വിധു വിന്‍സന്റ് എന്ന സിനിമയെ സ്‌നേഹിക്കുന്ന, സിനിമയെ അന്നമായി കാണുന്ന ഒരുവളുടെ ആ തുറന്നുപറച്ചിലില്‍ എല്ലാമുണ്ട്. WCCയെന്ന സംഘടനയുമായി ബന്ധപ്പെട്ട് വിയോജിപ്പുകള്‍ ഉള്ളപ്പോഴും അത് പൊതുവിടത്തില്‍ ചര്‍ച്ചക്ക് വക്കേണ്ടതില്ലായെന്ന് തീരുമാനിച്ചിരുന്ന ഒരു സ്ത്രീ ആ തീരുമാനം മാറ്റിവയ്ക്കണമെങ്കില്‍ അവര്‍ക്കെതിരെ പടച്ചുവിടപ്പെട്ട നുണയിടങ്ങള്‍ എത്രമാത്രം ശക്തവും ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ എത്രമാത്രം നിന്ദ്യവുമായിരുന്നിരിക്കണം. വിധുവിനെ പരസ്യമായി വ്യക്തിഹത്യ നടത്താന്‍ ചിലര്‍ മുതിര്‍ന്നതിന്റെ വെളിച്ചത്തില്‍ അവര്‍ തുറന്നുപറഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ വിരല്‍ചൂണ്ടുന്നത് മലയാളസിനിമയിലെ മലീമസമായ അഴുക്കുചാലുകളെ കുറിച്ചും അതിനുപിന്നിലുള്ള കറുത്ത കരങ്ങളെ കുറിച്ചുമാണ്.
പീഡിപ്പിക്കപ്പെട്ട നടിക്ക് പിന്തുണ നല്കുന്നുവെന്ന ലേബലില്‍ അവള്‍ക്കൊപ്പമെന്ന ഹാഷ്ടാഗുമായി രംഗത്ത് വന്ന സംഘടനയ്ക്ക് അകത്തും പുറത്തും ഒരൊറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ- അത് ചുവപ്പിന്റെ രാഷ്ട്രീയം മാത്രമായിരുന്നു. സിനിമയിലെയും സിനിമയുടെ പരിസരങ്ങളിലെയും സ്ത്രീവിരുദ്ധതയെ ചൂണ്ടിക്കാണിക്കുകയും സിനിമയുടെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ഒരു താങ്ങായി നിന്നു കൊണ്ട് സ്ത്രീകള്‍ക്ക് അന്തസ്സോടെ തൊഴില്‍ ചെയ്യാന്‍ ഉതകുന്ന സാഹചര്യം സൃഷ്ടിക്കുകയെന്നതുമാണ് ഈ സംഘടനയെന്ന പുകമറ സൃഷ്ടിച്ചുക്കൊണ്ട് രംഗത്തുവന്നതിനാല്‍ തുടക്കത്തില്‍ സിനിമയ്ക്കകത്തും പൊതുസമൂഹത്തിലും ഈ സംഘടനയ്ക്ക് സ്വീകാര്യത ലഭിച്ചു. ആ പുകമറ കണ്ട് തെറ്റിദ്ധരിച്ചാണ് മഞ്ജു വാര്യരും രേവതിയുമൊക്കെ ഇതിനൊപ്പം നിന്നത്. എന്നാല്‍ കുറഞ്ഞസമയത്തിനുള്ളില്‍ തന്നെ ലേഡിസൂപ്പര്‍സ്റ്റാറായ മഞ്ജുവിനു മനസ്സിലായി ഈ സംഘടനയുടെ പൊള്ളത്തരമെന്നതാണ് യാഥാര്‍ത്ഥ്യം.
WCCയെന്ന സംഘടന പൂര്‍ണ്ണമായും ഒരു രാഷ്ട്രീയസംഘടന മാത്രമാണ്. മട്ടാഞ്ചേരി ലോബിയുടെ ക്യാപ്റ്റനായ ആഷിഖ് അബുവിന്റെ സംവിധാനമികവില്‍ ഭാര്യയെ പ്രധാനനടിയാക്കി അവരോധിച്ച ഒരു രാഷ്ട്രീയസിനിമ മാത്രമാണ് ആ സംഘടന. അതിനെ നയിക്കുന്നതും നാളിതുവരെയുള്ള നടത്തിപ്പിനു ചുക്കാന്‍ പിടിക്കുന്നതും ആഷിഖ് അബുവും റിമയുമാണ്. മലയാളസിനിമയെ രണ്ടു തട്ടുകളിലാക്കാനും അതുവഴി രാഷ്ട്രീയലാഭം കൊയ്യാനും ലക്ഷ്യമിട്ട ഇടതുപക്ഷരാഷ്ട്രീയവാദത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ സംഘടന. സെലിബ്രിട്ടികളായ വിപ്ലവനായികമാരെ തുറുപ്പുചീട്ടാക്കി ഇടതുപക്ഷത്തിന്റെ ലേബലില്‍ പുതിയൊരു സിനിമാരാഷ്ട്രീയം കെട്ടിപ്പടുക്കാന്‍ ഒരുങ്ങിയിറങ്ങിയ മട്ടാഞ്ചേരി ലോബിയുടെ ബുദ്ധിയിലുദിച്ച അമേദ്യചിന്താസരണിയെ പൊതുസമൂഹത്തില്‍ തുറന്നുകാട്ടാന്‍ വിധുവെന്ന സ്ത്രീക്ക് കഴിഞ്ഞത് അവര്‍ യഥാര്‍ത്ഥസ്ത്രീപക്ഷവാദിയായതിനാലാണ്.
നിലപാടുകള്‍ക്ക് പകരം നിലവിട്ട കളികള്‍ മാത്രം കളിച്ചൊരു സംഘടനയായിരുന്നുവതെന്ന് തുടങ്ങി കുറച്ച് നാളുകള്‍ക്കുള്ളില്‍ പൊതുസമൂഹത്തിനു ബോധ്യമായതാണ്. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗ് ഒരേയൊരു അവനെതിരെ (ദിലീപിനെതിരെ) മാത്രം ബ്രഹ്മാസ്ത്രമാക്കിയ സംഘടന! ദിലീപിനെ ഒതുക്കേണ്ടിയിരുന്നത് മട്ടാഞ്ചേരി ലോബിയുടെ ആവശ്യകതയായിരുന്നു. ഒരേ പന്തിയില്‍ പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും രണ്ടു തരം ഊണ് വിളമ്ബിയ സംഘടന അലന്‍സിയറിന്റെ വിഷയത്തിലും കമല്‍വിഷയത്തിലുമെല്ലാം പൊട്ടന്‍ കളിച്ചത് വേട്ടക്കാരുടെ ചുവപ്പ് രാഷ്ട്രീയം നോക്കിയായിരുന്നു.സ്വജനപക്ഷപാതിത്വത്തിന്റെയും ഇരട്ടത്താപ്പിന്റെയും മിനുമിനുത്ത മുഖങ്ങള്‍ വെള്ളിവെളിച്ചത്തില്‍ നിന്നും പകല്‍വെളിച്ചത്തിലേയ്ക്ക് ക്യാറ്റ്‌വാക്ക് നടത്തിയ സംഘടനയാണ് അത്. പകല്‍പ്പോലെ സത്യമായ മലയാളസിനിമയിലെ നെപ്പോട്ടിസത്തിനെതിരെ ആഷിഖും റിമയും പ്രതികരിക്കാത്തത് അവരുടെ മട്ടാഞ്ചേരി ലോബി പ്രവര്‍ത്തിക്കുന്നത് നെപ്പോട്ടിസമെന്ന പ്രത്യയശാസ്ത്രത്തിലൂന്നിയാണ് എന്നതിനാലാണ്. ദീദി ദാമോദരനു സ്വന്തം മകളുടെ സിനിമയ്ക്ക് കാശ് മുടക്കാനിരുന്ന ആള്‍ വിധുവിനെ സഹായിച്ചതിന്റെ പേരില്‍ പക. കേരളചലച്ചിത്ര അക്കാദമിയില്‍ നിന്നും മഹേഷ് പഞ്ചുവിനെ പുറത്താക്കാന്‍ ബീനാപോള്‍ കമലിനൊപ്പം കളിച്ച നാറിയ കളികള്‍ സിനിമാലോകത്ത് പാട്ടാണ്.
ഉണ്ണിക്കൃഷ്ണന്‍ ടീമിനെതിരെ കളിക്കാന്‍ ആഷിക് അബു ചരടുവലിയില്‍ തുടങ്ങിയ സംഘടനയാണ് WCC.ദിലീപ് വിഷയം വന്നപ്പോള്‍ കൂടെ നിന്ന ഇന്നസെന്റിനെയും മുകേഷിനെയും ഗണേശ്‌കുമാറിനെയും സിദ്ദിഖിനെയും വിമര്‍ശനങ്ങളില്‍ നിന്നും നൈസായിട്ട് ഒഴിവാക്കി വേട്ടക്കാരനൊപ്പം നിന്നുവെന്ന് പറഞ്ഞ് അതിന്റെയെല്ലാം കുറ്റം ബി. ഉണ്ണികൃഷ്ണനും സുരേഷ്‌കുമാറിനും ( രേവതി കലാമന്ദിര്‍) മോഹന്‍ലാലിനും എതിരെ മാത്രം ചാരാന്‍ പ്രത്യേകം ശ്രമിച്ചിരുന്നു WCC യെന്ന് പ്രത്യേകം കൂട്ടിവായിക്കണം .ഒപ്പം അമ്മയുടെ മീറ്റിങ്ങുമായി ബന്ധപ്പെട്ട് രേവതിയെ മുന്‍നിറുത്തി ലാലേട്ടനെതിരെ കളിച്ച മൂന്നാംകിട പൊറാട്ടുനാടകവും ഈ സംഘടനയുടെ കുതന്ത്രമായിരുന്നു.അത് അവരുടെ രാഷ്ട്രീയം മാത്രം നോക്കി നടത്തിയ ഒരു പടനീക്കമായിരുന്നു. ഇന്ന് വിധുവിന്റെ തുറന്നുപറച്ചിലുകള്‍ തുറന്നുകാട്ടുന്നുണ്ട് ബി. ഉണ്ണികൃഷ്ണന്റെയും ഉര്‍വ്വശി തിയേറ്റേഴ്‌സ് സിനിമാകമ്ബനിയുടെ ഉടമ സന്ദീപ് സേനന്റെയുമൊക്കെ രാഷ്ട്രീയം മറയാക്കാത്ത നല്ല നിലപാടുകള്‍.
മലയാളസിനിമയിലെ മട്ടാഞ്ചേരിലോബിയുടെ ലേഡിവിങ് മാത്രമായ ഒരു സംഘടനയാണിത്. ഇടതുപക്ഷത്തിന്റെ സ്വന്തം വനിതാകമ്മിഷന്‍ പോലെ ഇടതുപക്ഷസിനിമയുടെ വനിതാകമ്മിഷനായ സംഘടനയിലൂടെ ആഷിഖ് അബു സ്വപ്നം കാണുന്നത് ഒരു രാഷ്ട്രീയപ്രവേശമാണ്. എറണാകുളത്തിന്റെ സ്വന്തം സഖാവ് പി.രാജീവ് വഴി റിമയെയോ ആഷിഖ് തന്നെയോ നിയമസഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള ആദ്യകോഴ്‌സാണ് ഈ സംഘടന. റിമയെന്ന നക്ഷത്രത്തെ മുന്‍നിറുത്തി,പാര്‍വ്വതി തിരുവോത്തിന്റെ സ്റ്റാര്‍വാല്യു ആയുധമാക്കി സിനിമാരംഗത്തെ തിളങ്ങുന്ന സ്ത്രീനക്ഷത്രങ്ങളെ പ്രചരണായുധമാക്കി മാറ്റാനുള്ള തിരക്കഥയ്ക്കാണ് വിധുവിന്റെ തുറന്നുപറച്ചില്‍ തടസ്സമാവുന്നത്.
പാര്‍വ്വതി തിരുവോത്ത് എന്ന പേരിനൊപ്പം നിലപാട് എന്ന വാക്ക് ചേര്‍ത്തുവിളിച്ചവരറിഞ്ഞില്ല അതിലുണ്ടായിരുന്നത് വരേണ്യതയുടെയും എലൈറ്റിസത്തിന്റെയും ചുരുക്കെഴുത്ത് മാത്രമായിരുന്നുവെന്ന യാഥാര്‍ത്ഥ്യം. ജാതി വാല്‍ മുറിച്ചെങ്കിലും ഉള്ളിലെ ജാതീയത മായ്ക്കാന്‍ തിരുവോത്തിനു കഴിഞ്ഞില്ലായെന്ന് വിധുവിന്റെ തുറന്നുപറച്ചില്‍ അടിവരയിടുന്നുണ്ട്. എന്തായാലും കാലത്തിന്റെ മനോഹരമായ കാവ്യനീതിയാണ് വിധുവിന്‍സന്റിന്റെ ഈ നിലപാട്. ഒരു പീഡനകേസിന്റെ മറവില്‍ വാര്‍ത്തെടുത്ത മട്ടാഞ്ചേരി ലോബിയുടെ അസ്സലൊരു ക്രിമിനലിസത്തിന്റെ സ്‌ക്രിപ്റ്റ് പൊളിച്ചെഴുതാന്‍ ആ രാജിക്കും വിധുവിന്റെ തുറന്നെഴുത്തിനും കഴിഞ്ഞിരിക്കുന്നു. ഇടതുപക്ഷത്തിന്റെ തണലില്‍ കരുണ വരെ വിറ്റു കാശാക്കിയ ഇടുക്കിഗോള്‍ഡിന്റെ കളികള്‍ ഒന്നൊന്നായി മലയാളസിനിമയും പൊതുസമൂഹവും തിരിച്ചറിഞ്ഞുകൊണ്ടേയിരിക്കുന്നു. തീര്‍ത്തും നിഷ്‌കളങ്കമെന്നു തോന്നുന്ന രീതിയില്‍ ഒട്ടും തന്നെ നിഷ്‌കളങ്കമല്ലാത്ത ഒരു ട്രെന്റ് സെറ്റിംഗിന്റെ ഭാഗമാണ് WCCയെന്ന സംഘടനയെന്ന് വിധുവിന്റെ തുറന്നുപറച്ചിലിലൂടെ കാലം അടയാളപ്പെടുത്തുന്നു!