്‌റുവിനെ തഞ്ചാവൂരില്‍ നിന്നുള്ള ജലം കൊണ്ട് അഭിഷേകം ചെയ്യുകയും ചെയ്തു. 'ഫ്രീഡം അറ്റ് മിഡ്‌നയിറ്റില്‍' അതൊക്കെ വളരെ വിശദമായി പറയുന്നുണ്ട് ((ന്യുയോര്‍ക്ക്: ഏവണ്‍ ബുക്‌സ്, 1975 എഡിഷന്‍, പേജ് 282). ഇന്ത്യയുടെ പാരമ്ബര്യ രീതികള്‍ ഒരിക്കലും തള്ളിപ്പറഞ്ഞ ആളല്ലായിരുന്നു പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു. സമ്മേളനങ്ങള്‍ക്കൊക്കെ പോകുമ്ബോള്‍ അദ്ദേഹത്തെ സ്ത്രീകള്‍ ആരതി ഉഴിഞ്ഞായിരുന്നു എതിരേറ്റിരുന്നത്. നെഹ്രുവിന് അതൊക്കെ വളരെ ഇഷ്ടവും ആയിരുന്നു. എല്ലാ ദിവസവും യോഗ ചെയ്തിരുന്ന ആളായിരുന്നല്ലോ നെഹ്‌റു. നെഹ്‌റു 'ശീര്‍ഷാസനത്തില്‍' നില്‍ക്കുന്ന ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ വളരെ പ്രസിദ്ധവും ആണല്ലോ. നെഹ്‌റു ഗംഗാ നദി ഇന്ത്യയെന്ന മഹത്തായ സംസ്‌കാരത്തിന്റ്റെ അവിഭാജ്യ ഘടകമാകുന്നതെങ്ങെനെയെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് മരണശേഷം തന്റ്റെ ചിതാഭസ്മം ഗംഗയിലൊഴുക്കണമെന്ന് പറഞ്ഞിരുന്നു. നെഹ്‌റുവിന്റ്റെ ആഗ്രഹപ്രകാരം അങ്ങനെ ചിതാഭസ്മം ഒഴുകുകയും ചെയ്‌തെന്നാണ് അറിവ്.

പാക്കിസ്ഥാനെ യുദ്ധത്തിലൂടെ പരാജയപ്പെടുത്തിയ ഇന്ദിരാ ഗാന്ധി ഇന്ത്യക്കാര്‍ക്ക്പ്രതികാര ദാഹിയായ ദുര്‍ഗാ ദേവിയുടെ പ്രതീകം ആയിരുന്നു. പക്ഷെ നെഹ്‌റുവിന്റ്റേയോ, ഇന്ദിരാ ഗാന്ധിയുടേതോ പാക്കിസ്ഥാന്‍ വിരോധം ഇന്നുള്ളത് പോലെ അല്ലായിരുന്നു. ബിജെപി. - യുടേയും സംഘ പരിവാറുകാരുടേയും ഇന്നത്തെ പാക്കിസ്ഥാനെതിരെയുള്ള ശത്രുത മുസ്ലിം വിരോധത്തില്‍ അധിഷ്ഠിതമാണ്; കോണ്‍ഗ്രസ് പാര്‍ട്ടിയുടേത് ഒരിക്കലും അങ്ങനെയായിരുന്നില്ല. ഇതാണ് കോണ്‍ഗ്രസും ബിജെപി. - യും തമ്മിലുള്ള പ്രധാന വിത്യാസം. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 14.2 ശതമാനം വരുന്ന ജന വിഭാഗമാണ് ഇന്ത്യയിലെ മുസ്ലീങ്ങള്‍. 2011 - ലെ സെന്‍സസ് അനുസരിച്ച്‌ 172 മില്യണ്‍ അഥവാ 17 കോടി വരുന്ന സംഖ്യാ. ഇന്തോനേഷ്യയും പാക്കിസ്ഥാനും കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള രാജ്യമാണ് ഇന്ത്യ. എന്നുവച്ചാല്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ജനസമൂഹം ഇന്ത്യയിലാണെന്ന് ചുരുക്കം. ഇത്രയും വലിയൊരു ജന വിഭാഗത്തെ മാറ്റിനിര്‍ത്തി എങ്ങനെ ഇന്ത്യ കെട്ടിപ്പെടുക്കാന്‍ സാധിക്കും? ഇന്ത്യയിലെ കോണ്‍ഗ്രസ് രാഷ്ട്രീയ നെത്ര്വത്വങ്ങള്‍ക്ക് ഇക്കാര്യത്തെ കുറിച്ച്‌ തികഞ്ഞ യാഥാര്‍ഥ്യബോധം ഉണ്ടായിരുന്നു എന്നതാണ് കോണ്‍ഗ്രസും ബിജെപി. - യും തമ്മിലുള്ള വിത്യാസം.

1965 - ല്‍ സൈനിക വിജയം നേടിയതിന് ശേഷം ഒരു വിദേശ പത്ര പ്രവര്‍ത്തകനോട് ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഇന്ത്യയുടെ മത സാഹോദര്യത്തെ കുറിച്ച്‌ കൃത്യമായി പറയുന്നുണ്ട്. ഇന്ത്യയുടെ ദേശീയത എല്ലാ മത വിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന ഒന്നാണെന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന ശാസ്ത്രി കൃത്യമായി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏല്ലാ മത വിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന ആ വിശാല സമീപനമാണ് ഇന്നത്തെ ഇന്ത്യയില്‍ പതുക്കെ പതുക്കെ ഇല്ലാതാവുന്നത്. അതാണ് ഇന്നത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്‌നവും. ചുരുക്കം പറഞ്ഞാല്‍ ചൈനയോട് ഏറ്റുമുട്ടുമ്ബോള്‍ മൊത്തം ജനതയെ അണിനിരത്തുവാന്‍ ഇന്നത്തെ സങ്കുചിത രാഷ്ട്രീയ നെത്ര്വത്ത്വത്തിന് ആവുന്നില്ലാ. ചൈനയുമായി മുട്ടുമ്ബോള്‍ സ്വന്തം ജനതയെ ഏകീകരിക്കുവാന്‍ അറിയാത്ത ഒരു ഭരണ നെത്ര്വത്ത്വമാണ് ഇന്നുള്ളത്. അതുകൊണ്ടുതന്നെ ചൈനയോട് മുട്ടുമ്ബോള്‍ തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ഇന്ത്യാക്കാരന്റ്റെ ജന്മം ഇനിയും ബാക്കി!

(ലേഖകന്റെ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ
ജോലിയുമായി ഒരു ബന്ധവുമില്ല.)

Vellassery Joseph note about china is the real enemy of india

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES