ഭൂമിതൻ ഉദരത്തിലുറങ്ങുന്ന
വിത്തിനെയുണർത്തുവാൻ,
പുതു നാമ്പായി കിളിർക്കാൻ
ഒരു മഴത്തുള്ളി തൻ കനിവ് മതി!
അധികാര ധന മത കാമ ഭ്രാന്തിൻ
മൂഢ സ്വർഗ്ഗത്തിലുറങ്ങുന്ന
നരനെയുണർത്തുവാനെത്ര-
കണ്ണീർമഴ തൻ പെരുമഴക്കാലം വരേണം.
സ്‌നേഹ രാഹിത്യത്തിൽ ഉറഞ്ഞുപോയ
ഹൃദയത്തെ ഉരുക്കുവാനെത്ര ഹൃദയ-
രക്തം യാഗാഗ്‌നിയിൽ ചൊരിയണം
ക്രൂരത നിറയും മനസ്സിൽ
കരുണ വഴിയുവാനെത്ര
ജീവരക്തത്തിൻ തുലാഭാരം വേണം.
കാമം കത്തും കണ്ണിൽ പ്രേമം നിറയാനെത്ര
മിഴിനീർ പൂവിൻ അശ്രു പൂജ വേണം.
ആസിഡിൽ ഉരുകുന്ന പെൺമുഖങ്ങൾ
പെട്രോളിൽ വേവുന്ന സ്ത്രീ ജന്മങ്ങൾ!
പിച്ചി ചീന്തപ്പെടുന്ന പിഞ്ചോമനകൾ,
കല്ലറയിൽ ഉറങ്ങുന്ന സയനൈഡ്
രഹസ്യങ്ങൾ ജോളിയായ് മറയ്ക്കുന്ന
വെള്ളയടിച്ച കുഴിമാടങ്ങളും!
സ്വന്തം കുഞ്ഞിന്റെ കഴുത്തു
ഞെരിക്കുന്ന പെറ്റമ്മയും
ദുരഭിമാന കൊല ചെയ്യും
മാനമില്ലാത്ത പിതാവും
അവിഹിത ബാന്ധവങ്ങൾക്കു
മറപിടിക്കാൻ കൊല്ലുന്ന,
കൊലയ്ക്ക് കൊടുക്കുന്ന
ഭാര്യാഭർത്താക്കന്മാർ!
ജീവനെടുത്തിട്ടു ജീവിക്കാമെന്ന
അതിമോഹം ഗർഭം ധരിച്ചു
പാപത്തെ പ്രസവിക്കും
പാപ ജന്മങ്ങൾ! പാഴ് ജന്മങ്ങൾ!