നന്ദി അദാനി ഒരായിരം നന്ദി
തി രുവനന്തപുരം വിമാനത്താവളം ഓപ്പണ്‍ ടെന്‍ഡറിലൂടെ ഏറ്റെടുത്ത് കേരളത്തിന്റെ ഭാവിതലമുറയെ കടക്കെണിയില്‍ നിന്ന് രക്ഷപെടുത്തിയ അദാനിയോട് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു. ടെന്‍ഡറില്‍ പങ്കെടുക്കുന്ന മറ്റ് കമ്ബനികള്‍, KSIDC ക്വോട്ട് ചെയ്യുന്ന തുകയേക്കാള്‍ 10% വരെ കൂടുതല്‍ വിളിച്ചാല്‍ പോലും തിരുവനന്തപുരം എയര്‍പോര്‍ട്ട് നടത്തിപ്പ് KSIDC യ്ക്ക് തന്നെ ലഭിക്കുമായിരുന്നു. അങ്ങനെയായിരുന്നു കേന്ദ്രവും കേരളവും തമ്മില്‍ ഉണ്ടാക്കിയിരുന്ന എഗ്രിമെന്റ്. അദാനി 19% ഉയര്‍ന്ന തുക പറഞ്ഞു. അതുകൊണ്ട് ടെന്‍ഡര്‍ അവരുടെ പേരില്‍ ഉറപ്പിച്ചു.
KSIDCയുടെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ പത്തോ പതിനഞ്ചോ കൊല്ലം കൊണ്ട് KSRTCയുടെ ഗതികെട്ട അവസ്ഥയിലായി സംസ്ഥാനത്തിന്റെ പൊതുമുതല്‍ തിന്നുമുടിക്കുന്ന ഒരു യമണ്ടന്‍ വെള്ളാനയായി തിരുവനന്തപുരം എയര്‍പോര്‍ട്ട് മാറുമായിരുന്നു. ഉയര്‍ന്ന തുക ക്വോട്ട് ചെയ്ത് അദാനി കേരളത്തെ രക്ഷിച്ചുവെന്ന് തന്നെ പറയാം.
അംബാനി അദാനി എന്നൊക്കെയുള്ള പേരുകള്‍ എന്തോ കൊടിയ അശ്ലീലമാണെന്ന് നാട്ടിലെ പല പ്രബുദ്ധരും പ്രചരിപ്പിക്കുന്നത്.
അതേസമയം യൂസഫലി രവിപിള്ള തുടങ്ങിയ ഗള്‍ഫ് മുതലാളിമാര്‍ ചക്കരകളാണ്. അവര്‍ വമ്ബന്‍ നേതാക്കളുടെ അയോഗ്യരായ മക്കള്‍ക്ക് കമ്ബനികളില്‍ ഉയര്‍ന്ന പദവികള്‍ നല്കും. അതുകൊണ്ട് അവരുടെ വീടുകളിലെ കാലിത്തൊഴുത്ത് ഉദ്ഘാടനത്തിന് വരെ സോഷ്യലിസ്റ്റ് ലീഡേഴ്‌സ് തിക്കിത്തിരക്കും.
പക്ഷെ അംബാനി നശിക്കണം അദാനി മുടിയണം എന്തുകൊണ്ടെന്നാല്‍ അവര്‍ക്ക് ഗള്‍ഫില്‍ ബിസിനസില്ല കൂടാതെ അവര്‍ കേരളാ ലീഡേഴ്‌സ് ചില്‍ഡ്രന്റെ തൊഴില്‍ദായകരല്ല. ഇന്ത്യയിലെ എല്ലാ കമ്ബനികളും വികസിക്കണം. പണ്ടത്തെ ദരിദ്ര ദക്ഷിണ കൊറിയയില്‍ നിന്ന് സാംസങ് എല്‍ജി ഹ്യുണ്ടായി ഒക്കെ ആഗോളഭീമന്മാരായി വളര്‍ന്ന പോലെ റിലയന്‍സും അദാനിയും ടാറ്റായും ബജാജും മഹീന്ദ്രായും ഇന്‍ഫോസിസും എല്ലാം ആഗോള ബ്രാന്‍ഡുകളായി മാറണം.
കോര്‍പ്പറേറ്റുകളാണ് രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദായകര്‍. അംബാനി പൊളിഞ്ഞാല്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ കഞ്ഞികുടി മുട്ടും.
അമേരിക്കയില്‍ സാമ്ബത്തിക പ്രതിസന്ധി വന്നപ്പോള്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ അവിടുത്തെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍ കൈപിടിച്ച് ഉയര്‍ത്തിയതിന്റെ കാരണവും മറ്റൊന്നുമല്ല.
കോവളം കൊട്ടാരം പത്മശ്രീ രവിപിള്ള ഹെറിറ്റേജ് ഹോട്ടലാക്കി ലാഭമുണ്ടാക്കുന്നു.( അതിലൊരു തെറ്റുമില്ല). ഇതേ കൊട്ടാരം റിലയന്‍സോ അദാനി ഗ്രൂപ്പോ ഏറ്റെടുത്തിരുന്നെങ്കില്‍ കുറച്ചേറെ യുവരക്തവും പൊലീസ് രക്തവും സെക്രട്ടറിയേറ്റിന് മുന്നില്‍ തളംകെട്ടുമായിരുന്നു.
എയര്‍പോര്‍ട്ട് റണ്‍വേയിലുടെ തിരുവിതാംകൂര്‍ രാജാവ് ഊരിയ പള്ളിവാളുമായി പോകുന്ന എന്തോ ആചാരമുണ്ടെന്നും അദാനിയുടെ കയ്യില്‍ റണ്‍വേ കിട്ടിയാല്‍ ആ ആചാരം മുടങ്ങുമെന്നുള്ള ഫ്യൂഡല്‍ രോദനവും ഇതിനിടയില്‍ മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. റണ്‍വേയില്‍ നിന്ന് കുറച്ച് മാറിയുള്ള വഴിയിലൂടെ ഊരിപ്പിടിച്ച പള്ളിവാളുമായി നടന്നാലും രാജാവിന് ഈസിയായി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്താനാവും.
എന്ത് നല്ലകാര്യത്തേയും എതിര്‍ത്ത് തോല്പിച്ച് സ്വയം നശിക്കുകയെന്നത് നമ്മുടെ ശീലമായി മാറിക്കഴിഞ്ഞിരിക്കുന്നു. സാമ്ബത്തിക വളര്‍ച്ചയില്ലാത്ത സാമൂഹിക വികസന വീമ്ബുകള്‍ പറഞ്ഞു നടക്കുന്നവര്‍ അറേബ്യന്‍ മരുഭൂമിയിലെ ലേബര്‍ക്യാമ്ബുകളില്‍ യൗവനം കത്തിച്ചുകളയുന്ന മലയാളിയുടെ ദുരന്തജീവിതം കാണുന്നേയില്ല. ഉത്തരകൊറിയയാണ് നമ്മുടെ മാതൃകയെങ്കില്‍ ആഗോള നിക്ഷേപക സംഗമത്തിന്റെ തലേദിവസം തന്നെ ആഗോളവല്‍ക്കരണ വിരുദ്ധ ഹര്‍ത്താല്‍ നടത്തി അന്ധകാരയുഗത്തിലേക്ക് മുന്നേറാം.എന്നാല്‍ ദക്ഷിണ കൊറിയയെ പോലെ വളര്‍ന്ന് സമൃദ്ധമാണമെങ്കില്‍ നമ്മുടെ രാഷ്ട്രീയശീലങ്ങളും ശാഠ്യങ്ങളും മാറിയേ മതിയാകു.
നാട്ടിലെ നിയമങ്ങള്‍ പാലിച്ച് ബിസിനസും വ്യവസായവും നടത്തി ലാഭമുണ്ടാക്കുന്നത് രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനം തന്നെയാണെന്ന് ഇനിയെങ്കിലും ഓരോ മലയാളിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. കേരളത്തിന്റെ മനോഘടന തന്നെ അടിസ്ഥാനപരമായി വികസനവിരുദ്ധമാണ്. അവിടെയാണ് യഥാര്‍ത്ഥത്തില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടക്കേണ്ടത്.
എന്തായാലും
Thanks thanks a lot അദാനി