ഭാരതാംബയെൻ പെറ്റമ്മ അമ്മ തൻ
മാറിൽ തിരികെയണയുവാനേറെ കൊതിച്ചിരുന്നു
ബാല്യകൗമാരങ്ങൾ നിറച്ചാർച്ച് ചാർത്തുന്ന
ഓർമ്മകളെന്നെ തിരികെ വിളിച്ചിരുന്നു
ജന്മ വൃക്ഷത്തിൽ വേരുകളെന്നെ ആഞ്ഞു
വലിച്ചിരുന്നു, താതന്റെ വിയോഗത്തിലാ
ശക്തി കുറഞ്ഞുവോ, ജനനിയുമെന്നെ
വിട്ടകന്നാൽ കുടുംബത്തെ കോർത്ത് നിർത്തുമാ
സ്‌നേഹചരടും പൊട്ടിയാൽ പിന്നെ
ചിതറിതെറിക്കും മുത്തുകൾ മാത്രം ബാക്കി.
താതനോടുള്ളയെൻ ആത്മ ബന്ധമിത്ര ഗാഢം
എന്നറിഞ്ഞതുമാ വിയോഗ ശേഷം പ്രൗഢ
ഗംഭീരമാം നിൻ മൗനവും ഏറെപ്പറഞ്ഞിരുന്നു
എന്നറിഞ്ഞതുമാ ശൂന്യതാ ബോധത്തിൽ നിന്ന് മാത്രം!
ഇന്നെന്റെ ചിന്തകൾ കാട് കയറുന്നു
ഉള്ളിൽ വേപഥു നിറയുന്നു എൻ
മലയാള നാടും ഗ്രാമവുമേറ മാറിയില്ലെ
നാട്ടിൻ പുറത്തിൻ നന്മകളേറെയും അന്യമായില്ലേ?
സ്ത്രീത്വവും മാതൃത്വവും പോലും കൈമോശമാകുന്ന
ശിശുക്കളിലും വന്ദ്യവയോധികരിലും പോലും
കാമപൂരണം നടത്തുന്ന കേരളക്കര
ഇന്നെന്നെ മോഹിപ്പിക്കുന്നില്ലൊട്ടുമേ!
നഷ്ടമാകുന്നു ദാമ്പത്യത്തിൻ വിശുദ്ധിയും
കുടുംബ ബന്ധത്തിൻ കെട്ടുറപ്പും വിശ്വാസവും
കൊഴുക്കുന്നു അവിഹിതത്തിൻ കഥകൾ
കഥയറിയാതെ ആട്ടം കാണുന്ന ബാല്യവും
വേർപിരിയലിൻ ബാക്കി പത്രമാം
ഓമന കുഞ്ഞുങ്ങൾ തൻ കണ്ണീരും അനാഥത്വവും!
കാല പ്രവാഹത്തിൽ മാറിമറിയുന്നെൻ
ഇഷ്ടാനിഷ്ടങ്ങളും ഭാവി പ്രതീക്ഷകളും
ജീവിത മുൻഗണനാ ക്രമവും പുത്തൻ സ്വപ്നനങ്ങളും
ഇഷ്ടങ്ങളുമെന്നിൽ വേരുറപ്പിക്കുന്നുവോ!
അകത്തളങ്ങളിൽ തളച്ചിടപ്പെടുന്ന ജീവിതം
മടുപ്പിക്കും ഒന്നിനുമേതിനും സമയമില്ലാതെ
ബന്ധങ്ങളേറെ അകന്ന് പോയ്
ബന്ധുക്കളേറെ അടുത്തെന്നാകിലും
വീടുകളെക്കാളേറെ ദൂരം
മനസ്സുകൾ തമ്മിൽ പിന്നെന്ത് കാര്യം
വീടാം തുരുത്തിൽ നീ ഒറ്റപ്പെട്ട് പോവില്ലെ
മൗനമുറഞ്ഞു കൂടിയ ദാമ്പത്യത്തിലെ ഹിമ
പാളികൾക്കെന്തു കിട്ടി, ഉരുകി തീരുമോ
ഈ ജന്മം, മഞ്ഞുരുക്കുവാനനില്ല മക്കളും കൂടെയെന്നാകിൽ!
പാർക്കിലെ ബഞ്ചിൽ ഒറ്റയ്ക്കിരിക്കാം
വസന്തത്തിൻ വർണ്ണങ്ങളാസ്വദിക്കാം
ബാല്യത്തിൻ കുസൃതിയും കൗമാരത്തിൻ ശക്തമാം
പന്ത് തൊഴിയും കണ്ട് കണ്ടങ്ങിരിക്കാം.
വായന ശാലയിൽ നടന്ന് പോകാം സമ
പ്രായരുമായ് ഒത്ത് കൂടാം വായിക്കാൻ കൊതിച്ച
പുസ്തകങ്ങളും കഥാപാത്രങ്ങളുമായി കൂട്ടു കൂടാം
തുറിച്ച് നോട്ടങ്ങളും ചോദ്യശരങ്ങളുമില്ലാതെ.
ഇല്ലായിനി എനിയ്‌ക്കൊരു മടക്കയാത്ര
സ്‌നേഹിച്ചു തുടങ്ങി ഞാനെൻ പോറ്റമ്മയെയും
വളർന്നിരിക്കുന്നു വേരുകളീ മണ്ണിലും
ശിഷ്ട ജീവിതമാകട്ടെയെൻ പോറ്റമ്മയ്ക്ക് ഒപ്പം.