Latest News

ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നെല നടന്ന ഒരു കൂടിക്കാഴ്ചയായി; മദറിനെ നേരില്‍ കണ്ട ഓര്‍മ്മ പങ്കുവച്ച്‌ പ്രകാശ് വാഴയില്‍ മത്തായി

Malayalilife
ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നെല നടന്ന ഒരു കൂടിക്കാഴ്ചയായി;  മദറിനെ നേരില്‍ കണ്ട ഓര്‍മ്മ പങ്കുവച്ച്‌ പ്രകാശ് വാഴയില്‍ മത്തായി

31 ഓഗസ്റ്റ് 1997, അഗതികളുടെ അമ്മ നമ്മുടെ 'മദര്‍ ' പൊതുജനങ്ങളെ കണ്ട അവസാനത്തെ ദിവസം. എന്നെ സംബന്ധിച്ച്‌, എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ, അനുഗ്രഹീതമായ ദിവസം കൂടി ആണത്. അന്നൊരു ഞായറാഴ്‌ച്ച ആയിരുന്നു . ഉച്ച കഴിഞ്ഞു ഞാനും എന്റെ ഒപ്പം കല്‍ക്കട്ടയില്‍ സൈനീക സേവനം ചെയ്യുന്ന രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് അഗതികളുടെ അമ്മയായ മദര്‍ തെരേസയെ കാണാന്‍ മഠത്തിലേക്ക്.. ഞങ്ങളുടെ മിലിറ്ററി യൂണിറ്റില്‍ നിന്നും സിവില്‍ ഡ്രെസ്സില്‍ ഏതാണ്ട് 2 മണിക്കൂര്‍ സഞ്ചരിച്ചു വേണം മഠത്തിലെത്താന്‍ പലരോടും വഴി ചോദിച്ചു അവിടെ മദര്‍ ഹൗസിനു മുന്‍പില്‍ എത്തിയപ്പോള്‍ സമയം കടന്നു പോയി അവിടെ ഉണ്ടായിരുന്ന മണി ഞങ്ങള്‍ അടിച്ചു .

ഏതാനം മിനുട്ടിനുള്ളില്‍ ഒരു കന്യാസ്ത്രി വന്നു വാതില്‍ തുറന്നിട്ട് ചോദിച്ചു , 'ആരാ എന്തുവേണം ? 'ഞങ്ങള്‍ പറഞ്ഞു ഞങ്ങള്‍ മിലിറ്ററിക്കാരാണ് മദറിനെ ഒന്ന് കാണാന്‍ വന്നെതാണ് , അപ്പോള്‍ ആ സിസ്റ്റര്‍ പറഞ്ഞു വിസിറ്റിങ് ടൈം കഴിഞ്ഞെല്ലോ നാളെ വന്നോളൂ . ഞാന്‍ പറഞ്ഞു, 'ഇന്ന് മാത്രമേ ഞങ്ങള്‍ക്ക് വെളിയില്‍ പോകാന്‍ പെര്‍മിഷന്‍ ഉള്ളു' ഇതും പറഞ്ഞു വിഷമിച്ചു നില്‍ക്കുമ്ബോള്‍ അതാ ആ തുറന്നു കിടക്കുന്ന കതകിനിടയിലൂടെ മദര്‍ ഒരു വീല്‍ച്ചെയറില്‍ മുകളിലത്തെ നിലയില്‍ നിന്നും ഞങ്ങളെ അങ്ങോട്ട് വിളിക്കുന്നു.

പിന്നെ ആ സിസ്റ്ററിന്റെ അനുവാദം പോലും വാങ്ങാതെ നേരെ മുകളിലത്തെ നിലയില്‍.ഹിന്ദി ഭാഷയില്‍ തുടങ്ങി ഇംഗ്ലീഷ് ഭാഷയില്‍ അവസാനിച്ച ഏതാണ്ട് 20 മിനിറ്റ് സമയം ഞങ്ങള്‍ 3 പേരും മുട്ടുകാലില്‍ മദറിന്റെ മുന്‍പില്‍. സൈനീക ജീവിതം ,ക്രിസ്തീയ ജീവിതം, മാതാ പിതാക്കള്‍ , പ്രാര്‍ത്ഥന തുടങ്ങിയ കാര്യങ്ങള്‍ എല്ലാം മദര്‍ ഞങ്ങളൂടെ ചോദിച്ചു . ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ തല ചായ്ച്ചു മദര്‍ കേട്ട് കൊണ്ടിരുന്നു.
എല്ലാം കഴിഞ്ഞപ്പോള്‍ ഞങ്ങളോട് ചോദിച്ചു ഞാന്‍ എന്താണ് നിങ്ങള്ക്ക് ചെയ്യേണ്ടത്? മൂന്ന് പേരും കണ്ണില്‍ കണ്ണില്‍ നോക്കി... ഞാന്‍ പറഞ്ഞു

''മദറിന്റെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെ കൂടി ഓര്‍ക്കണമേ !' അത് കേട്ടതും ഉദയസൂര്യന്റെ തേജസ്സാണ് ഞങ്ങള്‍ക്ക് ആ മുഖത്ത് കാണാന്‍ സാധിച്ചത്. അങ്ങനെ രണ്ടു കാല്പാദത്തിലും ചേര്‍ത്തുവച്ച കൈവെള്ളയിലും ചുംബനങ്ങള്‍ നല്‍കി ഫോട്ടോയും എടുത്തു ഞങ്ങള്‍ പോകാന്‍ തുടങ്ങിയപ്പോള്‍ GOD IS love എന്നുള്ള കാര്‍ഡില്‍ മദറിന്റെ പേരെഴുതി ഞങ്ങള്‍ക്ക് തന്നു . വീണ്ടും വരാമെന്നു പറഞ്ഞുകൊണ്ട് ഞങ്ങള്‍ വളരെ സംതൃപ്തിയുടെ യാത്ര പറഞ്ഞിറങ്ങി .

പ്രിയപ്പെട്ടവരെ, ഇനിയും അവിടെ ചെല്ലാം എന്ന സന്തോഷത്തിലായിരുന്നു ഞങ്ങള്‍ എല്ലാവരും. പക്ഷെ വിധി മറ്റൊന്നായിരുന്നു പിറ്റേ ദിവസം (അതായതു ഞങ്ങള്‍ കണ്ടതിന്റെ പിറ്റേ ദിവസം Sep 1 ) മദറിന് ശാരീരിക അസസ്ഥതയെ തുടര്‍ന്ന് സന്ദര്‍ശകര്‍ക്കു വിലക്ക് ഏര്‍പ്പെടുത്തി. തുടര്‍ന്ന് Sep അഞ്ചാം തീയതി മദര്‍ നമ്മളെയെല്ലാം വിട്ടു പോയി.

ഒരുപക്ഷെ മദറിനെ നേരില്‍ കണ്ടു അവസാനമായി സംസാരിച്ച മഠത്തിനു പുറത്തു നിന്നുള്ള ഒരു മലയാളി ഞങ്ങള്‍ ആയിരിക്കാം ....ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നെല നടന്ന ഒരു കൂടിക്കാഴ്ചയായി... ഒരു സ്വര്‍ഗീയ അനുഭൂതിയായി ഞാന്‍ എന്നും സ്മരിക്കുകയാണ് . ഇന്നേ വരെ മദറിന്റെ പ്രാര്ഥനയാല്‍ അനുഗ്രഹീതനായി ഞാന്‍ ഓസ്ട്രേലിയായില്‍ കുടംബത്തോടൊപ്പം താമസിക്കുന്നു ... അമ്മയുടെ അനുഗ്രഹത്തില്‍ പ്രകാശ് വാഴയില്‍ മത്തായി.

Prakash Vazhayil Mathai shared the memory of seeing his mother in person

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക