Latest News

വര്യൻ കവിത

Malayalilife
വര്യൻ  കവിത

രങ്ങ് നിറഞ്ഞാ കളരിയിലേക്കൊരു
പൊൻപണവും തളിർവെറ്റിലയുമായെത്തി
വിജൃംഭിത ചിത്തമവൾ, മൊഴിഞ്ഞു പയ്യെ;  
"എനിക്കൊരങ്കം കുറിക്കണമെന്നോടുതന്നെ!"

വിറകൊണ്ട ദേഹ;- മെങ്കിലും,
വിറയേതുമില്ലാ കരങ്ങളിൽ
വിടർന്നിരിക്കുമാമാത്മദക്ഷിണ
വിളക്കുതെളിച്ചേറ്റു വാങ്ങി വര്യൻ,
വിഭ്രമരാഗം മൂളിനിൽക്കുമാ
വിഭ്രമശിലയോടോതിയാ മന്ത്രം:
'വിപ്രലംഭ സ്വാന്തരണഭൂവ്വിൽ
വിവേകമാകണം, ഉറുമി;
വിജ്ഞാനമാകണം, ചാണ;
വിശ്വാസമാകണം, വാളുറ;
വാഴ്വിൻറെ ന്യായമാകണം,
വാളിൻറെ നീതീ.'  

തുടർന്നുചൊല്ലി ഗുരുവര്യൻ;
"തന്നോളം പോന്നവനിൽ തന്നെയും
തന്നിലും വളർന്നാൽ, താഴ്മയും;
അടുത്തവനെയറിയുകിൽപിന്നെ,
അതിശക്തനവൻ തന്നിലും!"

ഒരുനൊടി മൗനംപൂണ്ടു; ജപംപോലെ,
ഒന്നുകൂടി ചൊല്ലിയാ വര്യൻ;
"സ്വാസ്ഥ്യം സ്ഥൈര്യത്തെയും
സ്ഥൈര്യം സ്വാസ്ഥ്യത്തെയും വളർത്തുന്നു."

വെട്ടിത്തിളങ്ങിയാ വാൾത്തലപ്പിനെ ചെമ്മേ
വണക്കംകൊണ്ടവൾ വെട്ടിത്തിരിഞ്ഞുപ്പോയ്;
വെട്ടിവിയർക്കാൻ നില്ക്കും ഗണത്തോടു
വെട്ടിക്കളി തുടങ്ങിയാ വര്യനും മെല്ലേ!

Read more topics: # വര്യൻ
Sathish Kalathil poem satheesh

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES