''ക്ലാ ക്ലാ ക്ലാ,....
കൂ കൂ ക്ലൂ.... രമേഷ്, രമേഷ്, തിരിഞ്ഞു തിരിഞ്ഞു നോക്കി''.... എന്നു പറഞ്ഞുകൊണ്ടുള്ള ഒരു പാട്ടിന്റെ കഷ്ണമാണ് സുമേഷ് ആന്‍ഡ് രമേഷ് എന്ന സിനിമയെക്കുറിച്ച് ഈ ലേഖകന് ആദ്യം കിട്ടിയത്. അപ്പോള്‍ കരുതിയത്, അല്‍പ്പം അശ്ളീല കോമഡികളും, ഒരുപാട് ബോഡി ഷെയിമിങ്ങും, കുറേ ദ്വയാര്‍ഥപ്രയോഗങ്ങളും ചേര്‍ത്ത ഒമര്‍ ലുലുമോഡല്‍ ഒരു കോമഡി ചിത്രം എന്നായിരുന്നു. ചിത്രമിറങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും കണാന്‍ പോകാതിരുന്നതും മുന്‍കാല കോമഡി ചിത്രങ്ങളുടെ 'ഭീകര' ഓര്‍മ്മകള്‍ കൊണ്ടായിരുന്നു. പക്ഷേ ചിത്രം കണ്ടപ്പോള്‍ ആ ധാരണകള്‍ എല്ലാം തെറ്റാണെന്ന് തെളിഞ്ഞു. നവാഗതനായ സനൂപ് തൈക്കുടത്തിന്റെ സുമേഷ് ആന്‍ഡ് രമേഷ് ശരിക്കും ഒരു ഫീല്‍ഗുഡ് മൂവിയാണ്.
എന്നാല്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം എന്ന് ചിലര്‍ തള്ളിവിടുന്നതുപോലെയൊന്നും കാര്യങ്ങള്‍ എത്തിയിട്ടുമില്ല. ഒരു കോമഡി ചിത്രം എന്ന ടാഗും ഈ പടത്തിന് യോജിക്കുന്നില്ല.പൊട്ടിച്ചിരിയല്ല സെന്‍സുള്ള കുറേ നര്‍മ്മ രംഗങ്ങളാണ് ചിത്രം ഉണ്ടാക്കുന്നത്. കോമഡിക്ക് ലോജിക്ക്വേണ്ട എന്ന ആധുനിക സിദ്ധാന്തം വഴി നിര്‍മ്മിച്ച ഭീകരാക്രമണങ്ങളുടെ ഇടക്ക് ഒരു കുളിര്‍ തെന്നല്‍ തന്നെയാണ് ഈ ചിത്രം. ആദ്യപകുതിയിലെ ചില ഭാഗങ്ങള്‍ ഒന്ന് ഫാസ്റ്റ് ആക്കുകയാണെങ്കില്‍ ചിത്രത്തിന്റെ ആസ്വാദ്യത ഒന്നുകൂടി കൂടുമായിരുന്നു. ജാന്‍ ഐ മന്‍ എന്ന ചിത്രം ഒരുക്കിയ ചിദംബരത്തെപ്പോലെ തന്നെ ഭാവിയുള്ള സംവിധായകനാണ് സനൂപ് തൈക്കുടവുമെന്ന് നിസ്സംശയം പറയാം.
സലീം കുമാറിന്റെ തിരിച്ചുവരവാണ് ഈ ചിത്രം. പക്ഷേ യുവനടന്‍ ശ്രനാഥ് ഭാസിയാണ് എല്ലാവരെയും കടത്തിവെട്ടി ചിത്രത്തിലെ മാന്‍ ഓഫ് ദി മാച്ചായത്. മലയാള സിനിമ ഇനിയും അര്‍ഹിക്കുന്ന കഥാപാത്രങ്ങള്‍ കൊടുത്തിട്ടില്ലാത്ത നടനാണ് ശ്രീനാഥ് ഭാസി. ഈ പടത്തിന്റെ വിജയത്തോടെ ഭാസി നായകനിരയിലേക്ക് കുതിച്ചുയരാനും സാധ്യതയുണ്ട്.
ലളിതമായ ലോജിക്കല്‍ കോമഡി
ആലപ്പുഴയിലെ ഒരു ഗ്രാമീണ അന്തരീക്ഷത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. കേരളത്തിലെ അടിസ്ഥാനവര്‍ഗ കൂടുംബങ്ങളില്‍ കഴിഞ്ഞ കുറേക്കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ദുരന്തം ചൂണ്ടിക്കാട്ടിയാണ്, ചിത്രം തുടങ്ങുന്നത്. അതായത് പുരുഷന്മ്മാര്‍ വെള്ളമടിയും മാറ്റുമായി ചടഞ്ഞ് ഇരിക്കയും സ്ത്രീകള്‍ ജോലിക്കുപോയി കുടുംബം പോറ്റുകയെന്നതും! സുമേഷ് ആന്‍ഡ് രമേഷ് തുടങ്ങുന്നത് ഇത്തരം ഒരു കുടുംബത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ്. വീട്ടമ്മ ഉഷയുടെ (പ്രവീണ) പുലര്‍കാല ചര്യകളും ജോലിക്കെത്താനുള്ള തത്രപ്പാടുമായി പതുക്കെ തുടങ്ങുകയാണ് ഈ ചിത്രം. പ്രവീണ ഈ കഥാപാത്രത്തെ മികവുറ്റതാക്കുന്നുണ്ട്. ഉഷയുടെ ഭര്‍ത്താവ് ഇന്ദുകാലധരന്‍ (സലിം കുമാര്‍), ഒരു സിനിമയില്‍ സലീം കുമാര്‍ തന്നെ പറയുന്നതുപോലെ വിയര്‍പ്പിന്റെ അസുഖമുള്ള ആളാണ്.
ഡിസ്‌ക്കിന് തകരാറാണെന്ന് പറഞ്ഞ് ഒരു പണിക്കും പോകില്ല. എന്നാല്‍ വീട്ടില്‍ വെള്ളമടിക്കാന്‍ വരുന്നവരില്‍നിന്ന് സൂത്രത്തില്‍ കാശിറക്കാതെ മദ്യപിക്കാന്‍ മിടുക്കനാണ്. ഇന്ദുകാലധരന്റേയും ഉഷയുടേയും മക്കളാണ് സുമേഷും (ശ്രീനാഥ് ഭാസി) രമേഷും (ബാലു വര്‍ഗ്ഗീസ്). തമ്മില്‍ എപ്പോഴും വഴക്കടിക്കുന്ന സഹോദരങ്ങള്‍. പിതാവിന് തുല്യരാണ് മക്കളും. വെള്ളമടിക്കാനും ട്രിപ്പുപോകനുമൊക്കെയാണ് താല്‍പ്പര്യം. കുടുംബത്തിലെ ഏക വരുമാനമുള്ള അംഗം ഈ അമ്മമാത്രമാണ്. കുമ്ബളങ്ങി നൈറ്റ്സിലെ സഹോദങ്ങളെപ്പോലെ അടിപിടിയാണ് സുമേഷും രമേഷും തമ്മില്‍. പക്ഷേ സ്നേഹത്തിന്റെ ഒരു അന്തര്‍ധാര ഈ സഹോദരങ്ങള്‍ക്കിടയിലുമുണ്ട്.
അങ്ങനെ കാര്യങ്ങള്‍ നീങ്ങുമ്ബോഴാണ് പ്രണയത്തിന്റെ രൂപത്തില്‍ കഥ കൊഴുക്കുന്നത്. ചേട്ടന്‍ സുമേഷിന് അടുത്ത വീട്ടിലെ കുട്ടിയോട് പ്രേമമാണ്. പക്ഷേ അവനത് തുറന്നുപറയാന്‍ വയ്യ. പക്ഷേ അവള്‍ അപ്രതീക്ഷിതമായി അനിയന്‍ രമേഷിന്റെ ഭാര്യയായി എത്തുകയാണ്. പ്രണയമാറ്റങ്ങളുടെയും ബന്ധങ്ങളുടെ ഒരു നീര്‍ച്ചുഴിയാണ് ഇീ സിനിമ. അതുതന്നെയാണ് കഥയുടെ സസ്പെന്‍സും.
സലീംകുമാറിന്റെ തിരിച്ചുവരവ്
'കട്ടപ്പനയിലെ ഋത്വിക് റോഷന്റെ' ഏതാണ്ട് അതേ ജോണറില്‍ എടുത്തിരിക്കുന്ന ചിത്രം ശരിക്കും സലീം കുമാറിന്റെ തിരിച്ചുവരവാണ്. അടുത്തകാലത്തൊന്നും ഒരു സിനിമയിലും സലീം കുമാറിനെ ഇത്ര ഊര്‍ജ്വസ്വലനായി കണ്ടിട്ടില്ല. പക്ഷേ കോമഡികള്‍ പലതും ആവര്‍ത്തനും പോലെ തോനുന്നു. സലീം കുമാര്‍ കൈയില്‍നിന്ന് ഇടുന്ന ഐറ്റങ്ങളൊന്നും ഏറ്റിട്ടില്ല. ചില സ്വാഭാവിക നര്‍മ്മത്തിലാണ് പിടിച്ചു നില്‍ക്കുന്നത്. അമ്മവേഷങ്ങളിലേക്കുള്ള പ്രവീണയുടെയുടെ ഒരു ചേഞ്ച് ഓവറിന്റെ തുടക്കം കൂടിയാവും ഈ ചിത്രം.
സുമേഷും രമേഷുമായി വന്ന ശ്രീനാഥ് ഭാസിയുടെയും ബാലുവര്‍ഗീസിന്റെയും മികച്ച പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. നേരതെ ജാന്‍ എ മന്‍ എന്ന ചിത്രത്തില്‍, നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ വേറിട്ട ഗെറ്റപ്പില്‍ ബാലു അവതരിപ്പിച്ചിരുന്നു. ഈ രണ്ട് കഥാപാത്രങ്ങളെയും താരതമ്യം ചെയ്താല്‍ അറിയാം ബാലുവര്‍ഗ്ഗീസ് എന്ന നടന്റെ റേഞ്ച്. പക്ഷേ ഈ ചിത്രത്തില്‍ ബാലുവിനേക്കാള്‍ സ്‌ക്രീന്‍ സ്പേസ് ഉള്ളത് ശ്രീനാഥ് ഭാസിക്കാണ്. അസാധാരണമായ കൈയടക്കത്തോടെ ആയാള്‍ ഈ കഥാപാത്രത്തെ ഭദ്രമാക്കുന്നുണ്ട്. ശരിക്കും ക്ലാസ് എന്ന് വിളിക്കാവുന്ന രീതിയിലാണ് ശ്രീനാഥിന്റെ അഭിനയം. ഒട്ടും കൂടുതലുമില്ല, കുറവുമില്ല. അഞ്ജു കൃഷ്ണ, കാര്‍ത്തിക വെള്ളത്തേരി, ശൈത്യ സന്തോഷ് എന്നീ മൂന്ന് നടിമാരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നതും. മൂവരും മോശമാക്കിയിട്ടില്ല.ആല്‍ബിയുടെ ഛായാഗ്രഹണം നന്നായിട്ടുണ്ട്. യക്‌സണ്‍ ഗാരി പേരേര, നേഹ എസ് നായര്‍ എന്നിവര്‍ ഒരുക്കിയ പശ്ചാത്തല സംഗീതം സിനിമയുടെ മൂഡിന് നല്ല പിന്തുണ നല്‍കുന്നുണ്ട്.
ജോസഫ് വിജീഷും സംവിധായകന്‍ സനൂപ് തൈക്കൂടവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ടോട്ടാലിറ്റിയില്‍ നോക്കുമ്ബോള്‍ തിരക്കഥ വിജയമാണ്. അതുപോലെതന്നെ നിറവും, തടിയും വെച്ചുകൊണ്ടുള്ള ചീപ്പ് തമാശകള്‍ ഒന്നും തന്നെ ഈ പടത്തില്‍ ഉള്‍പ്പെട്ടിട്ടില്ല.പക്ഷേ മൊത്തത്തില്‍ ഒരു വേഗതക്കുറവാണ് ഈ ചിത്രത്തിനുള്ള ദോഷം. ആദ്യ പകുതിയില്‍ അത് പ്രകടമാണ്. രണ്ട് മണിക്കൂര്‍ ഇരുപത് മിനിറ്റ് എന്ന സമയം കുറച്ച് കുറക്കാമായിരുന്നു. എഡിറ്റിംഗില്‍ അല്പം കൂടെ കൃത്യത ആവാമായിരുന്നു. എന്നിരുന്നാലും ടിക്കറ്റ് എടുത്ത കാശ് വസൂലാവുന്ന ചിത്രം തന്നെയാണ് സുമേഷ് ആന്‍ഡ് രമേഷ്.
അവസാനമായി പറയട്ടെ, സങ്കീര്‍ണ്ണതയോ ബഹളങ്ങളോ, ട്വിസ്റ്റുകളുടെ അയ്യരുകളിയോ, ഇല്ലാതെ തീര്‍ത്തും ഡയറക്ടായി കഥപറഞ്ഞാലും വിജയിക്കും എന്നതിനുള്ള തെളിവാണ് സുമേഷ് ആന്‍ഡ് രമേഷ്.
വാല്‍ക്കഷ്ണം: ഡബിള്‍ ബാരല്‍ എന്ന സിനിമുടെ തുടക്കത്തില്‍ ലിജോ ജോസ്പെല്ലിശ്ശേരി എഴുതിക്കാണിക്കുന്നുണ്ട്. ഈ ചിത്രം ലോജിക്ക് കണ്ടുപിടിക്കുന്നതിന് മുമ്ബുള്ളതാണെന്ന്. അതുപോലുള്ള അബ്സേഡ് മൂവീസ് എന്ന കാറ്റഗറിയില്‍ പെടുന്നവര്‍ക്ക് ലോജിക്ക് വേണ്ട. പക്ഷേ അതൊരു മറയായി എടുത്ത് കോമഡിയില്‍ ലോജിക്കേ വേണ്ട എന്ന പറഞ്ഞുകൊണ്ടുള്ള കാട്ടിക്കൂട്ടലുകള്‍ ആയിരുന്നു അടുത്തകാലത്ത് ഒരുപാട് കണ്ടത്. അത്തരം കോപ്രായങ്ങളില്‍നിന്നുള്ള മോചനം കൂടിയാണ് ഈ ചിത്രം.